Sunday, October 13, 2024
spot_img
More

    ഇരുപത്തിയഞ്ചാം ദിവസം-16-03-2022- വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിന്റെ ക്രമമനുസരിച്ചുള്ള ദൈവമാതാവിന്റെ വിമല ഹൃദയ പ്രതിഷ്ടാ ഒരുക്കം

    ============================================================================

    33 ദിവസത്തെ സമ്പൂർണ വിമലഹൃദയ പ്രതിഷ്ഠക്കുള്ള നിർദ്ദേശങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക

    ഇരുപതാം ദിവസം മുതൽ ഇരുപത്തിയാറാം ദിവസം വരെയുള്ള മൂന്നാം ആഴ്ചയിലെ ഒരുക്ക പ്രാർത്ഥനകൾ ചൊല്ലുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ==========================================================================

    ഇരുപത്തിയഞ്ചാം ദിവസം


    പരിശുദ്ധ അമ്മയെ അറിയുക


    മരിയാനുകരണം

    ഓമറിയമേ! വരിക!
    ചേതസ്സമാകർഷകയായ
    കന്യകാരത്നമേ! വരിക;
    എന്റെ ശരണമേ! വരിക !
    എന്റെ ആശ്വാസമേ! വരിക വരിക !
    നിന്റെ സന്നിധിയിൽ
    നിന്റെ സ്വരം കേൾക്കുമ്പോൾ
    ഞാൻ സർവ്വ സമ്പന്നനാകുന്നു.
    സർവ്വ തിന്മകളിൽ നിന്നും
    സുരക്ഷിതനാകുന്നു.
    ഓമറിയമേ!
    നിന്റെ മാധുര്യ പൂർണ്ണമായ
    കരുണ ഓർത്ത് കൊണ്ട്
    നിന്റെ സങ്കേതത്തേയും
    സംരക്ഷണയേയും
    ഞാൻ ആശ്രയിക്കുന്നു.
    〰️〰️〰️〰️〰️〰️〰️〰️
    ഓമറിയമേ!
    ബലഹീനർക്ക് ശക്തിയും
    ബന്ദിതർക്കുമോചനവും നീയല്ലോ!
    നിന്റെ അളവറ്റ കരുണയാലും
    നിന്റ അതിരറ്റ വാത്സല്യത്താലും
    നീ എന്റെ അമ്മയായിരുന്നു കൊള്ളണമേ.
    ഓമറിയമേ!
    നിന്നെ വിശ്വസ്തതയോടെ
    വണങ്ങുന്നവർക്കു
    നീ നൽകുന്ന ആശ്വാസം
    എന്തുമാത്രം ഹൃദയാകർഷകമെന്നും ,
    നിന്റെ സംരക്ഷണം
    എത്ര ബലിഷ്ഠമെന്നും ,
    അനുഭവം കൊണ്ട് തന്നെ
    ഞാനും അറിയട്ടെ.
    〰️〰️〰️〰️〰️〰️〰️〰️
    ഓ മറിയമേ! എന്റെ അമ്മയായി നിന്നെ സ്വീകരിക്കാൻ ഇന്നു ഞാൻ ആഗ്രഹിക്കുന്നു. എന്നെ മുഴുവനും നിനക്കു ഞാൻ ഭരമേൽപ്പിക്കുന്നു.
    എന്റെ ഈ നിശ്ചയത്തെ നീ അംഗീകരിച്ച് എന്നേക്കും സ്ഥിരപ്പെടുത്തുമല്ലോ.ഓ മറിയമേ! സദാകാലവും നിന്നോടൊന്നിച്ചിരിക്കാൻ എനിക്കു സാധിച്ചാൽ മാത്രം മതി.
    നിന്റെ തിരുനാമത്തെക്കുറിച്ച് ഞാൻ അതീവ സന്തുഷ്ട/സന്തുഷ്ടനായിരിക്കും; നിന്റെ സ്തുതികൾ ഞാൻ നിത്യ കാലവും പാടിക്കൊണ്ടിരിക്കും.

    തോമസ് അക്കെമ്പിസ്


    2. മരിയൻ സമർപ്പണ ഒരുക്ക വായന- യഥാർത്ഥ മരിയഭക്തി- യിൽ നിന്ന്.

    നമുക്ക് നമ്മോടുതന്നെ മരിക്കാന്‍ മറിയം ആവശ്യമാണ്.

    സത്കൃത്യങ്ങളെപ്പോലും കളങ്കപ്പെടുത്തുന്നത്, നമ്മുടെ ദുഷിച്ച മനുഷ്യപ്രകൃതിയാണ്. നിര്‍മ്മലജലം, ദുര്‍ഗന്ധം വമിക്കുന്ന പാത്രത്തില്‍ പകരുകയും, നല്ല വീഞ്ഞ്, ചീത്ത വീഞ്ഞിനാല്‍ മലിനമായ വീപ്പയില്‍ ഒഴിക്കുകയും ചെയ്താല്‍ അവ ദുഷിക്കുകയും ദുര്‍ഗന്ധം വമിപ്പിക്കുകയും ചെയ്യും. അപ്രകാരം, ജന്മപാപത്താലും കര്‍മ്മപാപത്താലും മലിനമായ നമ്മുടെ ആത്മാവിലേക്ക് കൃപാവരവും, സ്വര്‍ഗീയ മഞ്ഞുതുള്ളികളും ദൈവസ്‌നേഹമാകുന്ന രുചികരമായ വീഞ്ഞും പകരുമ്പോള്‍ മിക്കപ്പോഴും, നമ്മിലുള്ള പാപംമൂലം ദുഷിച്ച പുളിമാവും തിന്മകളും ഈ ദാനങ്ങളെ മലിനമാക്കുന്നു. നമ്മുടെ ഉദാത്തമായ സുകൃതങ്ങള്‍ പോലും തിന്മയുടെ സ്വാധീനതയാല്‍ കളങ്കമാക്കപ്പെടുന്നു. ആകയാല്‍, യേശുവുമായുള്ള ഐക്യത്തിലൂടെ മാത്രമേ പുണ്യപൂര്‍ണത കൈവരൂ. അത് പ്രാപിക്കുവാന്‍ ആഗ്രഹിക്കുന്ന ഏവനും, തന്നിലുള്ള സകല തിന്മകളെയും ഉന്മൂലനം ചെയ്യുക ഏറ്റവും ആവശ്യമാണ്. അല്ലാത്ത പക്ഷം വളരെ ചെറിയ കളങ്കം പോലും അങ്ങേയറ്റം വെറുക്കുന്ന ക്രിസ്തു നാഥന്‍, തന്റെ സന്നിധിയില്‍നിന്നു നമ്മെ ബഹിഷ്‌കരിക്കും.

    സ്വാര്‍ത്ഥത്തെ നിഹനിക്കുവാന്‍

    പരിശുദ്ധാത്മാവിന്റെ പ്രകാശത്താല്‍ നമ്മുടെ അധഃപതിച്ച ആന്തരികപ്രകൃതിയും നിത്യരക്ഷക്കു സ്വയമായി ഒന്നും ചെയ്യാനാവാത്ത നിസ്സഹായതയും, നമ്മുടെ ബലഹീനതകളും അസ്ഥിരതയും കൃപാവരസ്വീകരണത്തിനുള്ള നമ്മുടെ അനര്‍ഹതയും നാം പൂര്‍ണമായും ഗ്രഹിക്കണം. അല്പം പുളിപ്പ് വളരെയേറെ മാവിനെ പുളിപ്പിക്കുന്നതുപോലെ, ആദിമാതാപിതാക്കന്മാരുടെ പാപം നമ്മെ ഓരോരുത്തരെയും മലിനരാക്കി നശിപ്പിച്ചു. നാം ചെയ്തിട്ടുള്ള മാരകവും ലഖുവുമായ ഓരോ പാപവും അവ ക്ഷമിക്കപ്പെട്ടതായാല്‍ പോലും നമ്മുടെ ബലഹീനതകളെയും അസ്ഥിരതയെയും ദുഷ്പ്രവണതകളെയും വര്‍ദ്ധിപ്പിക്കുന്നു. അങ്ങനെ, നമ്മുടെ ആത്മാവില്‍ തിന്മ അവശേഷിപ്പിക്കുന്നു.

    നമ്മുടെ ശരീരങ്ങള്‍ തീര്‍ത്തും ദുഷിച്ചതായതുകൊണ്ട് പരിശുദ്ധാത്മാവ് നമ്മുടെ ശരീരത്തെ പാപത്തിന്റെ ശരീരം എന്നാണ് വിളിക്കുന്നത് (റോമാ 6:6). പാപത്തില്‍ അത് ഗര്‍ഭം ധരിക്കപ്പെട്ടു (സങ്കീ 50:7). പാപത്താല്‍ അത് പോഷിപ്പിക്കപ്പെട്ടു. എല്ലാത്തരത്തിലുമുള്ള പാപങ്ങള്‍ക്കും അത് വശകവുമാണ്. ആയിരമായിരം വ്യാധികള്‍ക്കിരയായി അനുദിനം അത് ദുഷിച്ചുകൊണ്ടിരിക്കുന്നു. രോഗത്തിനടിമപ്പെട്ടു ചീഞ്ഞുനാറി, പുഴുക്കളെ പുറപ്പെടുത്തുകയാണത് ചെയ്യുന്നത്.

    ശരീരത്തോട് യോജിപ്പിക്കപ്പെട്ട ആത്മാവ് ജഡികമായി തീരുന്നു.അത് ജഡമെന്നു തന്നെയാണ് വിളിക്കപ്പെടുന്നത്. ‘എല്ലാ ജഡവും അതിന്റെ മാര്‍ഗത്തെ മലിനമാക്കി’ (ഉത്പ 6:12). നമുക്ക് സ്വന്തമെന്നു പറയാവുന്നത് അഹങ്കാരവും, ആത്യാത്മിക അന്ധതയും, ഹൃദയകാഠിന്യവും, അസ്ഥിരതയും, ബലഹീനതയും, ജഡമോഹവും, തിന്മയിലേക്ക് നയിക്കുന്ന ഉഗ്രവികാരങ്ങളും, ശാരീരിക അസ്വാസ്ഥ്യങ്ങളും മാത്രമാണ്. പ്രകൃത്യാ നാം മയിലിനെക്കാള്‍ അഹങ്കാരികളാണ്. തവള ചെളിയോടെന്നതിനേക്കാള്‍ നാം ലോകത്തോട് ചേര്‍ന്നിരിക്കുന്നു. സര്‍പ്പങ്ങളെക്കാള്‍ അസൂയാലുക്കളും പന്നിയെക്കാള്‍ ഭക്ഷണപ്രിയരും കടുവയേക്കാള്‍ ക്രൂരരും ആമയെക്കാള്‍ അലസരുമാണ്, നാം. ഞാങ്കണയെക്കാള്‍ നാം ബലഹീനരാണ്, കാറ്റാടിയെക്കാള്‍ ചഞ്ചലരാണ്. പാപവും ശൂന്യതയും മാത്രമാണ് നമുക്കുള്ളത്. നിത്യനരകവും ദൈവകോപവും അല്ലേ നമ്മുടെ നേട്ടം?

    ഇപ്രകാരമെങ്കില്‍, തന്നെ അനുഗമിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍ ആത്മപരിത്യാഗം പരിശീലിക്കുകയും സ്വന്തം ജീവനെ കാര്യമായി കരുതാതിരിക്കുകയും ചെയ്യട്ടെ എന്നും, സ്വന്തം ജീവനെ സ്‌നേഹിക്കുന്നവന്‍ അതിനെ നശിപ്പിക്കുമെന്നും, ഈ ലോകത്തില്‍വെച്ച് സ്വന്തം ജീവനെ ദ്വേഷിക്കുന്നവന്‍ നിത്യജീവനുവേണ്ടി അതിനെ പാലിക്കുന്നെന്നും (യോഹ 12:25) ദിവ്യനാഥന്‍ പറഞ്ഞിരിക്കുന്നത് ഒട്ടും വിസ്മയജനകമല്ല. കാരണം കൂടാതെ കല്പിക്കാത്ത ആ നിത്യജ്ഞാനം നമ്മെത്തന്നെ വെറുക്കുവാന്‍ നമ്മോട് ആജ്ഞാപിക്കുന്നു. എന്തെന്നാല്‍, നമുക്ക് അതിനു മാത്രമേ അര്‍ഹതയുള്ളൂ. ദൈവത്തെപ്പോലെ സ്‌നേഹയോഗ്യനായി ആരുമില്ല. നമ്മെപ്പോലെ ദ്വേഷ്യമര്‍ഹിക്കുന്നവരും ആരാണുള്ളത്?

    അഹന്തയെ അടിമപ്പെടുത്തുവാന്‍ നാം അനുദിനം നമ്മോടുതന്നെ മൃതരാകണം.

    അതായത്, നമ്മുടെ ശാരീരിക ഇന്ദ്രിയങ്ങളുടെയും ആത്മീയശക്തികളുടെയും തെറ്റായ പ്രവര്‍ത്തനങ്ങളെ നാം പരിത്യജിക്കണം. നാം കാണുന്നത് കാണാതിരിരുന്നാലെന്നതുപോലെയും ഭൗതികവസ്തുക്കള്‍ ഉപയോഗിക്കുന്നത് ഉപയോഗിക്കാതിരുന്നാലെന്നതുപോലേയും ആയിരിക്കണം (1 കോറി 7: 29 30). ഇതാണ് ‘പ്രതിദിനം മരിക്കണം’ എന്ന് വി. പൗലോസ് പറയുന്നതിന്റെ അര്‍ത്ഥം. ‘ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത് അതേപടിയിരിക്കും’ (യോഹ 12:24). നാം ആത്മനിഗ്രഹം അഭ്യസിക്കുന്നില്ലെങ്കില്‍, നമ്മുടെ ഭക്തകൃത്യങ്ങള്‍ അവശ്യവശ്യവും ഫലദായകവുമായ ഈ മരണത്തിലേക്ക് നമ്മെ നയിക്കുന്നില്ലെങ്കില്‍, നാം നല്ല ഫലങ്ങള്‍ പുറപ്പെടുത്തുകയില്ല. ഭക്തകൃത്യങ്ങള്‍ നമുക്ക് ഉപയോഗശൂന്യമായിത്തീരും. നമ്മുടെ എല്ലാ സത്പ്രവൃത്തികളെപ്പോലും ദൈവം വെറുക്കും. തന്മൂലം, മരണസമയത്ത് നാം സുകൃതങ്ങളും യോഗ്യതകളുമില്ലാത്തവരായി കാണപ്പെടും. തനിക്കുതന്നെ മരിച്ച്, ക്രിസ്തുവിനോടുകൂടി ദൈവത്തില്‍ മറഞ്ഞിരിക്കുന്ന (കൊളോ 3:3) ആത്മാക്കള്‍ക്കുമാത്രം നല്‍കപ്പെടുന്ന യഥാര്‍ത്ഥ സ്‌നേഹാഗ്‌നിയുടെ ഒരു പൊരിപോലും നമ്മിലില്ലെന്നു നാം കാണും.

    അതുകൊണ്ട് പരിശുദ്ധ കന്യകാമറിയത്തോടുള്ള വിവിധ ഭക്തികളില്‍, നമ്മോടുതന്നെ മരിക്കാന്‍ നമ്മെ സഹായിക്കുന്ന ഭക്തിവേണം നാം തെരഞ്ഞെടുക്കുവാന്‍. അത് നമ്മെ ഏറ്റവും കൂടുതല്‍ വിശുദ്ധീകരിക്കുന്നതും ആയിരിക്കണം. മിന്നുന്നതെല്ലാം പോന്നെന്നോ, മധുരമായതെല്ലാം മധുവെന്നോ കരുതുന്നത് മൗഢ്യമാണ്. അതുപോലെ എളുപ്പം പ്രവൃത്തിയില്‍ വരുത്താവുന്നതും ഭൂരിപക്ഷംപേരും അഭ്യസിക്കുന്നതുമായതുകൊണ്ട്, ഒരു ഭക്തി കൂടുതല്‍ പവിത്രീകരണ യോഗ്യമെന്നു കരുതുന്നത് യുക്തിയുക്തമല്ല. ലൗകികകാര്യങ്ങള്‍ ത്വരിതഗതിയിലും എളുപ്പത്തിലും ആദായകരമായും ചെയ്യുവാന്‍ ചില പ്രകൃതിരഹസ്യങ്ങള്‍ സഹായകമാണ്. അതുപോലെ, പ്രകൃത്യാതീതമായവയിലും, അവ എളുപ്പമായും ആനന്ദപ്രദമായും ചെയ്യുന്നതിനും, നമ്മെ ശക്തരാക്കുന്ന ചില രഹസ്യങ്ങള്‍ ഉണ്ട്. അവ നമ്മെ അഹതയില്‍ നിന്ന് രക്ഷിക്കും; ദൈവത്തെക്കൊണ്ട് നിറയ്ക്കും; പുണ്യപൂര്‍ണത പ്രാപിക്കുവാന്‍ സഹായിക്കും. മാത്രമല്ല നിഷ്പ്രയാസം നിര്‍വ്വഹിക്കാവുന്നതും ആയിരിക്കും.

    ഞാന്‍ വിശദമാക്കുവാന്‍ ഉദ്ദേശിക്കുന്ന ഭക്തകൃത്യം അപ്രകാരമുള്ള കൃപാവരത്തിന്റെ രഹസ്യമത്രേ. ക്രൈസ്തവരില്‍ ഭൂരിഭാഗത്തിനും തന്നെ അജ്ഞാതമാണ് ഇത്. ഭക്താത്മാക്കളില്‍ കുറച്ചുപേര്‍ മാത്രമേ അത് ഗ്രഹിച്ചിട്ടുള്ളു. എന്നാല്‍ അതിനെ വിലമതിക്കുകയും പ്രായോഗികമാക്കുകയും ചെയ്യുന്നവര്‍ വളരെ കുറച്ചുമാത്രം. ഈ ഭക്തകൃത്യത്തെക്കുറിച്ച് വിശദീകരിക്കുന്നതിനു മുമ്പായി നാലാമതൊരു സത്യം വിശദമാക്കേണ്ടിയിരിക്കുന്നു; അത് മൂന്നാമത്തേതില്‍നിന്ന് പുറപ്പെടുന്നതാണു താനും.

    നമുക്കു പ്രാര്‍ത്ഥിക്കാം

    പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.


    3. വിമലഹൃദയപ്രതിഷ്ഠാ ഒരുക്ക ധ്യാനവും വിചിന്തനവും

    പരിശുദ്ധ മറിയത്തിന്റെ അധികാരം

    ” സ്വർഗത്തിൽ വലിയ ഒരടയാളം കാണപ്പെട്ടു : സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങൾക്കടിയിൽ ചന്ദ്രൻ. ശിരസ്സിൽ പന്ത്രണ്ട് നക്ഷത്രങ്ങൾകൊണ്ടുള്ള കിരീടം ” (വെളി 12 : 1 )

    ആമുഖം

    ബൈബിളിന്റെ അവസാന ഭാഗത്തുള്ള വെളിപാട് പുസ്തകത്തിൽ പരിശുദ്ധ മറിയത്തെ പരിശുദ്ധാത്മാവ് അവതരിപ്പിക്കുന്നത് വലിയ അധികാരമുള്ളവളായാണ് : ശിരസ്സിൽ പന്ത്രണ്ട് നക്ഷത്രങ്ങൾകൊണ്ടുള്ള കിരീടം അവൾ അണിഞ്ഞിരിക്കുന്നു !വെളിപാട് 12 – ൽ പറയുന്ന സൂര്യനെ ഉടയാടയാക്കിയ സ്ത്രീ പരിശുദ്ധ കന്യകമറിയം തന്നെയാണ് ; മിശിഹായുടെ മാതാവും മിശിഹായുടെ ശിഷ്യരുടെ മാതാവുമായ മറിയംതന്നെയാണത്. ഒയേകുമേനിയൂസിന്റെ (OECUMENIUS ) വെളിപാടുപുസ്തക ത്തെപ്പറ്റിയുള്ള വ്യാഖ്യാനത്തിൽ ഇങ്ങനെയാണ് പറഞ്ഞിരിക്കുന്നത് “യോഹന്നാനുണ്ടായ ഈ ദർശനം നമ്മുടെ രക്ഷകന്റെ മാതാവിനെയാണ് ചിത്രീകരിക്കുന്നത്” ( The Ignatius catholic study Bible, San Francisco, 2001 pp 506 – 507).

    സാത്താന്റെമേലുള്ള അധികാരം

    പരിശുദ്ധ അമ്മയുടെ അധികാരം ഒന്നാമതായി സാത്താന്റെമേൽ തന്നെയാണ്. ദൈവത്തിന്റെ എല്ലാ നേർവഴികളും ദുഷിപ്പിക്കുന്ന, ദൈവത്തിന്റെ രക്ഷാകരപദ്ധതിക്കു തുരങ്കം വയ്ക്കാൻ ശ്രമിച്ച് അവന്റെമേൽ ദൈവം ആദ്യം അധികാരം കൊടുത്തത് പരിശുദ്ധ കന്യകമറിയത്തിനാണ്. ഉത്പത്തി 3:15 – ൽ ഇത് സ്പഷ്ടമാണ്. പിശാചുമായി നേരിട്ടുള്ള ശത്രുത പരിശുദ്ധ മറിയത്തിനായിരിക്കും എന്ന് ദൈവമായ കർത്താവ് പ്രവചനരൂപേണ വെളിപ്പെടുത്തി : “നീയും സ്ത്രീയും തമ്മിൽ ഞാൻ ശത്രുത ഉളവാക്കും ; നിന്റെ സന്തതിയും സ്ത്രീയുടെ സന്തതിയും തമ്മിലും “!

    വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ട് പറയുന്നതിപ്രകാരമാണ് : “അപ്രകാരം പിശാചിനെതിരായി ദൈവം സൃഷ്ടിച്ച വൻശത്രുവാണ് പരിശുദ്ധ മറിയം. ദൈവത്തിന്റെ ചിന്തയിൽ മാത്രമായി വസിച്ചിരുന്ന മറിയത്തിൽ, ഏദൻ തോട്ടത്തിന്റെ കാലത്തുതന്നെ, ദൈവത്തിന്റെ ശപിക്കപ്പെട്ട ശത്രുവിനോട് കടുത്ത അമർഷവും പഴയ സർപ്പത്തിന്റെ കാപട്യം പുറത്തുകൊണ്ടുവരാൻ പറ്റുന്ന നിഷ്കളങ്കതയും അഹങ്കാരിയും ധിക്കാരിയുമായ അവനെ അടിപ്പെടുത്തി കടപുഴക്കി എടുത്തറിയാനുള്ള ശക്തിയും, അന്ന് അവിടന്ന് അവളിൽ നിക്ഷേപിച്ചു. തന്നിമിത്തം, പിശാച് മാലാഖമാരെയും മനുഷ്യരെയുംകാൾ ഒരുവിധത്തിൽപ്പറഞ്ഞാൽ ദൈവത്തെക്കാളും അധികമായി മറിയത്തെ ഭയപ്പെടുന്നു. എന്നാൽ, ദൈവത്തിന്റെ ശക്തിയും കോപവും വെറുപ്പും മറിയത്തിന്റേതിനെക്കാൾ അനന്തമാംവിധം വലിയതല്ലെന്ന് ഇതുകൊണ്ട് വിവക്ഷിക്കുന്നില്ല. മറിയത്തിന്റെ പരിപൂർണത പരിമിതമാണ്. എന്നാൽ, പിശാച് ഒരു വിധത്തിൽ ദൈവത്തെക്കാൾ കൂടുതൽ അവളെ ഭയപ്പെടുന്നു. എന്തുകൊണ്ടെന്നാൽ, ദൈവത്തിന്റെ ഒരു വിനീതദാസിയാൽ തോല്പിക്കപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും അഹങ്കാരിയായ അവന് അത്യന്തം വേദനാജനകമാണ്. മറിയത്തിന്റെ ഒരു നെടുവീർപ്പിനെയാണ് സകലവിശുദ്ധരുടെയും പ്രാർഥനയെക്കാൾ പിശാചുക്കൾ ഭയപ്പെടുന്നത്. അവളുടെ ഒരു ഭീഷണിപ്പെടുത്തൽ മറ്റു സകല പീഡകളെയുംകാൾ അവർക്കു ഭീതിജനകമാണ് ” ( ‘യഥാർഥ മരിയഭക്തി’, 52).

    മറിയം : സാത്താനെ തോല്പിക്കാനേറ്റം ശക്തമായ ആയുധം

    പിശാചുക്കൾക്കെതിരായ നിരന്തരയുദ്ധമാണ് ക്രിസ്തീയ ജീവിതം എന്നാണ് വിശുദ്ധ പൗലോസ് പഠിപ്പിക്കുന്നത് (എഫേ 6:10 – 17 കാണുക). ദൈവത്തിന്റെ മുമ്പിൽ എന്നേക്കുമായി തോല്പ്പിക്കപ്പെട്ട ശത്രുവാണ് പിശാച് എങ്കിലും (കൊളോ 2:14 – 15), നമ്മെ സംബന്ധിച്ച് അവൻ പ്രബലനായ ശത്രുവാണ് (എഫേ 6:12 – 17 കാണുക). അതിനാലാണ് സാത്താന്റെ കുടില തന്ത്രങ്ങളെ എതിർത്തുനില്ക്കാൻ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിൻ (എഫേ 6 : 12) എന്ന് നിഷ്കർഷിക്കുന്നത്. സാത്താനെ തോല്പിക്കുന്നതിനുവേണ്ടിയുള്ള ദൈവത്തിന്റെ എല്ലാ ആയുധങ്ങളിലുംവച്ച് ഏറ്റവും ഫലദായകമായ ആയുധമാണ് പരിശുദ്ധ മറിയം. കാരണം, ആദിയിൽത്തന്നെ ദൈവം സാത്താനെ തോല്പിക്കുന്ന ദൗത്യം പരിശുദ്ധ മറിയത്തെയാണ് ഭരമേല്പിച്ചിരിക്കുന്നത്.

    ആകയാൽ, ധ്യാനത്തിൽ പങ്കെടുത്ത് രക്ഷാനുഭവത്തിൽ ജീവിക്കാൻ ആത്മാർഥമായി ശ്രമിക്കുന്ന നമുക്കോരോരുത്തർക്കും നമ്മൾ അനുനിമിഷം നേരിടേണ്ടിവരുന്ന പരീക്ഷണങ്ങളിൽ ദൈവം തന്നെ തന്നിരിക്കുന്ന മറിയമെന്ന ആയുധത്തിൽ ശരണം വയ്ക്കാം. വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ട് പറയുന്നത് : ” മറിയമുള്ളേടത്തു പിശാചില്ല എന്നാണ് ( ‘യഥാർഥ മരിയഭക്തി ‘, 166).

    പ്രപഞ്ചശക്തികളുടെ മേലുള്ള അധികാരം

    പിശാചിന്റെമേൽ എന്നപോലെതന്നെ, പ്രപഞ്ചം മുഴുവന്റെമേലും പരിശുദ്ധ മറിയത്തിനധികാരമുണ്ട്. വെളിപാട് ഗ്രന്ഥത്തിലെ സ്ത്രീ സൂര്യനെ ഉടയാടയാക്കിയവളും ചന്ദ്രന്റെമേൽ ചവിട്ടി നില്ക്കുന്നവളുമാണ് !ഫാത്തിമയിൽ നടന്ന ഒരു മരിയൻ ദർശനവേളയിൽ 40, 000 പേർ നോക്കിനില്ക്കേ ‘ സൂര്യനൃത്തം ‘ സംഭവിച്ചു ! സൂര്യൻ ആകാശത്തുനിന്ന് അടർന്നു ഭൂമിയിൽ പതിക്കുമെന്നു തോന്നിയ ജനക്കൂട്ടം മറിയത്തെ വിളിച്ചപേക്ഷിച്ചതോടെ സൂര്യൻ പൂർവസ്ഥിതിയിലായി ! അന്തരീക്ഷശക്തികളുടെ ആക്രമണത്തിൽനിന്നും പ്രകൃതി ദുരന്തങ്ങളിൽ നിന്നും രക്ഷനേടാൻ പരിശുദ്ധ മറിയത്തെ അഭയം പ്രാപിക്കുന്നത് ക്രൈസ്തവരുടെ പരമ്പരാഗതമായ ഒരു വിശ്വാസാനുഷ്ഠാനമാണ്.

    എല്ലാ മനുഷ്യരുടെമേലുള്ള അധികാരം

    പരിശുദ്ധ മറിയത്തിനുള്ള അധികാരം, എല്ലാറ്റിലുമുപരി, സർവ മനുഷ്യരുടെയുമേലുള്ള അധികാരമാണ്. അത് മാതൃസഹജസ്നേഹത്തിന്റെ അധികാരമാണ്. “കർത്താവ് പുത്രന്മാരുടെമേൽ അമ്മയ്ക്കുള്ള അധികാരം ഉറപ്പിച്ചിരിക്കുന്നു (പ്രഭാ 3:2 ) എന്നു പറഞ്ഞിരിക്കുന്ന സ്ഥിതിക്ക്, പരിശുദ്ധ മറിയത്തിനു മനുഷ്യമക്കൾ മുഴുവൻ പേരുടെയുംമേൽ എത്ര വലിയ അധികാരമായിരിക്കുമുള്ളതെന്ന് ആർക്കാണ് ഊഹിക്കാൻ പറ്റാത്തത് ! ശാരീരികമായി ജനിപ്പിക്കുന്ന അമ്മമാർക്ക് മക്കളുടെമേൽ അധികാരം ഉറപ്പിച്ചിരിക്കുന്നുവെങ്കിൽ, എല്ലാവരെയും ദൈവിക ജീവനിലേക്ക് വീണ്ടും ജനിപ്പിക്കുന്ന ദൈവത്തിന്റെ അതുല്യ സഹകാരിണിയായ മറിയത്തിന്റെ അധികാരം എത്ര ഉന്നതമായിരിക്കും ! ഈ അധികാരത്തിൻകീഴിലേക്ക് സ്വമനസ്സാ തന്നെത്തന്നെ വിട്ടുകൊടുക്കുന്നവർ എത്ര വിവേകമതികൾ ! സ്വർഗത്തിന്റെയും ഭൂമിയുടെയുംമേൽ ഒരേസമയം തുല്യ അധികാരമുള്ള ഈ അധികാരിയുടെ കീഴിലാകുക എത്ര അഭിമാനകരം ! അവർക്ക് എന്തിന്റെയെങ്കിലും കുറവുവന്നാൽ അത് എത്ര വേഗവും എളുപ്പത്തിലും പരിഹരിക്കപ്പെടും !

    സ്വർഗം മുഴുവന്റെമേലുള്ള അധികാരം

    കന്യകമറിയം സ്വർഗത്തിലേക്ക് ശരീരത്തോടെ ആരോപണം ചെയ്തുകഴിഞ്ഞുടനേ, ത്രിതൈ്വക ദൈവം അവളെ സ്വർഗത്തിന്റെയും
    ഭൂമിയുടെയും രാജ്ഞിയായി കിരീടം അണിയിച്ചു എന്നാണ് തിരുസഭ പാരമ്പര്യം പഠിപ്പിക്കുന്നത്. ഭൂമിയിൽ എല്ലായിടത്തും അവൾക്കുണ്ടായിരുന്ന അധികാരം സ്വർഗാരോപണത്തോടെ സ്വർഗത്തിലേക്കും വ്യാപിച്ചു എന്നാണിതിനർഥം. സ്വർഗരാജ്യത്തിന്റെ താക്കോൽ നിനക്കു ഞാൻ തരും എന്ന് പത്രോസിനോട് ഈശോ പറഞ്ഞെങ്കിലും സ്വർഗത്തിന്റെ രാഞ്ജിയായി മാറിയത്തെയാണ് അവിടന്ന് അവരോധിച്ചത് ! ഭൂമിയിലുള്ള സർവ മനുഷ്യരുടെയുംമേലുള്ള അധികാരത്തിനുപുറമേ സ്വർഗവാസികളായ എല്ലാ മാലാഖമാരുടെയും വിശുദ്ധരുടെയും മേൽ മാതാവിന് അധികാരം നല്കപ്പെട്ടിരിക്കുകയാണ്.

    വിശുദ്ധ ലൂയിസ് ഡി മോൺ ഫോർട്ട് ഇതെപ്പറ്റി പറയുന്നത് ഇങ്ങനെയാണ് : “ഒമ്പതു വൃന്ദം മാലാഖമാരും എല്ലാ യുഗങ്ങളിലെയും മാനവരാശി മുഴുവനും, ദുഷ്ടാരൂപികൾപോലും സത്യത്തിന്റെ അപ്രതിരോധ്യമായ ശക്തിയാൽ പ്രേരിതരായി മറിയത്തെ അനുഗൃഹീത എന്നു വിളിക്കുന്നു. വിശുദ്ധ ബൊനവെഞ്ചർ പറയുന്നു, സ്വർഗത്തിലുള്ള സകല മാലാഖമാരും അവിരാമം മറിയത്തെ, ‘ പരിശുദ്ധ, പരിശുദ്ധ ‘ പരിശുദ്ധയായ മറിയമേ, ദൈവാംബികയേ, കന്യകയേ ‘ എന്ന് ഇടവിടാതെ ഉദ്ഘോഷിക്കുന്നു. ഓരോ ദിവസവും അവർ അവളുടെ മുമ്പിൽ സാഷ്ടാംഗം പ്രണമിച്ചുകൊണ്ട്, മാലാഖമാരുടെ അഭിവാദ്യം, ‘ മറിയമേ സ്വസ്തി ‘ എന്ന് കോടാനുകോടി പ്രാവശ്യം ആലപിച്ചുകൊണ്ടിരിക്കുന്നു. എന്നിട്ട് എന്തെങ്കിലും ആജ്ഞകൾ നല്കി തങ്ങളെ ബഹുമാനിക്കാൻ കനിയണമേ എന്നു യാചിച്ചുകൊണ്ടിരിക്കുന്നു ” ( ‘യഥാർഥ മരിയഭക്തി’ , 8).

    മറിയത്തിന്റെ അധികാരം – പാപ്പാമാരുടെ പ്രബോധനത്തിൽ

    ലെയോ പതിമൂന്നാമൻ പാപ്പാ പഠിപ്പിക്കുകയാണ് ; ” കന്യകമറിയം സ്വർഗത്തിൽ അധികാരത്തിന്റെയും മഹത്ത്വത്തിന്റെയും പരകോടിയിൽ പ്രതിഷ്ഠിക്കപ്പെട്ടവളാണ്. ആ നിത്യനഗരത്തിൽ എത്തിച്ചേരാൻ ഏറെ കഠിനാധ്വാനങ്ങളിലൂടെയും അപകടങ്ങളിലൂടെയും പരിശ്രമിക്കുന്ന മനുഷ്യർക്ക് തന്റെ രക്ഷാധികാരത്തിന്റെ സഹായം നല്കാൻ വേണ്ടിയാണ് അവൾ അപ്രകാരമായിരിക്കുന്നത് ” (“സുപ്രോമി അപ്പസ്തോലോത്തൂസ് ഒഫീച്ചിയോ “, നമ്പർ 1). പന്ത്രണ്ടാം പീയൂസ് പാപ്പാ പറയുകയാണ് : ” നമ്മുടെ നിത്യരക്ഷയുടെ കർമത്തിൽ അവൾക്ക് അസാധാരണമായ ഒരു ധർമം ഉണ്ടായിരിക്കണമെന്ന് ദൈവം നിശ്ചയിച്ചിരിക്കുന്നതിനാൽ മറിയത്തെ റാണിയെന്നു വിളിക്കണം, ലൊറേറ്റോ ലുത്തിനിയ മറിയത്തെ രാഞ്ജിയെന്ന് വിളിച്ചപക്ഷിക്കാൻ ക്ഷണിക്കുന്നു ” (” ആദ് ചേളി റെജീനാം”, നമ്പർ 34 ).

    സമ്പൂർണ മരിയൻ സമർപ്പണത്തിന്റെ അടിസ്ഥാനം പരിശുദ്ധ മറിയത്തിന്റെ സകല മാലാഖമാരുടെയും മനുഷ്യരുടെയുമേലുള്ള ഈ സ്വർഗീയ അധികാരമാണ്. മറിയം മധ്യസ്ഥയോ പ്രസാദവര വിതരണക്കാരിയോ മാത്രമല്ല, അവൾ ദൈവത്താൽ എന്റെമേൽ അധികാരപ്പെടുത്തപ്പെട്ടവളാണ്. കുരിശിൽ കിടന്നുകൊണ്ടുള്ള യേശുവിന്റെ അധികാരപ്പെടുത്തൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. അതിനാൽ, മറിയത്തിനു നാം സമ്പൂർണ സമർപ്പണം ചെയ്യുന്നത് ദൈവം തന്നെ നമ്മിൽനിന്നാവശ്യപ്പെടുന്ന കാര്യമാണ്.

    ബൈബിൾ വായന

    “സ്വർഗത്തിൽ വലിയ ഒരു അടയാളം കാണപ്പെട്ടു : സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങൾക്കടിയിൽ ചന്ദ്രൻ. ശിരസ്സിൽ പന്ത്രണ്ടു നക്ഷത്രങ്ങൾകൊണ്ടുള്ള കിരീടം. അവൾ ഗർഭിണിയായിരുന്നു. പ്രസവവേദനയാൽ അവൾ നിലവിളിച്ചു. പ്രസവക്ലേശത്താൽ അവൾ ഞെരുങ്ങി. സ്വർഗത്തിൽ മറ്റൊരടയാളം കൂടി കാണപ്പെട്ടു. ഇതാ, അഗ്നിമയനായ ഒരുഗ്രസർപ്പം. അതിന് ഏഴു തലയും പത്തു കൊമ്പും. തലകളിൽ ഏഴു കിരീടങ്ങൾ. അതിന്റെ വാൽ ആകാശത്തിലെ നക്ഷത്രങ്ങളിൽ മൂന്നിലൊന്നിനെ വാരിക്കൂട്ടി ഭൂമിയിലേക്ക് എറിഞ്ഞു. ആ സ്ത്രീ പ്രസവിക്കുന്ന കുഞ്ഞിനെ വിഴുങ്ങാൻ സർപ്പം അവളുടെ മുമ്പിൽ കാത്തുനിന്നു. അവൾ ഒരാൺകുട്ടിയെ പ്രസവിച്ചു. സകല ജനപദങ്ങളെയും ഇരുമ്പുദണ്ഡുകൊണ്ട് ഭരിക്കാനുള്ളവനാണ് അവൻ. അവളുടെ ശിശു ദൈവത്തിന്റെയും അവിടത്തെ സിംഹാസനത്തിന്റെയും അടുത്തേക്ക് സംവഹിക്കപ്പെട്ടു. ആ സ്ത്രീ മരുഭൂമിയിലേക്ക് ഓടിപ്പോയി. അവിടെ ആയിരത്തി ഇരുന്നൂറ്റമ്പതു ദിവസം അവളെ പോറ്റുന്നതിനു ദൈവം സജ്ജമാക്കിയ ഒരു സ്ഥലമുണ്ടായിരുന്നു. അനന്തരം സ്വർഗത്തിൽ ഒരു യുദ്ധമുണ്ടായി. മിഖായേലും അവന്റെ ദൂതന്മാരും സർപ്പത്തോടു പോരാടി. സർപ്പവും അവന്റെ ദൂതന്മാരും എതിർത്തു യുദ്ധം ചെയ്തു. എന്നാൽ, അവർ പരാജിതരായി ” (വെളി 12:1 – 1).

    പ്രാർഥന

    ദൈവമേ, പരിശുദ്ധ മറിയത്തെ എന്റെ രാജ്ഞിയായും മല്നോട്ടക്കാരിയായും അധികാരിയായും നിശ്ചയിച്ചു തന്നതിന് ഞാൻ നന്ദി പറയുന്നു. എന്റെ ജീവിതത്തിന്റെമേൽ പരിശുദ്ധ കന്യകാമറിയത്തിനുള്ള അധികാരം ഞാൻ ഏറ്റുപറയുന്നു. സ്വർഗരാജ്ഞിയാണ് എന്റെ അമ്മ എന്ന സത്യം എന്റെ ആധ്യാത്മിക ജീവിത പ്രതിസന്ധികളിൽ എനിക്ക് ധൈര്യവും പ്രത്യാശയും തരുന്നു. സമ്പൂർണ സമർപ്പണത്തിലൂടെ എന്നെയും എനിക്കുള്ള സർവതും, ആത്മീയ യോഗ്യതകൾ ഉൾപ്പെടെ മറിയത്തിന്റെ ഭരണത്തിൻ കീഴിലാക്കാൻ എന്നെ അനുഗ്രഹിക്കണമേ. എന്നെപ്പറ്റിയുള്ള ദൈവഹിതം എന്നെക്കാൾ നന്നായി അറിയാവുന്ന പരിശുദ്ധ അമ്മയുടെ സ്നേഹസമന്വിത അധികാരത്തിൻ കീഴിൽ പരിപൂർണതയുടെ വഴിയിൽ എന്നെ നടത്തണമേ, ആമേൻ.


    സത്കൃത്യം

    തീരുമാനങ്ങൾ എടുക്കുമ്പോൾ പരിശുദ്ധ മറിയത്തിന്റെ സഹായവും ആലോചനയും ചോദിക്കുക.

    ++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

    https://www.youtube.com/watch?v=18lYt-cUVTU&list=PL3uhR8KUVQTxrd02-lFANST3UYzhj5ARI&index=25

    ശാലോം ടി വി യിൽ ബഹുമാനപ്പെട്ട വട്ടായിലച്ചൻ നയിച്ച വിമലഹൃദയ പ്രതിഷ്ഠ അച്ഛന്റെ പ്രേത്യേക അനുവാദത്തോടെ ഇവിടെ നൽകുന്നു. സാധിക്കുന്ന എല്ലാവരും സമയം കണ്ടെത്തി ഈ അനുഗ്രഹപ്രദമായ ശുശ്രൂഷയിൽ പങ്കുകൊള്ളുക .

    ++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

    DAY 1 പ്രതിഷ്ഠാ ഒരുക്കം DAY17 പ്രതിഷ്ഠ ഒരുക്കം

    DAY 2 പ്രതിഷ്ഠാ ഒരുക്കം DAY18 പ്രതിഷ്ഠ ഒരുക്കം

    DAY 3 പ്രതിഷ്ഠാ ഒരുക്കം DAY 19 പ്രതിഷ്ഠ ഒരുക്കം

    DAY 4 പ്രതിഷ്ഠാ ഒരുക്കം DAY 20 പ്രതിഷ്ഠ ഒരുക്കം

    DAY 5 പ്രതിഷ്ഠാ ഒരുക്കം DAY 21 പ്രതിഷ്ഠ ഒരുക്കം

    DAY 6 പ്രതിഷ്ഠാ ഒരുക്കം DAY 22 പ്രതിഷ്ഠ ഒരുക്കം

    DAY 7 പ്രതിഷ്ഠാ ഒരുക്കം DAY 23 പ്രതിഷ്ഠ ഒരുക്കം

    DAY 8 പ്രതിഷ്ഠാ ഒരുക്കം DAY 24 പ്രതിഷ്ഠ ഒരുക്കം

    DAY 9 പ്രതിഷ്ഠാ ഒരുക്കം

    DAY 10 പ്രതിഷ്ഠാ ഒരുക്കം

    DAY 11 പ്രതിഷ്ഠാ ഒരുക്കം

    DAY 12 പ്രതിഷ്ഠ ഒരുക്കം

    DAY 13 പ്രതിഷ്ഠ ഒരുക്കം

    DAY 14 പ്രതിഷ്ഠ ഒരുക്കം

    DAY 15 പ്രതിഷ്ഠ ഒരുക്കം

    DAY16 പ്രതിഷ്ഠ ഒരുക്കം

    MARIAN MINISTRY & THE CONFRATERNITY OF THE MOST HOLY ROSARY

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!