ലണ്ടന്‍: ഡ്യൂട്ടിക്കിടയില്‍ കഴുത്തിലണിഞ്ഞിരിക്കുന്ന കുരിശ് മറച്ചുവയ്ക്കാന്‍ വിസമ്മതിച്ചതിന് താന്‍ പലതരത്തിലുള്ള വിവേചനങ്ങളും നേരിടേണ്ടിവരുകയും ഒടുവില്‍ ജോലി രാജിവയ്ക്കുകവരെ ചെയ്യേണ്ടിവന്നുവെന്നും ക്രിസ്ത്യന്‍ നേഴ്‌സിന്റെ വെളിപെടുത്തല്‍. ലണ്ടനില്‍ താമസക്കാരിയായ നേഴ്‌സ് പ്രാക്ടീഷനര്‍ മേരി ഓണോഹയാണ് ഇതിനെതിരെ നിയമപരമായ നടപടികള്‍ക്ക് ഒരുങ്ങുന്നത്.
ക്രോയിഡോണ്‍ ഹെല്‍ത്ത് സര്‍വീസ് ട്രസ്റ്റിനെതിരെയാണ് 61 കാരിയായ മേരി നിയമനടപടികള്‍ക്ക് ഒരുങ്ങുന്നത്. കഴിഞ്ഞ നാല്പതുവര്‍ഷമായി തന്റെ കഴുത്തില്‍ തീരെ ചെറിയൊരു കുരിശുരൂപമുണ്ടെന്നും തന്റെ ക്രിസ്തീയ വിശ്വാസത്തിന്റെ പരസ്യപ്രകടനമാണ് അതെന്നും മേരി പറയുന്നു. എന്നാല്‍ അത് മറച്ചുവയ്ക്കണമെന്ന നിര്‍ദ്ദേശം പാലിക്കാത്തതുകൊണ്ട് താന്‍ പലതരത്തിലുള്ള വിവേചനങ്ങളും നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. ക്ലിനിക്കല്‍ ഡ്യൂട്ടികളില്‍ നിന്ന് തന്നെ സസ്‌പെന്റ് ചെയ്തു. ജോലിയില്‍ തരംതാഴ്ത്തി.
എന്തിന് റിസപ്ഷനിസ്റ്റായി വരെ ജോലി ചെയ്യേണ്ടിവന്നു. എല്ലാറ്റിനും കാരണം നെക്ക്‌ലേസിലെ കുരിശു നീക്കം ചെയ്യാത്തതായിരുന്നു. 2020 ഓഗസ്റ്റ് വരെ ഇങ്ങനെ പലതരത്തിലുള്ളവിവേചനങ്ങള്‍ നേരിടേണ്ടിവന്നു. ഒടുവില്‍ രാജിവയ്ക്കുകയാണുണ്ടായത്. ക്ലിനിക്കല്‍ സ്റ്റാഫായ മറ്റുള്ളവര്‍ക്ക് വേഷവിധാനങ്ങളിലോ മതപരമായ ആഭരണങ്ങള്‍ ധരിക്കുന്നതിലോ നിയന്ത്രണമുണ്ടായിരുന്നില്ല. കുരിശിന്റെ കാര്യത്തില്‍ മാത്രമാണ് തനിക്ക് നിയന്ത്രണം വന്നത്. മേരി തുടരുന്നു
ഇത് എന്റെ വിശ്വാസത്തിന് നേരെയുള്ള ആക്രമണമാണ്.കുരിശ് എന്ന് പറയുന്നത് എന്റെ വിശ്വാസത്തിന്റെ ഭാഗമാണ്. അതാരെയും മുറിപ്പെടുത്തുന്നില്ല, ആശുപത്രിയിലെ തന്നെ മറ്റ് സ്റ്റാഫുകള്‍ നാലുതവണയെങ്കിലും ദിവസത്തില്‍ മോസ്‌ക്കില്‍ പോകുന്നുണ്ട്. അതുപോലെ മുസ്ലീമുകള്‍ ഹിജാബു ധരിക്കുന്നുണ്ട്. ഹിന്ദുക്കള്‍ ചുവന്ന ചരട് കൈയില്‍ കെട്ടുന്നുണ്ട്. അതൊന്നും പ്രശ്‌നമാകുന്നില്ല. എന്നാല്‍ എന്റെ നെക്ക്‌ലെസിലെ തീരെ ചെറിയൊരു കുരിശുമാത്രം എങ്ങനെയാണ് പ്രശ്‌നമായി മാറുന്നത്.? മേരി ചോദിക്കുന്നു.