‘
ലോകപ്രശസ്ത മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ഫാത്തിമായില്‍ ഈ മാസത്തിന്റെ തുടക്കത്തിലെ ഞായറാഴ്ച ഫാ. പിയര്‍ലൂജി സഹോദരനായ വൈദികനൊപ്പം എത്തിയത് പരിശുദ്ധ അമ്മയോട് നന്ദി പറഞ്ഞു പ്രാര്‍ത്ഥിക്കാനായിരുന്നു. ഭീകരരുടെ തടവില്‍ നിന്ന് രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോചിതനായതിന്റെ നന്ദി പ്രകാശനമായിരുന്നു അതിന്റെ ലക്ഷ്യം.
മാതാവിന്റെ അത്ഭുതകരമായ മാധ്യസ്ഥശക്തിയാണ് തന്റെ മോചനത്തിന് വഴിതെളിച്ചതെന്ന് അദ്ദേഹം വിശ്വസിക്കുന്നു,2018 ഒക്ടോബര്‍ അഞ്ചിനാണ് ഫാ. പിയര്‍ലൂജിയെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ബുര്‍ക്കിനോഫാസോയില്‍ വച്ചായിരുന്നു ആ സംഭവം. കൈകള്‍കൂട്ടിക്കെട്ടി മരത്തോട് ചേര്‍ത്ത് ബന്ധിച്ച ആ നിമിഷം താന്‍ ഉറക്കെ നിലവിളിച്ചുവെന്നാണ് എയ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്. എന്റെ ദൈവമേ എന്റെ ദൈവമേ നീയെന്തിന് എന്നെ ഉപേക്ഷിച്ചുവെന്നായിരുന്നു ഞാന്‍ അന്ന് വിലപിച്ചത്. ഭീകരവാദികള്‍ എല്ലാം കൃത്യമായി ആസൂത്രണം ചെയ്തിരുന്നു. കാറില്‍ സഹാറ മരുഭൂമിയുടെ ഏരിയായിലേക്കാണ് അവരെന്നെ ആദ്യം കൊണ്ടുപോയത്. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അവര്‍ മറ്റൊരു സ്ഥത്തേക്ക് എന്നെ മാറ്റി. ഒക്ടോബര്‍ 28 ന് അച്ചന്റേതായി ആദ്യവീഡിയോ പുറത്തിറക്കി.
തടങ്കലില്‍ കഴിഞ്ഞ അവസരത്തിലെല്ലാം പ്രാര്‍ത്ഥന മാത്രമായിരുന്നു തന്റെ ശക്തി. എല്ലാ ദിവസവും ഞാന്‍ മാതാവിനോട് പ്രാര്‍ത്ഥിച്ചു. കുരുക്കുകളഴിക്കുന്ന മാതാവിനോടായിരുന്നു എന്റെ പ്രാര്‍ത്ഥന. തുണിക്കഷ്ണം കൊണ്ട് ഞാനൊരു കൊന്തയുണ്ടാക്കി. എന്റെ മോചനത്തിന് വേണ്ടി, എന്റെ കുടുംബത്തിന് വേണ്ടി, എന്റെ കമ്മ്യൂണിറ്റിക്കുവേണ്ടി, ലോകസമാധാനത്തിന് വേണ്ടി.. അതിന് വേണ്ടിയായിരുന്നു ഞാന്‍ പ്രാര്‍ത്ഥിച്ചത്. ജപമാല തുടര്‍ച്ചയായി ഞാന്‍ ചൊല്ലി പ്രാര്‍ത്ഥിച്ചിരുന്നു.
ഓരോ ദിവസവും അതെന്നെ ശക്തിപ്പെടുത്തി. ജീവിതത്തിലെ ദുഷ്‌ക്കരമായ ആ നിമിഷങ്ങളില്‍ മാതാവും പരിശുദ്ധാത്മാവുമാണ് എന്നെ ശക്തിപ്പെടുത്തിയത്. ഫാത്തിമാ മാതാവിനോടാണ് ഞാന്‍ എന്റെ മോചനത്തിന് വേണ്ടി ഏറ്റവും അധികം കടപ്പെട്ടിരിക്കുന്നത്. ജപമാലരാജ്ഞിയുടെ തിരുനാള്‍ദിനത്തിലാണ് ഞാന്‍ മോചിതനായത്. 2020 ഒക്ടോബ.റില്. എനിക്കുവേണ്ടി അനേകര്‍ പ്രാര്‍ത്ഥിച്ചിരുന്നുവെന്ന് എനിക്കറിയാം. പ്രാര്‍ത്ഥനയുടെ ഒരു പുഴ എനിക്കായി ഒഴുകുന്നുണ്ടായിരുന്നു. അതാണ് എന്റെ മോചനം സാധ്യമാക്കിയത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു.
കൊളംബിയായിലെ സിസ്റ്റര്‍ ഗ്ലോറിയ ആര്‍ഗോറ്റിയുടെ മോചനത്തിന് വേണ്ടി എല്ലാവരും പ്രാര്‍ത്ഥന തുടരണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജിഹാദികളുടെ തടവില്‍ നാലുവര്‍ഷമായി കഴിയുകയാണ് സിസ്റ്റര്‍ ഗ്ലോറിയ. സ്ത്രീയാണ്, ഒറ്റയ്ക്കാണ്, എന്നെക്കാള്‍ കൂടുതല്‍ വര്‍ഷമായി തടവിലാണ്. അതുകൊണ്ടു എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ കൂടുതലായി സിസ്റ്ററിന് ആവശ്യമുണ്ട്. അച്ചന്‍ ഓര്‍മ്മിപ്പി്ക്കുന്നു.