സീറോമലബാർ സഭയുടെ ആരാധനക്രമം ഏകീകരിക്കാനുള്ള മാർപാപ്പയുടെ തീരുമാനത്തെ സീറോമലബാർ സഭ അൽമായ ഫോറം സ്വാഗതം ചെയ്യുന്നു.ലോകമെങ്ങുമുള്ള സീറോമലബാർ സഭാ വിശ്വാസികളുടെ കലാകാലങ്ങളിലുള്ള ഒരഭ്യർത്ഥനയായിരുന്നു ഇത്.ഈ തീരുമാനം അൽമായരുടെ ഒത്തൊരുമയുടെ വിജയമാണ്.2016 ൽ നടന്ന സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലിയിലും അൽമായ സമൂഹം ഒന്നടങ്കം ആവശ്യപ്പെട്ട ഒരു വിഷയമായിരുന്നു ഇത്.കാലവിളംബം കൂടാതെ എല്ലാ സീറോ മലബാർ രൂപതകളിലും ഏകീകരിച്ച ആരാധനക്രമം ഉടൻ നടപ്പാക്കണമെന്ന് അൽമായ ഫോറം സീറോ മലബാർ സഭാസിനഡിനോട് അഭ്യർത്ഥിക്കുന്നു.
അതുപോലെ എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ നൽകിയ പരിഹാരവും നിർദേശങ്ങളും നടപ്പാക്കാൻ സീറോ മലബാർ വിശ്വാസികൾ ബാധ്യസ്ഥരാണ്.ഇത് എത്രയും പെട്ടെന്ന് സഭാ സിനഡ് നടപ്പാക്കണം.അതിനു കടകവിരുദ്ധമായി നിൽക്കുകയും,സഭയുടെ ഐക്യം തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സഭാവിരുദ്ധരെ ഒറ്റപ്പെടുത്തണം.സമുദായത്തോട് കൂറില്ലാത്തവരും സഭാ വിരുദ്ധരുമായ ഇത്തരം ഛിദ്രശക്തികളുടെ വലയിൽ അൽമായരാരും തന്നെ കുടുങ്ങിപ്പോകരുത്.
ഭരണകൂടങ്ങൾ പാർശ്വവൽക്കരിക്കപ്പെട്ടവർക്കെതിരെ നടത്തിവരുന്ന ജനാധിപത്യ ധ്വംസനത്തിനെതിരെ പട നയിച്ച മനുഷ്യാവകാശ പ്രവര്‍ത്തകനും ഈശോസഭാ സന്യാസിയുമായിരുന്ന ആദരണീയനായ ഫാ.സ്റ്റാനിസ്ലാവ് ലൂർദ്സ്വാമിയുടെ മരണം ഭാരതത്തിലെ ക്രൈസ്തവ സഭക്ക് കടുത്ത നഷ്ടവും തീരാവേദനയുമാണ്.നീതിയുടെ വാതിലുകൾക്കു മുന്നിൽ മുട്ടിത്തളർന്ന് നീതിപീഠത്തിന്‍റെയും ഭരണകൂടത്തിന്‍റെയും ദയക്ക് കാത്തുനിൽക്കാതെ,നിസ്സഹായനായി രക്തസാക്ഷിത്വംവരിച്ച അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത ലോകത്തിന് മാതൃകയാണ്.
ഭൗതികതയ്ക്കും,ലൗകിക അധികാരത്തിനും മാറ്റാൻ കഴിയാത്ത വിശ്വാസത്തിലും നീതിയിലും വേരൂന്നിയതായിരുന്നു അദ്ദേഹത്തിന്റെ സന്ന്യാസ ജീവിതം.ഫാ.സ്റ്റാൻ സ്വാമിയെന്ന മനുഷ്യസ്നേഹിയുടെ വികാര പ്രപഞ്ചത്തിലേക്കും ജയില്‍ വാസത്തിന്റെ ഭീകരതയിലേക്കും തുറന്നു വെച്ച കണ്ണാടിയാകാൻ ഭാരത സമൂഹത്തിന് കഴിഞ്ഞോയെന്ന് എല്ലാവരും ചിന്തിക്കണം.
നിരാലംബരും അടിച്ചമര്‍ത്തപെട്ടവരുമായ സാമൂഹ്യവിഭാഗങ്ങള്‍ക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ഈ വന്ദ്യവയോധികനായ വൈദികന്റെ മരണം പോലും സഭയെ അടിക്കാനുള്ള ഒരു ആയുധമായി സഭയിലെ തന്നെ ക്രൈസ്തവ നാമധാരികളായ ചില ഛിദ്രശക്തികൾ ഉപയോഗിക്കുമ്പോൾ അവരുടെ കൂറ് ആരോടാണെന്ന് അവർ കൃത്യമായി വെളിപ്പെടുത്തേണ്ടതാണ്.
മാർപാപ്പയുടെയും സീറോ മലബാർ സിനഡിന്റെയും തീരുമാനങ്ങളെ എതിർക്കുന്ന നിഗൂഢ ശക്തികൾക്കും പ്രവണതകൾക്കുമെതിരെ അൽമായ ഫോറം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.ചില സഭാവിരുദ്ധരും,നിക്ഷിപ്ത താല്‍പര്യക്കാരും ചേർന്ന് വ്യവസ്ഥാപിതമായ സീറോ മലബാർസഭയിലെ ഐക്യവും ഭദ്രതയും തകര്‍ക്കുവാൻ നടത്തുന്ന ശ്രമങ്ങൾക്കെതിരെ വിശ്വാസികൾ ജാഗ്രത പാലിക്കണം.
സഭയിൽ സ്നേഹത്തിന്റെയും അച്ചടക്കത്തിന്റെയും സംസ്കാരം വളർത്തുവാൻ ഓരോ സീറോ മലബാർ വിശ്വാസികളും ഔദ്യോഗിക സഭയോട് ചേർന്ന് നിൽക്കണം.നീതിയുടെ കപട ആവരണം ധരിച്ച്,വിശ്വാസികളെ വഴിതെറ്റിച്ച്,സഭയ്‌ക്കെതിരേ ആഞ്ഞടിക്കുന്ന പ്രതികൂലശക്തികളില്‍നിന്ന് സഭയെ സംരക്ഷിക്കാനും തിന്മയെ ബഹിഷ്‌കരിക്കാനും സഭയെ ശക്തിപ്പെടുത്താനും അൽമായ വിശ്വാസികൾ ഒന്നിച്ചു നിൽക്കണമെന്ന് സീറോ മലബാർ സഭ അൽമായ ഫോറം അഭ്യർത്ഥിക്കുന്നു.
ടോണി ചിറ്റിലപ്പിള്ളി
(സെക്രട്ടറി,അൽമായ ഫോറം-സീറോ മലബാർ സഭ)