Sunday, October 13, 2024
spot_img
More

    രണ്ടാം ദിവസം – 21-02-2022- വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിന്റെ ക്രമമനുസരിച്ചുള്ള ദൈവമാതാവിന്റെ വിമല ഹൃദയ പ്രതിഷ്ടാ ഒരുക്കം

    ==========================================================================

    33 ദിവസത്തെ സമ്പൂർണ വിമലഹൃദയ പ്രതിഷ്ഠക്കുള്ള നിർദ്ദേശങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക

    ആദ്യ പന്ത്രണ്ട് ദിവസങ്ങളിലെ വിമലഹൃദയ പ്രതിഷ്ഠ ഒരുക്ക പ്രാർത്ഥനകൾ വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക

    =====================================================================

    രണ്ടാം ദിവസം

    ആദ്യഘട്ടംലോകാരൂപിയെ ഉപേക്ഷിക്കുക

    താഴെ നൽകിയിരിക്കുന്ന വിമലഹൃദയ പ്രതിഷ്ഠാ ഒരുക്ക വായനകളും വിചിന്തനവും (ഓരോരുത്തരും തങ്ങളുടെ സമയലഭ്യതയും സാഹചര്യവുമനുസരിച്ച് ഒരുമിച്ചോ വിഭജിച്ചോ വായിക്കുക)

    1. ക്രിസ്താനുകരണ വായന

    പ്രലോഭനങ്ങളോടുള്ള പോരാട്ടം.

    ഈ ലോകത്തിൽ നാം ജീവിച്ചിരിക്കുന്നിടത്തോളം കാലം അരിഷ്ടതകളും പ്രലോഭനങ്ങളും കൂടാതിരിക്കുക സാദ്ധ്യമല്ല. ജോബിന്റെ പുസ്തകത്തിൽ എഴുതപ്പെട്ടിരിക്കുന്നു: ഭൂമിയിൽ മനുഷ്യജീവിതം ഒരു പോരാട്ടമാണ്.’
    അതിനാൽ ഓരോരുത്തരും തനിക്കുണ്ടാകുന്ന പ്രലോഭനങ്ങളെ ഓർത്ത് ബോധവാന്മാരാകേണ്ടതും പ്രാർത്ഥനയിൽ ഉണർവുള്ളവരായിരിക്കേണ്ടതുമാകുന്നു. അല്ലെങ്കിൽ, ഒരിക്കലും ഉറക്കത്തിൽ ലയിക്കാതെ ആരെയാണ് വിഴുങ്ങേണ്ടതെന്ന് അന്വേഷിച്ചു ചുറ്റി നടക്കുന്ന പിശാചിനു നിങ്ങളെ വഞ്ചിക്കാൻ സന്ദർഭം ലഭിക്കും.

    ലോകത്തിൽ പ്രലോഭനം ഒരിക്കലും ഉണ്ടാകാതിരിക്കത്തക്കവണ്ണം അത്രയ്ക്ക് പരിപൂർണ്ണരും പുണ്യശാലികളുമായി ആരുമില്ല. പ്രലോഭനങ്ങൾ തീർത്തും ഇല്ലാതിരിക്കുക അസാദ്ധ്യം.

    പ്രലോഭനങ്ങൾ ക്ളേശകരവും കിം ന കരവുമാണെങ്കിലും പലപ്പോഴും അത്യന്തം പ്രയോജനകരമാണ്: എന്തുകൊണ്ടെന്നാൽ, അവ മനുഷ്യന് എളിമയും വിശുദ്ധിയും ബോധജ്ഞാനവും കൈവരുത്തുന്നു.

    എല്ലാ പുണ്യവാന്മാരും അനേകം അരിഷ്ടതകളിലും പ്രലോഭനങ്ങളിലും കൂടി കടന്നുപോയിട്ടാണ് പുണ്യാഭിവൃദ്ധി പ്രാപിച്ചിട്ടുള്ളത്.

    പ്രലോഭനങ്ങളെ ചെറുത്തു നിൽക്കാൻ കഴിയാതിരിന്നവർ നിത്യ ശിക്ഷയ്ക്കു വിധേയരായി നശിച്ചു. പ്രലോഭനങ്ങളോ അനർത്ഥങ്ങളോ ഇല്ലാത്ത വിധം അത്ര വിശുദ്ധമായ ഒരു സന്യാസസഭയോ ഒരു ഏകാന്ത സ്ഥലമോ ഇല്ല.

    മനുഷ്യൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം പ്രലോഭനങ്ങളിൽ നിന്നു വിമുക്തനായിരിക്കുകയില്ല. പാപകാരണം നമ്മിൽ ത്തന്നെയുണ്ട്. നാം ജഡമോഹത്തിൽ ജനിച്ചവരാണല്ലോ.

    ഒരു പ്രലോഭനമോ അനർത്ഥമോ പിൻ വാങ്ങുമ്പോൾ വേറൊന്നു വരുന്നു: കാരണം മനുഷ്യന് ആദിമസൗഭാഗ്യം നഷ്ടപ്പെട്ടുപോയി.

    പ്രലോഭനങ്ങളിൽ നിന്ന് ഒഴിഞ്ഞോടിപ്പോകാൻ അനേകർ പരിശ്രമിച്ചിട്ടുണ്ട്. അവർ കൂടുതൽ കഠിനമായ വയിൽ ചെന്നു വീഴുന്നു.

    ഓടിയൊളിച്ച് അവയെ ജയിക്കാമെന്നു കരുതേണ്ടാ ക്ഷമയും യഥാർത്ഥമായ എളിമയും കൊണ്ട് എല്ലാ ശത്രുക്കളേയുംകാൾ നാം ശക്തരായിത്തീരും.

    തിന്മകളെ വേരോടെ പറിച്ചുകളയാതെ ബാഹ്യമായി മാത്രം അവയിൽ നിന്ന് അകന്നു നില്ക്കുന്നവനു പുണ്യാഭിവൃദ്ധി ഉണ്ടാകുകയില്ല.
    മാത്രമല്ല. പ്രലോഭനങ്ങൾ അതിവേഗം മടങ്ങിയെത്തുന്നു: അവന്റെ സ്ഥിതി ഒന്നുകൂടി വഷളാകുന്നു.
    കാർക്കശ്യതയും ബലപ്രയോഗവും കൊണ്ടെന്നതിനേക്കാൾ ക്ഷമയും ദീർഘ ശാന്തതയും വഴി ദൈവസഹായത്തോടെ സാവധാനത്തിൽ നിനക്കു വിജയം വരിക്കാം.
    പ്രലോഭനങ്ങളുണ്ടാകുമ്പോൾ ഉപദ്ദേശം തേടുക: പ്രലോഭന വിധേയരോടു കഠിനമായി വ്യാപരിക്കരുത്. നീ ആശ്വസിക്കപ്പടുവാൻ ആഗ്രഹിക്കുന്നതു പോലെ അവരെ ആശ്വസിപ്പിക്കുക.

    എല്ലാ പ്രലോഭനങ്ങളുടെയും ആരംഭം മനസ്സിന്റെ അസ്ഥിരതയിൽ നിന്നും ദൈവശരണത്തിന്റെ അഭാവത്തിൽ നിന്നുമാണ്. ചുക്കാനില്ലാത്ത കപ്പൽ തിരമാലകളുടെ മദ്ധ്യേ അലഞ്ഞു തിരിയുന്നതു പോലെ, ഉദാസീനനും പ്രതിജ്ഞാദാർഢ്യമില്ലാത്തവനുമായ മനുഷ്യൻ നാനാവിധ പ്രലോഭനങ്ങൾക്കു വിധേയനാകുന്നു.

    അഗ്നി ഇരുമ്പിന്റെ സ്വഭാവം തെളിയിക്കുന്നു: പ്രലോഭനം നീതിമാന്റെയും. നമ്മുടെ കഴിവ് എത്രമാത്രമെന്നു നാം അറിയുന്നില്ല: എന്നാൽ, പ്രലോഭനം നാമെങ്ങനെയുള്ളവനെന്നു വെളിപ്പെടുത്തുന്നു.

    പ്രലോഭനത്തിന്റെ ആരംഭത്തിൽ നാം പ്രത്യേകം സൂക്ഷിക്കണം.ശത്രു ,മനസ്സിന്റെ വാതിൽ കടന്ന് അകത്തു പ്രവേശിക്കാൻ സമ്മതിക്കരുത്. അവൻ പുറത്തുനിന്നു വാതിലിൽ മുട്ടുന്ന സമയത്തു തന്നെ എതിർത്താൽ എളുപ്പത്തിൽ അവനെ തോല്പിക്കാം.

    ആകയാൽ ആരോ പറഞ്ഞിട്ടുണ്ട്: ‘ആരംഭത്തിൽത്തന്നെ തടുക്കുക: താമസം കൊണ്ട് രോഗം മൂർച്ഛിച്ചാൽ ഔഷധങ്ങൾ നിഷ്ഫലമാകും.,
    ആദ്യം മനസ്സിൽ വെറുമൊരു വിചാരം ഉണ്ടാകുന്നു: അത് ഉടൻ ശക്തിമത്തായ ഭാവനയായി മാറുന്നു: അനന്തരം അനന്ദവും ദുശ്ചലനങ്ങളും, ഒടുവിൽ സമ്മതവും വന്നു ചേരുന്നു. ആരംഭത്തിൽത്തന്നെ നാം എതിർക്കാതിരിക്കയാണെങ്കിൽ ദുഷ്ടശത്രു അല്പാല്പമായി നമ്മിൽ കയറിപ്പറ്റുന്നു: അവസാനമായി പൂർണ്ണമായി നമ്മിൽ കയറിപ്പറ്റുന്നു: അവസാനമായി പൂർണ്ണമായി പ്രവേശിക്കുന്നു.
    ഒരുവൻ ശത്രുവിനെ എതിർക്കാൻ എത്രയ്ക്ക് മടി കാണിക്കുന്നുവോ അത്രയ്ക്ക് അവൻ ബലഹീനനുമാകുന്നു. ശത്രു അവന്റെമേൽ പ്രബലപ്പെടുകയും ചെയ്യുന്നു.

    ചിലർക്ക് തങ്ങളുടെ പുണ്യജീവിതത്തിന്റെ ആരംഭത്തിൽ കഠിനമായ പ്രലോഭനങ്ങളുണ്ടാക്കുന്നു: മറ്റു ചിലർക്ക് അവസാനത്തിലും. ചിലർക്ക് ജീവിതം മുഴുവനും അരിഷ്ടതകൾ തന്നെ.
    ദൈവപരിപാലനയുടെ നീതിയും വിജ്ഞാനവുമനുസരിച്ച് ചിലർക്കു ലഘുവായ പ്രലോഭനങ്ങളെ ഉണ്ടാക്കുന്നുള്ളൂ. ദൈവം മനുഷ്യരുടെ സ്ഥിതിയും യോഗ്യതകളും കണക്കിലെടുത്ത് തിരഞ്ഞെടുക്കപ്പെട്ടവരുടെ രക്ഷയ്ക്കു വേണ്ടി സമസ്തവും മുൻകൂട്ടി ക്രമപ്പെടുത്തുന്നു.

    ആകയാൽ, പ്രലോഭനങ്ങളുണ്ടാക്കുമ്പോൾ നാം നിരാശപ്പെടരുത്. എല്ലാ അനർത്ഥങ്ങളിലും ദൈവസഹായമുണ്ടാകാൻ നാം എരിവോടെ പ്രാർത്ഥിക്കണം. വിശുദ്ധപൗലോസു പറയുന്നു: ” പ്രലോഭനങ്ങളോട് അതിജീവിക്കാൻ വേണ്ട ശക്തി ദൈവം തരും “
    എല്ലാ അനർത്ഥങ്ങളിലും പ്രലോഭനങ്ങളിലും ദൈവത്തിന്റെ തൃക്കരങ്ങളുടെ കീഴിൽ നമ്മുടെ ആത്മാക്കളെ എളിമപ്പെടുത്തണം: ‘ആത്മനാ എളിമയുള്ളവരെ ദൈവം രക്ഷിച്ചുയർത്തും.”

    ഒരുത്തൻ എത്രയ്ക്ക് പുണ്യത്തിൽ അഭിവൃദ്ധി പ്രാപിച്ചുവെന്ന് അനർത്ഥങ്ങളും പ്രലോഭനങ്ങളും സ്പഷ്ടമായി കാണിച്ചു തരും. അവയിലാണ് അവനു കൂടുതൽ യോഗ്യത കൈവന്നത് : അവന്റെ യോഗ്യത പ്രത്യക്ഷമായത്.
    അനർത്ഥമില്ലാത്തപ്പോൾ ഒരുത്തന് എരിവും തിഷ്ണതയും ഉണ്ടാവുക വലിയ കാര്യമല്ല. അനർത്ഥങ്ങളുടെ ഇടയ്ക്ക് സമസ്തവും ക്ഷമയോടെ സഹിക്കുന്നതു പുണ്യാഭിവൃദ്ധിയുടെ പ്രത്യാശയ്ക്ക് വക നൽകുന്നു.
    ചിലർ വലിയ പ്രലോഭനങ്ങളെ വിജയിക്കുന്നുണ്ടെങ്കിലും അനുദിനമുണ്ടായിക്കൊണ്ടിരിക്കുന്ന നിസ്സാര പ്രലോഭനങ്ങളിൽ അധ:പതിക്കുന്ന നമ്മൾ എളിമപ്പെട്ട് വലിയ കാര്യങ്ങളിൽ നമ്മളിൽത്തന്നെ ആശ്രയിക്കാതിരിക്കുകയാണു വേണ്ടത്.

    വിചിന്തനം.

    പ്രലോഭനങ്ങൾ നമ്മുടെ ബലഹീനത കാണിച്ചു തരുന്നു. ആകയാൽ നാം എത്രമാത്രം എളിമ ഉണ്ടായിരിക്കേണ്ടവരാണ്! ദൈവസഹായം കൂടാതെ എത്രയും ലഘുവായ ഒരു സുകൃതം അനുഷ്ഠിക്കാനോ ഒരു ചെറിയ പാപം വർജ്ജിക്കാനോ നാം അശക്തരാണെന്ന് അവ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.

    പ്രാർത്ഥിക്കാം.

    ഓ! ഈശോ, പ്രലോഭനങ്ങളുടെ മദ്ധ്യേ അങ്ങിൽ ആശ്രയിക്കാതിരിക്കാനും, തിന്മയിലേയ്ക്കുള്ള സ്വാഭാവിക വാസനയനുസരിച്ച് അങ്ങയെ ദ്രോഹിക്കാനും മാത്രമേ എനിക്കു സാധിക്കുകയുള്ളൂ. ആകയാൽ, എന്നിൽത്തന്നെ ശരണം വയ്ക്കാതെ അങ്ങയെ ആശ്രയിച്ചു കൊണ്ട് ഞാൻ വിലപിക്കുന്നു: കർത്താവേ : എന്നെ രക്ഷിക്കുക: അല്ലെങ്കിൽ ഞാൻ നശിക്കും.’ വിശുദ്ധ, പത്രോസിനെപ്പോലെ ഞാൻ അങ്ങയുടെ അടുക്കലേയ്ക്ക് എന്റെ കരങ്ങൾ നീട്ടുന്നു: ഞാൻ നശിക്കുവാൻ അങ്ങ് അനുവദിക്കയില്ലെന്നു പ്രത്യാശിക്കുന്നു.
    ആമ്മേൻ.

    അനുസ്മരണാ വിഷയം.

    പ്രലോഭനങ്ങൾ ഒരിക്കലും ഉണ്ടാവാതിരിക്കത്തക്കവണ്ണം അത്രയ്ക്കും പരിപൂർണ്ണരും പുണ്യശാലികളുമായി ആരുമില്ല. പ്രലോഭനങ്ങൾ നിശ്ശേഷം ഇല്ലാതിരിക്കുക അസാദ്ധ്യമാണ്.

    അഭ്യാസം.

    പ്രലോഭനങ്ങളിൽ ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ.

    2. യഥാര്‍ത്ഥ മരിയഭക്തിയിൽ നിന്നുള്ള വായന
    വി.ലൂയിസ് ഡി മോൺഫോര്‍ട്ട്.

    അത്ഭുതം ആരംഭിച്ചതു പരിശുദ്ധ മറിയം വഴി.

    നമ്മുടെ കര്‍ത്താവിന്റെ തുടര്‍ന്നുള്ള ജീവിതം സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മറിയംവഴി വേണം തന്റെ അത്ഭുതങ്ങള്‍ ആരംഭിക്കാന്‍ എന്നുള്ളതായിരുന്നു അവിടുത്തെ തിരുമനസ്സെന്നു മനസിലാകും. അവിടുന്നു യോഹന്നാനെ തന്റെ അമ്മയായ എലിസബത്തിന്റെ ഉദരത്തില്‍വച്ചു വിശുദ്ധീകരിച്ചു. പക്ഷേ അതു സംഭവിച്ചത് മറിയത്തിന്റെ മധുരമൊഴികള്‍ വഴിയാണ്. അവള്‍ സംസാരിച്ചു തീരുംമുമ്പേ യോഹന്നാന്‍ ശുദ്ധീകരിക്കപ്പെട്ടു. ഇതായിരുന്നു അവിടുത്തേ കൃപയുടെ തലത്തിലെ ആദ്യ അത്ഭുതം.

    കാനായിലെ കല്യാണത്തില്‍ അവിടുന്ന് വെള്ളം വീഞ്ഞാക്കി. അതിനു കാരണം മറിയത്തിന്റെ വിനീതമായ പ്രാര്‍ത്ഥന മാത്രമാണ്. പ്രകൃതിയുടെ തലത്തിലെ ആദ്യത്ഭുതമിതത്രേ. അവിടുന്ന് മറിയം വഴി അത്ഭുതങ്ങള്‍ ആരംഭിച്ചു; മറിയം വഴി അതു തുടര്‍ന്നു; കാലത്തിന്റെ അവസാനം വരെ മറിയം വഴി അതു തുടരുക തന്നെ ചെയ്യും.

    പരിശുദ്ധാത്മാവായ ദൈവത്തിന്, ദൈവികപിതൃത്വം അവകാശപ്പെടാനാവില്ലെങ്കിലും – എന്നുവച്ചാല്‍ മറ്റൊരു ദൈവവ്യക്തിയെ പുറപ്പെടുവിച്ചില്ലെങ്കിലും അവിടുന്ന് മണവാട്ടിയായ മറിയത്തില്‍ ഫലമണിഞ്ഞു. അവളോടുകൂടിയും, അവളിലും, അവളുടേതുമായി പരിശുദ്ധാത്മാവ് തന്റെ മാസ്റ്റര്‍ പീസ് (നായകശില്പം) മെനഞ്ഞു. അതാണ് മനുഷ്യനായിത്തീര്‍ ദൈവം. അവിടുന്നു ലോകാവസാനം വരെ അനുദിനം തെരഞ്ഞെടുക്കപ്പെട്ടവരെയും ശിരസ്സായ ക്രിസ്തുവിന്റെ മൗതികശരീരത്തിലെ അംഗങ്ങളെയും ഉല്പാദിപ്പിച്ചുകൊണ്ടേ ഇരിക്കുന്നു. ഇക്കാരണത്താലാണ് പരിശുദ്ധാത്മാവ് തനിക്കേറ്റവും പ്രീയപ്പെട്ടവളും തന്നില്‍ നിന്ന് ഒരിക്കലും വേര്‍പിരിയാത്ത വധുവുമായ മറിയത്തെ ഒരാത്മാവില്‍ എത്ര കൂടുതലായി കാണുന്നുവോ അത്രയ്ക്കധികമായ ശക്തിയോടും നിരന്തരവുമായി ആ ആത്മാവില്‍ പ്രവര്‍ത്തിച്ച്, യേശുക്രിസ്തുവിനെ ആത്മാവിലും ആത്മാവിനെ യേശുക്രിസ്തുവിലും രൂപപ്പെടുത്തുത്.

    പരിശുദ്ധാത്മാവിനു സ്വയമായി ഫലദായകത്വം ഇല്ലാതിരിക്കേ പരിശുദ്ധ കന്യക അവിടുത്തേക്ക് അതു നല്‍കി എന്ന് ഇവിടെ ധ്വനിക്കുന്നില്ല. അവിടുു ദൈവമാകയാല്‍ പിതാവിനും പുത്രനും ഒപ്പമുള്ള ഒരു ഫലദായകത്വം അല്ലെങ്കില്‍ ഉല്പാദകശക്തി അവിടുത്തേക്കുമുണ്ട്. അവിടുന്ന് മറ്റൊരു ദൈവികവ്യക്തിയെ പുറപ്പെടുത്താത്തതുകൊണ്ട് തന്റെ കഴിവിനെ ഉപയോഗിച്ചില്ലെന്നു മാത്രം. തനിക്ക്, അവളേ കൂടിയേതീരു എന്നില്ലാതിരുന്നിട്ടും അവിടുന്ന് തന്റെ ഫലദായകത്വത്തെ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുവാന്‍ അവളെ ഉപയോഗിച്ചു. അങ്ങനെ അവളിലും അവള്‍ വഴിയും അവിടുന്ന് യേശുക്രിസ്തുവിനും അവിടുത്തേ അവയവങ്ങള്‍ക്കും രൂപം നല്‍കി. ക്രിസ്ത്യാനികളില്‍ ഏറ്റവും ആത്മീയരും ജ്ഞാനികളായവര്‍ക്കുപോലും അജ്ഞാതമായ കൃപാവരത്തിന്റെ രഹസ്യം.

    3. വിമലഹൃദയപ്രതിഷ്ഠാ ഒരുക്ക ധ്യാനവും വിചിന്തനവും.

    പാപം ജീവിതം നശിപ്പിക്കും.

    “പാപത്തിന്റെ വേതനം മരണമാണ് . ദൈവത്തിന്റെ ദാനമാകട്ടെ , നമ്മുടെ കർത്താവായ യേശുക്രിസ്തുവഴിയുള്ള നിത്യജീവനും”(റോമാ 6:22-23).

    പാപത്തിന്റെ വിവരണാതീതമായ ദുരന്തഫലങ്ങൾ സൂചിപ്പിക്കാനാണ് “പാപത്തിന്റെ വേതനം മരണമാണ് ” (റോമാ 6:23) എന്ന് വിശുദ്ധ ബൈബിൾ പറയുന്നത്. ഇഹലോക ജീവിതത്തിന്റെ വിരാമം സൂചിപ്പിക്കുന്ന ആത്മ – ശരീരങ്ങളുടെ വേർപെടലിനെക്കാൾ ആഴമേറിയ അർഥമാണ് ബൈബിളിൽ ‘മരണ’ത്തിനുള്ളത്. ദൈവത്തിൽനിന്നുള്ള വേർപെടൽ, ആത്മാവിന്റെ ആന്തരികശക്തികൾക്ക് ശരീരത്തിന്റെ മേലുള്ള നിയന്ത്രണമില്ലായ്മ അതായത്, ചെയ്യാനാഗ്രഹിക്കാത്ത തിന്മ ചെയ്തുപോകുന്ന ദുർഭഗാവസ്ഥ, സഹജരുമായുള്ള അകൽച്ച, സൃഷ്ടപ്രപഞ്ചത്തിന് നമ്മോടുള്ള ശത്രുത, രോഗവും മരണവും എന്നിവയെല്ലാം ഉൾപ്പെടുന്ന അവസ്ഥയ്ക്കാണ് മരണം എന്ന് തിരുവചനം പറയുന്നത്. (കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം 399 -400 – ഖണ്ഡികകൾ പരിശോധിക്കുക). ദൈവകല്പനകളുടെ ലംഘനത്തിന്റെ അനിവാര്യഫലം ദൈവത്തിൽനിന്നുള്ള വേർപെടലാണ്. അതാണ് മനുഷ്യബന്ധങ്ങളിലെ തകർച്ചയ്ക്കും സ്യഷ്ടവസ്തുക്കളിൽനിന്നുള്ള വിനാശകരമായ ശത്രുതയ്ക്കും ശാരീരിക മരണത്തിനും കാരണമായത്.

    പാപം:ഏറ്റവും വലിയ തിന്മ

    വിശുദ്ധ ഗ്രന്ഥകർത്താക്കൾ പാപത്തെ അവതരിപ്പിക്കുന്നത് മനുഷ്യരെ നശിപ്പിക്കുന്ന ഏറ്റവും വലിയ തിന്മയായും ഏക തിന്മയായുമാണ്.

    മനുഷ്യവംശത്തിന് അഭിമുഖീഭവിക്കുന്ന മറ്റെല്ലാ തിന്മകളും ഉടലെടുക്കുന്നത് പാപം എന്ന തിന്മയിൽ നിന്നാണെന്നും ബൈബിൾ വ്യക്തമാക്കുന്നു. പാപം അഗ്രാഹ്യമായ ഒരു രഹസ്യം തന്നെയാണ്. അതിന്റെ ദുരന്തഫലങ്ങൾ വിവരണാതീതമാണ്.
    “പാപത്തിന്റെ വേതനം മരണമാണ് ” എന്ന ഹ്രസ്വമായ പ്രസ്താവനയിലൂടെ വിശുദ്ധ ബൈബിൾ ഇക്കാര്യമാണ് വ്യക്തമാക്കുന്നത്.

    പാപം ദൈവത്തോടുള്ള ബന്ധം തകർക്കും

    പാപം മൂലം ഉളവാകുന്ന ദൈവവുമായുള്ള ബന്ധത്തകർച്ചയുടെ ആഴം പാപത്തിന്റെ നിർവചനത്തിൽത്തന്നെ സുവ്യക്തമാണ് : “പാപം ദൈവത്തിനെതിരേയുള്ള ദ്രോഹമാണ് ; നന്മയും തിന്മയും അറിഞ്ഞുകൊണ്ടും തീരുമാനിച്ചുകൊണ്ടും ‘ദൈവത്തെപ്പോലെ’ ആകാനുള്ള ആഗ്രഹത്തിലുടെ ദൈവത്തിനെതിരേ നടത്തുന്ന മത്സരമാണ് ; ദൈവത്തെ നിന്ദിച്ചുകൊണ്ടു പോലുമുള്ള ആത്മസ്നേഹമാണ് “( മതബോധന ഗ്രന്ഥം 1850 ). മാരകപാപത്തെപ്പറ്റി തിരുസഭ പഠിപ്പിക്കുന്നത് ” അത് മനുഷ്യഹൃദയത്തിലെ സ്നേഹം നശിപ്പിക്കുന്നു ; അത് മനുഷ്യനെ അവന്റെ പരമലക്ഷ്യവും സൗഭാഗ്യവുമായ ദൈവത്തിൽനിന്ന് , അവിടത്തേക്കാൾ താണ ഒരു നന്മയെ കൂടുതൽ ഇഷ്ട പ്പെടുകവഴി, അകറ്റുന്നു ” ( മതബോധന ഗ്രന്ഥം 1855 ) എന്നാണ് .

    ലഘു പാപം ദൈവവുമായുള്ള സൗഹൃദവും സ്നേഹവും ഇല്ലാതാക്കുന്നില്ലെങ്കിലും അത് ആ ദിവ്യസ്നേഹത്തെ ദ്രോഹിക്കുകയും മുറിപ്പെടുത്തുകയും ചെയ്യുന്നു (മതബോധനഗ്രന്ഥം 1863, 1855 ).

    പാപം മനുഷ്യപ്രകൃതിക്ക് എതിര്

    പാപം മനുഷ്യപ്രകൃതിക്ക് എതിരാണ് . അതൊരു ദുര്യോഗമാണ്. ഒരു പരാജയമാണ്, തെറ്റുപറ്റലാണ്, വ്യതിചലനമാണ്, വഴിപിഴയ്ക്കലാണ്, ദൈവത്തിനെതിരേയുള്ള വിപ്ലവമാണ്, പ്രക്ഷോഭമാണ്, ദുഷ്ടതയാണ്, വഷളത്തമാണ്, ദൈവനിന്ദയാണ്, ചതിക്കലാണ്, മതഭ്രംശമാണ്, അധർമമാണ്, തലതിരിഞ്ഞ പ്രവൃത്തിയാണ് . കൊളളരുതായ്മയാണ്, അപരാധ മാണ്, അനീതിയാണ്. കല്പിച്ചുകൂട്ടിയുള്ള ദ്രോഹബുദ്ധിയാണ്.

    പാപം അവനവനുതന്നെ വരുത്തിവയ്ക്കുന്ന വിനാശം അതിദയാ നകമാകുന്നതിനാലാണ് , ഒരു പാപം ചെയുന്നതിനെക്കാൾ ഭേദം മരണമാണെന്ന് വിശുദ്ധർ പറഞ്ഞിരുന്നത്.

    പാപം സർവനാശം വരുത്തും

    അത് ഒരുവനെ ദൈവപിതാവിന്റെ വത്സലപുത്രൻ എന്ന – ത്തുനിന്ന് അധിപതിപ്പിച്ച ‘ പിശാചിന്റെ അടിമയാക്കും (1 യോഹന്നാൻ 3:8).
    ചെയ്യാനാഗ്രഹിക്കാത്ത തിന്മ ചെയ്തുപോകുംവിധം അവന്റെ ആത്മാ വിന്റെ ആന്തരിക ശക്തികൾക്ക് ശരീരത്തിന്റെ മേലുള്ള നിയന്ത്രണം നശിപ്പിക്കും കത്തോലിക്കാ സഭയുടെ (മതബോധനഗ്രന്ഥം 400 ). ഭാര്യാ – ഭർത്തൃ ബന്ധംപോലെയുള്ള അതിഗാഢ സ്നേഹബന്ധത്തിൽപ്പോലും വിള്ളലും അപരിഹാര്യമായ തകർച്ചയുമുണ്ടാക്കും ( ഉത്പത്തി 2 , 23 ; 3 :11 – 12 ). കുറ്റബോധത്താൽ വേട്ടയാടപ്പെട്ട് സമാധാനം നഷ്ടപ്പെടും ( സംഖ്യ 32 :23 ; സങ്കീ. 38:4 ), ജീവിതം ദുരിതപൂർണമാകും (റോമ 2 :10 ) സാമ്പത്തിക ഭദ്രത തകർന്ന് വൻ പ്രതിസന്ധിയിലാകും (സുഭാ 13 , 21 ). പ്രയത്നങ്ങളും കഠിനാധ്വാനവും നിഷ്ഫലമായി, ശപിക്കപ്പെട്ട അവസ്ഥയിലെത്തും (ഉത്പ 3 :17 ; നിയമ 28 : 20 ). നിലവിലുള്ള ഉയർച്ച ഇല്ലാതായി പെട്ടെന്ന് അധ:പതിക്കും (സങ്കീ 73 , 3 , 16 , 17 , 19). ഒരു ഐശ്വര്യവും നിലനില്ക്കാത്ത സ്ഥിതിവരും (സുഭാ 28 , 13 ). ഭാവി നശിക്കും (സുഭാ 24 , 20). രക്ഷപ്പെടാനാവാത്ത തകർച്ചയിൽ ചെന്നുവീഴും (സുഭാ . 29 , 1). അപമാനിതനാവുകയും ശത്രുക്കളുടെ പരിഹാസപാത്രമാവുകയും ചെയ്യും (പ്രഭാ 18 : 31). പ്രിയപ്പെട്ടതെല്ലാം കൈമോശം വന്ന് ജീവിതം പൂർണമായും നശിക്കും (സങ്കീ 39 : 11 ; പ്രഭാ 23 : 16). രോഗം പിടിപെട്ട് അപ്രതീക്ഷിതമായി മരിക്കും (സങ്കീ 38 : 3 , 7 , 9) . ഇതിനെല്ലാം പുറമേ , നിത്യനരകാഗ്നിക്ക് ഇരയായി ത്തീരും (പ്രഭാ 7 :16 – 17). സർവോപരി സ്വപുത്രനെ തന്നു സ്നേഹിച്ച് ദൈവത്തെ അത് ദ്രോഹിക്കും (കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 1850). നമുക്കുവേണ്ടി കുരിശുമരണം ഏറ്റെടുത്ത യേശുവിനെ മനഃപൂർവം വീണ്ടും കുരിശിൽ തറയ്ക്കും (ഹെബ്രാ 6 : 5 – 6 ); രക്ഷയുടെ ദിനത്തിനുവേണ്ടി നമ്മെ മുദ്രിതരാക്കിയ പരിശുദ്ധാത്മാവിനെ വേദനിപ്പിക്കും (എഫേ 4 : 30).

    ഉപേക്ഷയാലുള്ള പാപത്തിന്റെ ഫലവും ഭയാനകം

    ദൈവത്തിന് ജീവിതത്തിൽ പ്രഥമസ്ഥാനം നല്കാതിരിക്കുക എന്ന ഉപേക്ഷയാലുള്ള പാപംപോലും എത്രയേറെ മറ്റു പാപങ്ങളാണ് ജനിപ്പി ക്കുന്നതെന്ന് വിശുദ്ധ ബൈബിൾ പറയുന്നുണ്ട് : “ അവർ ദൈവത്തെ അറിഞ്ഞിരുന്നെങ്കിലും അവിടത്തെ ദൈവമായി മഹത്ത്വപ്പെടുത്തുകയോ അവിടത്തേക്ക് നന്ദി പ്രകാശിപ്പിക്കുകയോ ചെയ്തില്ല . അതുകൊണ്ട് ദൈവം , അവരെ തങ്ങളുടെ ഭോഗാസക്തതികളോടുകൂടെ ശരീരങ്ങൾ പരസ്പരം അപമാനിതമാക്കുന്നതിന് , അശുദ്ധിക്ക് വിട്ടുകൊടുത്തു. അവർ എല്ലാത്തരത്തിലുമുള്ള അനീതിയും ദുഷ്ടതയും അത്യാഗ്രഹവും മയും നിറഞ്ഞവരാണ്, അസൂയ, കൊലപാതകം, ഏഷണി, കലഹം, വഞ്ചന, പരദ്രോഹം എന്നിവയിൽ അവർ മുഴുകുന്നു . അവർ പരദൂഷ രരും ദൈവനിന്ദകരും ധിക്കാരികളും ഗർവിഷ്ഠരും പൊങ്ങച്ചക്കാരും തിന്മകൾ ആസൂത്രണം ചെയ്യുന്നവരും മാതാപിതാക്കന്മാരെ അനുസരിക്കാത്തവരും ബുദ്ധിഹീനരും അവിശ്വസ്തരും ഹൃദയശൂന്യരും കരുണയില്ലാത്തവരും ആയിത്തീർന്നു ” (റോമാ 1: 21, 24, 29 – 31).

    ലഭിച്ച പാപക്ഷമ നിസ്സാരമാക്കരുത്

    ഇത്ര വിനാശകരമായ പാപത്തിൽ നിന്നും അതിന്റെ ശിക്ഷകളിൽനിന്നും നാം ഇപ്പോൾ മോചിതരായിരിക്കുന്നത് ദൈവത്തിന്റെ അളവറ്റ കരുണയാലാണ്. പാപം വെറുത്തുപേക്ഷിക്കാതിരുന്ന്
    അളവറ്റ ഈ കരുണയെ നാം
    മുതലെടുക്കരുത്. വിശുദ്ധ പൗലോസിന്റെ വാക്കുകളിൽ ഇത് വ്യക്തമാകുന്നു : “നിന്നെ മാനസാന്തരത്തിലേക്കു നയിക്കുന്ന ദൈവത്തിന്റെ ദയാധിക്യം അറിയാതെ അവിടത്തെ ദയയുടെയും സഹിഷ്ണുതയുടെയും ക്ഷമയുടെയും സമ്പന്നത നീ നിസ്സാരമാക്കുകയാണോ ? എന്നാൽ ദൈവത്തിന്റെ നീതിവിധി വെളിപ്പെടുന്ന ക്രാധ ത്തിന്റെ ദിനത്തിലേക്ക് നീ നിന്റെ കഠിനവും മാനസാന്തരപ്പെടാത്തതു മായ ഹൃദയം നിമിത്തം നിനക്കുതന്നെ ക്രോധം സംഭരിച്ചുവയ്ക യാണ് ” (റോമാ 2 : 4-5).

    പാപത്തിന്റെ ഫലമായുണ്ടാകുന്ന വിനാശങ്ങൾ ദൈവത്തിന്റെ ശിക്ഷ എന്നതിലുപരി പാപത്തിന്റെ തന്നെ അനിവാര്യഫലങ്ങളാണ്. അവ നമ്മുടടെമേൽ പതിക്കാതിരിക്കാനാണ് ദൈവം തന്റെ പുത്രനെത്തന്ന നമുക്ക് രക്ഷകനായി തന്നത് : “ദൈവം തന്റെ പുത്രനെ ലോകത്തിലേ ക്കയച്ചത് ലോകത്തെ ശിക്ഷയ്ക്ക് വിധിക്കാനല്ല . പ്രത്യുത , അവൻ വഴി ലോകം രക്ഷ പ്രാപിക്കാനാണ് ” (വി. യോഹ 3 : 17).

    മാനസാന്തര സന്നദ്ധത: കരുണയർഹത നേടും

    ധൂർത്തപുത്രന്റെ ഉപമ പാപിയോടുള്ള ദൈവത്തിന്റെ അനന്ത മായ കരുണയെപ്പറ്റിയാണ് പറയുന്നത്. മകൻ പാപവഴികൾ ഉപേക്ഷിച്ചി തിരിച്ചു വന്നതിലുള്ള ആനന്ദത്തിൽ അവന്റെ മുൻകാല പാപജീവി പിതാവ് വിസ്മരിക്കുകയാണ് : ” ഉടനെ മേല്ത്തരം വസ്ത്രം കൊണ്ടുവന്ന് ഇവനെ ധരിപ്പിക്കുവിൻ. ഇവന്റെ കൈയിൽ മോതിരവും കാലിൽ ചെരിപ്പും അണിയിക്കുവിൻ.” തുടങ്ങിയ വാക്കുകൾ ഇതാണ് വ്യക്തതമാക്കുന്നത്.

    എന്നാൽ , മാനസാന്തരത്തിന്റെ ഫലങ്ങൾ മകൻ പുറപ്പെടുത്തുംവരെ പിതാവ് ഒരു മുൻകൈയെടുക്കലും നടത്തിയില്ല എന്നത് ശ്രദ്ധേയമാണ്. മകന്റെ നഷ്ടത്തിൽ രാപകൽ അതീവമായി ഹൃദയം നുറുങ്ങിയവനായിട്ടും പിതാവ് അവനെ തേടിപ്പോകുന്നില്ല. ഭൃത്യരെ പറഞ്ഞുവിടാനും മുതിരുന്നില്ല . മകനു സുബാധംവന്ന്‌ വഴികൾ ഉപേക്ഷിക്കാത്തിടത്തോളം കാലം
    പിതാവിന്റെ കരുണ അവൻ വിലമതിക്കുന്നില്ല എന്നതാണ് അതിനു കാരണം. നാം പാപത്തെ ന്യായീകരിച്ചു കൊണ്ടും പാപം വെറുത്തുപേക്ഷിക്കാൻ തയ്യാറാകാതെയും ജീവിച്ചാൽ ദൈവത്തിന്റെ അനന്തകരുണ് നമുക്ക് ആസ്വദിക്കാനാവില്ല. ആത്മാർഥമായി അനുതപിച്ച് പാപവും പാപഹേതുക്കളും വെറുത്തുപക്ഷിക്കുക മാത്രമാണ് ദൈവകരുണയ്ക്ക് അർഹത നേടാനുള്ള വഴി.

    മരിയഭക്തി : പാപജീവിതം ഒഴിവാക്കാനുള്ള പോംവഴി

    പാപ ചേറ്റിൽ വീഴാതെ നമ്മെ കാക്കാൻ അമലോദ്ഭവയായ മറിയത്തെപ്പോലെ കഴിവുള്ള മറ്റാരുണ്ട് ? മരിയ ഭക്തി വിശ്വസ്തതയോടും സ്ഥിരതയോടും കൂടെ അഭ്യസിക്കുന്നവരാരും പാപത്തിൽനിന്ന് സംരക്ഷിക്കപ്പെടാതിരിക്കുകയില്ല . വിശുദ്ധ ബർണാർദിന്റെ വാക്കുകൾ ഉദ്ധരിച്ചു കൊണ്ട് വിശുദ്ധ ലൂയിസ് ഡി മോൺ ഫോർട്ട് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട് : ‘മറിയം താങ്ങുമ്പോൾ നീ വീഴുകയില്ല ; അവൾ സംരക്ഷിക്കു മ്പോൾ നീ ഭയപ്പെടേണ്ടാ; അവൾ നയിക്കുമ്പോൾ നീ ക്ഷീണിക്കുകയില്ല. അവൾ അനുകൂലയായിരിക്കുമ്പോൾ നീ നിത്യസൗഭാഗ്യത്തിന്റെ തുറമുഖ ത്തുചെന്നെത്തും’. ഇതുതന്നെ വിശുദ്ധ ബൊനവെഞ്ചർ കുറെക്കൂടെ വ്യക്തമായിപ്പറയുന്നു : ‘പരിശുദ്ധ കന്യക , വിശുദ്ധിയുടെ പൂർണതയിൽ വിശുദ്ധരെ സൂക്ഷിക്കുക മാത്രമല്ല, വിശുദ്ധർ പുണ്യപൂർണതയിൽനിന്ന് വീണു പോകാതിരിക്കാൻ അവരെ അതിന്റെ സമൃദ്ധിയിൽ നിലനിർത്തുകയും ചെയ്യുന്നു . നഷ്ടപ്പെടാതിരിക്കത്തക്കവണ്ണം അവരുടെ സുകൃതങ്ങളെയും നിഷ്ഫലമാകാതിരിക്കത്തക്കവണ്ണം അവരുടെ യോഗ്യതകളെയും, കൈവിട്ടു പോകാതിരിക്കത്തക്കവിധം അവർക്കു ലഭിക്കുന്ന കൃപാവരങ്ങളെയും അവൾ കാത്തുസൂക്ഷിക്കുന്നു. മാത്രമല്ല, പിശാചിന്റെ ഉപദ്രവങ്ങളിൽനിന്നു സംരക്ഷിക്കുന്നു . വല്ല കാരണത്താലും പാപത്തിൽ വീണുപോയാൽ തന്റെ ദിവ്യ സുതന്റെ ശിക്ഷയിൽനിന്നുപോലും അവരെ രക്ഷിക്കുന്നു. ” ( യഥാർത്ഥ മരിയഭക്തി 174 ).

    ബൈബിൾ വായന


    ” മകനേ , നീ പാപം ചെയ്തിട്ടുണ്ടോ ? ഇനി ചെയ്യരുത് . പഴയ പാപങ്ങളിൽനിന്നുള്ള മോചനത്തിനായി പ്രാർഥിക്കുക . സർപ്പത്തിൽ നിന്നെന്നപോലെ പാപത്തിൽനിന്ന് ഓടിയകലുക ; അടുത്തുചെന്നാൽ അതു കടിക്കും ; അതിന്റെ പല്ലുകൾ സിംഹത്തിന്റെ പല്ലുകളാണ് ; അതു ജീവൻ അപഹരിക്കും. നിയമലംഘനം ഇരുവായ്ത്തലവാൾപാലെയാണ് ; അതുണ്ടാക്കുന്ന മുറിവുകൾ ഉണങ്ങുകയില്ല ” ( പ്രഭാ 21:1 – 3).

    “പാപം ആവർത്തിക്കരുത് : ആദ്യത്തതുപോലും ശിക്ഷിക്കപ്പെടാതിരിക്കുകയില്ല ” (പ്രഭാ 7 :8 ) . “സിംഹം ഇരയ്ക്കു വേണ്ടി പതിയിരിക്കുന്നു: പാപം പാപിയെ കാത്തിരിക്കുന്നു ” (പ്രഭാ 27:10 ), “പാപം ചെയ്യുന്നവൻ സ്വന്തം ജീവന്റെ ശത്രുവാണ് ” (തോബി 12 :10 ).

    രണ്ടാം ദിന പ്രാർഥന

    പാപത്തെപ്പറ്റി ബോധ്യപ്പെടുത്തുന്ന പരിശുദ്ധാത്മാവേ, പാപത്തെപ്പറ്റിയുള്ള അറിവിൽ എന്നെ വളർത്തണമേ, പാപം നിസാരവത്കരിക്കുന്ന ലേകസ്വാധീനത്തിൽനിന്ന് എന്നെ രക്ഷിക്കണമേ, നിഗൂഢമായിരിക്കുന്ന എന്റെ പാപങ്ങളെല്ലാം എനിക്കു വെളിപ്പെടുത്തിത്തരണമേ. പാപത്തിന്റെ വിനാശഫലങ്ങളെക്കുറിച്ചുള്ള ബോധ്യം എന്നിൽ സജീ വമാക്കണമേ. എന്റെ പാപം ദൈവത്തെ എത്രമാത്രം ദ്രോഹിക്കും എന്ന തിരിച്ചറിവിലേക്ക് എന്നെ നയിക്കണമേ. ഈശോയോടുള്ള സ്നേഹത്തെ പ്രതി പാപത്തോടുള്ള വെറുപ്പും ഭയവും എന്നിൽ ഉളവാക്കണമേ. പാപമാലിന്യമേശാത്ത കന്യകമറിയമേ, പാപത്തിൽ വീഴാതെ എന്നെ കാക്കണമേ,
    ആമേൻ.

    https://www.youtube.com/watch?v=HCpnJhW9o9k&list=PL3uhR8KUVQTxrd02-lFANST3UYzhj5ARI&index=2&t=4s

    *******************************************************************************************************************

    ശാലോം ടി വി യിൽ ബഹുമാനപ്പെട്ട വട്ടായിലച്ചൻ നയിച്ച വിമലഹൃദയ പ്രതിഷ്ഠ അച്ഛന്റെ പ്രേത്യേക അനുവാദത്തോടെ ഇവിടെ നൽകുന്നു. സാധിക്കുന്ന എല്ലാവരും സമയം കണ്ടെത്തി ഈ അനുഗ്രഹപ്രദമായ ശുശ്രൂഷയിൽ പങ്കുകൊള്ളുക .

    *******************************************************************************************************************

    ✝️ MARIAN MINISTRY, MARIAN EUCHARISTIC MINISTRY & ROSARY CONFRATERNITY INDIA ✝️

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!