വിയന്ന:അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള 11 പേര് വിയന്ന അതിരൂപതയില്‍ നടന്ന ചടങ്ങില്‍ വച്ച് മാമ്മോദീസ സ്വീകരിക്കും. ഇവരെ കൂടാതെ ആറ് ഇറാനികളും നാല് ഓസ്ട്രിയക്കാരും മാമ്മോദീസാ സ്വീകരിക്കും. 20നും 40 നും ഇടയില്‍ പ്രായമുളള പുരുഷന്മാരാണ് മാമ്മോദീസ സ്വീകരിക്കുന്നത്.
കര്‍ദിനാള്‍ ക്രിസ്റ്റഫര്‍ ഷോണ്‍ബോണ്‍ ഇവരെ ഔദ്യോഗികമായി സ്വാഗതം ചെയ്തു. ലോകത്തിലെവിടെയും പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ക്രിസ്ത്യാനിയായിത്തീരുക എന്നത് പ്രശ്നങ്ങളെക്കാള്‍ വലുതാണ് പ്രത്യാശയെന്ന് തെളിയിക്കുന്നതായി കര്‍ദിനാള്‍ ക്രിസ്റ്റഫര്‍ പറഞ്ഞു.
മാമ്മോദീസ സ്വീകരിക്കുമെങ്കിലും അഫ്ഗാനിസ്ഥാനിലുള്ള തങ്ങളുടെ കുടുംബാംഗങ്ങളെയോര്‍ത്ത് ഇവര്‍ ഏറെ ആശങ്കാകുലരാണ്. താലിബാന് അഫ്ഗാനിസ്ഥാന് കീഴടക്കിയ ഓഗസ്റ്റോടെ, വിയന്നയിലുള്ള അഫ്ഗാനിസ്ഥാനികള് തുടര്‍ന്ന് ഇവിടെ താമസം സ്ഥിരമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്ന് ഓസ്ട്രിയയിലെത്തിയപ്പോള്‍ മുതല്ക്കാണ് ഇവരില്‍ പലരും ക്രിസ്തുമതവുമായി അടുത്തത്. വളരെ ആഴത്തിലുള്ള ക്രിസ്തീയ അനുഭവമാണ് തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നതെന്ന് അവര്‍ പറയുന്നു.
ക്രിസ്തുരാജത്വതിരുനാള്‍ ആചരിക്കുന്ന നവംബര്‍ 21 നാണ് മാമ്മോദീസാ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. നോര്‍ത്ത് കൊറിയ കഴിഞ്ഞാല്‍ ലോകത്തില്‍ ക്രൈസ്തവര്‍ക്ക് ഏറെ അപകടകരമായ രാജ്യമാണ് അഫ്ഗാനിസ്ഥാന്.