Wednesday, December 4, 2024
spot_img
More

    പരിശുദ്ധാത്മാവിനോടുള്ള നൊവേന- രണ്ടാം ദിവസം മരിയന്‍ പത്രത്തില്‍

    കര്‍ത്താവ് മനുഷ്യരെ മണ്ണില്‍ നിന്നു സൃഷ്ടിക്കുകയും അവിടുന്നു അവര്‍ക്ക് തന്‍റെ ശക്തിക്ക് സദൃശമായ ശക്തി നല്‍കുകയും തന്‍റെ സാദൃശ്യത്തില്‍ അവരെ സൃഷ്ടിക്കുകയും ചെയ്തു (പ്രഭാ. 17:3).

    പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈകദൈവമേ, അങ്ങയുടെ ഛായയിലും സാദൃശ്യത്തിലും ഞങ്ങള്‍ക്ക് രൂപം നല്‍കിയതിന് ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, പിതാക്കന്മാരുടെ ദൈവമേ, വചനത്താല്‍ അങ്ങ് സകലതും സൃഷ്ടിക്കുകയും ജ്ഞാനത്താല്‍ അവിടുന്ന് മനുഷ്യനു രൂപം നല്‍കി ജീവന്‍ നല്‍കുകയും ചെയ്തതിന് ഞങ്ങള്‍ അങ്ങേക്കു നന്ദി പറയുന്നു. കാരുണ്യവാനായ കര്‍ത്താവേ, പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണ മനസ്സോടും സര്‍വ്വശക്തിയോടും കൂടെ അങ്ങേ ഞങ്ങള്‍ സ്നേഹിക്കുന്നു (നിയ. 6:5).

    അങ്ങയുടെ പൂര്‍ണ്ണതയില്‍ നിന്നു ഞങ്ങള്‍ക്കെല്ലാവര്‍ക്കും കൃപയ്ക്കുമേല്‍ കൃപ വര്‍ഷിച്ച്, തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ഞങ്ങളെ സ്നേഹിച്ച സ്വര്‍ഗ്ഗീയ പിതാവേ, സര്‍വ്വസൃഷ്ടിജാലങ്ങളോടും ചേര്‍ന്നു ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങയെ ആരും ഒരിക്കലും കണ്ടിട്ടില്ലെങ്കിലും അങ്ങുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഈശോമിശിഹായെ കര്‍ത്താവും ക്രിസ്തുവുമായി ഉയര്‍ത്തിയ ദൈവമേ (അപ്പ. 2:36) അങ്ങയുടെ കാരുണ്യത്തിന് എന്നേക്കും ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ. ആമ്മേന്‍.

    1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

    “കര്‍ത്താവിനു നന്ദി പറയുവിന്‍. അവിടുന്ന് നല്ലവനാണ്. അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു.” (സങ്കീ. 107:1)

    രണ്ടാം ദിവസം- പാപബോധം ലഭിക്കാന്‍

    പരിശുദ്ധാത്മാവ് വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോദ്ധ്യപ്പെടുത്തും. അവന്‍ നിങ്ങളെ സത്യത്തിന്‍റെ പൂര്‍ണ്ണതയിലേക്കു നയിക്കും. വരാനിരിക്കുന്ന കാര്യങ്ങള്‍ അവന്‍ നിങ്ങളെ അറിയിക്കും. അവന്‍ എനിക്കുള്ളവയില്‍ നിന്നു സ്വീകരിച്ച് നിങ്ങളോടു പ്രഖ്യാപിക്കും (യോഹ. 16:8-14).

    പരിശുദ്ധാത്മാവേ, അങ്ങ് എഴുന്നള്ളിവരിക. എന്‍റെ പാപങ്ങളും അതു വരുത്തുന്ന വിനകളും മനസ്സിലാക്കി ഹൃദയം നുറുങ്ങി പശ്ചാത്തപിക്കുവാനും, ശരിയായി ഗ്രഹിക്കുവാനും സത്യത്തിന്‍റെയും സ്നേഹത്തിന്‍റെയും അരൂപിയായ അങ്ങ് എന്‍റെ ബോധത്തെ പ്രകാശിപ്പിക്കാന്‍ വരണമേ. ഞങ്ങളുടെ രഹസ്യപാപങ്ങള്‍ അങ്ങയുടെ മുഖത്തിന്‍റെ പ്രകാശത്തില്‍ വെളിപ്പെടുത്തിത്തരണമേ. അങ്ങേക്കും അയല്‍ക്കാര്‍ക്കും എനിക്കു തന്നെയും എതിരായി ചെയ്തുപോയ പാപംമൂലം എനിക്കു ലഭിക്കാവുന്ന നന്‍മകളെ തടയുകയും ജീവിതാവസ്ഥയുടെ കടമകളെ അവഗണിക്കുകയും ചെയ്തു.

    എന്നിലെ തഴക്കദോഷങ്ങളും പ്രബലപ്പെട്ടിരിക്കുന്ന ദുര്‍ഗുണങ്ങളും അകൃത്യങ്ങളും വഴി ദൈവത്തെ എന്നില്‍ നിന്നു അകറ്റിയതിനാല്‍ ഞാന്‍ ഖേദിക്കുന്നു. എന്‍റെ പാപങ്ങള്‍ മൂലം അവിടുത്തെ മുഖം എന്നില്‍ നിന്ന് മറച്ചിരിക്കുന്നു എന്നു ഞാനറിയുന്നു. “രക്ഷിക്കാന്‍ കഴിയാത്ത വിധം കര്‍ത്താവിന്‍റെ കരം കുറുകിപ്പോയിട്ടില്ല; കേള്‍ക്കാനാവാത്ത വിധം അവിടുത്തെ കാതുകള്‍ക്കു മാന്ദ്യം സംഭവിച്ചിട്ടില്ല.” (ഏശ. 59:1-2) എന്നു ഞാന്‍ വിശ്വസിക്കുന്നു. എന്‍റെ പാപങ്ങളെ ഓര്‍ത്ത് ശരിയായി അനുതപിക്കാനും ഹൃദയപരമാര്‍ത്ഥതയോടെ ഏറ്റുപറഞ്ഞ് പരിത്യജിച്ച് ദൈവത്തിന്‍റെ കരുണയ്ക്ക് വീണ്ടും ഞാന്‍ അര്‍ഹനാകുവാനും (അര്‍ഹയാകുവാനും) അങ്ങ് എന്നെ സഹായിക്കണമേ. ഈ യാചനകള്‍ പരിശുദ്ധ അമ്മയുടെ ഏറ്റം വിമല ഹൃദയം വഴി ഈശോയുടെ തിരുഹൃദയത്തില്‍ സമര്‍പ്പിക്കുന്നു. നിത്യപിതാവേ, എന്നോടു കരുണ തോന്നണമേ.

    “എന്‍റെ അകൃത്യം നിശ്ശേഷം കഴുകിക്കളയണമേ. എന്‍റെ പാപത്തില്‍ നിന്നു എന്നെ ശുദ്ധീകരിക്കേണമേ” (സങ്കീ 51:2)

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!