ദുഷ്ടന്‍ പന പോലെ തഴയ്ക്കും. പലപ്പോഴും പലരും പറഞ്ഞുകേള്‍ക്കുന്ന ഒരു വാക്യമാണ് ഇത്. വിശുദ്ധഗ്രന്ഥത്തില്‍ അങ്ങനെ പറയുന്നുണ്ട് എന്നാണ് ഇതു കേള്‍ക്കുമ്പോള്‍ പലരുടെയും ധാരണ. എന്നാല്‍ വിശുദ്ധ ഗ്രന്ഥത്തില്‍ ഒരിടത്തും അങ്ങനെ പറയുന്നില്ല എന്നതാണ് വാസ്തവം. പകരമായി വിശുദ്ധ ഗ്രന്ഥത്തില്‍ എന്താണ് പറയുന്നതെന്ന് അറിയുകയാണ് വേണ്ടത്.
സങ്കീര്‍ത്തനം 92:12 ല്‍ പറയുന്നത് ഇപ്രകാരമാണ്.
നീതിമാന്‍മാര്‍ പന പോലെ തഴയ്ക്കും. ലബനോനിലെ ദേവദാരു പോലെ വളരും.
സമാനമായ ആശയം വരുന്ന മറ്റൊരു ബൈബിള്‍ ഭാഗമാണ് സുഭാഷിതങ്ങള്‍ 11:28 നീതിമാന്‍ പച്ചിലപോലെ തഴയ്ക്കും എന്നാണ് ഇവിടെ പറയുന്നത്.
വിശുദ്ധഗ്രന്ഥം ഇങ്ങനെയാണ് രേഖപ്പെടുത്തിയതെന്നിരിക്കെ ഇതില്‍ നിന്ന് വ്യത്യസ്തമായി ദുഷ്ടന്‍ പന പോലെ തഴയ്ക്കും എന്ന് പ്രചരിപ്പിക്കുന്നത് സാത്താന്റെ കെണിയാണെന്ന് വേണം നാം മനസ്സിലാക്കേണ്ടത്.
ലൗകികമായ സമൃദ്ധിക്കുവേണ്ടി ഇത്തിരിയൊക്കെ ദുഷ്ടത ചെയ്താലും കുഴപ്പമില്ല എന്നൊരു തോന്നല്‍ ഇത് കേള്‍ക്കുന്നവരില്‍ ഉണ്ടാക്കുകയും ചെയ്യും. ദൈവവചനത്തോട് എന്തെങ്കിലും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാന്‍ പാടില്ല.
എന്നിട്ടും പല വചനങ്ങളും നാം ഇഷ്ടം പോലെ വ്യാഖ്യാനിക്കുകയും ഉദ്ധരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഇനിയെങ്കിലും ദുഷ്ടന്‍ പനപോലെ തഴയ്ക്കും എന്ന് നമുക്ക് പറയാതിരിക്കാം.