Sunday, December 15, 2024
spot_img
More

    എട്ടാം ദിവസം 27-02-2022-വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിന്റെ ക്രമമനുസരിച്ചുള്ള ദൈവമാതാവിന്റെ വിമല ഹൃദയ പ്രതിഷ്ടാ ഒരുക്കം

    ==========================================================================

    33 ദിവസത്തെ സമ്പൂർണ വിമലഹൃദയ പ്രതിഷ്ഠക്കുള്ള നിർദ്ദേശങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക

    ആദ്യ പന്ത്രണ്ട് ദിവസങ്ങളിലെ വിമലഹൃദയ പ്രതിഷ്ഠ ഒരുക്ക പ്രാർത്ഥനകൾ വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക

    ==========================================================================

    എട്ടാം ദിവസം

    1. ക്രിസ്താനുകരണ വായന

    സത്യം നമ്മുടെ ഹൃദയത്തിൽ നിശബ്ദമായി സംസാരിക്കുന്നു

    1️⃣ കർത്താവേ സംസാരിക്കുക; ‘ഇതാ അങ്ങയുടെ ദാസൻ കേൾക്കുന്നു’ (1 സാമുവൽ 3: 9). ‘ഞാൻ അങ്ങയുടെ ദാസനാണ്; അങ്ങയുടെ സാക്ഷ്യങ്ങൾ ഗ്രഹിക്കാൻ എനിക്കു ബുദ്ധിശക്തി നൽകണമേ’ (സങ്കീ. 119: 125).

    അങ്ങയുടെ അധരങ്ങളിൽനിന്നു പുറപ്പെടുന്ന കല്പനകളിലേയ്ക്ക് എന്റെ ഹൃദയത്തെ ചായിക്കണമേ. മഞ്ഞുപോലെ അങ്ങേ വചനങ്ങൾ വർഷിക്കപ്പെടട്ടെ.

    ഇസ്രായേൽ ജനങ്ങൾ മൂശയോടു പറഞ്ഞു. ‘നീ ഞങ്ങളോടു സംസാരിക്കുക. ഞങ്ങൾ കേട്ടുകൊള്ളാം. ഞങ്ങൾ മരിക്കാതിരിക്കാൻ വേണ്ടി കർത്താവു ഞങ്ങളോടു സംസാരിക്കാതിരിക്കട്ടെ.’

    അപ്രകാരമല്ല കർത്താവേ, ഞാൻ അപ്രകാരം പ്രാർത്ഥിക്കുന്നില്ല; പ്രത്യുത സാമുവൽ ദീർഘദർശി പ്രാർത്ഥിച്ചതുപോലെ വിനയപൂർവ്വം ഔത്സുക്യത്തോടെ അപേക്ഷിക്കുന്നു; ‘കർത്താവേ, അങ്ങു സംസാരിക്കുക; അങ്ങയുടെ ദാസൻ ശ്രവിക്കുന്നുണ്ട്.’

    മൂശയോ മറ്റേതെങ്കിലും പ്രവാചകനോ എന്നോടു സംസാരിക്കേണ്ടതില്ല. പ്രത്യുത, ദൈവമായ കർത്താവേ, എല്ലാ പ്രവാചകരുടേയും ബുദ്ധിക്കു പ്രകാശം നൽകുന്നവനും മനസ്സിനു പ്രേരണയരുളുന്നവനുമായ അങ്ങുതന്നെ സംസാരിക്കുക. അങ്ങേയ്ക്കു മാത്രമേ എന്നെ പൂർണ്ണമായി പഠിപ്പിക്കാൻ കഴിയൂ; എന്നാൽ, അങ്ങയെക്കൂടാതെ അവർക്ക് ഒന്നും ചെയ്യാൻ സാധിക്കയില്ല.

    2️⃣ അവർക്കു വാക്കുകൾ ഉച്ചരിക്കാൻ കഴിയും; എന്നാൽ, പരിശുദ്ധാത്മാവിനെ തരാൻ സാധിക്കയില്ല.

    അവർ സുന്ദരമായി സംസാരിക്കും; എന്നാൽ അങ്ങ് മൗനമവലംബിക്കുകയാണെങ്കിൽ, അവർക്കു ഹൃദയത്തെ എരിയിക്കുവാൻ കഴിയുകയില്ല.

    അവർ അക്ഷരങ്ങൾ നിരത്തിവയ്ക്കും; എന്നാൽ, അങ്ങാണ് അവയെ സാർത്ഥകമാക്കുക.

    അവർ രഹസ്യങ്ങൾ പ്രഖ്യാപിക്കുന്നു; എന്നാൽ, അങ്ങാണ് അവയുടെ ശരിയായ പൊരുൾ വെളിവാക്കുന്നത്.

    അവർ കല്പനകൾ പ്രസിദ്ധപ്പെടുത്തുന്നു; എന്നാൽ, അവ അനുസരിക്കാൻ അങ്ങു സഹായിക്കുന്നു.

    അവർ വഴി കാണിക്കുന്നു; എന്നാൽ, അതിൽക്കൂടെ നടക്കാൻ അങ്ങു ശക്തി നൽകുന്നു.

    അവർ ബാഹ്യമായി പ്രവർത്തിക്കുന്നു; എന്നാൽ, അങ്ങു ഹൃദയങ്ങളെ പഠിപ്പിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യുന്നു.

    അവർ പ്രസംഗിക്കുന്നു; എന്നാൽ, കേൾവിക്കാർക്ക് അങ്ങാണ് ഗ്രഹണശക്തി നൽകുന്നത്.

    3️⃣ ആകയാൽ മൂശ എന്നോടു സംസാരിക്കേണ്ട. എൻ്റെ ദൈവമായ കർത്താവേ, നിത്യസത്യമേ, അങ്ങു സംസാരിക്കുക. ഞാൻ ഫലമണിയാതെ മരിച്ചെങ്കിലോ? ഉള്ളു ചൂടുപിടിക്കാതെ ബാഹ്യമായ ഉപദേശം ലഭിച്ചാൽ പോരാ. വിശിഷ്യ, വചനംകേട്ടിട്ട് അതു ചെയ്യാതെയും അറിഞ്ഞിട്ട് അതിനെ സ്നേഹിക്കാതെയും വിശ്വസിച്ചിട്ട് അത് അനുസരിക്കാതെയും ഇരുന്നതുനിമിത്തം ഞാൻ ശിക്ഷാവിധിക്കു വിധേയനാകാതിരിക്കട്ടെ.

    ആകയാൽ കർത്താവേ സംസാരിക്കുക; അങ്ങയുടെ ദാസൻ ശ്രവിക്കുന്നുണ്ട്. നിത്യജീവന്റെ വചനം അങ്ങേ പക്കലുണ്ടല്ലോ.

    എന്റെ കർത്താവേ, എന്തെങ്കിലുമൊരാശ്വാസം എനിക്കുണ്ടാകുന്നതിനും എന്റെ ജീവിതം നവീകൃതമാകുന്നതിനും അങ്ങേയ്ക്കു സ്തുതിയും മഹത്വവും നിത്യബഹുമാനവും ഉണ്ടാകുന്നതിനുമായി അങ്ങ് എന്നോടു സംസാരിക്കുക.

    വിചിന്തനം

    ദൈവം തന്റെ കൃപാവരം ചിന്തി നമ്മുടെ ഹൃദയത്തോടു സംസാരിച്ചാലല്ലാതെ, ഏതു പ്രവാചകനോ വാഗ്മിയോ നമ്മോടു പ്രഭാഷണം നടത്തിയാലും നമുക്കൊന്നും മനസ്സിലാകയില്ല. കർത്താവിന്റെ പ്രബോധനങ്ങൾ ഗ്രഹിച്ചിട്ടും അവ അനുവർത്തിക്കാത്തതിൽ ദൈവസന്നിധിയിൽ കുറ്റക്കാരാകാതിരിക്കാൻ ഞങ്ങളുടെ ഹൃദയത്തിന്റെ ആഗാധങ്ങളിൽ, കർത്താവേ, അങ്ങു സംസാരിക്കുക.

    പ്രാർത്ഥിക്കാം

    കർത്താവേ, അങ്ങു സംസാരിക്കുക, ഞാൻ അങ്ങയെ ശ്രവിച്ച് അനുസരിക്കത്തക്കവിധം അങ്ങ് എന്റെ ആത്മാവിനോടു സംസാരിക്കുക.
    ആമ്മേൻ

    അനുസ്മരണാവിഷയം:
    കർത്താവേ, സംസാരിക്കുക; അങ്ങയുടെ ദാസൻ ശ്രവിക്കുന്നു. നിത്യജീവൻ്റെ സന്ദേശം അങ്ങേ പക്കലുണ്ടല്ലോ.

    അഭ്യാസം:
    തർക്കങ്ങൾ വർജ്ജിക്കുക. ദൈവത്തിന്റെ സത്യവചനം വിശദമായി കേൾക്കാൻ മനുഷ്യരുടെ വാദകോലാഹലങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുക.

    2. യഥാര്‍ത്ഥ മരിയഭക്തിയിൽ നിന്നുള്ള വായന
    വി.ലൂയിസ് ഡി മോൺഫോര്‍ട്ട്.

    അന്ത്യകാലത്തിലെ വലിയ വിശുദ്ധര്‍ക്ക് ഏറ്റവും അത്യാവശ്യമാണ് മരിയഭക്തി.

    ഇത് സംഭവിക്കുന്നത് ലോകാവസാനം അടുക്കുമ്പോഴായിരിക്കും. ഇതിന് വളരെ നാള്‍ കാത്തിരിക്കേണ്ടി വരികയില്ല. ലബനോനിലെ ദേവദാരു വൃക്ഷങ്ങള്‍ ചെറുചെടികളുടെ മുകളില്‍ തല ഉയര്‍ത്തി നില്‍ക്കുന്നതു പോലെ വിശുദ്ധയില്‍ ഇതര പുണ്യാത്മാക്കളെ വെല്ലുന്ന വിശുദ്ധരെ സര്‍വശക്തന്‍ പരി. മാതാവിനോട് കൂടെ തനിക്കായി അക്കാലത്ത് ഉളവാക്കും. ഒരു വിശുദ്ധാത്മാവിന് വെളിപ്പെടുത്തപ്പെട്ട സത്യമാണിത്. അദ്ദേഹത്തിന്റെ ജീവചരിത്രം എംഡി റെന്‍ഡി എഴുതിയിട്ടുണ്ട്.

    പരി. കന്യകയോടുള്ള ഭക്തിയില്‍ അദ്വിതീയര്‍

    അത്യുഗ്രമായി പോരാടുന്ന പൈശാചിക ശക്തികളെ നേരിടുവാന്‍ കൃപാവരവും തീക്ഷണതയും നിറഞ്ഞ ഈ വിശുദ്ധാത്മാക്കളെ ആയിരിക്കും ദൈവം തെരഞ്ഞെടുക്കുന്നത്. പരി. കന്യകയോടുള്ള ഭക്തിയില്‍ അവര്‍ അദ്വിതീയരായിരിക്കും. അവളുടെ പ്രകാശത്താല്‍ അവര്‍ പ്രശോഭിതരാകും. അവളുടെ പരിപോഷണത്താല്‍ അവര്‍ ശക്തരാകും അവളുടെ ചൈതന്യത്താല്‍ അവര്‍ നയിക്കപ്പെടും. അവളുടെ ബലിഷ്ഠ കരങ്ങള്‍ അവരെ താങ്ങും. അവളുടെ സംരക്ഷണത്തില്‍ അവര്‍ സുരക്ഷിതരായിരിക്കും. ആകയാല്‍, ഒരു കരം കൊണ്ട് യുദ്ധം ചെയ്യുമ്പോള്‍ മറുകരം കൊണ്ട് അവര്‍ പണിതുയര്‍ത്തും (എസ്ര 4.7).

    യഥാര്‍ത്ഥ സോളമന്റെ ദേവാലയം

    പാഷണ്ഡതയെയും പാഷണ്ഡികളെയും ശീശ്മയെയും ശീശ്മക്കാരെയും വിഗ്രഹങ്ങളെയും വിഗ്രഹാരാധകരെയും പാപികളെയും അവരുടെ വഷളത്വത്തെയും ഒറ്റക്കൈ കൊണ്ട് അവര്‍ കീഴ്‌പ്പെടുത്തും. ലോകത്തില്‍ നിന്ന് സകല മ്ലേച്ഛതകളെയും അവര്‍ തുടച്ചു നീക്കും. മറുകരം കൊണ്ട് അവര്‍ ‘യഥാര്‍ത്ഥ സോളമന്റെ ദേവാലയത്തെയും’ ‘ദൈവത്തിന്റെ മൗതിക നഗരത്തെയും’ പണിയും. സഭാ പിതാക്കന്മാര്‍ പറയുന്നു, പരിശുദ്ധ കന്യകയാണ് സോളമന്റെ ദേവാലയവും ദൈവത്തിന്റെ നഗരവും എന്ന്. പ്രവൃത്തിയും പ്രസംഗവും വഴി സകല മനുഷ്യരെയും അവര്‍ യഥാര്‍ത്ഥ മരിയഭക്തരാക്കും. അതുവഴി അവര്‍ക്ക് അനേകം ശത്രുക്കളുണ്ടാകും. പക്ഷേ, അവര്‍ ശത്രുക്കളുടെ മേല്‍ വിജയം വരിക്കുകയും ദൈവത്തിന് കൂടുതല്‍ മഹത്വം കൈവരുത്തുകയും ചെയ്യും. ഇതു വി. വിന്‍സെന്റ് ഫെററിന് ദൈവം വെളിപ്പെടുത്തിയ ഒരു സത്യമാണ്. ആ നൂറ്റാണ്ടിലെ പ്രേഷിത പ്രമുഖനായിരുന്ന അദ്ദേഹം തന്റെ ഒരു ഗ്രന്ഥത്തില്‍ ഇത് സമ്യക്കായി വിവരിച്ചിട്ടുണ്ട്.

    അമ്പത്തിയെട്ടാം സങ്കീര്‍ത്തനം വഴി പരിശുദ്ധാത്മാവ് ഇതു തന്നെയാണ് നമുക്ക് വെളിപ്പെടുത്തി തരുന്നതെന്ന് ന്യായമായി അനുമാനിക്കാം. ‘ദൈവം യാക്കോബിന്റെ മേലും ഭൂമിയുടെ അതിര്‍ത്തികളിന്മേലും അധികാരമുള്ളവനാണ് എന്നവര്‍ അറിയട്ടെ. സന്ധ്യാസമയത്ത് അവര്‍ തിരിച്ചു വന്ന് നായ്ക്കളെ പോലെ ഓരിയിട്ടു കൊണ്ട് പട്ടണത്തിന് ചുറ്റും ഇര തേടി നടക്കും (സങ്കീര്‍ 58. 14, 15). ലോകാവസാനത്തില്‍ സ്വയം വിശുദ്ധീകരണം സാധിക്കുവാനും നീതിക്കായുള്ള ദാഹം ശമിപ്പിക്കുവാനും മനുഷ്യര്‍ ചുറ്റും സഞ്ചരിക്കുന്ന ഈ പട്ടണം പരിശുദ്ധാത്മാവിനാല്‍ ‘ദൈവത്തിന്റെ നഗരം’ (സങ്കീര്‍ 87. 3) എന്നു വിളിക്കപ്പെടുന്ന പരി. കന്യകയാണ്.

    .3. വിമലഹൃദയപ്രതിഷ്ഠാ ഒരുക്ക ധ്യാനവും വിചിന്തനവും.

    ധ്യാനവിഷയവും, പ്രാർത്ഥനയും

    സഹോദരരുമായുള്ള അനുരഞ്ജനത്തിൽ വളരണം

    “നീ ബലിപീഠത്തിൽ കാഴ്ചയർപ്പിക്കുമ്പോൾ, നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെവച്ച് ഓർത്താൽ, കാഴ്ചവസ്തു അവിടെ ബലിപീഠത്തിനു മുമ്പിൽ വച്ചിട്ട് പോയി സഹോദരനോട് രമ്യതപ്പെടുക; പിന്നെ വന്ന് കാഴ്ചയർപ്പിക്കുക” (വി. മത്താ 5 : 23-24).

    ആമുഖം

    ക്രിസ്തീയ പരിപൂർണതയ്ക്ക് അഥവാ ആധ്യാത്മിക പുരോഗതിക്ക് ഒരു പ്രധാന തടസ്സം സഹോദരസ്നേഹത്തിൽ പൂർണത പ്രാപിക്കാത്തതാണ്. “ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്ന് ആരെങ്കിലും പറയുകയും സ്വന്തം സഹോദരനെ ദ്വേഷിക്കുകയും ചെയ്താൽ, അവൻ കള്ളം പറയുന്നു. കാരണം, കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാൻ സാധിക്കുകയില്ല” ( 1 യോഹ 4:20). സഹാദരസ്നേഹവും ദൈവസ്നേഹവും വേർതിരിക്കാൻ പറ്റാത്തവണ്ണം ഒരേയൊരു യാഥാർഥ്യമാണ്. പരസ്നേഹക്കുറവ് ദൈവത്തോടുള്ള സ്നേഹക്കുറവിന്റെ പ്രത്യക്ഷലക്ഷണമാണ്. ദൈവത്തെ യഥാർഥമായി സ്നേഹിക്കുന്നവനിൽ പരസ്നേഹം പൂർണത പ്രാപിച്ചിരിക്കും. ഒരുവന്റെ ജീവിതാന്ത്യത്തിൽ അവൻ വിലയിരുത്തപ്പെടുന്നത് അവന്റെ സ്നേഹത്തിന്റെ അടിസ്ഥാനത്തിലായിരിക്കും എന്നാണ് കുരിശിന്റെ വിശുദ്ധ യോഹന്നാൻ പഠിപ്പിക്കുന്നത്.

    “സഹാദരരെ സ്നേഹിക്കുന്നതു കൊണ്ട് നമ്മൾ മരണത്തിൽനിന്ന് ജീവനിലേക്കു കടന്നിരിക്കുന്നു എന്ന് നാമറിയുന്നു; സ്നേഹിക്കാത്തവനാകട്ടെ, മരണത്തിൽത്തന്നെ ആയിരിക്കുന്നു” (1 യോഹ 3:14). ഈ തിരുവചനത്തിൽ നിന്ന് മുകളിൽപ്പറഞ്ഞ കാര്യം കൂടി തൽ വ്യക്തമാണ്. സഹോദരരോടുള്ള സ്നേഹമാണ് ദൈവികജീവനിൽ അഥവാ ദൈവ ഐക്യത്തിൽ നമ്മെ നിലനിർത്തുന്നത്. “സഹാദരനെ വെറുക്കുന്നവൻ കൊലപാതകിയാണ്. ഒരു കൊലപാതകിയിലും നിത്യജീവൻ കുടികൊള്ളുന്നില്ല എന്ന് നിങ്ങൾക്കറിയാമല്ലോ” (1 യോഹ 3:15) പിശാചിനെ യേശു വിളിക്കുന്ന പേരാണ് കൊലപാതകി, സഹോദരരുമായി അനൈക്യത്തിൽ കഴിയുന്നവൻ പിശാചായി അധഃപതിക്കുകയാണു ചെയ്യുന്നത്.

    സഹോദരങ്ങളെ ദ്വേഷിക്കാൻ എന്താണു കാരണം? നമ്മുടെ വിലയിരുത്തലിൽ ചിലർ സ്നേഹയോഗ്യരല്ല എന്നു തോന്നുന്നതിനാലാണ്. അവരിലുള്ള കുറവുകളാണ് നമ്മെ അവരിൽ നിന്നകറ്റുന്നത്.

    യഥാർഥ സ്നേഹത്തിന്റെ അന്ത:സത്ത

    ഇഷ്ടം സ്നേഹമാണെന്ന് പലരും തെറ്റിദ്ധരിച്ചുപോകുന്നു. സ്നേഹവും ഇഷ്ടവും രണ്ടും രണ്ട് യാഥാർഥ്യങ്ങളാണ്. ഒരാളോട് ഇഷ്ടം തോന്നാൻ കാരണം അയാളിലുള്ള ചില കാര്യങ്ങൾ എനിക്ക് ത്യപ്തികരമായി എന്നതാണ്. വേറൊരു വാക്കിൽ പറഞ്ഞാൽ, അയാളെക്കൊണ്ട് എനിക്ക് എന്തെങ്കിലുമൊരു നേട്ടമുണ്ട്. ഇഷ്ടത്തിന്റെ അടിസ്ഥാനം പ്രധാനമായും സ്വാർഥമാണെന്നർഥം. എന്നാൽ സ്നേഹത്തിന്റെ അടിസ്ഥാനം എന്നിലുള്ള നന്മയാണ്, അപരനിലുള്ളതല്ല. അപരനിലുള്ള തിന്മ പരിഹരിക്കാനായി എന്നിലുള്ള നന്മ അയാൾക്കു നല്കുന്നതാണ് സ്നേഹം. സ്നേഹം സ്വാർഥം ഒട്ടുമില്ലാത്ത ആത്മദാനമാണ്. ഇഷ്ടത്തിലും കുറെയൊക്കെ ആത്മദാനം കണ്ടേക്കാമെങ്കിലും വ്യവസ്ഥയ്ക്കു വിധേയമായതായതുകൊണ്ട് അത് യഥാർഥ സ്നേഹമാകുന്നില്ല. കുറ്റങ്ങളും കുറവുകളുമുള്ളവരെ സ്നേഹിക്കുന്നതാണ് യഥാർഥ സ്നേഹം. അതാണ് ക്രിസ്തു സ്നേഹിച്ചതുപോലുള്ള സ്നേഹം. സ്നേഹിക്കപ്പെടുന്ന വ്യക്തിയിലുള്ള നന്മയല്ല, പ്രത്യുത, സ്നേഹിക്കുന്ന വ്യക്തിയിലുള്ള നന്മയാണ് ക്രിസ്തുവീക്ഷണത്തിൽ ഒരാളെ സ്നേഹയോഗ്യനാക്കുന്നത്.

    കുറ്റങ്ങളും കുറവുകളുമുള്ള സഹോദരങ്ങളെ സ്നേഹിക്കാൻ എന്താണു വഴി ?

    താഴെ പറയുന്ന ദൈവവചനം നമുക്ക് ഉത്തേജനം തരും:

    1) “നിങ്ങളെ സ്നേഹിക്കുന്നവരെ നിങ്ങൾ സ്നേഹിക്കുന്നതിൽ എന്തു മേന്മയാണുള്ളത്. പാപികളും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നുണ്ടല്ലോ” (വി. ലൂക്കാ 6:32 )

    നമ്മെ സ്നേഹിക്കാത്തവരെ സ്നേഹിക്കുന്നതിലാണ് ക്രൈസ്തവ സ്നേഹം അടങ്ങിയിരിക്കുന്നത്. ക്രിസ്തുവിന്റെ സ്നേഹത്തിന്റെ അതുല്യത അതത്രേ.

    2) “നിങ്ങൾ സഹോദരനോടു ഹൃദയപൂർവം ക്ഷമിക്കുന്നില്ലെങ്കിൽ എന്റെ സ്വർഗസ്ഥനായ പിതാവ് നിങ്ങളോടും ഇതുപോലെതന്നെ പ്രവർത്തിക്കും ” (വി. മത്താ 18:35).

    വെറും നൂറ് ദനാറ സഹോദരന് ഇളവുചെയ്തു കൊടുക്കാതിരുന്നതുമൂലം പതിനായിരം താലന്തിന്റെ ഇളവ് യജമാനനിൽനിന്നു ലഭിച്ച ദാസന് ആ ഇളവ് നഷ്ടപ്പെടുകയും വീണ്ടും കാരാഗൃഹത്തിലടയ്ക്കപ്പെടുകയും ചെയ്തതുപോലെ (നിർദയനായ ഭൃത്യന്റെ ഉപമ) സഹജരോട് ക്ഷമിക്കാത്തവർക്ക് ദൈവത്തിൽനിന്നുള്ള കരുണയ്ക്ക് അർഹതയുണ്ടാവില്ല.

    3) “നിങ്ങൾ പ്രാർഥിക്കുമ്പോൾ ആരോടെങ്കിലും എന്തെങ്കിലും വിരോധമുണ്ടെങ്കിൽ അത് ക്ഷമിക്കുവിൻ” (വി. മർക്കോ 11:25). പ്രാർഥനയും സഹോദരനേഹവും തമ്മിൽ അഭേദ്യ ബന്ധമുണ്ട്. അപരരോട് സൗഹൃദത്തിൽ ആയിരിക്കുന്ന വ്യക്തിക്ക് ദൈവത്തോട് ചേരാൻ കഴിയൂ. സഹോദരരോട് പൂർണമായി ക്ഷമിക്കാത്തവർക്ക് പ്രാർഥിക്കാൻ അവകാശമില്ല എന്നുകൂടി ഇവിടെ സൂചനയുണ്ട്. സഹോദരരുമായി ഐക്യമില്ലാത്തവർക്ക് ദൈവത്തോട് ബന്ധം സ്ഥാപിക്കാനാവില്ല എന്നതാണ് കാരണം.

    4) “നിങ്ങൾ ഈജിപ്തുകാർക്ക് എന്നെ വിറ്റതോർത്ത് വിഷമിക്കുകയോ വിഷാദിക്കുകയോ വേണ്ടാ. കാരണം, ജീവൻ നിലനിർത്താൻ വേണ്ടി ദൈവമാണ് എന്നെ നിങ്ങൾക്കുമുമ്പ് ഇങ്ങാട്ടയച്ചത് ” (ഉത്പ് 45: 5, 7 – 8 ).

    നമുക്ക് ദ്രോഹം വരുത്തിയവരെല്ലാം ദൈവത്തിലേക്കും ക്രൈസ്തവ പൂർണതയിലേക്കും നമ്മെ നയിച്ച ഉപകരണങ്ങളായി കണക്കാക്കണമെന്നാണ് പൂർവയൗസേപ്പിൻ മാതൃക നമ്മോടു പറയുന്നത്.

    ധ്യാനത്തിലൂടെ ശത്രുക്കളോട് ക്ഷമിക്കാനും എല്ലാവരേയും സ്നേഹിക്കാനുമുള്ള കൃപയും നമുക്കു കൈവന്നിട്ടുണ്ട്. എന്നാൽ ഈ കൃപയിൽ വളരാൻ ശ്രമിക്കുന്നില്ലെങ്കിൽ അത് സ്വഭാവേന നഷ്ടപ്പെടും. ഹൃദയം കഠിനമായിത്തീരുകയും ദുരഭിമാനം വളർന്ന് പഴയ ശത്രുതയിലേക്കും വിദ്വേഷത്തിലേക്കും തിരിച്ചുപോവുകയും ചെയ്യും. കിട്ടിയ താലന്ത് വ്യാപാരം ചെയ്ത് വർധിപ്പിച്ച ദാസന് കൂടുതൽ ഉയർച്ചയുണ്ടായപ്പാൾ, ലഭിച്ചത് ഉപയോഗിക്കാതെ വച്ചുകൊണ്ടിരുന്നവനിൽനിന്ന് ഉള്ളതുപോലും തിരിച്ചെടുക്കപ്പെട്ടു! സഹോദരരെ സ്നേഹിക്കാനുള്ള കൃപ വളർത്താൻ ബോധപൂർവം ശ്രമിക്കുന്നില്ലെങ്കിൽ ഇതുതന്നെയാണ് സംഭവിക്കുക.

    ക്ഷമയുടെ കൃപയിൽ വളരുന്നതെങ്ങനെ?

    ഒന്നാമതായി, ആരോടെല്ലാം മുമ്പ് ശത്രുതയും പിണക്കവുമുണ്ടായിരുന്നോ അവർക്കുവേണ്ടി പ്രതിദിനം ക്ഷമയുടെ പ്രാർഥന നടത്തുക. ദീർഘകാലം അവർക്കുവേണ്ടിയുള്ള ക്ഷമാപ്രാർഥനകൊണ്ട് അവരുമായുള്ള ബന്ധത്തകർച്ചയുടെ മുറിവുണങ്ങുകയുള്ളൂ. ശരീരത്തിൽ ഏറ്റ ആഴമേറിയ മുറിവ് ഒരു പ്രാവശ്യം മാത്രം മരുന്നുവച്ചുകെട്ടിയതുകൊണ്ട് സുഖപ്പെടാത്തതുപോലെതന്നെയാണ് വ്യക്തിബന്ധത്തകർച്ചമൂലം ഉണ്ടായ ആന്തരികമുറിവിന്റെ കാര്യവും.

    രണ്ടാമതായി, ക്ഷമിച്ചവരെയെല്ലാം നേരിൽ കണ്ട് അനുരഞ്ജനപ്പെടുക. അത് ഉടനേ ചെയ്യുന്നില്ലെങ്കിൽ സാത്താൻ ദുരഭിമാനത്തിലൂടെ നമ്മിൽ പ്രവേശിച്ച് നമ്മുടെ ഹൃദയം കഠിനമാക്കുകയും അങ്ങോട്ടു ചെന്ന് അനുരഞ്ജനപ്പെടാതിരിക്കാൻ വേണ്ട ന്യായീകരണങ്ങൾ പുതുതായി കണ്ടെത്താൻ ഇടയാകുകയും ചെയ്യും. അവരുടെ മുമ്പിൽ താഴാൻ തയ്യാറാകുമ്പോൾ ആത്മീയജീവിതത്തിൽ നാം സ്ഥിരത പ്രാപിക്കുകയും ഉയർത്തപ്പെടുകയും ചെയ്യും: “തന്നെത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടും” (വി. ലൂക്കാ 18:14).

    മൂന്നാമതായി, അനുരഞ്ജനപ്പെട്ടവരോടെല്ലാം സ്നേഹത്തിന്റെ കൂട്ടായ്മയിൽ വളരണം. മുമ്പ് അകറ്റിനിർത്തിയിരുന്നവരെയും അന്യരായിക്കരുതിയിരുന്നവരെയും സ്വസ്നേഹവലയത്തിലാക്കണം. ഇപ്രകാരം ആരോടെല്ലാം നാം വർത്തിക്കുന്നുവോ അവരെയെല്ലാം യേശുവിനുവേണ്ടി നാം നേടുകയാണു ചെയ്യുന്നത്. കാരണം ഇത്തരം സ്നേഹം അവരുടെ മാനസാന്തരം സാധിക്കും.

    നാലാമതായി, അനുരഞ്ജനപ്പെട്ടവരെയെല്ലാം അനുഗ്രഹിച്ച് പ്രാർഥിക്കുക എന്നതാണ്. “നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുവിൻ “(വി. മത്താ 5 : 44). “നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കുവിൻ” (വി. ലൂക്കാ 6:28). ഏറെക്കാലത്തെ ശത്രുതമൂലമുളവായ അകല്ച മാറിപ്പോകുന്നതിന് ഇത്തരം അനുഗ്രഹപ്രാർഥന ഏറെ ആവശ്യമാണ്.

    നമ്മോടുതന്നെ മരിക്കുക യേശുവിനെ അനുഗമിക്കുന്നതിന് ആവശ്യമാണ്. സ്വയം താഴ്ന്ന് സഹോദരനോട് അനുരജ്ഞനപ്പെടുക നമ്മുടെ സ്വാർഥത്തെയും അഹങ്കാരത്തെയും നശിപ്പിക്കാൻ ഏറ്റവും പറ്റിയ മാർഗമാണ്. വിശുദ്ധ ലൂയിസ് ഡി മോൺ ഫോർട്ട് ഇതെപ്പറ്റി ഇപ്രകാരമാണ് പറയുന്നത് : “പ്രകൃത്യാ നാം മയിലിനെക്കാൾ അഹങ്കാരികളാണ്…അതിനാൽ യേശുവിനെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവൻ ആത്മപരിത്യാഗം പരിശീലിക്കുകയും സ്വന്തം ജീവനെ കാര്യമായി കരുതാതിരിക്കാന ചെയ്യട്ടെ” (‘യഥാർഥ മരിയഭക്തി’ 79, 80)

    ബൈബിൾ വായന.

    “എന്റെ വാക്കു ശ്രവിക്കുന്ന നിങ്ങളോടു ഞാൻ പറയുന്നു. ശത്രുക്കളെ സ്നേഹിക്കുവിൻ; നിങ്ങളെ ദ്വേഷിക്കുന്നവർക്കു നന്മ ചെയ്യുവിൻ; ശപിക്കുന്നവരെ അനുഗ്രഹിക്കുവിൻ; അധിക്ഷേപിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുവിൻ. ഒരു ചെകിട്ടത്ത് അടിക്കുന്നവന് മറ്റേ ചെകിടുകുടി കാണിച്ചു കൊടുക്കുക. മേലങ്കി എടുക്കുന്നവനെ കുപ്പായംകുടി എടുക്കുന്നതിൽ നിന്നു തടയരുത്. നിന്നോടു ചോദിക്കുന്ന ആർക്കും കൊടുക്കുക. നിന്റെ വസ്തുക്കൾ എടുത്തുകൊണ്ടു പോകുന്നവനോടു തിരിയെ ചോദിക്കരുത്. മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ, അങ്ങനെതന്നെ നിങ്ങൾ അവരോടും പെരുമാറുവിൻ. നിങ്ങളെ സ്നേഹിക്കുന്നവരെ നിങ്ങൾ സ്നേഹിക്കുന്നതിൽ എന്തുമേന്മയാണുള്ളത് ? പാപികളും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നുണ്ടല്ലോ. നിങ്ങൾക്കു നന്മ ചെയ്യുന്നവർക്ക് നിങ്ങൾ നന്മ ച യ്യുന്നതിൽ എന്തു മേന്മയാണുള്ളത് ? പാപികളും അങ്ങനെ ചെയ്യുന്നുണ്ടല്ലോ. തിരിച്ചു കിട്ടുമെന്നു പ്രതീക്ഷിച്ച് വായ്പ കൊടുക്കുന്നതിൽ എന്തു മേന്മയാണുളളത് ? കൊടുത്തിടത്തോളം തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിൽ പാപികളും പാപികൾക്കു വായ്പ കൊടുക്കുന്നില്ലേ ? എന്നാൽ, നിങ്ങൾ ശത്രുക്കളെ സ്നേഹിക്കുവിൻ. തിരിച്ചു കിട്ടും എന്നു പ്രതീക്ഷിക്കാതെ മറ്റുള്ളവർക്കു നന്മചെയ്യുകയും വായ്പ കൊടുക്കുകയും ചെയ്യുവിൻ. അപ്പോൾ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും, നിങ്ങൾ അത്യുന്നതന്റെ പുത്രന്മാരായിരിക്കുകയും ചെയ്യും. കാരണം, അവിടന്നു നന്ദിഹീനരോടും ദുഷ്ടരോടും കരുണ കാണിക്കുന്നു. നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ ” (വി. ലൂക്കാ 6:27-36).

    എട്ടാം ദിവസത്തെ പ്രാർഥന

    പരിശുദ്ധാത്മാവായ ദൈവമേ, ദൈവത്തോടുള്ള ബന്ധത്തിൽ വളരുന്നതിന് പരസ്നേഹം എത്ര കണ്ട് അനിവാര്യമാണെന്ന് എന്നെ ബോധ്യപ്പെടുത്തണമേ. “കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാൻ കഴിയുകയില്ല” എന്ന ദൈവവചനം എന്റെ ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും തുളച്ചുകയറി സഹജരോടുള്ള എന്റെ മനോഭാവത്തിൽ വിപ്ലവകരമായ മാറ്റം വരുത്തണമേ. മറ്റുള്ളവരിലെ കുറവുകൾ അനുകമ്പാപൂർവം കാണാൻ എന്നെ സ്നേഹവാനാക്കണമേ. എന്നിൽ നിന്നകന്നു പോയവരുമായുള്ള എന്റെ ബന്ധം വളർത്തി സുദൃഢമാക്കണമേ. നിസ്വാർഥവും നിഷ്കളങ്കവുമായ സ്നേഹത്തിൽ എന്നെ അനുദിനം വളർത്തുകയും ചെയ്യണമേ.

    തിരുക്കുമാരന്റെ കഠിനയാതനയുടെ വേളയിൽ അവിടത്തെ ഉപേക്ഷിച്ച് ഓടിപ്പോയ ശ്ലീഹമാർക്ക് തുണയും സങ്കേതവും നൽകി അവരെ സ്നേഹിച്ച പരിശുദ്ധ മാതാവേ, അമ്മയെപ്പോലെയാകാനുള്ള അനുഗ്രഹം എനിക്കു ലഭിക്കാനായി അമ്മ പ്രാർഥിക്കണമേ. ഞാനും അമ്മയെപ്പോലെ എന്റെ ശത്രുക്കളുടെ ഗുണകാംക്ഷിയായി മാറട്ടെ. ആമേൻ.

    *******************************************************************************************************************

    https://www.youtube.com/watch?v=D5d010SQik4&list=PL3uhR8KUVQTxrd02-lFANST3UYzhj5ARI&index=8

    ശാലോം ടി വി യിൽ ബഹുമാനപ്പെട്ട വട്ടായിലച്ചൻ നയിച്ച വിമലഹൃദയ പ്രതിഷ്ഠ അച്ഛന്റെ പ്രേത്യേക അനുവാദത്തോടെ ഇവിടെ നൽകുന്നു. സാധിക്കുന്ന എല്ലാവരും സമയം കണ്ടെത്തി ഈ അനുഗ്രഹപ്രദമായ ശുശ്രൂഷയിൽ പങ്കുകൊള്ളുക .

    DAY 1 പ്രതിഷ്ഠാ ഒരുക്കം

    DAY 2 പ്രതിഷ്ഠാ ഒരുക്കം

    DAY 3 പ്രതിഷ്ഠാ ഒരുക്കം

    DAY 4 പ്രതിഷ്ഠാ ഒരുക്കം

    DAY 5 പ്രതിഷ്ഠാ ഒരുക്കം

    DAY 6 പ്രതിഷ്ഠാ ഒരുക്കം

    DAY 7 പ്രതിഷ്ഠാ ഒരുക്കം

    ✝️ MARIAN MINISTRY, MARIAN EUCHARISTIC MINISTRY & ROSARY CONFRATERNITY INDIA ✝️

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!