തീരുമാനമെടുക്കാന്‍ കഴിയാതെ വിഷമിക്കുന്നവരുടെ എണ്ണം പെരുകിക്കൊണ്ടാണിരിക്കുന്നത്. ഇപ്പോള്‍ തീരുമാനമെടുക്കാനായി ധ്യാനഗുരുക്കന്മാരെ സമീപിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചുകൊണ്ടാണിരിക്കുന്നത്. നാട്ടില്‍ ജോലി ചെയ്യണോ വിദേശത്ത് ജോലി ചെയ്യണോ, അല്ലെങ്കില്‍ ഇങ്ങനെയൊരു പ്രശ്‌നമുണ്ട് ഞാന്‍ എന്താണ് ചെയ്യേണ്ടത്.. ഫോണ്‍ വിളിച്ചും നേരിട്ടും വരുന്നവരെല്ലാം മുന്നോട്ടുവയ്ക്കുന്ന ചോദ്യവും പ്രശ്‌നവുമാണ് ഇവയെല്ലാം.
എന്റെ ധ്യാനശുശ്രൂഷയുടെ ആരംഭത്തില്‍ ഇങ്ങനെ സമീപിക്കുന്നവര്‍ക്കെല്ലാം ഞാന്‍ തന്നെ പ്രാര്‍ത്ഥിച്ച് ദൈവഹിതം വെളിപ്പെടുത്തിക്കൊടുക്കുമായിരുന്നു. എന്നാല്‍ കൂടുതലായി ദൈവവചനം പഠിക്കാനും ധ്യാനിക്കാനും തുടങ്ങിയപ്പോള്‍ എനിക്ക് ഒരു കാര്യം മനസ്സിലായി അങ്ങനെ ചെയ്യുന്നത് ശരിയല്ലെന്ന്.
എത്ര അഭിഷേകമുള്ള വ്യക്തികളാണെങ്കിലും ഗിഫ്റ്റഡായ വ്യക്തികളാണെങ്കിലും പ്രാര്‍ത്ഥിച്ചിട്ടു പറയുന്ന എല്ലാ കാര്യങ്ങളും അതേപടി ശരിയാകണം എന്നില്ല. 100 കാര്യം പറയുമ്പോള്‍ 99 എണ്ണം ശരിയായാലും ഒരെണ്ണം തെറ്റിപ്പോകാം. മനുഷ്യരെ പിന്തുടരുമ്പോള്‍ ഒരു കെണിയുണ്ട്. ദേശസഞ്ചാരം കൂടിയപ്പോള്‍ ഞാന്‍ കണ്ടുമുട്ടിയ ചില വ്യക്തികള്‍ ഇത്തരം കെണികളില്‍ പെട്ടുപോയവരായിരുന്നു.
അവര്‍ ഗിഫ്റ്റഡായ വ്യക്തികളില്‍ നിന്ന് ഉപദേശം സ്വീകരിച്ച് അപ്പാടെ തകര്‍ന്നുപോയവരാണ്. ഇക്കാലത്ത് ദൈവം എനിക്ക് നല്കിയ ബോധ്യമാണ് ഇത്. മറ്റൊരു വ്യക്തിയുടെ ഉപദേശത്തെ 100ശതമാനം കണക്കിലെടുത്ത് ആരും സ്വന്തം ജീവിതത്തെ ക്രമപ്പെടുത്തരുത്.
ഓരോരുത്തരും നടക്കേണ്ട വഴി മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കും എന്നല്ല അവനവന് പറഞ്ഞുതരുമെന്നാണ് വിശുദ്ധ ഗ്രന്ഥം പറയുന്നത്. അനേകം ദൈവമക്കള്‍ക്ക് അപകടം പറ്റുന്ന ഒരു ഏരിയ ആണിത്. തീരുമാനമെടുക്കാന്‍ കഴിയാത്ത അവസരങ്ങളില്‍ പ്രഗത്ഭരായ മറ്റ് വ്യക്തികളെ സമീപിക്കും. അയാള്‍ക്ക് മാനുഷികമായ തെറ്റുകള്‍ സംഭവിക്കാം.
അതുകൊണ്ട് ഇപ്പോള്‍ ആരെങ്കിലും എന്നോട് ഇതേ ആവശ്യവുമായി സമീപിച്ചാല്‍ ഞാന്‍ അവരോട് ഒരു തീരുമാനം പറയില്ല. പകരം ഇങ്ങനെയാണ് പറയുന്നത്.
വഴി പറഞ്ഞുതരാമോ തീരുമാനമെടുക്കാന്‍ അറിയില്ല എന്നൊക്കെ പറഞ്ഞുവരുന്നവരോട് ഞാന്‍ പറയുന്നത് ഇങ്ങനെയാണ്. സഹോദരാ, സഹോദരീ എന്നോട് സംസാരിക്കുന്ന അതേ പരിശുദ്ധാത്മാവ് തന്നെയാണ് താങ്കളോടും സംസാരിക്കുന്നത്. എന്റെ അപ്പനായ പിതാവായ ദൈവം തന്നെയാണ് താങ്കളുടെയും അപ്പന്‍. ദൈവത്തിന് പക്ഷപാതമില്ല. അതുകൊണ്ട് ദിവ്യകാരുണ്യം എഴുന്നെള്ളിച്ചുവച്ചിരിക്കുന്ന ഏതെങ്കിലും ഒരു സ്ഥലത്ത് പോയി മൂന്നുനാലു മണിക്കൂര്‍ പ്രാര്‍ത്ഥിച്ചതിന് ശേഷം ദൈവത്തോട് തീരുമാനം ചോദിക്കുക. എന്താണ് ചെയ്യേണ്ടതെന്ന്.. അപ്പോള്‍ ദൈവം ഉത്തരം നല്കും.
കഴിഞ്ഞദിവസം എന്നോട് ഒരു വ്യക്തിപരമായ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സഹായം ചോദിച്ചുവന്ന വ്യക്തിയോട് ഞാന്‍ പറഞ്ഞതും ഇതുതന്നെയാണ്. ഇനി ചേട്ടനോട് പരിശുദ്ധാത്മാവ് സംസാരിക്കുന്നില്ല എങ്കില്‍ വൈകുന്നേരം എന്നെ വിളിച്ചോ ഞാന്‍ പ്രാര്‍ത്ഥി്ച്ചിട്ട് ഉത്തരം പറയാം. പക്ഷേ ആ വ്യക്തി എന്നെ തിരികെ വിളിച്ചില്ല. അതുകൊണ്ട് ഞാന്‍ വിചാരിക്കുന്നത് ആ വ്യക്തിക്ക് പരിശുദ്ധാത്മാവ് മറുപടി നല്കിയെന്നാണ്.
എത്രകാലം നമ്മള്‍ ധ്യാനകേന്ദ്രങ്ങളിലെ അടിമകളായി കഴിയും? എത്രകാലം നമ്മള്‍ മറ്റുള്ളവര്‍ തെളിക്കുന്ന വെളിച്ചത്തിന്റെ പിന്നാലെ പോകും? എത്രകാലം നമ്മള്‍ മറ്റുള്ളവരെ ആശ്രയിച്ചുജീവിക്കും?
നിന്റെ ഉള്ളിലുള്ളവന്‍ മറ്റെന്തിനെക്കാളും വലുതാണ്. ദൈവത്തെ കേള്‍ക്കാന്‍ തയ്യാറാണോ എങ്കില്‍ നിങ്ങള്‍ നടക്കേണ്ട വഴി കര്‍ത്താവ് കാണിച്ചുതരും. ഏതെങ്കിലും ഒരു വൈദികനോ കന്യാസ്ത്രീയോ പറഞ്ഞുതരുന്നതിന് അനുസരിച്ച് ജീവി്ക്കാതെ സ്വയം ദൈവത്തോട് സംസാരിച്ചു തീരുമാനമെടുക്കുക. സ്വന്തം ചങ്കില്‍ കര്‍ത്താവിനെ അനുഭവിക്കുക. വ്യക്തിപരമായ രീതിയില്‍ ദൈവത്തെ അനുഭവിക്കുക. വ്യക്തിപരമായ ദൈവാനുഭവം സ്വന്തമാക്കുക.
വ്യക്തിപരമായ ദൈവാനുഭവം സ്വന്തമാക്കിയ ഒരാള്‍ക്കും തീരുമാനമെടുക്കാനായി ഇനിമുതല്‍ വൈദികരുടെയോ കന്യാസ്ത്രീമാരുടെയോ കൗണ്‍സിലര്‍മാരുടെയോ പുറകെ പോകേണ്ട കാര്യമില്ല. ആത്മീയ അടിമത്തത്തില്‍ നാം എത്രയോ വര്‍ഷങ്ങളായി കഴിഞ്ഞുകൂടൂന്നു! പ്രാര്‍ത്ഥനക്കാരുടെ ദൈവം തന്നെയല്ലേ നിങ്ങളുടെയും ദൈവം. നിങ്ങള്‍ ഭിക്ഷക്കാരും പ്രാര്‍ത്ഥനക്കാരന്‍ മാത്രം ദൈവദാസനുമാണോ?നിങ്ങള്‍ ദൈവത്തിന്റെ രണ്ടാംകിടമക്കളാണോ. ജാരസന്തതികളാണോ..ഒരു വൈദികനിലൂടെ പ്രസരിക്കുന്ന ദൈവസ്‌നേഹം തന്നെയല്ലേ നിങ്ങളിലൂടെയും പ്രസരിക്കുന്നത്?
ദൈവം ഓരോരുത്തരിലൂടെയും സംസാരിക്കും. അതുകൊണ്ട് നമ്മള്‍ എന്തിനാണ് മറ്റുളളവരുടെ അടിമത്തങ്ങളില്‍ കഴിയുന്നത്?