വിശുദ്ധ കുര്‍ബാനയില്‍ ദിവ്യകാരുണ്യം സ്വീകരിക്കാന്‍ കഴിയുക എന്നത് എന്തൊരു ഭാഗ്യമാണ്.! ഈശോയുടെ സാന്നിധ്യം മനസ്സിലും ആത്മാവിലും ശരീരത്തിലും അനുഭവിച്ചറിയാന്‍ കഴിയുന്ന നിമിഷമാണ് അത്. എന്നാല്‍ ആ സാന്നിധ്യം ചിലപ്പോഴെങ്കിലും അധികനേരം നീണ്ടുനില്ക്കാറില്ല. ക്രിസ്തു നല്കുന്ന ആ അസുലഭ നിമിഷങ്ങള്‍ നാം ഒരിക്കലും നഷ്ടപ്പെടുത്തരുതാത്തതാണ്.
എങ്കിലും നമ്മുടെ ആഗ്രഹക്കുറവോ പ്രവൃത്തികളിലെ നന്മയില്ലായ്മയോ കാരണം ആ സാന്നിധ്യം നഷ്ടപ്പെട്ടുപോകാന്‍ സാധ്യതയേറെയാണ്. അതുകൊണ്ട് നാം ആദ്യം ചെയ്യേണ്ടത് ഈശോയേ അങ്ങയുടെ സാന്നിധ്യം എന്നെ വിട്ടുപോകരുതേയെന്ന ആഗ്രഹിക്കുകയും അതിനു വേണ്ടി പ്രാര്‍ത്ഥിക്കുകയുമാണ്. ആഗ്രഹത്തില്‍ നിന്നാണ് പ്രാര്‍ത്ഥനകള്‍ ഉടലെടുക്കുന്നത്. അതുകൊണ്ട് ദിവ്യകാരുണ്യം സ്വീകരിച്ചതിന് ശേഷം നാം ഇങ്ങനെ പ്രാര്‍ത്ഥിക്കണം.
ഈശോയേ ദിവ്യകാരുണ്യമായി എന്റെ ഹൃദയത്തിലേക്ക് വന്നവനേ അങ്ങയെ ഞാന്‍ ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നു. ദിവ്യകാരുണ്യത്തിലൂടെ ദൈവികരഹസ്യങ്ങളില്‍ പങ്കുകാരാക്കിയതിനെയോര്‍ത്ത് നന്ദി പറയുന്നു. എന്നെ ഒരിക്കലും അങ്ങ് വിട്ടുപോകരുതേ. അങ്ങയെ വിട്ടുപോകാന്‍ എന്നെ ഒരിക്കലും അനുവദിക്കുകയുമരുതേ. ദിവ്യകാരുണ്യത്തിലൂടെ ഞാന്‍ അനുഭവിച്ചറിഞ്ഞ അങ്ങയുടെ സ്‌നേഹവും സാന്നിധ്യവും എല്ലാ ദിവസവും എല്ലാ നിമിഷവും അനുഭവിക്കാന്‍ എന്നെ യോഗ്യനാക്കണമേ.