ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ പോലീസ് സ്‌റ്റേഷനില്‍ തടഞ്ഞുവച്ച കന്യാസ്ത്രീകളെ മോചിപ്പിക്കാനെത്തിയ വൈദികനെതിരെ പോലീസ് കേസെടുത്തു. ഉര്‍സുലിന്‍ ഫ്രാന്‍സിസ്‌ക്കന്‍ സഭാംഗങ്ങളായ സിസ്റ്റര്‍ ഗ്രെയ്‌സ്, സിസ്റ്റര്‍ റോഷ്‌നി എന്നിവരെയും ഇവരുടെ സ്‌കൂള്‍ ബസ് ഡ്രൈവറെയുംഹിന്ദുയുവവാഹിനി പ്രവര്‍ത്തകര്‍ ആക്രമിക്കുകയും പിന്നീട് ് ഇവരെ ബലം പ്രയോഗിച്ച് പോലീസ് സ്‌റ്റേഷനിലെത്തിക്കുകയുമായിരുന്നു.
അത്യാസന്ന നിലയില്‍ കഴിയുന്ന പിതാവിനെ കാണാന്‍ ജാര്‍ഖണ്ഡിലേക്ക് പുറപ്പെടാനെത്തിയ സിസ്റ്റര്‍ റോഷ്‌നിയെ യാത്ര അയ്ക്കാനെത്തിയപ്പോഴാണ് ഹിന്ദുവാഹിനി സേനയുടെ ആക്രമണമുണ്ടായത്. മണിക്കൂറുകളോളം പോലീസ് കന്യാസ്ത്രീകളെ സ്‌റ്റേഷനില്‍ തടഞ്ഞുവച്ചു. ഒടുവില്‍ ഇന്‍ദാരയിലെ സെന്റ് ജോസഫ്‌സ് ഇന്റര്‍ കോളജ് പ്രിന്‍സിപ്പല്‍ ഫാ. ബര്‍ത്തലോമിസ് മിഞ്ച് എത്തിയ ശേഷമാണ് ഇവരെ വിട്ടയച്ചത്. എന്നാല്‍ തൊട്ടടുത്ത ദിവസം പോലീസ് മാധ്യമങ്ങള്‍ക്ക് നല്കിയ വാര്‍ത്ത വൈദികനെതിരെ മതപരിവര്‍ത്തനത്തിന് കേസെടുത്തു എന്നായിരുന്നു. കന്യാസ്ത്രീകളെ ആക്രമിച്ചവര്‍ക്കെതിരെ പോലീസ് ഇതുവരെയും കേസെടുത്തിട്ടില്ല. സ്‌കൂള്‍ ബസ് ഡ്രൈവര്‍ അക്രൈസ്തവനാണ്.
എന്നിട്ടും ഇയാള്‍ക്ക് ക്രൂരമായ പീഡനമേറ്റു. പ്രതികളെ അറിയാമെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞിട്ടും അവര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചിട്ടില്ല. ഇതിന് പുറമെയാണ് വൈദികനെതിരെ വ്യാജ ആരോപണം ഉന്നയിച്ചിരിക്കുന്നത്. നോര്‍ത്ത് ഇന്ത്യയില്‍ കന്യാസ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണം പതിവു സംഭവമായിരിക്കുകയാണ്.
ട്രെയിന്‍ യാത്രയ്ക്കിടയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ ആക്രമിച്ച സംഭവം ഏതാനും മാസങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.