Saturday, October 5, 2024
spot_img
More

    നാലാം ദിവസം-23-02-2022- വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിന്റെ ക്രമമനുസരിച്ചുള്ള ദൈവമാതാവിന്റെ വിമല ഹൃദയ പ്രതിഷ്ടാ ഒരുക്കം

    ==========================================================================

    33 ദിവസത്തെ സമ്പൂർണ വിമലഹൃദയ പ്രതിഷ്ഠക്കുള്ള നിർദ്ദേശങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക

    ആദ്യ പന്ത്രണ്ട് ദിവസങ്ങളിലെ വിമലഹൃദയ പ്രതിഷ്ഠ ഒരുക്ക പ്രാർത്ഥനകൾ വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക

    ==========================================================================

    നാലാം ദിവസം

    ആദ്യഘട്ടം – ലോകാരൂപിയെ ഉപേക്ഷിക്കുക

    താഴെ നൽകിയിരിക്കുന്ന വിമലഹൃദയ പ്രതിഷ്ഠാ ഒരുക്ക വായനകളും വിചിന്തനവും (ഓരോരുത്തരും തങ്ങളുടെ സമയലഭ്യതയും സാഹചര്യവുമനുസരിച്ച് ഒരുമിച്ചോ വിഭജിച്ചോ വായിക്കുക)

    1. ക്രിസ്താനുകരണ വായന

    ജീവിതസംസ്കരണം.

    1. ദൈവ ശുശ്രുഷയിൽ നീ ഉണർവും ഉത്സാഹവുമുള്ളവനായിരിക്കുക. പലപ്പോഴും നീ ഇങ്ങനെ വിചാരിക്കണം; എന്തിന് ഇവിടെ വന്നു? എന്തിനു ലോകത്തെ ഉപേക്ഷിച്ചു? ദൈവത്തിനായി ജീവിച്ചു ആധ്യാത്മിക മനുഷ്യനായിതീരാനല്ലേ?
    ആകയാൽ അഭിവൃദ്ധിക്കുവേണ്ടി നീ ഉത്സാഹിക്കുക നിന്റെ അധ്വാനങ്ങൾക്കുള്ള പ്രതിഫലം നിനക്ക് ലഭിക്കും. പിന്നീട് ദുഖമോ ഭയമോ നിനക്കുണ്ടാകുകയില്ല.
    ഇന്ന് നീ ലഘുവായി അധ്വാനിക്കുന്നു ;പകരം വളറെയേറെ ആശ്വാസം ;എന്നുവേണ്ട നിത്യാനന്ദം നിനക്ക് ലഭിക്കും. അധ്വാനത്തിൽ നീ വിശ്വസ്തനും ഉത്സാഹിയുമാണെങ്കിൽ, പ്രതിഫലം തരുന്നതിൽ ദൈവം ഉദാരനും വിശ്വസ്തനുമായിരിക്കുമെന്നുള്ളതിൽ സന്ദേഹം വേണ്ട വിജയകിരീടം പ്രഖ്യാപിക്കാമെന്നു നീ ദൃഢമായി ശരണപ്പെട്ടുകൊള്ളുക ;എന്നാലും അലസനും അഹങ്കാരിയും ആകാതിരിക്കാൻ സമ്മാനലബ്ധി ഭദ്രമാണെന്ന് നീ കരുതേണ്ട.

    2. സുപ്രതീക്ഷാഭയങ്ങളുടെ മദ്ധ്യേ സങ്കടത്താൽ കലങ്ങി ഞെരുങ്ങിക്കൊണ്ടൊരിക്കുന്ന ഒരുത്തൻ ദേവാലയത്തിൽ ചെന്ന് ബലിപീഠത്തിൽ സാഷ്ടാംഗം വീണ് ഇങ്ങനെ പ്രാർത്ഥിച്ചു.
    ഹാ! ഭക്തിയിൽ ഞാൻ നിലനിൽക്കുമോ എന്ന് അറിഞ്ഞിരുന്നുവെങ്കിൽ ! ഉടനടി തന്റെ ഹൃദയത്തിൽ ദൈവത്തിന്റെ മറുപടി കേൾക്കുമാറായി ;ഇത് നീ അറിഞ്ഞാൽ എന്ത് ചെയ്യും? എന്ത് ചെയ്യാൻ നീ നിശ്ചയിക്കുന്നുവോ അത് ഇപ്പോൾ ചെയ്തുകൊള്ളുക. എന്നാലും നിന്റെ കാര്യം ഭദ്രമായിരിക്കും.
    തൽക്ഷണം അവനു ആശ്വസവും ധൈര്യവും തോന്നി. ദൈവഹിതത്തിനു തന്നെത്തന്നെ അവൻ ഏല്പിക്കുകയും അതോടെ അവന്റെ ആകുലതകളൊക്കെ നീങ്ങുകയും ചെയ്തു.
    പിന്നീട് തനിക്കു എന്തുസംഭവിക്കുമെന്നു അറിയാൻ അവനു ഒരാഗ്രഹവും തോന്നിയില്ല. സത്പ്രവർത്തികൾ ആരംഭിച്ചു പൂർത്തിയാക്കാൻ ദൈവത്തിന്റെ തിരുവിഷ്ടം ശരിയായി കണ്ടെത്തുകയായിരുന്നു അവന്റെ അഭിനിവേശം.

    3. ഭൂമിയിൽ സുരക്ഷിതനായി കഴിയാൻവേണ്ടി കർത്താവിൽ ആശ്രയിച്ചു നന്മചെയ്യുക’ എന്നാണ് പ്രവാചകൻ പ്രെസ്താവിച്ചിട്ടുള്ളത്.
    പുണ്യാഅഭിവൃദ്ധിക്കായും ജീവിതനവീകരണത്തിനായും തീക്ഷ്ണതയോടെ പ്രവർത്തിക്കുന്നതിൽ നിന്ന്‌ മനുഷ്യരെ പിന്തിരിപ്പിക്കുന്ന ഒന്നുണ്ട്; പ്രയാസങ്ങൾ അഭിമുഖീകരിക്കുവാനുള്ള ധൈര്യക്കുറവ്;അല്ലെങ്കിൽ, വളരെ ബുദ്ധിമുട്ടി ചെയ്തുതീർക്കേണ്ട ജോലികൾ ചെയ്യുവാനുള്ള പ്രയാസം.
    എല്ലാവരിലും വെച്ച് പുണ്യത്തിൽ എത്രയുമധികം അഭിവൃദ്ധിപ്പെടുന്നവർ ബുദ്ധിമുട്ടുകളെന്നു തോന്നുന്നവയെ ധൈര്യസമേതം നേരിടാൻ ഉദ്യമിക്കുന്നവരാണെന്നു നിർണയം.
    തന്നെത്തന്നെ ജയിക്കുമ്പോഴും, ആന്തരികമായ ആശാനിഗ്രഹങ്ങൾ അനുഷ്ഠിക്കുമ്പോഴാണ് മനുഷ്യൻ പുണ്യാഅഭിവൃദ്ധിപ്പെടുന്നതും കൂടുതൽ പ്രസാദവരം പ്രാപിക്കുന്നതും.

    4. എന്നാൽ, തന്നെത്താൻ ജയിക്കാനും ആത്മനിഗ്രഹം ചെയ്യാനും എല്ലാവർക്കും പ്രയാസം ഒരുപോലെയല്ല.
    പൊതുവെ സദ്‌വൃദ്ധനെങ്കിലും പുണ്യാഅഭിവൃദ്ധിയിൽ ഉത്സാഹമില്ലാത്തവനെക്കാൾ കൂടുതലായി പുണ്യാഅഭിവൃദ്ധി പ്രാപിക്കുന്നത്, അനേകം ദുരാശകൾക്കു അധീനനെങ്കിലും ഉത്സാഹവും തീക്ഷ്ണതയുമുള്ള ഒരുവനത്രെ.
    പുണ്യാഅഭിവൃദ്ധിക്കു ഉപകരിക്കുന്ന രണ്ടു കാര്യങ്ങളുണ്ട് ; നൈസർഗികമായ ദുർവാസനകളെ ആസകലം ഉപേക്ഷിക്കുന്നതും അവനവനു അത്യാവശ്യമായ നന്മകൾക്കായി ഉത്സാഹപൂർവ്വം അധ്വാനിക്കുന്നതും.
    അന്യർക്ക് വെറുപ്പുവരുത്തുന്ന തെറ്റുകൾ നിന്നിലുണ്ടെങ്കിൽ, അവ മനസ്സിലാക്കി ജയിക്കാൻ ശ്രമിച്ചുകൊള്ളുക.

    5. എവിടെയായിരുന്നാലും പുണ്യാഅഭിവൃദ്ധിക്കായി ശ്രമിക്കുക ; സന്മാതൃക കാണുകയോ അവയെപ്പറ്റി കേൾക്കുകയോ ചെയ്‌താൽ അവയെ അനുകരിക്കാൻ പരിശ്രമിക്കുക.
    നിന്ദ്യമായി വല്ലതും കണ്ടാൽ അത് അനുകരിക്കാതിരിക്കാൻ സൂക്ഷിക്കുക. വല്ലപ്പോഴും അത് ചെയ്തുപോയാൽ ഉടനെ അതിന് പരിഹാരം ചെയ്യാൻ ശ്രമിക്കുക. നിന്റെ ദൃഷ്ടിയിൽ അന്യരെ സൂക്ഷിക്കുന്നപോലെ അന്യർ നിന്നെയും സൂക്ഷിക്കുന്നുണ്ട്.
    തീക്ഷ്ണതയും ഭക്തിയും സുകൃതാഭ്യാസആസക്തിയും ക്രമശീലവുമുള്ള സഹോദരന്മാരെ കാണുന്നത് എത്ര മധുരവും ആനന്ദകരവുമാണ് !
    തങ്ങളുടെ ജീവിതാന്തസ്സിനു ഉചിതമായ കാര്യങ്ങൾ അഭ്യസിക്കാതെ ക്രമരഹിതരായി വ്യാപാരിക്കുന്നവരെ കാണുന്നത് എത്ര വിരസവും ദുഃഖകരവുമാണ്!
    ജീവിതാന്തസ്സിന്റെ ഉദ്ദേശ്യങ്ങൾ വിസ്മരിച്ചു തങ്ങൾക്കു ഇടപെടാൻ ആവശ്യമില്ലാത്ത കാര്യങ്ങളിൽ പ്രവേശിക്കുന്നത് എത്ര ദോഹകരം !

    6. നീ ചെയ്തിട്ടുള്ള പ്രതിഞ്ജയനുസരിച്ചു ക്രൂശിതരൂപം നിന്റെ മുൻപിൽ വക്കുക.
    ക്രിസ്തുവിന്റെ ജീവിതം നീ ഇന്ന് ഉറ്റു സൂക്ഷിച്ചാൽ ലജ്ജ തോന്നും;ദൈവമാർഗത്തിൽ ചരിച്ചു തുടങ്ങിയിട്ട് വളരെ നാളായെങ്കിലും നീ ഇതുവരെ അവിടുത്തെ അനുകരിക്കാൻ പരിശ്രമിച്ചിട്ടില്ല.
    കർത്താവിന്റെ പരിപാവനജീവിതത്തെയും പീഡാനുഭവത്തെയും ശ്രദ്ധയോടും ഭക്തിയോടും കൂടെ ധ്യാനിക്കുന്ന സന്യാസി തനിക്കു പ്രയോജനകരവും ആവശ്യകവുമായ സമസ്തവും സമൃദ്ധിയായി അവിടെ കണ്ടെത്തും. ക്രിസ്തുവിനു പുറമെ അവനു യാതൊന്നും അന്വേഷിക്കേണ്ടതായി വരികയില്ല.
    ക്രൂശിതനായ ക്രിസ്തു നമ്മുടെ ഹൃദയത്തിൽ ഇറങ്ങി വന്നിരുന്നുവെങ്കിൽ, എത്രയും വേഗം വേണ്ടതൊക്കെയും നാം പഠിക്കുമായിരുന്നു.

    7. തീക്ഷ്ണതയുള്ള സന്യാസി തന്നോട് ആജ്ഞാപിക്കുന്നതെല്ലാം യഥാവിധി നിർവഹിക്കുന്നു.
    ഉദാസീനനും മന്ദഭക്തനുമായ സന്യാസിക്ക് മേൽക്കുമേൽ അനർത്ഥങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും എല്ലാവശത്തുനിന്നും അയാൾ കഷ്ടതകൾ അനുഭവിക്കേണ്ടി വരുന്നു. ഹൃദയത്തിൽ ആശ്വാസമില്ല ; പുറമെ അന്വേഷിക്കാൻ അനുമതിയുമില്ല.
    ക്രമാനുസാരം ജീവിക്കാത്ത സന്യാസി നാശമാർഗ്ഗത്തെയാണ് തരണം ചെയ്യുന്നത്.
    നിഷ്ഠകൾ വിട്ടു കൂടുതൽ സ്വതന്ത്രമായി നടക്കുവാൻ ഇച്ഛിയ്ക്കുന്നവന് സാദാ ക്ലേശങ്ങളെ ഉണ്ടാവുകയുള്ളു. ഒന്നല്ലെങ്കിൽ മറ്റൊന്നു അവനെ അസ്വസ്ഥനാക്കും.

    8.നമ്മുടെ കർത്താവായ ദൈവത്തെ പൂർണ ഹൃദയത്തോടും സർവ്വ ശക്തിയോടുംകൂടെ സ്നേഹിക്കയല്ലാതെ മറ്റൊന്നും ചെയ്യാൻ നമുക്ക് ഇല്ലായിരുന്നെങ്കിൽ കൊള്ളാമായിരുന്നു.
    ഒരിക്കലും തിന്നാനും കുടിക്കാനും ഉറങ്ങാനും ആവശ്യമില്ലാതെ നിരന്തരം ദൈവത്തെ സ്തുതിക്കാനും ആധ്യാത്മികകാര്യങ്ങളിൽ മാത്രം ഏർപ്പെട്ടിരിക്കാനും കഴിഞ്ഞെങ്കിൽ എത്ര നന്നായിരുന്നു ! എങ്കിൽ ജഢശുശ്രുഷാവാഞ്ഛഞ്ഞയിൽ കഴിയുന്ന ഇന്നത്തെ സ്ഥിതിയെക്കാൾ നീ എത്ര ഭാഗ്യവാനായിരിക്കും !
    ആത്മാവിനു വേണ്ട അരൂപിക്കടുത്ത ഭോജനങ്ങളല്ലാതെ മറ്റൊരാവശ്യവും നമുക്ക് ഇല്ലായിരുന്നെങ്കിൽ കൊള്ളാമായിരുന്നു. എന്നാൽ, അവ അപൂർവമായിട്ടേ നാം ആസ്വദിക്കുന്നുള്ളു.

    9. ആവൃതിയിൽ ഒതുങ്ങിനിൽക്കുന്ന ഇതര സന്യാസികൾ അനേകാറുണ്ടല്ലോ. അവരെങ്ങനെ കഴിയുന്നു?
    അവർ അപൂർവമായിട്ടേ പുറത്തിറങ്ന്നുള്ളൂ: ഏകാന്തതയിൽ ജീവിക്കുന്നു. ഭക്ഷണം ദാരിദ്ര്യമാണ്. അവരുടെ വസ്ത്രം പരുപരുത്തതാണ്. അവർ വളരെയേറെ അധ്വാനിക്കുന്നു ; കുറച്ചുമാത്രം സംസാരിക്കുന്നു. രാവിലെ അവർ എഴുന്നേൽക്കുകയും ദീർഘമായ ഉറക്കമിളപ്പ് അനുഷ്ഠിക്കുകയും വളരെയേറെ പ്രാർത്ഥിക്കുകയും വായിക്കുകയും ചെയ്യുന്നു. ക്രമാനുഷ്ഠാനത്തിൽ അവർ സർവഥാ ശ്രദ്ധാലുക്കളാണ്.
    തീവ്രമായി തപദസനുഷ്ഠിക്കുന്ന സന്യാസിനി സന്യാസികളെ വീക്ഷിക്കുക. കർത്താവിന്റെ സ്തുതികൾ പാടാൻ രാത്രിതോറും അവർ ഉണരുന്നു.
    ഇത്രയേറെ സന്യാസികൾ സന്തോഷപൂർവം ദൈവത്തെ പാടി സ്തുതിച്ചുകൊണ്ടിരിക്കുമ്പോൾ നീ ഉദാസീനനായിരിക്കുന്നതു ലജ്ജാവഹമല്ലയോ?

    10. യാതൊരു സൃഷ്ടിയിൽ നിന്നും ആശ്വസം നേടേണ്ടത സ്ഥിതിയിലെത്തുമ്പോഴാണ് ഒരുവൻ ആദ്യമായി ദൈവത്തെ പൂർണമായും ആസ്വദിക്കാൻ തുടങ്ങുന്നത് .
    അപ്പോൾ എന്തുസംഭവിച്ചാലും അവനു സംതൃപ്തിതന്നെ.
    അവൻ സമൃദ്ധിയിൽ സന്തോഷിക്കുന്നില്ല ; ദുർലഭത്തിൽ ദുഖിക്കുന്നുമില്ല. എല്ലാത്തിലും എല്ലാമായ ദൈവത്തിനു പൂർണമായും തന്നെത്തന്നെ പ്രത്യാശാപൂർവം ഭാരമേല്പിക്കുന്നു. അവിടുത്തെ മുൻപിൽ ഒന്നും മരിക്കുന്നില്ല ;നശിക്കുന്നുമില്ല ; എല്ലാം ജീവിക്കുന്നു. അവിടുത്തെ ഇങ്കിതമനുസരിച്ചു യാതൊരു താമസവും കൂടാതെ എല്ലാ പ്രകാരവും അവിടുത്തെ ശുശ്രുഷിക്കുന്നു.

    11.സാദാ അന്ത്യത്തെ സ്മരിക്കുക ;നഷ്ടപ്പെട്ട സമയം തിരിയെ കിട്ടാത്തതിനാൽ ആകുലതയും ഉത്സാഹവും കൂടാതെ നിനക്ക് പുണ്യങ്ങൾ സമ്പാദിക്കുവാൻ കഴിയുകയില്ല.
    നീ മന്ദഭക്തനായി ജീവിക്കുവാൻ തുടങ്ങുകയാണെങ്കിൽ അസമധാനമായിരിക്കും ഫലം.
    നീ ശുഷ്കാന്തിയുള്ളവനാകുകയാണെങ്കിൽ, നിനക്ക് വലിയ സമാധാനം കൈവരും. ദൈവാനുഗ്രഹത്താലും പുണ്യത്തോടുള്ള പ്രതിപത്തിയാലും അധ്വാനം ലഘുവായിതോന്നും.
    ശുഷ്കാന്തിയും ഉത്സാഹവുമുള്ളവൻ എല്ലാത്തിനും സന്നദ്ധനായിരിക്കും.
    വിയർത്തു ശാരീരിക തൊഴിലുകൾ ചെയ്യുന്നതിനേക്കാൾ പ്രയാസമാണ് പാപങ്ങളെയും ദുരാശകളെയും ചെറുത്തുനിൽക്കാൻ.
    ചെറിയ തെറ്റുകളിൽ നിന്ന്‌ ഒഴിഞ്ഞുനിൽക്കാത്തവൻ ക്രമേണ വലിയ പാപങ്ങളിൽ വീഴും. പകൽ നന്നായി ചിലവഴിക്കുന്ന പക്ഷം, സായംകാലത്തു സന്തോഷമുളവായിവരും.
    ജാഗ്രതയോടെ നിന്നെത്തന്നെ സൂക്ഷിക്കുക ; ഉത്സാഹിക്കുക ;നിന്നെത്തന്നെ ശാസിക്കുക. മറ്റുള്ളവർ എന്തെങ്കിലും ചെയ്തുകൊള്ളട്ടെ. നിന്റെ കാര്യം നീ സൂക്ഷിക്കുക.
    എത്രക്ക് നീ നിന്നോടുതന്നെ ബലം ചെയ്യുന്നുവോ, അത്രക്കുമാത്രമേ നീ പുണ്യത്തിൽ അഭിവൃദ്ധിപ്പെടുകയുള്ളു.

    വിചിന്തനം.

    പുണ്യത്തിൽ അഭിവൃദ്ധിയുണ്ടാവുമെങ്കിൽ, നാം നമ്മെ ജയിക്കണം ; എല്ലാകാര്യത്തിലും നാം നമ്മെ ഒതുക്കിനിർത്തണം ; നമ്മുടെ ഹൃദയത്തിന്റെ അഭിലാഷങ്ങളെ നാം സംഹരിക്കണം. നമ്മോടു ബലം പ്രയോഗിക്കാതെ ദൈവശുശ്രുഷയിൽ നാം യോഗ്യത നേടുകയില്ല. പാപത്തിലേക്കു ആനയിക്കുകയും ശുഷ്‌കാന്തി മന്ദീഭവിപ്പിക്കുകയും ചെയ്യുന്ന ക്രമമറ്റ ചാച്ചിലുകളെ നാം തകർക്കണം. അങ്ങനെ, നമുക്ക് രക്ഷപ്രാപിക്കുവാൻ കഴിയും.

    പ്രാർത്ഥിക്കാം.

    ഓ ! ഈശോ, ഞങ്ങളെ അങ്ങേക്കു കീഴ്പെടുത്തി നിർത്താൻ ഞങ്ങൾക്കുണ്ടായികൊണ്ടിരിക്കുന്ന വൈഷമ്യങ്ങളെല്ലാം അങ്ങേക്ക് അറിയാമല്ലോ ഈ പ്രതിബന്ധങ്ങൾ ഞങ്ങളെ ലക്ഷ്യത്തിൽ നിന്ന്‌ അകറ്റാൻ ഇടവരുത്താതിരിക്കട്ടെ.
    ആമേൻ.

    അനുസ്മരണാവിഷയം.

    ചെറിയ തെറ്റുകളിൽ നിന്ന് ഒഴിഞ്ഞു നില്കാത്തവൻ ക്രമേണ വലിയ പാപങ്ങളിൽ വീഴും.

    അഭ്യാസം.

    നിന്റെ പ്രധാന ദുർഗുണത്തെ ജയിക്കാൻ നിന്റെ കഴിവുകളെല്ലാം നീ വിനിയോഗിക്കുക.

    2. യഥാര്‍ത്ഥ മരിയഭക്തിയിൽ നിന്നുള്ള വായന
    വി.ലൂയിസ് ഡി മോൺഫോര്‍ട്ട്.

    പരിശുദ്ധ മറിയം വഴിയുള്ള ദൈവമക്കള്‍.

    പിതാവായ ദൈവം മറിയം വഴി ലോകാവസാനംവരെ തനിക്കായി മക്കളെ രൂപപ്പെടുത്തുവാൻ ആഗഹിക്കുന്നു. ” ഇസായേലിലധിവസിക്കുക ” (പ്രഭാ.24:13) എന്ന് അവിടുന്നു പറഞ്ഞതു മറിയത്തോടാണ്. എന്നു വച്ചാൽ, ഇസ്രായേൽ (യാക്കോബ് ) വഴി സൂചിതരായ എന്റെ തെരഞ്ഞെടുക്കപ്പെട്ട മക്കളിൽ നീ വസിക്കുക. ഏസാവുവഴി സൂചിപ്പിക്കപ്പെടുന്നവരും ദുഷ്ടാരൂപിയുടെ സന്താനങ്ങളുമായ തിരസ്കൃതരിൽ ആകാതിരിക്കട്ടെ നിന്റെ വാസം.

    ശാരീരിക ജനനത്തിനു മാതാപിതാക്കളുണ്ടായിരിക്കുക എന്നത് പ്രകൃതിയുടെ അലംഘനീയ നിയമമത്രേ. അതുപോലെ അതിസ്വാഭാവികമായ ജനനത്തിനും മാതാവും പിതാവും വേണം; ദൈവം പിതാവും, മറിയം മാതാവും . തെരഞ്ഞെടുക്കപ്പെട്ട സകല ദൈവമക്കളുടേയും പിതാവു ദൈവം, മാതാവു മറിയവും . അവൾ മാതാവല്ലാത്തവനും ദൈവം പിതാവല്ല. സത്യവിശ്വാസവെളിച്ചമില്ലാതെ ശീശ്മയിലും, പാഷ ണ്‌ഡതയിലും അലഞ്ഞു നടക്കുന്ന ചിലർ മറിയത്തെ നിരസിക്കുകയും വെറുക്കുകയും ചെയ്യുന്നു. അവർക്കു മാതാവായ മറിയമില്ലാത്തതുകൊണ്ടു ദൈവം തങ്ങളുടെ പിതാവ് എന്നു വീമ്പു പറയുന്നതിൽ അടിസ്ഥാനമില്ല തന്നെ. കാരണം, ഒരു കുഞ്ഞ് തനിക്കു ജീവൻ നൽകിയ മാതാവിനോട് എന്ന പോലെ, അവരും മറിയത്തോട്, അമ്മയോട് എന്ന വിധത്തിലുള്ള സ്നേഹബഹുമാനാദികൾ കാണിക്കുമായിരുന്നു.

    മറിയത്തെ വെറുക്കുന്നവര്‍ അബദ്ധത്തിലാണ്‌

    അബദ്ധമാർഗ്ഗത്തിൽ ചരിക്കുന്നവരെ തെരഞ്ഞെടുക്കപ്പെട്ടവരിൽ നിന്ന് തിരിച്ചറിയുവാനുള്ള ഏറ്റവും സുനിശ്ചിതവും തെറ്റുപറ്റാത്തതുമായ അടയാളം അവരുടെ മറിയത്തോടുള്ള വെറുപ്പും നിസ്സംഗതയുമാണ്. അവർ വാക്കാലും എത്തിയാലും രഹസ്യമായും പരസ്യമായും ചിലപ്പോൾ തെറ്റായ ആശയം പ്രചരിപ്പിച്ചും മറിയത്തോടുള്ള ഭക്ത്യാദരവുകൾ നശപ്പിക്കാൻ യത്നിക്കുന്നു. കഷ്ടം! ആധുനിക “ഏസാവു “കളായ അവരിൽ വസിക്കാൻ പിതാവായ ദൈവം മറിയത്തോട് ആവശ്യപ്പെടുന്നില്ല.

    ദൈവസുതൻ തന്റെ അനുഗ്രഹീതമാതാവു വഴി മൗതീകശരീരത്തിന്റെ മറ്റവയവങ്ങളിൽ വീണ്ടും അവതരിക്കുവാൻ ആഗ്രഹിക്കുന്നു. അവിടുന്ന് അവളോടു പറയുന്നു: ” ഇസ്രായേൽ നിന്റെ അവകാശമായിരിക്കട്ടെ ” (പ്രഭാ. 24:13). അതെ, അവിടുന്നു പറയുന്നു: ഭൂമിയിലുള്ള എല്ലാ ജനതകളെയും, എല്ലാ ജനപദങ്ങളെയും നല്ലവരും ദുഷ്ടരും തെരഞ്ഞെടുക്കപ്പെട്ടവരും തിരസ്കൃതരുമായ സകലരെയും പിതാവായ ദൈവം എനിക്ക് അവകാശമായി തന്നിരിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട വരെ സ്വർണ്ണ ദണ്സുകൊണ്ടും തിരസ്കൃതരെ ഇരുമ്പുദണ്ഡു കൊണ്ടും ഞാൻ ഭരിക്കും. ആദ്യത്തെ കൂട്ടർക്കു ഞാൻ പിതാവും മദ്ധ്യസ്ഥനുമായിരിക്കും. മറ്റേ ഗണത്തിനു ഞാൻ നീതി പൂർവ്വം ശിക്ഷിക്കുന്നവനും; അതേസമയം എല്ലാവരുടെയും വിധിയാളനായിരിക്കും ഞാൻ. എന്നാൽ എന്റെ പ്രിയപ്പെട മാതാവേ, ഇസായേൽ വഴി സൂചിതരായ തെരഞ്ഞെടുക്കപ്പെട്ടവർ മാത്രമാണ് നിന്റെ അവകാശം. അമ്മയെപ്പോലെ അവരെ ശ്രദ്ധാപൂർവ്വം വളർത്തി വലുതാക്കുകയും അവരുടെ രാജ്ഞി എന്ന നിലയിൽ അവരെ സംരക്ഷിക്കുകയും നയിക്കുകയും ഭരിക്കുകയും ചെയ്യുക.

    മറിയം യേശുവിന്റെ മൗതീക ശരീരത്തിന്റെ മാതാവ്

    “ഇവനും അവനും അവളിൽ നിന്നു ജാതരായി ” ( സങ്കീ. 86:5), എന്ന് പരിശുദ്ധാത്മാവ് രാജകീയ സങ്കീർത്തകനിലൂടെ പറയുന്നു. ചില സഭാപിതാക്കന്മാരുടെ അഭിപ്രായമനുസരിച്ച് , മറിയത്തെപ്പറ്റിയുള്ള ഒരു പ്രവചനമാണിത്. മറിയത്തിൽ നിന്നു ജനിച്ച ആദ്യമനുഷ്യൻ ദൈവവും മനുഷ്യനുമായ ക്രിസ്തുവാണ്. രണ്ടാമത്തേത്, ദൈവത്തിന്റെയും മനുഷ്യരുടേയും ദത്തു പുത്രരായ മനുഷ്യരും. മനുഷ്യ വർഗ്ഗത്തിന്റെ ശിരസ്സായ ക്രിസ്തു അവളിൽ നിന്നു ജനിച്ചതുകൊണ്ട്, മറ്റവയവങ്ങളായ തെരഞ്ഞെടുക്കപ്പെട്ട സകലരും അവളിൽ നിന്നു തന്നെയാണ് ജനിക്കേണ്ടതും. ഒരു ശിശുവിന്റെ ശിരസ്സു മാത്രമോ അവയവങ്ങൾ മാത്രമോ ആയി ഒരു മാതാവും പ്രസവിക്കുന്നില്ല. അപ്രകാരം സംഭവിക്കുന്നെങ്കിൽ അതു പ്രകൃതിക്ക് ഒരപവാദമായിരിക്കും; അതൊരു ബീഭത്സ ജന്തുവായി കരുതപ്പെടും. അതുപോലെ, കൃപയുടെ തലത്തിലും ശിരസ്സും അവയവങ്ങളും ഒരേ മാതാവിൽ നിന്നാണു ജാതരമാകേണ്ടത്. ആകയാൽ ശിരസ്സിന്റെ മാതാവായ മറിയം വഴിയല്ലാതെ ജനിക്കുന്ന ഒരുവനും തെരഞ്ഞെടുക്കപ്പട്ടവനോ, ക്രിസ്തുവിന്റെ മൗതീകശരീരത്തിന്റെ അവയവമോ ആയിരിക്കുകയില്ല. പ്രത്യുത, കൂപയുടെ തലത്തിൽ, അവൻ ഒരു വികൃതജീവിയായിരിക്കും.

    കൂടാതെ ഇപ്പോൾ ക്രിസ്തു, പരിശുദ്ധകന്യകയുടെ പാവനോദരത്തിന്റെ ഫലം കൂടിയാണ് ഭൂസ്വർഗ്ഗവാസികൾ സകലരും അനുദിനം ആയിരമായിരം പ്രാവശ്യം “നിന്റെ ഉദരത്തിന്റെ ഫലമായ ഈശോ അനുഹീതനാകുന്നു എന്നാലപിക്കുന്നു. അതിനാൽ തീർച്ചയായും മറിയത്തിന്റെ പ്രയത്തവും ഫലവുമായിട്ടാണ് യേശുക്രിസ്തുവിനെ ഓരോ വ്യക്തിക്കും ലഭിക്കുന്നത്. സമഗ്ര ലോകത്തിനും ഇതേ മാർഗ്ഗത്തിലൂടെയത്രേ യേശുവിനെ ലഭിച്ചു. അതുകൊണ്ട് ആരുടെയെങ്കിലും ഹൃദയത്തിൽ യേശുക്രിസ്തു രൂപപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്കു ധൈര്യമായിപ്പറയാം : “എന്നിൽ വസിക്കുന്ന ക്രിസ്തു നിന്റെ പ്രവർത്തന ഫലമാണ്. നിന്നെക്കൂടാതെ ഞങ്ങൾക്കു ക്രിസ്തുവിനെ ഒരിക്കലും ലഭിക്കുമായിരുന്നില്ല. പരിശുദ്ധ മറിയമേ അങ്ങേയ്ക്കു നന്ദി ” . വി. പൗലോസ് ശ്ലീഹ ഗലാത്തിയ കാർക്കെഴുതിയ ലേഖനത്തിൽ തന്നെപ്പറ്റി പറഞ്ഞവ മറിയത്തിനു നമ്മെപ്പറ്റി കൂടുതൽ ന്യായ പൂർവ്വം പറയാം. “എന്റെ സുതനായ ക്രിസ്തു, ദൈവസുതരിൽ പൂർണ്ണമായി രൂപം കൊള്ളുന്നതു വരെ അവരെ ക്കുറിച്ച് ഞാൻ പ്രസവവേദന അനുഭവിക്കുന്നു ” ഗ്ഗലാ. 4: 19) എന്ന്.

    വി. ആ ഗുസ്തീനോസ് ഒരു പടികൂടി കടന്നു പറയുകയാണ് “തെരഞ്ഞെടുക്കപ്പെട്ടവർ മനുഷ്യപുത്രനോട് അനുരൂപരാകേണ്ടതിന് , ഈ ലോകത്തിൽ ആയിരിക്കുമ്പോൾ അവർ മറിയത്തിന്റെ ഉദരത്തിൽ സൂക്ഷിക്കപ്പെടുന്നു. അവർ സംരക്ഷണവും സഹായവും പോഷണവും ഈ നല്ല മാതാവിൽ നിന്ന് സ്വീകരിച്ച് അവിടെ വളരുന്നു. നീതിമാന്മാരുടെ ജന്മദിനം എന്നു സഭ വിശേഷിപ്പിക്കുന്ന മരണം വരെ അവൾ അവരെ സംരക്ഷിച്ചു മഹത്വത്തിലേക്കാനയിക്കും”. കൃപാവരത്തിന്റെ അഗാഹ്യമായ രഹസ്യം ! തിരസ്കൃതർക്കു അത് തികച്ചും അജ്ഞാതം. തെരഞ്ഞെടുക്കപ്പെട്ടവർ പോലും അത് എൽ കുറച്ചു മാത്രമാണ് ഗ്രഹിക്കുക !

    3. വിമലഹൃദയപ്രതിഷ്ഠാ ഒരുക്ക ധ്യാനവും വിചിന്തനവും.

    പാപത്തിന്റെ വേര് നശിപ്പിക്കപ്പെടണം
    “ഹൃദയം മറ്റെന്തിനെക്കാളും കാപട്യമുള്ളതാണ്‌; ശോചനീയമാംവിധം ദുഷിച്ചതുമാണ്‌. അതിനെ ആര്‍ക്കാണു മനസ്‌സിലാക്കാന്‍ കഴിയുക?”
    (ജറെമിയാ 17:9)

    ആമുഖം

    പാപം ചെയ്യാതിരിക്കാനുള്ള നല്ല ആഗ്രഹവും ഉറച്ചതീരുമാനവും ഉണ്ടെങ്കിൽപ്പോലും, പാപത്തിന്റെ വേര് ഹൃദയത്തിലുള്ളേടത്തോളം കാലം വീഴ്ച സംഭവിക്കാം. ഒരു വൃക്ഷം നശിപ്പിച്ചാലും അതിന്റെ വേരുകൂടി നശിപ്പിക്കുന്നില്ലെങ്കിൽ വ്യക്ഷം വീണ്ടും വളർന്നു വരുന്നതുപോലെ, പാപത്തിന്റെ വേരുകൂടി നശിപ്പിച്ചാലേ പാപത്തിൽനിന്നു പൂർണമായി നാം സ്വതന്ത്രരാവുകയുള്ളൂ. പാപത്തിനു വേരുള്ളതായി ബൈബിൾ സൂചന തരുന്നുണ്ട്: “വിദ്വേഷത്തിന്റെ വേരുവളർന്ന് ഉപദ്രവം ചെയ്യാതിരിക്കാൻ സൂക്ഷിക്കുവിൻ” (ഹെബ്രാ 12:15). നമ്മിലുള്ള ദുരാശകളാണ് പാപത്തിന്റെ വേര്.

    ദുരാശകളുടെ അടിസ്ഥാനപരമായ കാരണം, ‘ഉദ്ഭവപാപം’ എന്നറിയപ്പെടുന്ന ആദിമാതാപിതാക്കന്മാരുടെ പാപമാണ്: “മനുഷ്യരെ ഞെരുക്കുന്ന അപാരമായ ദുരിതവും തിന്മയിലേക്കും മരണത്തിലേക്കുമുള്ള അവരുടെ പ്രവണതയും ആദത്തിന്റെ പാപവുമായുള്ള അവരുടെ ബന്ധത്തിലൂടെയല്ലാതെ വിശദീകരിക്കുക സാധ്യമല്ല. നാമെല്ലാവരും പാപത്തോടു കുടെ ജനിക്കത്തക്കവിധം ആദം നമ്മിലേക്ക് ആത്മാവിന്റെ മരണമാകുന്ന പാപം പകർന്നുതന്നു”(മതബോധനഗ്രന്ഥം 402)

    ഉദ്ഭവപാപ ഫലമായി നമ്മിലുള്ള പ്രധാന ദുരാശകൾ മൂന്നെണ്ണമാണ്. അവ ജഡത്തിന്റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്റെ അഹന്ത എന്നിവയാണ്.

    വിശുദ്ധ ബൈബിൾ വ്യക്തമായി ഈ ത്രിവിധ ദുരാശകളെപ്പറ്റി പറയുന്നുണ്ട് : “ജഡത്തിന്റെ ദുരാശ , കണ്ണുകളുടെ ദുരാശ, ജീവിതത്തിന്റെ അഹന്ത ഇങ്ങനെ ലോകത്തിലുള്ളതൊന്നും പിതാവിന്റേതല്ല; പ്രത്യുത, ലോകത്തിന്റേതാണ് ” (1 യോഹ 2:16).

    മൂലപാപങ്ങൾ എന്നറിയപ്പെടുന്ന പാപവേരുകൾ

    മേല്പറഞ്ഞ ത്രിവിധ ദുരാശകളിൽനിന്നാണ് പരമ്പരാഗതമായി സഭ പഠിപ്പിക്കുന്ന എഴ് മുലപാപങ്ങൾ ഉദ്ഭവിക്കുക . ജഡത്തിന്റെ ദുരാശയിൽനിന്ന് ഉദ്ഭവിക്കുന്നവ ലൈംഗികാസക്തി, കൊതി, അലസത എന്നിവയാണ്. കണ്ണുകളുടെ ദുരാശയിൽനിന്ന് വരുന്നതാണ് ദ്രവ്യാശ. അഹങ്കാരത്തിൽനിന്ന് വരുന്നവ നിഗളം, കോപം, അസൂയ എന്നിവയാണ്.

    1. അഹങ്കാരം: അവനവനെപ്പറ്റിയുള്ള തെറ്റായ അഭിപ്രായമാണ് അഹങ്കാരം. അതിരുകടന്ന ആത്മസ്നേഹമാണത്. നാം തന്നെയാണ് നമ്മുടെ ആരംഭവും അന്ത്യവും എന്ന് പരോക്ഷമായെങ്കിലും പരിഗണിക്കാൻ പ്രേരിപ്പിക്കുന്നതാകയാൽ നിഗളം ഒരുതരം വിഗ്രഹാരാധനയാണ്. അവനവന് ഉള്ളതിലധികം മേന്മ ഭാവിക്കലാണത്. ആധ്യാത്മികവും ബൗദ്ധികവും ശാരീരികവുമായ കഴിവുകളെപ്പറ്റിയുള്ള അതിരുകവിഞ്ഞ ആത്മവിശ്വാസം, പരാജയങ്ങളിൽ അമിതമായി നിരാശപ്പെടുന്നതും കുറ്റപ്പെടുത്തപ്പെടുമ്പോൾ സഹിക്കാൻ പറ്റാത്ത തരത്തിലുള്ള അസഹിഷ്ണുത കാണിക്കുന്നതും ലക്ഷണങ്ങളാണ്.
    2. അസൂയ:
      അപരന്റെ നന്മയിലുള്ള ദുഃഖമാണ് അസൂയ. താൻ ശ്രദ്ധാ കേന്ദ്രമാകണം, അറിയപ്പെടണം, വിജയിക്കണം എന്നീ താത്പര്യങ്ങൾ ഉള്ളതുകൊണ്ടാണ് മറ്റൊരാൾ അതിന് തിരഞ്ഞെടുക്കപ്പെടുമ്പോൾ ദുഃഖം ഉണ്ടാകുന്നത്. കൂട്ടത്തിലുള്ള ഒരാൾ ആദരിക്കപ്പെടുമ്പോൾ തനിക്ക് ഭീഷണിയായിത്തോന്നുക, മറ്റുള്ളവരോട് യോജിപ്പില്ലായ്മ, വിദ്വേഷം, അപരന്റെ ദുഃഖത്തിൽ സന്തോഷം തോന്നൽ, അപവാദം പറച്ചിൽ, വിമർശനം, ഉദ്ദിഷ്ടലക്ഷ്യങ്ങൾ ദുർവ്യാഖ്യാനം ചെയ്യൽ, ഏഷണി എന്നിവ അസൂയയുടെ ലക്ഷണങ്ങളാണ്.
    3. ദ്രവ്യാഗ്രഹം:
      ധനത്തിനും ഭൗതികവസ്തുക്കൾക്കും വേണ്ടിയുള്ള അമിതവും യുക്തിരഹിതവുമായ ആഗ്രഹമാണ് ദ്രവ്യാഗ്രഹം. ദൈവത്തെ പൂർണ ഹൃദയത്തോടെ സ്നേഹിക്കുന്നതിന് ഒരു പ്രധാന വിഘാതമാണ് ദ്രവ്യാഗ്രഹം. ഇത് ഒരു വിഗ്രഹാരാധനയാണെന്നു വിശുദ്ധ ബൈബിൾ പഠിപ്പിക്കുന്നുണ്ട് “വിഗ്രഹാരാധനതന്നെയായ ദ്രവ്യാസക്തി നശിപ്പിക്കുവിൻ ” ( കൊളോ 3:5 ).
    4. മോഹം അഥവാ ജഡികാസക്തി: ലൈംഗികതയുടെ ദൈവികോദ്ദേശ്യങ്ങൾക്കനുസൃതമല്ലാതെ ലൈംഗികത ദുരുപയോഗിക്കലാണിത്. ജഡികാസക്തി എന്നറിയപ്പെടുന്ന ഈ ദുരാശമൂലം അവിവാഹിതർ തങ്ങൾക്ക് അനർഹമായ ലൈംഗികാസ്വാദനത്തിനും വിവാഹിതർ അനിയന്ത്രിതമായി ലൈംഗികാസ്വാദനത്തിനും പ്രേരിതരാകുന്നു. ദമ്പതിമാർ പങ്കാളിയുടെ നന്മയെക്കാൾ സ്വന്തം സുഖത്തിന് പ്രാധാന്യം കൊടുക്കയാൽ സ്നേഹമില്ലാത്ത ലൈംഗികതയിലേക്ക് തരംതാഴുന്നു. ലൈംഗികതയുടെ ലക്ഷ്യങ്ങളിലൊന്നായ സന്താനോത്പാദനം എന്നേക്കുമായി ഒഴിവാക്കിക്കൊണ്ടുള്ള ബന്ധങ്ങളിൽ ജീവിക്കുകയും ചെയ്യുന്നു.
    5. ഭോജനപ്രിയം അഥവാ കൊതി: ഭക്ഷണപാനീയങ്ങളിൽ അമിതവും യുക്തിക്കു നിരക്കാത്തതുമായ സുഖം തേടലാണ് ഭോജനപ്രിയം അഥവാ കൊതി. ദൈവത്തിൽ മാത്രം ആനന്ദം കണ്ടെത്തുക എന്ന മനുഷ്യ ജീവിതലക്ഷ്യത്തിൽ നിന്നുള്ള വ്യതിചലനമായാണ് വിശുദ്ധ തോമസ് അക്വിനാസ് ഈ തിന്മയെ വിശദീകരിക്കുന്നത്.
    6. മടി അഥവാ അലസത: സുഖലോലുപതയിൽനിന്നു ജനിക്കുന്ന ഈ ദുശ്ശീലത്തിന്റെ കാരണം, കഴിയുന്നത്ര ക്ലേശിക്കാതിരിക്കണമെന്ന് നൈസർഗിക വാസനയാണ് . അധ്വാനത്തെ വെറുക്കലും അന്യരുടെ അധ്വാനഫലംകൊണ്ട് തൃപ്തിയടയലുമാണ് അലസന്റെ സ്വഭാവം. ജോലിയിൽ മാത്രമല്ല, ആധ്യാത്മികകാര്യങ്ങളിലും അലസത കടന്നുകൂടാം. തത്ഫലമായി സുകൃതാനുഷ്ഠാനങ്ങളെ വെറുക്കുകയും ഭക്താനുഷ്ഠാനങ്ങൾ വെട്ടിക്കുറയ്ക്കുകയും ചെയ്യുകയും അനിവാര്യഫലമെന്നോണം മന്ദജീവിതത്തിൽ കലാശിക്കുകയും ചെയ്യും.
    7. കോപം:
      പ്രതികാരം ചെയ്യാനുള്ള യുക്തിരഹിതമായ ആഗ്രഹം (un-reasonable desire) ആണ് കോപം. അർഹമായത് അപരൻ നിഷേധിച്ചു എന്ന ബോധ്യമാണ് കോപത്തിന്റെ പിന്നിലുള്ളത്. താൻ കുറ്റമില്ലാത്തവനാണെന്ന അഹന്തയും തന്നെ വിമർശിക്കരുത് എന്ന താക്കീതും കോപത്തിലുണ്ട്.
    ഹൃദയം: പാപവേരുകളുടെ ഉറവിടം

    നമ്മുടെ ഹൃദയമാണ് മൂലപാപങ്ങളുടെ അഥവാ, പാപവേരുകളുടെ ഉറവിടം: ” യേശു അരുൾചെയ്തു: ഒരുവന്റെ ഉള്ളിൽനിന്നു പുറപ്പെടുന്ന കാര്യങ്ങളാണ് അവനെ അശുദ്ധനാക്കുന്നത്, എന്തെന്നാൽ, ഉളളിൽനിന്നാണ്, മനുഷ്യന്റെ ഹൃദയത്തിൽ നിന്നാണ് ദുഷ്ചിന്ത, പരസംഗം, മോഷണം, കൊലപാതകം, വ്യഭിചാരം, ദുരാഗ്രഹം, ദുഷ്ടത, വഞ്ചന, ഭോഗാസക്തി, അസൂയ, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നത് ” (മർക്കോ 7:20-23).

    പഞ്ചേന്ദ്രിയങ്ങളിലൂടെ പ്രവേശിച്ച എണ്ണമറ്റ തിന്മകൾ നമ്മുടെ മനസ്സിന്റെ അടിത്തട്ടിൽ പാപവേരുകളായി കിടപ്പുണ്ട്. ജീവിതകാലം മുഴുവൻ നാം ശ്രവിക്കാനിടയായ ദുഷ് വാക്കുകൾ, നാം കാണാനിടയായ തിന്മകൾ പ്രത്യകിച്ച് അശുദ്ധി, മറ്റുള്ളവരിൽനിന്ന് നമുക്കനുഭവിക്കേണ്ടി വന്ന തിക്താനുഭവങ്ങൾ, നാം തന്നെ ചെയ്ത നിരവധി പാപങ്ങൾ, ഇം യൊക്കെ തിന്മ ചെയ്യാൻ നമ്മെ നിർബന്ധിച്ചുകൊണ്ടാണിരിക്കുന്നത് ഇതെല്ലാം ഹൃദയത്തിനുള്ളിൽ മറഞ്ഞുകിടക്കുകയാണ് എന്നതാണ് ഏറെ ആപത്കരം.

    അബോധ – ഉപബോധ – ബോധ മനസ്സുകളിലെ പാപവേരുകൾ

    മാതാപിതാക്കന്മാരിൽനിന്നും കുടുംബാന്തരീക്ഷത്തിൽനിന്നും നാമറിയാതെ നമ്മിലേക്കു കടന്നുവരുന്ന ചില തിന്മകൾ കാലക്രമേണ നമ്മുടെ അടിസ്ഥാനസ്വഭാവങ്ങളായിത്തന്നെ രൂപാന്തരപ്പെട്ടേക്കാം.

    ജീവിതാരംഭം മുതലുള്ള അനുഭവങ്ങൾ സൂക്ഷിക്കപ്പെടുന്ന അബോധമനസ്സിൽ നാമറിയാതെതന്നെ ഏറെ തിന്മകൾ കിടപ്പുണ്ടാകാം. അവയെ ഉത്തേജിപ്പിക്കാനുതകുന്ന അനുകൂല സാഹചര്യങ്ങളുണ്ടാകുമ്പോൾ അവ പ്രകടമാകും. കൃത്യമായ കാരണം കണ്ടുപിടിക്കാൻ കഴിയാത്ത സ്വഭാവവൈകല്യങ്ങളിൽനിന്ന് മോചനം നേടാൻ അബോധമനസ്സിന്റെ വിശുദ്ധീകരണത്തിനായി പ്രാർഥിക്കുന്നത് ഏറെ സഹായകമായി കണ്ടിട്ടുണ്ട്. കോപം, ദുർവാശി, ജഡികാസക്തി, മദ്യപാനാസക്തി, അത്യസാധാരണ ഭയവും ഭീതിയും എന്നിവയൊക്കെ മാറാൻ ഇങ്ങനെ പ്രാർഥിക്കാവുന്നതാണ്.

    ഓർമയില്ലാത്തതും എന്നാൽ ഓർമിക്കാൻ ശ്രമിച്ചാൽ ഓർക്കാൻ പറ്റുന്നതുമായ മനസ്സിന്റെ തലമാണ് ഉപബോധ മനസ്സ്. ഓർമവച്ച കാലം മുതലുള്ള അനുഭവങ്ങളെല്ലാം ഉപബോധ മനസ്സിന്റെ ഭാഗമാണ്. ഉപബോധ മനസ്സിലുള്ള തിന്മകൾ നമ്മുടെ സജീവ ഓർമയിലില്ലെങ്കിലും അത് ഇന്നത്തെ ദുഷ്പ്രവൃത്തികൾക്കും ഭാവിയിൽ ചെയ്യാനിടയാകാവുന്ന പാപങ്ങൾക്കും പ്രചോദനം കൊടുക്കുന്ന അടിസ്ഥാന പാപമായി വർത്തിക്കും. അതിനാൽ അനുദിന ജീവിത വ്യാപാരങ്ങളിലൂടെ നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ വഴി നമ്മിൽ പ്രവേശിക്കുകയും നമ്മുടെ ഉപബോധമനസ്സിൽ ഉറച്ചു പോവുകയും ചെയ്ത തിന്മകൾ ഓരോന്നും പരിശുദ്ധാത്മാവിന്റെ സഹായത്തോടെ കണ്ടെത്തണം. അവ നീക്കപ്പെടാനായി പ്രത്യേകം പ്രാർഥിക്കുകയും വേണം.

    ഇതിനും പുറമേ, ആധുനിക സാമൂഹികമാധ്യമങ്ങളിലൂടെ എണ്ണമില്ലാത്ത തിന്മകളാണ് നമ്മുടെ ഉപബോധമനസ്സിൽ പ്രവേശിച്ച് പാപവേരുകളായി അടിയുറച്ച് വളർന്നുകൊണ്ടിരിക്കുന്നത്. ഇവ ചെയ്യുന്ന ദ്രോഹം ചില്ലറയൊന്നുമല്ല. ഒരുതവണമാത്രം കണ്ടതോ കേട്ടതോ ആയ തിന്മയ്ക്കു പോലും കൊടുംപാപത്തിലേക്ക് നമ്മെ നയിക്കാൻ ശക്തിയുണ്ട്. ആ സ്ഥിതിക്ക് വിവേകമില്ലാതെ നാം പലപ്രാവശ്യം വിധേയപ്പെട്ട എണ്ണമില്ലാത്ത തിന്മകൾക്ക് എത്ര വലിയ സ്വാധീനശക്തിയായിരിക്കും ഉണ്ടാവുക !

    യേശുവിന്റെ രക്തം : പാപവേരു നശിപ്പിക്കുന്ന ആസിഡ്

    ഈ പാപവേരുകളെല്ലാം നശിപ്പിക്കാൻ ശക്തിയുള്ള ആധ്യാത്മിക ആസിഡാണ് യേശുവിന്റെ പാപമോചകരക്തം. യേശുവിന്റെ രക്ഷാകരമായ തിരുരക്തത്താൽ പൂർണ ഹൃദയവിശുദ്ധീകരണം സാധ്യമാകും. “അവിടത്തെ പുത്രനായ യേശുവിന്റെ രക്തം എല്ലാ പാപങ്ങളിലുംനിന്ന് നമ്മെ ശുദ്ധീകരിക്കുന്നു” (1 യോഹ 1:7). നാം ഹൃദയത്തിൽ കുടിയിരുത്തുന്ന ദൈവവചനത്തിലൂടെയും ഇതു സാധിക്കും: “ഞാൻ നിങ്ങളോടു പറഞ്ഞ വചനം നിമിത്തം നിങ്ങൾ ശുദ്ധിയുള്ളവരായിരിക്കുന്നു” (വി. യോഹ 15:3). ആകയാൽ, നമ്മിലെ പാപവേരുകൾ ഓരോന്നോരോന്നായി കണ്ടെത്തി അവയെ നിശ്ശേഷം നശിപ്പിക്കാനായി 1 യോഹന്നാൻ 1:7 വചനം അവർത്തിച്ചു പറഞ്ഞ് തിരുരക്താഭിഷേക പ്രാർഥന നടത്തണം. കൂടാതെ, ഓരോ പാപവേരിനും ചേർന്ന തിരുവചനങ്ങൾ ഹൃദയത്തിൽ ഉരുവിട്ടു പ്രാർഥിക്കുന്നതും വളരെ ഫലദായകമാണ്.

    ബൈബിൾ വായന

    “അത്യുന്നതനും മഹത്ത്വപൂർണനുമായവൻ, അനന്തതയിൽ വസിക്കുന്ന പരിശുദ്ധൻ എന്ന നാമം വഹിക്കുന്നവൻ, അരുൾചെയ്യുന്നു: ഞാൻ ഉന്നതമായ വിശുദ്ധസ്ഥലത്തു വസിക്കുന്നു. അനുതാപികളുടെ ഹൃദയത്തെയും വീനിതരുടെ ആത്മാവിനെയും നവീകരിക്കാൻ ഞാൻ അവരോടുകൂടെ വസിക്കുന്നു “(ഏശ 57:15 ).

    ” കോലാടുകളുടെയും കാളക്കിടാങ്ങളുടെയും രക്തം തളിക്കുന്നതും പശുക്കിടാവിന്റെ ഭസ്മം വിതറുന്നതും അശുദ്ധരെ ശാരീരികമായി ശുദ്ധീകരിക്കുന്നു. എങ്കിൽ, നിത്യാത്മാവുമൂലം കളങ്കമില്ലാതെ ദൈവത്തിന് തന്നെത്തന്നെ സമർപ്പിച്ച ക്രിസ്തുവിന്റെ രക്തം, ജീവിക്കുന്ന ദൈവത്തെ ശുശ്രൂഷിക്കാൻ നമ്മുടെ അന്തഃകരണത്തെ നിർജീവ പ്രവൃത്തികളിൽ നിന്ന് എത്രയധികമായി വിശുദ്ധീകരിക്കുകയില്ല !” ( ഹെബ്രാ 9:13 – 14).

    https://www.youtube.com/watch?v=sR6X6RNgIY8&list=PL3uhR8KUVQTxrd02-lFANST3UYzhj5ARI&index=4

    ***************************************************************************************************************************

    ശാലോം ടി വി യിൽ ബഹുമാനപ്പെട്ട വട്ടായിലച്ചൻ നയിച്ച വിമലഹൃദയ പ്രതിഷ്ഠ അച്ഛന്റെ പ്രേത്യേക അനുവാദത്തോടെ ഇവിടെ നൽകുന്നു. സാധിക്കുന്ന എല്ലാവരും സമയം കണ്ടെത്തി ഈ അനുഗ്രഹപ്രദമായ ശുശ്രൂഷയിൽ പങ്കുകൊള്ളുക .

    DAY 1 പ്രതിഷ്ഠാ ഒരുക്കം

    DAY 2 പ്രതിഷ്ഠാ ഒരുക്കം

    DAY 3 പ്രതിഷ്ഠാ ഒരുക്കം

    ✝️ MARIAN MINISTRY, MARIAN EUCHARISTIC MINISTRY & ROSARY CONFRATERNITY INDIA ✝️

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!