തലച്ചോറിന് തകരാറ് സംഭവിച്ച മകള്‍ കാന്‍ഡെല്ലയുടെ കാര്യത്തില്‍ വൈദ്യശാസ്ത്രത്തിന് ഇനി പ്രത്യേകമായി ഒന്നും ചെയ്യാനില്ലെന്ന ഡോക്ടര്‍മാരുടെ അറിയിപ്പ് കേട്ട് മനം തകര്‍ന്നാണ് റോക്സന സോസ ആശുപത്രിക്ക് സമീപത്തെ ദേവാലയത്തിലേക്ക് പോയത്. 2011 ലായിരുന്നു ആ സംഭവം. 2011 മാര്‍ച്ചിലായിരുന്നു തുടക്കം.
11 കാരിയായ കാന്ഡെല്ലയ്ക്ക ശ്വാസതടസവും അപസ്മാര ലക്ഷണങ്ങളും കണ്ടതിനെ തുടര്‍ന്നായിരുന്നു പീഡിയാട്രിക് ഹോസ്പിറ്റലിലെത്തിച്ചത്. അവിടെയെത്തിയപ്പോഴേക്കും കോമാ സ്റ്റേജിലെത്തിയിരുന്നു. പിന്നീട് 300 മൈല്‍ അകലെയുള്ള ബ്യൂണെസ് അഴേയ്സിലെ ഫാവലോറ ഫൗണ്ടേഷന് ഹോസ്പിറ്റലില്‍ ആംബുലന്‍സില്‍ എത്തിക്കുകയായിരുന്നു. അവിടെയെത്തിയപ്പോഴും സ്ഥിതിഗതികള്‍ ഒട്ടും ഭേദപ്പെട്ടില്ല. ഒന്നും ചെയ്യാനില്ലെന്ന് തന്നെയായിരുന്നു ഡോക്ടേഴ്സിന്റെ നിഗമനം.
വീട്ടിലേക്ക് കൊണ്ടുപോയിക്കൊള്ളാനും അവര്‍ പറഞ്ഞു. വീട്ടില്‍ കിടന്ന് മരിക്കാമല്ലോ. ഇങ്ങനെയൊരു സാഹചര്യത്തിലാണ് അമ്മ പ്രാര്‍ത്ഥിക്കാനായി പോയതും ഫാ. ജോസ് ഡാബുസ്റ്റിയെ കണ്ടുമുട്ടിയതും ആ അമ്മയുടെ കണ്ണീരില്‍ മനമിടറിയ അദ്ദേഹം 2011 ജൂലൈ 22 ന് ആശുപത്രിയിലെത്തി കാന്‍ഡെല്ലയുടെ കിടയ്ക്കരികില്‍ നിന്ന് പ്രാര്‍ത്ഥിച്ചു. അദ്ദേഹമാണ് ദൈവദാസന് ജോണ്‍പോള്‍ ഒന്നാമനോട് രോഗസൗഖ്യത്തിനായി പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടത്. കാന്‍ഡെല്ലയുടെ രോഗം അപ്പോഴേയക്കും മൂര്‍ച്ഛിച്ചിരുന്നു.
ജോണ്‍ പോള്‍ ഒന്നാമനെക്കുറിച്ച് കാര്യമായിട്ടൊന്നും റോക്സനയ്ക്ക് അറിയില്ലായിരുന്നു. 33 ദിവസം മാത്രം മാര്‍പാപ്പയായി കഴിഞ്ഞ ഒരാള്‍. അങ്ങനെ ചിലതു മാത്രം. എന്തായാലും വൈദികന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആ അമ്മ പ്രാര്‍ത്ഥിക്കാനാരംഭിച്ചു, ദൈവദാസനായ ജോണ്‍പോള്‍ ഒന്നാമനോട്.
തൊട്ടടുത്ത ദിവസം തന്നെ വളരെ അപ്രതീക്ഷിതമായി കുട്ടിക്ക് രോഗശമനം കണ്ടുതുടങ്ങി. ശ്വാസതടസം മാറി, രണ്ടാഴ്ചയ്ക്ക് ശേഷം അപസ്മാര ലക്ഷണങ്ങളും അപ്രത്യക്ഷമായി, സെപ്തംബര്‍ അഞ്ചിന് അവള്ഡിസ്ചാര്ജ് ചെയ്യപ്പെട്ടു. കാന്‍ഡെല്ലയുടെ ആരോഗ്യസ്ഥിതിയിലുണ്ടായ അത്ഭുതകരമായ മാറ്റത്തിന് വൈദ്യശാസ്ത്രത്തിന് നല്കാന് വിശദീകരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്തായാലും വൈദികന് ഇക്കാര്യങ്ങളെല്ലാം വിശദമാക്കിക്കൊണ്ട് വത്തിക്കാനിലേക്ക് ഒരു കത്ത് അയച്ചു.
ബ്യൂണെസ് അയേഴ്സിലെ ആര്‍ച്ച് ബിഷപ് അന്ന ജോര്‍്ജ് മാരിയോ ബെര്‍ഗോളിയോ ആയിരുന്നു. അതായത് ഇപ്പോഴത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാന്‍ സംഘം ഈ രോഗസൗഖ്യത്തെക്കുറിച്ച് പഠനം ആരംഭി്ക്കുകയും അത്ഭുതമെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. 2021 ഒക്ടോബര്‍ 13 ന് ഈ അത്ഭുതത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിക്കുകയും ജോണ്‍ പോള്‍ ഒന്നാമനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാനുള്ള തീരുമാനം അറിയിക്കുകയും ചെയ്തു.
ഇന്ന് കാന്‍ഡെല്ല 21 വയസുള്ള യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയാണ്. യാതൊരു മരുന്നുകളും ഉപയോഗിക്കുന്നുമില്ല, അത്ഭുതങ്ങള്‍ സംഭവിക്കാറുണ്ട്. അത് ഇന്നും തുടരുകയും ചെയ്യുന്നു. റോക്സന പറയുന്നു.