Tuesday, December 3, 2024
spot_img
More

    തിരുഹൃദയത്തോടുള്ള വണക്കമാസം -ഒന്‍പതാം ദിവസം- മരിയന്‍ പത്രത്തില്‍

    അനന്തശക്തനായ ദൈവത്തിനു ഉത്ഭവ പാപത്തിന്‍റെയും കര്‍മ്മപാപത്തിന്‍റെയും മുറിവുകളുള്ള എല്ലാ മനുഷ്യരേയും അത്ഭുതകരമായി സുഖപ്പെടുത്താന്‍ സാധിക്കുമായിരുന്നു. അവിടുത്തെ ദൈവിക ശക്തിക്കു കീഴ്പ്പെടാത്ത ഒരു കാര്യവുമില്ല. എന്നാല്‍ മനുഷ്യരുടെ നേരെയുള്ള സ്നേഹാധിക്യത്താല്‍ നമുക്കുവേണ്ടി വേദനകള്‍ സഹിക്കാനും മരിക്കാനും സന്നദ്ധനായ ദിവ്യനാഥന്‍ ദൈവസ്വഭാവത്തില്‍ ഇവയെല്ലാം സാദ്ധ്യമല്ല എന്നറിഞ്ഞു മനുഷ്യസ്വഭാവം സ്വീകരിക്കുകയും സകല അപമാനങ്ങളും സങ്കടങ്ങളും അനുഭവിച്ചു വേദനാനിര്‍ഭരമായ കുരിശുമരണം സഹിക്കയും ചെയ്തു.

    പാപവും കാപട്യവും നിറഞ്ഞ മനുഷ്യര്‍ അവരുടെ ജീവിതകാലത്തില്‍ സഹിച്ചിട്ടുള്ളതും ഭാവിയില്‍ സഹിപ്പാന്‍ സാദ്ധ്യതയുള്ളതുമായ എല്ലാ ദുഃഖദുരിതങ്ങള്‍ ചേര്‍ത്തുവച്ചാലും ഈശോ അനുഭവിച്ച കഠോരപീഡകള്‍ക്കു തുല്യമാവുകയില്ല. അത്രയ്ക്കുണ്ട് അവ തമ്മിലുള്ള അന്തരം. നാം ദാരിദ്ര്യത്തില്‍ വലയുന്നുവെങ്കില്‍ സര്‍വ്വലോകത്തിന്‍റെയും സ്രഷ്ടാവും പാലകനുമായ ഈശോ കഠിന ദാരിദ്ര്യം അനുഭവിച്ചുവെന്നു ചിന്തിക്കുക.

    നാം അപമാനഭാരം കൊണ്ട് ക്ലേശിതരാണെങ്കില്‍, സ്വര്‍ഗ്ഗവാസികളുടെയെല്ലാം ആരാധനാ സ്തോത്രങ്ങള്‍ക്ക് അര്‍ഹനായ മിശിഹാ തീര്‍ത്തും നിസ്സാരരായ നമ്മേക്കാള്‍ അപമാനിതനായി എന്നു ധ്യാനിക്കുക. നാം രോഗത്താലും ശാരീരിക പീഡകളാലും കഷ്ടപ്പെടുന്നുവെങ്കില്‍ പാപമാലിന്യമേശാത്ത തിരുനാഥന്‍ അവിടുത്തെ പാവനശരീരത്തില്‍ അവര്‍ണ്ണനീയമായ പീഡനങ്ങള്‍ അനുഭവിച്ച കാര്യം സ്മരണയില്‍ കൊണ്ടുവരിക. നാം ഭയത്താലും മാനസിക വേദനകളാലും സര്‍വോപരി നിരാശയാലും ഞെരുക്കപ്പെടുന്നുവെങ്കില്‍ ക്രിസ്തുനാഥന്‍റെ ദിവ്യഹൃദയം ഗത്സേമന്‍ തോട്ടത്തില്‍ അചിന്ത്യമായ ആത്മവേദനകളും ഭയം, പരിത്യക്തത എന്നിവയും അനുഭവിച്ച കാര്യം ധ്യാനിക്കുക.

    ഇങ്ങനെ അതുല്യങ്ങളായ വേദനകള്‍ അനുഭവിച്ച ഈശോയുടെ ജീവിതക്ലേശങ്ങളെപ്പറ്റി വിചിന്തനം നടത്തുന്നുവെങ്കില്‍ നാം അനുഭവിക്കുന്ന വേദനകളെല്ലാം നിസ്സാരവും അഗണ്യവുമെന്നു കാണാവുന്നതാണ്. നമ്മുടെ കഴിഞ്ഞകാല ജീവിതപ്രവര്‍ത്തനങ്ങളെപ്പറ്റി ശരിയായി പരിശോധിക്കുകയാണെങ്കില്‍ നാം അനുഭവിക്കുന്ന ക്ലേശങ്ങളെല്ലാം നമ്മുടെ പാപങ്ങളുടെ പരിഹാരത്തിനു മതിയാവുകയില്ലെന്നു ബോദ്ധ്യപ്പെടുന്നതാണ്. നിത്യനിര്‍മ്മലനായ മിശിഹായുടെ ദിവ്യഹൃദയം അനുഭവിക്കുന്നവയാകട്ടെ. നമ്മുടെ ആത്മരക്ഷയിലുള്ള അവിടുത്തെ താല്പര്യത്തെപ്രതിയും സ്നേഹത്തെപ്രതിയും ആണെന്നു കാണാവുന്നതാണ്. നമ്മുടെ സംശയങ്ങളിലും ദുഃഖങ്ങളിലും ധൈര്യവും പ്രതീക്ഷയും നല്‍കി നമ്മെ അവിടുത്തെ സമീപത്തേയ്ക്ക് അനുസ്യൂതം ക്ഷണിച്ചു കൊണ്ടിരുന്നു. എന്‍റെ ആത്മാവേ! പ്രലോഭനങ്ങള്‍ ഒന്നുകൊണ്ടും ക്ഷോഭിക്കാതെ ഈ ദിവ്യഹൃദയസ്നേഹത്തില്‍ സ്ഥിരമായി നിന്നുകൊള്ളണമെന്ന് പ്രതിജ്ഞ ചെയ്യുക.

    ജപം

    കരകാണാത്ത കരുണാസമുദ്രമായ ഈശോയുടെ ദിവ്യഹൃദയമേ! അങ്ങേ ഞാന്‍ ആരാധിക്കുന്നു. മനുഷ്യരുടെ നേരെ അങ്ങേയ്ക്കുള്ള സ്നേഹം അനന്തമെന്നും എല്ലാ ജനങ്ങളുടെമേലും അങ്ങേ അനുഗ്രഹമഴ അനുസ്യൂതം വര്‍ഷിച്ചു കൊണ്ടിരിക്കുന്നു എന്നും അറിയുന്നതിനാല്‍ ഏറ്റം ദുഃഖം നിറഞ്ഞ എന്‍റെ ഹൃദയം ആത്മീയ സന്തോഷത്താല്‍ തെളിഞ്ഞ് എന്നെയും എനിക്കുള്ള സകലരേയും വസ്തുക്കളേയും സമ്പൂര്‍ണ്ണമായി അങ്ങേയ്ക്ക് കാഴ്ച സമര്‍പ്പിക്കുന്നു. സ്നേഹനാഥാ! എന്‍റെ ഈ വിനീതബലി കാരുണ്യപൂര്‍വ്വം സ്വീകരിക്കേണമേ.

    പ്രാര്‍ത്ഥന

    കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

    3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി.

    സാധുശീലനും വിനീതഹൃദയനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ.

    ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ

    കര്‍ത്താവേ! അനുഗ്രഹിക്കണമേ.

    മിശിഹായേ! അനുഗ്രഹിക്കണമേ.

    കര്‍ത്താവേ! അനുഗ്രഹിക്കണമേ.

    മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

    മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

    ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ,

    ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

    റൂഹാദക്കുദാശാ തമ്പുരാനേ,

    ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ,

    നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ,

    (ഞങ്ങളെ അനുഗ്രഹിക്കണമേ)

    കന്യക മറിയത്തിന്റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,

    ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,

    അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ,

    ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ,

    അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ,

    ദൈവ ഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ,

    ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ,

    നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ,

    നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ,

    സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ,

    സകല‍ പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ,

    സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ,

    സകല ഹൃദയങ്ങള്‍ക്കും അധിപനും കേന്ദ്രവുമായ ഈശോയുടെ തിരുഹൃദയമേ,

    ജ്ഞാനത്തിന്റെയും അറിവിന്റെയും നിധിയൊക്കെയും ഉള്‍കൊണ്ടിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,

    ദൈവത്വത്തിന്‍ പൂര്‍ണ്ണതയൊക്കെയും വസിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ,

    നിത്യപിതാവിന് പ്രസാദിച്ചിരിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ,

    ഞങ്ങള്‍ക്കെല്ലാവര്‍ക്കും സിദ്ധിച്ചിരിക്കുന്ന നന്മകളുടെ സമ്പൂര്‍ണ്ണ നിധിയായ ഈശോയുടെ തിരുഹൃദയമേ,

    നിത്യപര്‍വ്വതങ്ങളുടെ ആശയമായ ഈശോയുടെ തിരുഹൃദയമേ,

    ക്ഷമയും അധിക ദയയുമുള്ള ഈശോയുടെ തിരുഹൃദയമേ,

    അങ്ങേ കൃപ അപേക്ഷിക്കുന്ന സകലരെയും ഐശ്വര്യപ്പെടുത്തുന്ന ഈശോയുടെ തിരുഹൃദയമേ,

    ജീവന്റെയും വിശുദ്ധിയുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ,

    ഞങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരമായിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,

    നിന്ദകളാല്‍ പൂരിതമായ ഈശോയുടെ തിരുഹൃദയമേ,

    ഞങ്ങളുടെ അക്രമങ്ങള്‍ നിമിത്തം തകര്‍ന്ന ഈശോയുടെ തിരുഹൃദയമേ,

    മരണത്തോളം കീഴ് വഴങ്ങിയ ഈശോയുടെ തിരുഹൃദയമേ,

    സകല ആശ്വാസങ്ങളുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ,

    ഞങ്ങളുടെ ജീവനും ഉയിര്‍പ്പുമായ ഈശോയുടെ തിരുഹൃദയമേ,

    ഞങ്ങളുടെ സമാധാനവും അനുരജ്ഞനവുമായ ഈശോയുടെ തിരുഹൃദയമേ,

    പാപങ്ങള്‍ക്ക് പരിഹാരബലിയായ ഈശോയുടെ തിരുഹൃദയമേ,

    അങ്ങയില്‍ ആശ്രയിക്കുന്ന രക്ഷയായ ഈശോയുടെ തിരുഹൃദയമേ,

    അങ്ങില്‍ മരിക്കുന്നവരുടെ ശരണമായ ഈശോയുടെ തിരുഹൃദയമേ,

    —ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

    കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ.

    —ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

    കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

    —ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

    കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ.

    പ്രാര്‍ത്ഥിക്കാം

    സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദ് കൂദാശയുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍.

    സുകൃതജപം

    ഈശോയുടെ ദിവ്യഹൃദയമേ! പാപികളുടെ മേല്‍ കരുണയായിരിക്കണമേ.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!