തദേവൂസ് എന്ന പേരിലാണ് ഈ വിശുദ്ധന്‍ കൂടുതലായും അറിയപ്പെടുന്നത്. ബൈബിളിലെ ഏറ്റവും ചെറിയ പുസ്തകം എഴുതിയതും ഇദ്ദേഹമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. എഡി 65 ല്‍ ലെബനോനിലെ ബെയ്‌റൂട്ടില്‍ വച്ചായിരുന്നു രക്തസാക്ഷിത്വം. മരണത്തിന്‌റെ രീതിയുടെ പ്രതീകം എന്ന നിലയിലാണ് അദ്ദേഹത്തിന്റെ കൈയില്‍ ഒരു കോടാലി ചിത്രീകരിച്ചിരിക്കുന്നത്. ശിരസിലെ അഗ്നിജ്വാലകള്‍ പെന്തക്കോസ്ത അനുഭവത്തെയും സൂചിപ്പിക്കുന്നു.
വിശുദ്ധ ഗ്രന്ഥത്തില്‍ അധികം പരാമര്‍ശിക്കപ്പെടാത്ത ഒരു അപ്പസ്‌തോലനാണ് യൂദാ. യോഹന്നാന്റെ സുവിശേഷത്തില്‍ 14:22 ലാണ് ആ സൂചന. എങ്കിലും ഇന്ന് കത്തോലിക്കാ ലോകത്തില്‍ ഏറെ പോപ്പുലറാണ് യൂദാശ്ലീഹ. പ്രത്യേകിച്ച് നിരാശാജനകമായ കാര്യങ്ങള്‍ക്കുവേണ്ടിയുള്ള മാധ്യസഥപ്രാര്‍ത്ഥനയുടെ പേരില്‍.
സഭാചരിത്രകാരനായ എവുസേബിയൂസ് ഒരു സംഭവം രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്.
ഈശോ ജീവിച്ചിരുന്ന സമയം. എദേസായിലെ ഭരണാധികാരിയായ അബ്ഗാര്‍ അഞ്ചാമന് ഗുരുതരമായ ഒരു രോഗം പിടിപ്പെട്ടു. ഈശോയുടെ അത്ഭുതങ്ങളെക്കുറിച്ച് കേട്ടറിവുണ്ടായിരുന്ന രാജാവ് ഈശോയോട് തന്നെ സന്ദര്‍ശിക്കാനും സൗഖ്യപ്പെടുത്താനും അപേക്ഷിച്ചു, തന്റെ ശിഷ്യനെ അയ്ക്കാമെന്നാണ് ഈശോപ്രതികരിച്ചത്.
പിന്നീട് ഈശോയുടെ സ്വര്‍ഗ്ഗാരോഹണത്തിന് ശേഷം യൂദാശ്ലീഹായാണ് ഏദേസായിലേക്ക് യാത്രയായത്. രാജാവിന്റെ ശരീരത്തില്‍ യൂദാശ്ലീഹാ തന്റെ കരം ചേര്‍ത്തതും രാജാവ് ഉടനടി സുഖപ്പെട്ടു. ഈ സംഭവത്തിന്റെ പേരിലാണ് നിരാശാജനകമായ കാര്യങ്ങളില്‍ യൂദാശ്ലീഹായുടെ മാധ്യസ്ഥം അപേക്ഷിച്ചുതുടങ്ങിയത്.
യാതൊരു സഹായവും ഫലസിദ്ധിയുമില്ലാതെ വരുന്ന സന്ദര്‍ഭങ്ങളില്‍ യൂദാശ്ലീഹായുടെ മാധ്യസ്ഥം യാചിച്ചു നമുക്ക് പ്രാര്‍ത്ഥിക്കാം.