വിശുദ്ധഗ്രന്ഥവും പരിണാമസിദ്ധാന്തവും തമ്മില്‍ ആശയപരമായി എങ്ങനെ യോജിച്ചുപോകും? കാരണം ജീവജാതികളുടെ ഉത്ഭവം പരിണാമത്തിലൂടെയാണെന്നാണ് പരിണാമസിദ്ധാന്തം പഠിപ്പിക്കുന്നത് എന്നാല്‍ വിശുദ്ധ ഗ്രന്ഥം മറ്റൊരു കാഴ്ചപ്പാടാണല്ലോ അവതരിപ്പിക്കുന്നത്? ഇതേക്കുറിച്ച് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പറഞ്ഞ വാക്കുകള്‍ ഉദ്ധരിക്കുന്നത് കാര്യങ്ങള്‍ വ്യക്തമാക്കും.
പ്രപഞ്ചത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ശാസ്ത്രീയമായ പ്രബന്ധം അവതരിപ്പിക്കുകയല്ല വിശുദ്ധ ഗ്രന്ഥം ചെയ്യുന്നത്. പ്രപഞ്ചം സൃഷ്ടിച്ചത് ദൈവമാണെന്നുള്ള സത്യവും ദൈവവും മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള ബന്ധവുമാണ് വിശുദ്ധഗ്രന്ഥം പ്രതിപാദിക്കുന്നത്. അക്കാലഘട്ടത്തിലെ പ്രപഞ്ച വിജ്ഞാനീയമനുസരിച്ചാണ് വിശുദ്ധഗ്രന്ഥകാരന്‍ ഇക്കാര്യം പഠിപ്പിക്കുന്നത്.
മനുഷ്യന്റെ ആത്മാവ് ദൈവം സൃഷ്ടിച്ചതാണെന്ന സത്യം അംഗീകരിച്ചുകൊണ്ടുള്ള പരിണാമവാദമേ സഭയ്ക്ക് അംഗീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും മനുഷ്യശരീരം പല കാലഘട്ടങ്ങളിലൂടെ പരിണാമവിധേയമായി ഉരുത്തിരിഞ്ഞതാകാം എന്നുമാണ് പന്ത്രണ്ടാം പിയൂസ് മാര്‍പാപ്പയുടെ അഭിപ്രായം. ഒരു ജോടി മാതാപിതാക്കളില്‍ നിന്നാണ് മനുഷ്യവര്‍ഗ്ഗം മുഴുവന്‍ ഉണ്ടായത് എന്ന വാദമാണ് സഭ അംഗീകരിക്കുന്നത്. പല ജോഡി മാതാപിതാക്കളില്‍ നിന്നാണ് മനുഷ്യവര്‍ഗ്ഗം ഉണ്ടായത് എന്ന വാദം സഭയ്ക്ക് സ്വീകാര്യമല്ല.
ചുരുക്കത്തില്‍ ദൈവവിശ്വാസത്തില്‍ അധിഷ്ഠിതമായ പരിണാമവാദം സഭ അംഗീകരിക്കുന്നുണ്ട്. ദൈവമില്ല എന്ന വാദിക്കുന്ന പരിണാമസിദ്ധാന്തത്തെ മാത്രമാണ് സഭ എതിര്‍ക്കുന്നത്.
( കടപ്പാട് :രക്ഷ ക്രൈസ്തവ ജീവിതത്തില്‍ ഡോ. സെബാസ്റ്റിയന്‍ ചാലയ്ക്കല്‍)