ക്രൈസ്തവരുടെ ജീവിതത്തില്‍ നോമ്പിനും പരിത്യാഗപ്രവൃത്തികള്‍ക്കും ഏറെ പ്രാധാന്യമുണ്ട്. ഇരുപത്തിയഞ്ച് നോമ്പ്, അമ്പതു നോമ്പ് തുടങ്ങിയവയാണ് നമുക്ക് ഏറെ പരിചിതമായ നോമ്പുകള്‍.
എന്നാല്‍ വേറെയും ചില നോമ്പുകള്‍ സഭയില്‍ ആചരിക്കാറുണ്ട്. മരിയഭക്തിയുമായി ബന്ധപ്പെട്ടവയാണ് അത്തരം നോമ്പുകള്‍. മരിയഭക്തരുടെ ജീവിതത്തിലാണ് ഇത്തരം നോമ്പുകള്‍ക്ക് വളരെയധികം സ്ഥാനമുള്ളത്. മാതാവിനോടുള്ള വണക്കവും സ്‌നേഹവും പ്രകടിപ്പിക്കാനായിട്ടാണ് അവര്‍ ഈ നോമ്പു നോക്കുന്നത്. മൂന്നു നോമ്പും പതിനഞ്ച് നോമ്പും അതില്‍ പ്രധാനപ്പെട്ടവയാണ്. മാതാവിന്റെ സ്വര്‍ഗ്ഗാരോപണവുമായി ബന്ധപ്പെട്ടാണ് പതിനഞ്ച് നോമ്പ് ആചരിക്കുന്നത്.
ഓഗസ്റ്റ് ഒന്നുമുതല്‍ 15 വരെയാണ് ഈ നോമ്പാചരിക്കേണ്ടത്. നാളെ ഓഗസ്റ്റ് ഒന്നാണല്ലോ. ഈ ദിവസം മുതല്‍ നമുക്ക് പരിശുദ്ധ അമ്മയോടുളള ഭക്തിയും സ്‌നേഹവും പ്രകടിപ്പിക്കാനായി പതിനഞ്ച് ദിവസത്തെ നോമ്പ് ആചരിക്കുന്നത് വളരെ നല്ലതായിരിക്കും. മാതാവിന്റെ മാധ്യസ്ഥ ഇടപെടലുകള്‍ക്കായി പ്രത്യേക നിയോഗങ്ങളും സമര്‍പ്പിക്കാം. ദൈവമാതാവിന്റെ വാങ്ങിപ്പുതിരുനാള്‍ എന്നുകൂടി സ്വര്‍ഗ്ഗാരോപണ തിരുനാളിന് മറ്റൊരു പേരുണ്ട്. മറിയത്തിന്റെ മരണത്തെ ഓര്‍മ്മിപ്പി്കകുന്ന നോമ്പാണ് ഓഗസ്റ്റ് ഒന്നുമുതല്‍ 15 വരെ ആചരിക്കുന്നത്.
സെപ്തംബര്‍ ഒന്നുമുതല്‍ എട്ടുവരെയുള്ള എട്ടുനോമ്പ് മാതാവിന്‌റെ ജനനത്തെയാണ് അനുസ്മരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിലും വളരെയധികംപ്രതിസന്ധികള്‍ നാം പലവിധത്തില്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിലും നമുക്കെല്ലാവര്‍ക്കും പതിനഞ്ച് നോമ്പിന് ഏറെ പ്രാധാന്യം കൊടുക്കാം.
മറിയത്തെ പോലെ എളിമ നിറഞ്ഞവരായും ദൈവകൃപയിലാശ്രയിച്ചും ജീവിക്കാന്‍ ഈ ദിവസങ്ങള്‍ നമുക്ക് കൂടുതലായി പ്രയോജനപ്പെടുത്തുകയും ചെയ്യാം.