Saturday, December 14, 2024
spot_img
More

    ആറാം ദിവസം-25-02-2022-വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിന്റെ ക്രമമനുസരിച്ചുള്ള ദൈവമാതാവിന്റെ വിമല ഹൃദയ പ്രതിഷ്ടാ ഒരുക്കം

    ==========================================================================

    33 ദിവസത്തെ സമ്പൂർണ വിമലഹൃദയ പ്രതിഷ്ഠക്കുള്ള നിർദ്ദേശങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക

    ആദ്യ പന്ത്രണ്ട് ദിവസങ്ങളിലെ വിമലഹൃദയ പ്രതിഷ്ഠ ഒരുക്ക പ്രാർത്ഥനകൾ വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക

    ==========================================================================

    ആറാം ദിവസം

    ആദ്യഘട്ടം – ലോകാരൂപിയെ ഉപേക്ഷിക്കുക

    താഴെ നൽകിയിരിക്കുന്ന വിമലഹൃദയ പ്രതിഷ്ഠാ ഒരുക്ക വായനകളും വിചിന്തനവും (ഓരോരുത്തരും തങ്ങളുടെ സമയലഭ്യതയും സാഹചര്യവുമനുസരിച്ച് ഒരുമിച്ചോ വിഭജിച്ചോ വായിക്കുക)


    1. ക്രിസ്താനുകരണ വായന

    ന്യായവിധിയും പാപികൾക്കുള്ള ശിക്ഷയും.

    1 . എല്ലാ കാര്യങ്ങളിലും നീ അന്ത്യം ഓർമ്മിക്കുക. അതിനിഷ്കർഷയുള്ള ന്യായാധിപന്റെ മുമ്പിലാണു നീ നിൽക്കുക. അവിടുന്നിൽനിന്ന് ആർക്കും ഒന്നും മറച്ചു വയ്ക്കാൻ കഴിയുകയില്ല. അവിടുന്ന് കൈക്കൂലി വാങ്ങുകയോ ഒഴിവുകഴിവു കേൾക്കുകയോ ചെയ്യുകയില്ല. എല്ലാ വിധികളും നീതിയുക്തമായിരിക്കുകയും ചെയ്യും. അവിടുത്തെ മുമ്പിൽ നീ എങ്ങനെ നില്ക്കും?

    ഹാ! മഹാ നിർഭാഗ്യനും ബുദ്ധിഹീനനുമായ പാപീ കോപിച്ചിരിക്കുന്ന ഒരു മനുഷ്യന്റെ മുഖത്തു നോക്കാൻ ഭയപ്പെടുന്ന നീ നിന്റെ സമസ്ത തെററുകളും അറിഞ്ഞി രിക്കുന്ന ദൈവത്തോട് എന്തുത്തരമാണു പറയുക? വിധിദിവസത്തിൽ മറ്റുള്ളവർക്കു വേണ്ടി ഒഴികഴിവു പറയാനോ വാദപ്രതിവാദം നടത്താനോ ആർക്കും സാധിക്കുകയില്ല. ഓരോരുത്തനും താന്താങ്ങളെക്കുറിച്ചു സമാധാനം ബോധിപ്പിക്കാൻ വേണ്ടുവോളമുണ്ടായിരിക്കും.

    ആകയാൽ ആ ദിവസത്തിനുവേണ്ടി നീ എന്താണ് ഒരുങ്ങാത്തത്. ഇന്നു നിന്റെ അദ്ധ്വാനത്തിനു മൂല്യമുണ്ട്; നിന്റെ കണ്ണുനീരു സ്വീകാര്യമാണ്; നിന്റെ നെടുവീർപ്പുകൾ കേൾക്കപ്പെടും; നിന്റെ അനുതാപം പാപങ്ങളെ പരിഹരിച്ചു നിന്നെ ശുദ്ധിയുള്ളവനാക്കും.

    1. ക്ഷമാശീലനായ മനുഷ്യൻ മഹത്തരവും രക്ഷാകരവുമായ ഒരു ശുദ്ധീകരണസ്ഥലത്താണു കഴിയുന്നത്. ദ്രോഹമേററിട്ടും അവൻ തന്റെ ക്ളേശത്തെപ്പററി ചിന്തിക്കാതെ അന്യന്റെ ദ്രോഹബുദ്ധിയെപ്പററി ഖേദിക്കുന്നു; തന്റെ ശത്രുക്കൾക്കുവേണ്ടി പ്രാർത്ഥിച്ച് അവരുടെ കുറ്റങ്ങൾ ഹൃദയപൂർവ്വം ക്ഷമിക്കുന്നു; അന്യരോടു ക്ഷമാപണം ചെയ്യാൻ താമസം വരുത്തുന്നില്ല; കോപിക്കുന്നതിനു പകരം സന്തോഷപൂർവ്വം കാരുണ്യം പ്രദർശിപ്പിക്കുന്നു തന്നോടുതന്നെ ബലം പ്രയോഗിച്ച് ജഡത്തെ അരുവിക്ക് നിശ്ശേഷം കീഴ്പ്പെടുത്താൻ ശ്രമിക്കുന്നു. പാപങ്ങളിൽ നിന്ന് മോചനം പ്രാപിക്കുന്നതും ദുർഗ്ഗണങ്ങളെ നിർമ്മലമാക്കുന്നതും ഭാവിയിലേയ്ക്ക് നീട്ടി വയ്ക്കാതെ ഇപ്പോൾത്തന്നെ സാധിക്കുന്നതാണ് ഉത്തമം. ജഡത്തോട് നമുക്കുള്ള ക്രമരഹിതമായ സ്നേഹം നമ്മെ വാസ്തവത്തിൽ വഞ്ചിക്കുകയാണ്. –
    2. (നരകാഗ്നി നിന്റെ പാപങ്ങളെയല്ലാതെ മറെറന്തിനേയാണ് വിഴുങ്ങാനിരിക്കുന്നത്?

    നിന്നിൽത്തന്നെ ലാളിച്ച് എത്രയധികം നീ ജഡത്തെ പിന്തുടരുമോ അത്രയധികം പിന്നീടു നീ കഷ്ടപ്പെടും. ആ അഗ്നിക്ക് അങ്ങനെ വിറകുശേഖരിക്കുകയാണ്.

    ഒരുത്തൻ ഏതു വിഷയത്തിൽ അധികം പാപം ചെയ്തുവോ, ആ വിഷയത്തിൽത്തന്നെ കഠിനശിക്ഷയും അനുഭവിക്കും. അലസർ ചുട്ട ഇരുമ്പാണികളാൽ കുത്തിത്തുളയ്ക്കപ്പെടും; ഭോജനപ്രിയർ വിശപ്പും ദാഹവും കൊണ്ടു മർദ്ദിക്കപ്പെടും. ജഡമോഹികളും വിഷയലമ്പടന്മാരും വെന്തുരുകുന്ന
    കീലിലും ദുർഗ്ഗന്ധം വീശുന്ന ഗന്ധകത്തിലും അത്യന്തം ആമഗ്നരായിത്തീരും; അസൂയാലുക്കൾ ചെന്നായ്ക്കളെ പ്പോലെ ദു:ഖത്താൽ ഓളിയിടുകയും ചെയ്യും.

    4, ഓരോരോ ദുഷ്കൃത്യങ്ങൾക്ക് അവിടെ അതാതിനു തക്കതായ പീഡനങ്ങൾ സഹിക്കേണ്ടിവരും. അവിടെ അഹങ്കാരികൾ സർവ്വദാ ലജ്ജിതരാകും; അത്യാഗ്രഹികൾ ക്ളേശഭൂയിഷ്ഠമായ ദാരിദ്ര്യത്താൽ കഷ്ടപ്പെടും.
    അവിടെ ഒരു മണിക്കൂർ നേരത്തേയ്ക്കുള്ള ശിക്ഷ
    ഭൂമിയിൽ നൂറു സംവത്സരത്തെ കഠിനതപസ്സിനേക്കാൾ
    കടുപ്പമായിരിക്കും.

    അവിടെ ശിക്ഷാവിധേയരായവർക്കു യാതൊരു സമാധാനവും ആശ്വാസവുമില്ല; എന്നാൽ, ഭൂമിയിൽ ചിലപ്പോഴെങ്കിലും അദ്ധ്വാനം നിറുത്തിവെച്ച് സ്നേഹിതരിൽ നിന്ന് ആശ്വാസം അനുഭവിക്കാം.

    വിധിദിവസത്തിൽ ഭാഗ്യവാന്മാരോടുകൂടെ ഭദ്രരായിരിക്കുവാൻ ഇപ്പോൾ ജാഗ്രതാപൂർവ്വം പാപങ്ങളെക്കുറിച്ചു പശ്ചാത്തപിക്കുവിൻ.

    തങ്ങളെ ദ്രോഹിച്ചു ഞെരുക്കിയവരുടെ മുമ്പാകെ നീതിമാന്മാർ നിശ്ചലം, ധീരധീരം നിലകൊള്ളും.

    ഇന്നു മനുഷ്യവിധിക്കായി കീഴ്പ്പെട്ടവൻ അന്നു വിധിക്കുവാനായി നില്ക്കും.

    ഇന്നു ദാരിദ്ര്യവും എളിമയുമുള്ളവർക്ക് അന്നു വളരെ മനശ്ശരണമുണ്ടാകും; അഹങ്കാരികൾക്ക് സർവ്വവിധഭയവും
    വന്നുചേരും.

    1. ക്രിസ്തുവിനുവേണ്ടി ഭോഷനും നിന്ദിതനുമാകുവാൻ ഈ ലോകത്തിൽ അഭ്യസിച്ചവനാണു യഥാർതത്തിൽ ബുദ്ധിമാനെന്ന് അപ്പോൾ വിശദമാകും. ക്ഷമാപൂർവ്വം ഭൂമിയിൽ അനുഭവിച്ച് എല്ലാ അനർത്ഥംങ്ങളോടും അപ്പോഴും പ്രിയം തോന്നും. ദുഷ്ടന്മാർ വാപൊത്തും. ദൈവഭക്തരെല്ലാവരും അപ്പോൾ ആനന്ദിക്കും, ഭക്തിവിഹീനർ ദു:ഖിക്കും . എന്നും വിശിഷ്ടഭോജ്യങ്ങൾകൊണ്ടു പോഷിതരാ വരേക്കാൾ കൂടുതലായി സ്വശരീരത്തെ നിഗ്രഹിച്ച് അന്ന് ആഹ്ലാദിക്കും. ഹീനമായ വസ്ത്രം അന്നു ശോഭിക്കും; ആഡംബരവേഷം നിന്ദ്യമാകും.

    പാവപ്പെട്ട കുടിൽ അന്നു പൊൻപൂമേടയേക്കാൾ വിലമതിക്കപ്പെടും.

    സകലലൗകിക ശക്തികളേയുംകാൾ അന്നു വിലപ്പോക്കുക സ്ഥിരമായ ക്ഷമാശീലമാണ്.

    നിഷ്കപടമായ അനുസരണ എല്ലാ ലൗകിക തന്ത്രങ്ങളേയും കാൾ അന്ന് അമൂല്യമായിരിക്കും.

    1. തത്ത്വശാസ്ത്ര പാണ്ഡിത്യത്തേക്കാൾ നിർമ്മലമായ
      മനസ്സാക്ഷി അന്നു കൂടുതൽ ആനന്ദം കണ്ടെത്തും. ധനത്തോടുള്ള വെറുപ്പ് ലൗകികരുടെ സകല നിക്ഷേപ ങ്ങളേക്കാൾ അനർഘമാണ്. രുചികരമായ പദാർത്ഥങ്ങൾ ഭക്ഷിച്ചതുകൊണ്ടല്ല. ഭക്തിയോടെ പ്രാർത്ഥിച്ചതുകൊണ്ടാണ് അന്നു നിനക്ക് ആശ്വാസമുണ്ടാകുക. അതിഭാഷണത്തിനെന്നതിനേക്കാൾ മൗനത്തിന് അന്നു നിനക്കു കൂടുതൽ സന്തോഷം ലഭിക്കും. മനംകുളിർപ്പിക്കുന്ന വാക്കുകളേക്കാൾ സൽക്കർമ്മങ്ങൾ അന്നു കൂടുതൽ പ്രകീർത്തിക്കപ്പെടും.

    അന്ന് ലൗകികസന്തോഷങ്ങളേക്കാൾ സംപ്രീതമായിരി ക്കുക കണിശമായ ജീവിതരീതിയും കഠിനമായ തപസ്സുമത്രേ.

    അന്ന് ഉൽക്കടമായ ദു:ഖങ്ങളെ തരണം ചെയ്യാൻ ഇപ്പോൾ നിസ്സാരകാര്യങ്ങളിൽ സഹനം പരിശീലിക്കണം.

    ഭാവിയിൽ എന്തു സഹിക്കാൻ കഴിയുമെന്ന് ഇവിടെ ത്തന്നെ പരീക്ഷിച്ചു നോക്കിക്കൊള്ളുക. ഇന്നു നിസ്സാര സഹനങ്ങൾ വഹിക്കാൻ കഴിയുന്നില്ലെ
    ങ്കിൽ, നീ എങ്ങനെ നിത്യശിക്ഷ സഹിക്കും? ഇന്നു ലഘുവായ പീഡനം നിന്നെ അക്ഷമനാക്കുന്നെങ്കിൽ, നിത്യാഗ്നി നിന്നെ എന്തുചെയ്യും? ഈ ലോകത്തിൽ സുഖിച്ചാനന്ദിക്കുക, പരത്തിൽ ക്രിസ്തുവിനോടുകൂടെ വാഴുക എന്നീ രണ്ടു സന്തോഷങ്ങളും അനുഭവിക്കുവാൻ നിനക്ക് സാധിക്കുകയില്ല.

    1. ഇന്നുവരെ സദാ ബഹുമാനവും സുഖവും ആസ്വദിച്ചവനാണെങ്കിൽക്കൂടി, ഈ ക്ഷണത്തിൽ മരണം വന്നുചേരു കയാണെങ്കിൽ അവകൊണ്ടെല്ലാം അവനെന്തു പ്രയോജനം? ആകയാൽ ദൈവത്തെ സ്നേഹിക്കുകയും അവിടുത്തെ സേവിക്കുകയും ചെയ്യുന്നതൊഴികെ ശേഷമെല്ലാം മായയാണ്. പൂർണ്ണഹൃദയത്തോടെ ദൈവത്തെ സ്നേഹിക്കുന്നവൻ മരണത്തേയോ ശിക്ഷാവിധികളേയോ നരകത്തയോ ഭയപ്പെടുന്നില്ല. പൂർണ്ണസ്നേഹം ദൈവത്തിങ്കലേയ്ക്കു നിർഭയമായ പ്രവേശനം നൽകുന്നു.

    പാപം ചെയ്യുന്നതിൽ ആനന്ദം കണ്ടെത്തുന്നവർ മരണത്തേയും വിധിയേയും ഭയപ്പെടുന്നതിൽ ആശ്ചര്യമൊന്നുമില്ല. ദൈവസ്നേഹം നിന്നെ തിന്മയിൽ നിന്ന് അകറ്റുകയില്ലെങ്കിൽ, നരകഭയം നിന്നെ അതിൽനിന്ന് അകററുന്നത് ഉത്തമം. ദൈവഭയമില്ലാത്തവൻ നന്മയിൽ ദീർഘകാലം നിലനില്ക്കുകയില്ല; അവർ താമസമില്ലാതെ പിശാചിന്റെ കെണിയിൽ അകപ്പെടുന്നതാണ്.

    വിചിന്തനം.

    ദൈവത്തിന്റെ വിധികളോടും നിത്യശിക്ഷയോടുമുള്ള ഭയം നമ്മുടെ ദുരാശകൾക്ക് ഒരു കടിഞ്ഞാണാണ്. അതു പാപവാസനകളെ അമർത്തുന്നു. പ്രതികാരം, അശുദ്ധത, കോപം, അനീതി, നുണ മുതലായ പാപങ്ങളിലുള്ള സന്തോഷം എത്ര ക്ഷണികമാണ്. എന്നാൽ അവ വരുത്തിക്കൂട്ടുന്ന ശിക്ഷ നിത്യവുമത്രേ. മരണാനന്തരമുള്ള ശിക്ഷയിൽ നിന്നുമുക്തിനേടാൻ ഈ ലോകത്തിൽ നാം തന്നെ നമ്മെ ശിക്ഷിക്കുകയാണു വേണ്ടത്.

    പ്രാർത്ഥിക്കാം.

    ജീവിച്ചിരിക്കുന്നവരുടേയും മരിച്ചവരുടേയും ന്യായാധിപനായ കർത്താവേ, മരണനിമിഷത്തിൽ ഞങ്ങളുടെ നിത്യഭാഗധേയം നിർണ്ണയിക്കുന്നവനേ, അങ്ങു ഞങ്ങളുടെ രക്ഷകനും ന്യായാധിപനുമാണ്. ഞങ്ങളുടെ പാപം അങ്ങയെ കോപിപ്പിച്ചിരിക്കുന്നു; അങ്ങയുടെ തിരുമുറിവുകൾ അങ്ങ യുടെ കാരുണ്യത്തെ പ്രദ്യോതിപ്പിക്കുന്നു. ഈ തിരുമുറിവുകളും പാപപ്പൊറുതിക്കായി അങ്ങു ചിന്തിയ രക്തവും കാണുക. ഞങ്ങളുടെ തെററുകൾ ഞങ്ങളോടു ക്ഷമിക്കുകയും ചെയ്യുക.

    ആമ്മേൻ.

    2. യഥാര്‍ത്ഥ മരിയഭക്തിയിൽ നിന്നുള്ള വായന
    വി.ലൂയിസ് ഡി മോൺഫോര്‍ട്ട്.

    പരിശുദ്ധ മറിയം എല്ലാ ഹൃദയങ്ങളുടെയും രാജ്ഞി.

    തിരഞ്ഞെടുക്കപ്പെട്ടവരുടെ ആത്മാക്കളില്‍ മറിയത്തിനു വലിയ അധികാരമാണ് ലഭിച്ചിരിക്കുന്നത്. അവരില്‍ തന്റെ വാസം ഉറപ്പിക്കുവാന്‍ മറിയത്തിനു ഈ അധികാരം ആവശ്യമാണ്. ഇത് ഇല്ലെങ്കില്‍, മാതൃ സഹജമായ തീക്ഷണതയോടെ തന്റെ അവകാശം സ്ഥാപിക്കുവാനും തന്റെ സ്വന്തമായ അവര്‍ക്ക് രൂപം കൊടുത്തു പോറ്റിപുലര്‍ത്താനും അവരെ നിത്യ ജീവിതത്തിലേക്ക് ആനയിക്കുവാനും അവള്‍ക്കു സാധിക്കാതെ വരും. അത് പോലെ താനെ ക്രിസ്തുവില്‍ അവരെയും അവരില്‍ ക്രിസ്തുവിനെയും രൂപവല്‍ക്കരിക്കാനും അവരുടെ ഹൃദയങ്ങളില്‍ തന്റെ സുകൃതങ്ങളുടെ വേരുറപ്പിക്കാനും അതോടൊപ്പം അവിടത്തെ അവിഭക്ത മണവാട്ടി ആയിരിക്കാനും അവള്‍ക് കഴിയുകയില്ല.

    ദൈവത്തിന്റെ സവിശേഷമായ കൃപാവരം ലഭിചില്ലായിരുന്നുവെങ്കില്‍ മറിയത്തിനു അവരുടെ മേല്‍ ആധിപത്യം ഉണ്ടാകുമായിരുന്നില്ല. തന്റെ ഏക ജാതന്റെ മേല്‍ അവള്‍ക്കു അധികാരം കൊടുത്ത പരമ പിതാവ് ദത്തു പുത്രരായ മനുഷ്യ മക്കളുടെ മേല്‍ അധികാരിയായി അവളെ നിശ്ചയിച്ചു. അങ്ങനെ അവരുടെ ശരീരങ്ങളുടെ മേല്‍ മാത്രമല്ല ആത്മാക്കളുടെ മേലും അധികാരം നല്‍കി.

    യേശുവിന്റെ ജനനത്തിനു മറിയം ആവശ്യമായി വന്നത് പോലെ തന്നെ മനുഷ്യര്‍ക്ക് തങ്ങളുടെ അന്ത്യ പ്രാപ്തിക്കു അവള്‍ എത്ര മാത്രം അവള്‍ ആവശ്യമാണ്. പരിശുദ്ധ മറിയത്തോടുള്ള ഭക്തി മറ്റു വിശുധരോടുള്ള ഭക്തിയെക്കാള്‍ അതീവ ശ്രെഷ്ടമാനെന്ന കരുതാതെ ഈ ഭക്തികളെ തമ്മില്‍ തെറ്റിദ്ധരിക്കരുത്. നിത്യ രക്ഷ പ്രാപിക്കുവാന്‍ മരിയ ഭക്തി ആവശ്യമാണ്. ഭക്തനും വിഞ്ഞനുമായ സ്വാരസ് , എസ്. ജെ, ലൂവേയിന്‍ കോളേജിലെ ധര്‍മ്മിഷ്ടനും പണ്ഡിതനുമായ യുസ്ത്തസ് ലിപ്‌സിയൂസ് തുടങ്ങി പലരും ആത്മ രക്ഷയ്ക്ക് മരിയ ഭക്തി ആവശ്യകമെന്നു തെളിയിച്ചിട്ടുണ്ട്. വി. അഗസ്തീനോസ്, വി.അപ്രേം, ജെറുസലേമിലെ വി.സിറില്‍, വി. ജര്‍മ്മാനൂസ്, വി.ആന്‍സലേം, വി.തോമസ് അക്വിനാസ് തുടങ്ങിയവരുടെ ഉദ്ധരണികള്‍ നിരത്തിയാണ് തങ്ങളുടെ അഭിപ്രായങ്ങള്‍ ഉറപ്പിക്കുക. ഒയക്കൊലാംപാഡിയൂസ് തുടങ്ങിയ പാഷണഡ വാദികള്‍ പോലും സമ്മതിക്കുന്നുണ്ട്,മറിയത്തോട് ആദരവും സ്‌നേഹവും ഇല്ലാതിരിക്കുക തിരസ്‌കൃതരുടെയും അവളോട് പൂര്‍ണ്ണവും യഥാര്‍ത്ഥവുമായ ഭക്തിയുണ്ടായിരിക്കുക തിരഞ്ഞെടുക്കപ്പെട്ടവരുടെയും പ്രമാദ രഹിതമായ അടയാളമാണെന്നു.

    പുതിയ നിയമത്തിലെയും പഴയ നിയമത്തിലെയും പല പ്രതി രൂപങ്ങളും വാക്യങ്ങളും ഇതിനു തെളിവുകളായുണ്ട്.വിശുദ്ധരുടെ അഭിപ്രായങ്ങള്‍ മാതൃകകളും ഇതിനെ സ്ഥിരീകരിക്കുന്നു.യുക്തിയും പാരമ്പര്യവും ഇതിനെ ഉറപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. ഈ സത്യം തെളിയിക്കാന്‍ അനവധി വേദ പാരംഗതരുടേയും സഭാ പിതാക്കന്മാരുടെയും പ്രസ്താവനകള്‍ ലഭിച്ചിട്ടുണ്ട്. ആത്മരക്ഷ പ്രാപിക്കുവാന്‍ മരിയ ഭക്തി ഏതൊരുവനും ആവശ്യമെങ്കില്‍ പ്രത്യേകമാം വിധം പുണ്യപൂര്‍ണ്ണതയിലേക്ക് വിളിക്കപ്പെട്ടവര്‍ക്കു അത് ആവ്ശ്യമത്രേ. മറിയം മാത്രമേ മറ്റൊരു സൃഷ്ടിയുടെയും സഹായം കൂടാതെ ദൈവ സമക്ഷം കാരുണ്യം കണ്ടെത്തിയിട്ടുള്ളൂ.അന്ന് മുതല്‍ അവള്‍ വഴി മാത്രമാണ് മറ്റു സൃഷ്ടികള്‍ ദൈവ തിരു മുന്‍പില്‍ കാരുണ്യം കണ്ടെത്തുന്നതും. ഭാവിയിലും എല്ലാവരും അവള്‍ വഴി തന്നെ വേണം അത് സാധിക്കുവാന്‍. അത്യുന്നതന്‍ അവളെ കൃപവരങ്ങളുടെ ഏക കാവല്‍ക്കാരിയും വിതരണക്കാരിയുമായി നിയോഗിച്ചു. തനിക്കിഷ്ടമുള്ളവരെ അവള്‍ ശക്തരും ധന്യരും ശ്രെഷ്ടരുമാക്കുന്നു. സ്വര്‍ഗ്ഗത്തിലേക്കുള്ള ഇടുങ്ങിയ വഴിയിലൂടെ അവള്‍ തന്നെയാണ് അവരെ നയിക്കുക. പ്രതിബന്ധങ്ങള്‍ നിറഞ്ഞ ജീവിതത്തിന്റെ വാതായനത്തിലൂടെ കടത്തി അവര്‍ക്ക് രാജകീയ സിംഹാസനവും കിരീടവും ചെങ്കോലും അവള്‍ നല്‍കുന്നു. മറിയം എല്ലായിടത്തും ജീവന്റെ ഫലം പുറപ്പെടുവിക്കുന്ന യഥാര്‍ത്ഥ ജീവന്റെ വൃക്ഷവും ജീവന്റെ മാതാവുമാണ്.

    ദിവ്യ സ്‌നേഹം നിക്ഷേപിക്കപ്പെട്ടിരിക്കുന്ന കനക കലവറയുടെ താക്കോല്‍ മറിയത്തെ മാത്രമാണ് ദൈവം ഏല്‍പ്പിച്ചിരിക്കുന്നത്. പുണ്യ പൂര്‍ണതയുടെ മാര്‍ഗ്ഗത്തില്‍ പ്രവേശിക്കാനും അതിലേക്ക് ആനയിക്കുവാനുമുള്ള അധികാരം മറിയത്തിനു മാത്രമാണ് നല്‍കപ്പെട്ടിരിക്കുന്നത്. മറിയമാണ് ആ പറുദീസാ. വിശുദ്ധിയിലേക്ക് അവള്‍ അഭിലഷിക്കുന്നവര്‍ക്ക് അല്ലാതെ മറ്റാര്‍ക്കും അവിടെ പ്രവേശനം അനുവദിക്കുന്നില്ല. അവള്‍ സകല ഹൃദയങ്ങളുടെയും റാണി ആകുന്നതു അവിടെയാണ്.

    .3. വിമലഹൃദയപ്രതിഷ്ഠാ ഒരുക്ക ധ്യാനവും വിചിന്തനവും.

    ധ്യാനവിഷയവും പ്രാർത്ഥനയും

    ലഘുപാപങ്ങളും വർജിക്കണം

    ആമുഖം

    പുണ്യ പരിപൂർണതയുടെ വഴിയിൽ ലഘു പാപങ്ങൾ ചില്ലറ ദ്രോഹമല്ല ചെയ്യുന്നത്. അതിനാൽ അവ കണ്ടില്ലെന്നു നടിക്കുന്നത് അപകടകരമാണ്.

    ലഘുപാപം എന്ത് ?

    “ഗൗരവം കുറഞ്ഞ ഒരു വിഷയത്തിൽ ധാർമികനിയമങ്ങൾ അനുശാസിക്കുന്ന മാനദണ്ഡം പുലർത്താതിരിക്കുകയോ അല്ലെങ്കിൽ, പൂർണമായ അറിവോ പൂർണമായ സമ്മതമോ ഇല്ലാതെ ഗൗരവമുള്ള ഒരു വിഷയത്തിൽ ധാർമികനിയമം അനുസരിക്കാതിരിക്കുകയോ ചെയ്യുമ്പോൾ ഒരാൾ ലഘുപാപം ചെയ്യുന്നു ” (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 1862).

    ലഘുപാപം പരിപൂർണതയ്ക്ക് വൻതടസ്സം

    ലഘുപാപം സ്നേഹം ദുർബലപ്പെടുത്തുന്നു. അത് സൃഷ്ട വസ്തുക്കളോടുളള ക്രമരഹിതമായ ആസക്തി പ്രകടിപ്പിക്കുന്നു. സുകൃതങ്ങളുടെ അഭ്യസനത്തിലും ധാർമികനന്മയുടെ പരിശീലനത്തിനും ആത്മാവിനുള്ള പുരോഗതി അത് തടയുന്നു. അതു താൽകാലിക ശിക്ഷയ്ക്ക് ഒരുവനെ അർഹനാക്കുന്നു. മനപൂർവമായതും അനുതാപരഹിതവുമായ ലഘുപാപം, മാരകപാപം ചെയ്യാൻ അല്പാല്പമായി നമ്മെ പ്രേരിപ്പിക്കുന്നു” (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 1863).

    ലഘുപാപത്തിന്റെ ദോഷഫലം
    1. സ്നഹം ദുർബലപ്പെടുത്തുന്നു:

    ദൈവത്തോടുള്ള നമ്മുടെ സ്നേഹത്തിന് ലഘുപാപം മങ്ങലേല്പിക്കുന്നു. ഇത് ക്രമേണ ദൈവവുമായുള്ള ബന്ധം വിച്ഛേദിക്കാൻ പോലും കാരണമാകും.
    ദൈവത്തോടുള്ള സ്നേഹത്തിലെ കുറവ് ഭക്ത്യാഭ്യാസങ്ങളുടെയും സത്പ്രവൃത്തികളുടെയും യോഗ്യത കുറച്ചുകളയും. കൂടാതെ, പരസ്നേഹം ഉപരിപ്ലവവും സ്വാർഥം നിറഞ്ഞതുമാകും. സഹോദര സ്നേഹം ദൈവത്തോടുള്ള സ്നേഹത്തെപ്രതിയാകുമ്പോഴാണ് അത് പരിശുദ്ധമാകുന്നത്.

    1. സൃഷ്ടവസ്തുക്കളോട് ക്രമരഹിത ആസക്തി ഉളവാക്കുന്നു:

    സൃഷ്ടവസ്തുക്കളോടുള്ള ആസക്തി പാപത്തിലേക്കു നയിക്കുന്ന ത്രിവിധ രാജകീയ വീഥികളിലൊന്നായാണ് വിശുദ്ധ ബൈബിളും സഭാ പാരമ്പര്യവും പഠിപ്പിക്കുന്നത് : “ആരെങ്കിലും ലോകത്തെ സ്നേഹിച്ചാൽ പിതാവിന്റെ സ്നേഹം അവനിൽ ഉണ്ടായിരിക്കുകയില്ല. എന്തെന്നാൽ, ജഡത്തിന്റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്റെ അഹന്ത ഇങ്ങനെ ലോകത്തിലുള്ളതൊന്നും പിതാവിന്റെതല്ല; പ്രത്യുത, ലോകത്തിന്റേതാണ് ” ( 1 യോഹ 2 : 15 – 17). കണ്ണുകളുടെ ദുരാശ എന്നത് അർഥമാക്കുന്നത് സൃഷ്ടവസ്തുക്കളോടുള്ള ദുരാശയാണെന്നാണ് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം വ്യക്തമാക്കുന്നത് (മതബോധനഗ്രന്ഥം 377).

    സൃഷ്ടവസ്തുക്കളോടുള്ള ക്രമരഹിതമായ താത്പര്യം സ്രഷ്ടാവിൽനിന്നകറ്റും. അത് എല്ലാ ഹൃദയങ്ങളുടെയും ആനന്ദവും അഭിലാഷ പൂർത്തിയുമായ ദൈവത്തിൽനിന്ന് ഹൃദയത്തെ വശീകരിച്ചകറ്റി സൃഷ്ടിയിൽ ആനന്ദം കണ്ടെത്താൻ വ്യർഥമായി പ്രലോഭിപ്പിക്കും.

    1. ആത്മാവിന്റെ പുരോഗതി തടയും:

    പരിപൂർണതയുടെ മാർഗത്തിൽ ലഘുപാപം വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്. ക്രിസ്തീയ പരിപൂർണത പ്രാപിക്കാനായി നമ്മുടെ ആത്മാവിൽ നിക്ഷിപ്തമായിരിക്കുന്ന സ്ഥിരവരപ്രസാദവും പ്രവർത്തകവരപ്രസാദവും നിവേശിത പുണ്യങ്ങളും പരിശുദ്ധാത്മാവിന്റെ ദാനങ്ങളും നമ്മിൽ നിർവഹിക്കുന്ന അദ്ഭുതകരമായ പ്രവർത്തനങ്ങൾ ലഘുപാപം മരവിപ്പിക്കുകയും മുരടിപ്പിക്കുകയും ഫലശൂന്യമാക്കുകയും ചെയ്യുന്നു. നിസ്സാരമെന്ന് നാം കരുതുന്ന ലഘുപാപങ്ങൾ വിശുദ്ധനോ വിശുദ്ധയാ ആകാനുള്ള നമ്മുടെ ഭാവിയെയാണ് നശിപ്പിക്കുന്നത്.

    1. താത്കാലിക ശിക്ഷയ്ക്ക് അർഹനാക്കും:

    താത്കാലിക ശിക്ഷയെന്നത് പ്രത്യക്ഷത്തിൽ തോന്നുന്നപോലെ അത്ര നിസ്സാരമായ ഒന്നല്ല. നമ്മുടെ ആത്യന്തിക ലക്ഷ്യമായ സൗഭാഗ്യദർശനത്തിന് – ദൈവത്തെ മുഖാമുഖം കാണുന്ന സ്വർഗഭാഗ്യത്തിന് – താത്കാലികമായാണെങ്കിലും അത് തടസ്സമുണ്ടാക്കും.

    കത്തോലിക്കാ വിശ്വാസപാരമ്പര്യം പഠിപ്പിക്കുന്നത് ലഘുപാപത്തോടെ മരിക്കുന്നവർ സ്വർഗപ്രവേശനത്തിനു യോഗ്യരാകണ്ടതിന് അന്തിമശുദ്ധീകരണത്തിന് വിധേയരാകേണ്ടതുണ്ട് എന്നാണ്. ഇതാണ് ലഘുപാപം ഉളവാക്കുന്ന താത്കാലിക ശിക്ഷ (മതബോധനഗ്രന്ഥം 1030).

    ശുദ്ധീകരണാഗ്നിയിലെ അവസ്ഥ അത്യന്തം ദുഃഖകരമാണെന്നാണ് വിശുദ്ധർ പറഞ്ഞുതരുന്നത്. പ്രധാനകാരണം, അവിടെയുള്ളവർ ദൈവത്തിന്റെ കൃപാവരത്തിലും സൗഹൃദത്തിലും മരിച്ചവരായതിനാൽ ദൈവത്തെ പ്രാപിക്കാനുള്ള അവരുടെ അഭിവാഞ്ഛ അടക്കാനാവാത്തതാണ്. പക്ഷേ, കാലികശിക്ഷയ്ർക്കർഹരായതിനാൽ അവർക്കത് സാധ്യമാകുന്നില്ല. ഇത് ആത്മാവിനു വരുത്തുന്ന ദുഃഖം ഭയാനകമാണ്.

    1. മാരക പാപത്തിലേക്ക് നയിക്കും:

    ലഘുപാപം മാരകപാപം ചെയ്യാൻ അല്പാല്പമായി നമ്മെ പ്രേരിപ്പിക്കും എന്നതാണ് ഏറ്റവും അപകടകരമായ കാര്യം. അതായത് ലഘുപാപം കാലാന്തരത്തിൽ നമ്മെ നിത്യനരകത്തിൽ കൊണ്ടെത്തിക്കും എന്നതാണ് യാഥാർഥ്യം. മനഃപൂർവവും അനുതാപരഹിതവുമായ ലഘുപാപത്തിന്റെ അനിവാര്യഫലമാണ് കാലാന്തരത്തിൽ സംഭവിക്കുന്ന മാരകപാപം. പൊതുവേ ലഘുപാപം നിസ്സാരമായി കരുതപ്പെടുന്നതിനാൽ അത് ഒഴിവാക്കാൻ കഠിനപ്രയത്നം ചെയ്യുക സ്വാഭാവികമല്ല. അക്കാരണത്താൽത്തന്ന ലഘുപാപത്തിൽ വീഴുന്നവർക്ക് ഉത്തമമായ അനുതാപം ഉണ്ടാവുക എന്നതും പ്രയാസമാണ്. ഇവമൂലം നാമറിയാതെതന്നെ ലഘുപാപത്തിൽനിന്ന് മാരകപാപത്തിലേക്ക് വീണക്കാം. “ലഘുപാപങ്ങളുടെ ആവർത്തനം മൗലികപാപങ്ങൾ എന്നറിയപ്പെടുന്ന ദുർഗുണങ്ങൾ ജനിപ്പിക്കുന്നു” (മതബോധനഗ്രന്ഥം 1876).

    നിസ്സാര തെറ്റുകളും ലഘുപാപമാകാം

    ഒരിക്കലും പാപത്തിന്റെ ഗണത്തിൽപ്പോലും പെടുകയില്ല എന്നു തോന്നുന്ന കാര്യങ്ങൾ പാലും ലഘുപാപങ്ങളാണ് എന്ന യാഥാർഥ്യം, ഒരുപക്ഷേ, നമ്മെ അമ്പരപ്പിക്കും. തിരുസഭാപ്രബോധനം പറയുന്നത് ഇപ്രകാരമാണ്: “മനുഷ്യനെ അവന്റെ പരമലക്ഷ്യത്തിലേക്കു നയിക്കുന്ന സ്നേഹത്തിന് പ്രകൃത്യാ വിരുദ്ധമായ ഏതെങ്കിലും ഒരു വസ്തുവിൽ മനസ്സ് ഉറയ്ക്കുമ്പോൾ, പാപം അതിന്റെ വിഷയം കൊണ്ടുതന്നെ മാരകമാണ്. ഉദാഹരണത്തിന് ദൈവനിന്ദ, ആണയിടൽ, കൊലപാതകം, വ്യഭിചാരം മുതലായവ. എന്നാൽ, ഒരു പരിധിവരെ ക്രമരാഹിത്യം ഉൾക്കൊള്ളുന്നതെങ്കിലും ദൈവസ്നേഹത്തിനോ അയൽക്കാരനോടുള്ള സ്നേഹത്തിനോ വിരുദ്ധമല്ലാത്ത ഒരു വസ്തുവിലാണ് പാപിയുടെ മനസ്സ് ഉറയ്ക്കുന്നതെങ്കിൽ, അത്തരം പാപങ്ങൾ ലഘുവാണ് – ഉദാഹരണമായി, ചിന്താശൂന്യമായ സംഭാഷണം, അർഥശൂന്യമായ ചിരി മുതലായവ. (മതബോധനഗ്രന്ഥം 1856, St. Thomas Aquinas, STh I – II, 88 , 2).

    വിശുദ്ധ അഗസ്റ്റിന്റെ വാക്കുകൾ ലഘുപാപങ്ങൾ എന്തു വിലകൊടുത്തും ഉപേക്ഷിക്കാൻ നമുക്കു പ്രേരണ നല്കുന്നതാണ്: “മനുഷ്യൻ ശരീരത്തോടുകൂടെയായിരിക്കേ, അവനു കുറച്ചു ലഘുപാപങ്ങളെങ്കിലും ഇല്ലാതിരിക്കുകയില്ല. പക്ഷേ, ‘ ലഘു ‘ എന്നു നാം വിശേഷിപ്പിക്കുന്ന ഈ പാപങ്ങൾ അവഗണിക്കരുത്. നിങ്ങൾ അവ തൂക്കിനോക്കുമ്പോൾ കനം കുറഞ്ഞവയായിത്തോന്നുന്നു. എങ്കിലും എണ്ണിനോക്കുമ്പോൾ നിങ്ങൾ വിറയ്ക്കുന്നു. ലഘുവായ അനേകം വസ്തുക്കൾ ചേരുമ്പോൾ വലിയ ഒരു വസ്തുവായിത്തീരുന്നു : അനേകം വെള്ളത്തുള്ളികൾ ഒരു നദി നിറയ്ക്കുന്നു. അനേകം ധാന്യമണികൾ ഒത്തു ചേർന്ന് ഒരു കൂനയുണ്ടാക്കുന്നു ” (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 1863).

    കന്യകമറിയത്തിന്റെ സഹായം നിർണായകം

    ജന്മപാപമില്ലാത്തവളും ഒരു കർമപാപം പോലും ഒരിക്കലും ചെയ്യാത്തവളുമായ പരിശുദ്ധ കന്യകമറിയം ലഘുപാപത്തിനെതിരായ നമ്മുടെ യുദ്ധത്തിൽ നമ്മെ സഹായിക്കാൻ അതിശക്തയാണ്. മിശിഹാ നമ്മിൽ രൂപപ്പെടുന്നതിൽ മറിയത്തെപ്പോലെ തീക്ഷ്ണതയുള്ള മറ്റാരുമില്ലല്ലോ. വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിന്റെ വാക്കുകൾ ഇപ്രകാരമാണ്: “വാത്സല്യം നിറഞ്ഞതുമാത്രമല്ല, ഫലദായകത്വമുള്ളതുമാണ് അവളുടെ സ്നേഹം. യാക്കോബിനോട് റബേക്കായ്ക്കുണ്ടായിരുന്ന സ്നേഹത്തെക്കാൾ മറിയത്തിന് നമ്മുടെ നേരേയുള്ള സ്നേഹം കർമോദ്യുക്തവും ഫലസമൃദ്ധവുമാണ്. റബേക്കാ മറിയത്തിന്റെ ഒരു പ്രതിരൂപം മാത്രമേ ആയിരുന്നു. തന്റെ ഓമനമക്കൾക്ക് സ്വർഗീയ പിതാവിന്റെ അനുഗ്രഹങ്ങൾ സമ്പാദിച്ചുകൊടുക്കാൻ പരിശുദ്ധ മാതാവ് എത്ര ഉത്സുകയാണെന്ന് നമുക്കു കാണാം”.

    ബൈബിൾ വായന

    “ഈ പ്രമാണങ്ങളിൽ ഏറ്റവും നിസ്സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാൻ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവൻ സ്വർഗരാജ്യ ത്തിൽ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാൽ, അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവൻ സ്വർഗരാജ്യത്തിൽ വലിയവനെന്നു വിളിക്കപ്പെടും. നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗരരാജ്യത്തിൽ പ്രവേശിക്കുകയില്ലെന്നു ഞാൻ നിങ്ങളോടു പറയുന്നു ” ( മത്താ 5 : 19 – 20 ). “ചെറിയ കാര്യത്തിൽ വിശ്വസ്തൻ വലിയ കാര്യത്തിലും വിശ്വസ്തനായിരിക്കും. ചെറിയ കാര്യത്തിൽ അവിശ്വസ്തൻ വലിയ കാര്യത്തിലും അവിശ്വസ്തനായിരിക്കും” ( വി. മത്താ 5 : 19 – 20 ; വി. ലൂക്കാ 16 : 10 ). “അവൻ പറഞ്ഞു: കൊള്ളാം, നല്ലവനായ ഭ്യത്യാ, ചെറിയ കാര്യത്തിൽ വിശ്വസ്തനായിരുന്നതുകൊണ്ട് പത്തു നഗരങ്ങളുടെമേൽ നീ അധികാരിയായിരിക്കും.” (വി. ലൂക്കാ 19 : 17 ). “ഞാൻ നിങ്ങളോടു പറയുന്നു : മനുഷ്യൻ പറയുന്ന ഓരോ വ്യർഥവാക്കിനും വിധിദിവസത്തിൽ കണക്കു കൊടുക്കേണ്ടിവരും. നിന്റെ വാക്കുകളാൽ നീ നീതിമത്കരിക്കപ്പെടും; നിന്റെ വാക്കുകളാൽ നീ കുറ്റം വിധിക്കപ്പെടുകയും ചെയ്യും ” (വി. മത്താ 12 : 36 – 37).

    https://www.youtube.com/watch?v=OjBZADq7gLQ&list=PL3uhR8KUVQTxrd02-lFANST3UYzhj5ARI&index=6

    *******************************************************************************************************************

    ശാലോം ടി വി യിൽ ബഹുമാനപ്പെട്ട വട്ടായിലച്ചൻ നയിച്ച വിമലഹൃദയ പ്രതിഷ്ഠ അച്ഛന്റെ പ്രേത്യേക അനുവാദത്തോടെ ഇവിടെ നൽകുന്നു. സാധിക്കുന്ന എല്ലാവരും സമയം കണ്ടെത്തി ഈ അനുഗ്രഹപ്രദമായ ശുശ്രൂഷയിൽ പങ്കുകൊള്ളുക .

    DAY 1 പ്രതിഷ്ഠാ ഒരുക്കം

    DAY 2 പ്രതിഷ്ഠാ ഒരുക്കം

    DAY 3 പ്രതിഷ്ഠാ ഒരുക്കം

    DAY 4 പ്രതിഷ്ഠാ ഒരുക്കം

    DAY 5 പ്രതിഷ്ഠാ ഒരുക്കം

    ✝️ MARIAN MINISTRY, MARIAN EUCHARISTIC MINISTRY & ROSARY CONFRATERNITY INDIA ✝️

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!