Wednesday, October 16, 2024
spot_img
More

    സന്തോഷത്തിന്‍റെ താക്കോൽ


    “സഹോദരർ ഏകമനസ്സായി ഒരുമിച്ചു വസിക്കുന്നത് എത്ര വിശിഷ്ടവും സന്തോഷപ്രദവുമാണ്” (സങ്കീർത്തനം 133: 1)



    അമേരിക്കയിലെ പ്രസിദ്ധമായ ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ ഒരു പുതിയ പഠനറിപ്പോർട്ട് ഏറെ പ്രധാനപ്പെട്ടതും ശ്രദ്ധയാകർഷിക്കുന്നതുമാണ്. ജീവിതത്തിന് യഥാർത്ഥ സന്തോഷം നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്തെന്നതായിരുന്നു പഠനവിഷയം. 1938 മുതൽ 2018 വരെ 80 വർഷമെടുത്തു നടത്തിയ ഈ പഠനത്തിൽ, സമൂഹത്തിലെ വിവിധ സാമ്പത്തിക-സാമൂഹിക-ജീവിത നിലവാരങ്ങളിൽ നിൽക്കുന്ന 724 കുട്ടികളിലും, 70 അനുബന്ധ പഠനങ്ങളിലായി 3. 4 മില്യൺ ആളുകളിലും നടത്തിയ ഗവേഷണത്തിൽ കണ്ടെത്തിയ ഫലം നാമെല്ലാവരും ജീവിതത്തിൽ എന്നും കാര്യമായി ഓർമ്മിക്കേണ്ട ഒന്നാണ്: പരസ്പരം പുലർത്തുന്ന അർത്ഥപൂർണ്ണമായ ബന്ധത്തിൻറെ ഗുണനിലവാരവും ആഴവും അടുപ്പവും (Quality, depth and closeness of relationships).

    കൈ നിറയെ പണവും വിശാലമായ വീടും ആഡംബര വാഹനങ്ങളും ബിസിനസ് സാമ്രാജ്യങ്ങളും സമൂഹത്തിലെ ഉന്നത ജീവിതനിലവാരവുമൊക്കെയാണ് ജീവിതവിജയത്തിന്റെയും യഥാർത്ഥ സന്തോഷത്തിന്റെയും അടിസ്ഥാനമെന്ന് കരുതിയെങ്കിൽ തെറ്റി. ശാസ്ത്രീയമായ ഈ പഠനത്തിൽ അപ്രതീക്ഷിതമായി കിട്ടിയ മറ്റൊരു അറിവ്, അർത്ഥപൂർണ്ണവും ആഴവുമായ ബന്ധം സൂക്ഷിക്കുന്നവർക്കു ആരോഗ്യവും ആയുസ്സും കൂടുതലായി കാണുന്നു എന്നുള്ളതാണ്. എൺപത് വർഷത്തിൻറെ സുദീർഘമായ സമയമെടുത്ത്, ഒരു മനുഷ്യന്റെ ചെറുപ്പകാലം മുതൽ മരണം വരെയുള്ള കാലത്തിൽ നടത്തിയ പഠനമെന്നതിനാലും വൈദ്യശാസ്തത്തിന്റെയും മറ്റു വിശ്വസനീയ സങ്കേതങ്ങളുടെയും പിൻബലത്തോടെ നടത്തിയ പഠനമെന്നതിനാലും ഈ ഗവേഷണത്തിന്റെ കണ്ടെത്തൽ കൂടുതൽ ആധികാരികതയുള്ളതാകുന്നു. 

    ഒരാളുടെ ജീവിത സന്തോഷമോ സന്തോഷമില്ലായ്മയോ അയാൾക്ക് മറ്റുള്ളവരുമായുള്ള ബന്ധത്തിന്റെ ആഴമോ ആഴമില്ലായ്മയോ ആശ്രയിച്ചിരിക്കുന്നു എന്നാണ് ഈ പഠനത്തിന്റെ ചുരുക്കം. ഊഷ്മളമായ ബന്ധങ്ങൾ ചുറ്റുമുള്ളവരുടെ സൂക്ഷിക്കുന്നവർ മറ്റുള്ളവരെക്കാൾ കൂടുതൽ ശാരീരിക-മാനസിക ആരോഗ്യമുള്ളവരാണെന്നും ഏകാന്തതയിൽ കഴിയുന്നവർ ജീവിതകാലം കുറഞ്ഞവരായി കാണപ്പെടുന്നെന്നും ഈ പഠനം അവകാശപ്പെടുന്നു. അതിനാൽ സമ്പത്തിനും ഉയർന്ന ജീവിത നിലവാരത്തിനും പിന്നാലെ പരക്കം പായാതെ, ചുറ്റുമുള്ളവരുമായി ആഴമുള്ള, അടുപ്പമുള്ള, ഗുണനിലവാരമുള്ള ബന്ധങ്ങൾ സ്ഥാപിക്കുന്നതിൽ ശ്രദ്ധിക്കാനും അപ്പോൾ മറ്റു നല്ല കാര്യങ്ങളെല്ലാം താനേ വന്നു ചേരുമെന്നും ഈ പഠനം ഉപദേശിക്കുന്നു. 

    ഈ പഠനത്തിന് ഇന്ന് നമ്മുടെ കുടുംബങ്ങളിലും സമൂഹത്തിലും വലിയ പ്രസക്തിയുണ്ട്. പരസ്പരമുള്ള ബന്ധങ്ങളുടെ ആഴവും തീവ്രതയും നമ്മുടെ കുടുംബങ്ങളിൽപോലും കുറഞ്ഞുവരുന്നു. ജീവിതപങ്കാളികൾ തമ്മിലും മാതാപിതാക്കളും മക്കളും തമ്മിലും അടുപ്പം കുറയുന്നു എന്നാണ് ഓരോദിവസവും കേൾക്കുന്ന സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ഈ കാലത്തിലെ തിരക്കുപിടിച്ച ജീവിതത്തിൽ പലർക്കും ഇരുപത്തിനാലു മണിക്കൂർ തികയാതെ വരുന്നു. ജോലിസ്ഥലത്തെ വീട്ടിലേക്കുകൂടി നീട്ടിപ്പിടിക്കുന്നവർക്കു, വീട്ടിലുള്ളവരെ കാണാനോ സംസാരിക്കാനോ സമയം കിട്ടാതെ വരുന്നു. ബാക്കി കാര്യങ്ങളെല്ലാം മാറ്റിവച്ചു കുടുംബങ്ങൾ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുകയും പ്രാർത്ഥിക്കുകയും, തമാശു പറഞ്ഞു പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന കാര്യങ്ങളൊക്കെ പല വീടുകളിലും ഇന്ന് അന്യമായിരിക്കുന്നു. സ്വന്തം വീട്ടിൽ തൊട്ടടുത്തുള്ളവരോട് സംസാരിക്കുന്നതിനേക്കാൾ അകലെയുള്ള കാണാത്ത സുഹൃത്തിനോട് ഫോണിൽ സംസാരിക്കാൻ ഇഷ്ടപ്പെടുന്നവർ ഇന്ന് കൂടി വരുന്നു. തീർച്ചയായും ഇതൊരു നല്ല പ്രവണതയല്ല.   

    സ്വന്തം വീട്ടിലുള്ളവരോട് പങ്കുവയ്ക്കാൻ പറ്റാതെവരുമ്പോൾ വീടിനു പുറത്തുള്ളവരിലേക്കു അന്വേഷണം നീളും. മക്കളെ കേൾക്കാനും അവരോടു കാര്യങ്ങൾ ചോദിച്ചറിയാനും താല്പര്യം കാണിക്കാത്ത മാതാപിതാക്കൾ, മക്കൾ കൈവിട്ടു പോയതിനുശേഷമേ പലപ്പോഴും അറിയൂ. പന്ത്രണ്ടാം വയസ്സിൽ ജറുസലേം ദേവാലയത്തിൽ തിരുനാളിനു പോയ ബാലനായ ഈശൊയെ കാണാതായ സംഭവം ബൈബിളിൽ നിന്ന് നമുക്ക് പരിചിതമാണല്ലോ. തിരുനാൾ കഴിഞ്ഞു തിരിച്ചു് പോരുന്നവരുടെ കൂട്ടത്തിൽ നിന്ന് ഈശോയുടെ സംസാരവും സ്വരവും കേൾക്കാതെ വന്നപ്പോഴാണ് മാതാപിതാക്കളായ യൗസേപ്പും മറിയവും ഈശോയുടെ അസാന്നിധ്യം ശ്രദ്ധിച്ചതെന്നു ബൈബിൾ പണ്ഡിതർ പറയുന്നു. നമുക്ക് പരസ്പരം പറയാനും കേൾക്കാനും സമയവും സാഹചര്യവും ഇല്ലാതെ വരുമ്പോൾ പരസ്പരം നാം നഷ്ടപ്പെടുത്തുകയാണെന്നു അറിയുന്നില്ല. 

    വീട്ടിനുള്ളിലുള്ളവർ ഉറ്റ ബന്ധുക്കളാണെങ്കിൽ വീടിനു പുറത്തു ഉറ്റ സുഹൃത്തുക്കളുണ്ടാകേണ്ടതും അത്യാവശ്യമാണ്. ഇന്ന് ഉറ്റ ബന്ധുക്കളുടെയും ഉറ്റ സുഹൃത്തുക്കളുടെയും സ്ഥാനം മൊബൈൽ ഫോണും മറ്റു ആധുനിക സുഖസൗകര്യങ്ങളും കയ്യടക്കിയിരിക്കുന്നു. ഫ്രാൻസിസ് മാർപാപ്പ ഈ അടുത്ത നാളിൽ പറഞ്ഞു: “മനുഷ്യൻ ഇന്ന് മറ്റു മനുഷ്യരോട് സംസാരിക്കുന്നതിനേക്കാൾ ഉപകാരണങ്ങളോട് സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു.  ഫോണും, ഫേസ് ബുക്കും വീഡിയോ ചാറ്റുകളും ഇന്ന് മനുഷ്യരുടെ സ്ഥാനം എടുക്കുന്നു. മനുഷ്യൻ മനുഷ്യനോടാണ് സംസാരിക്കേണ്ടത്.” നമ്മുടെ കുടുംബ ബന്ധങ്ങളിലും സുഹൃത്ബന്ധങ്ങളിലും ഔപചാരികതയുടെ പരിവേഷം കടന്നു വരാതെ സ്വാഭാവിക ബന്ധത്തിന്റെ ഇഴയടുപ്പം ഉണ്ടാകണം.

    തിരുസഭ പരി. ത്രിത്വത്തിന്റെ (ഒരു ദൈവത്തിലെ മൂന്നു ആളുകൾ: പിതാവ്, പുത്രൻ, പരിശുദ്ധാതമാവ്‌) തിരുനാൾ ഇന്ന് സഭയിൽ ആചരിക്കുന്നു. വേർതിരിച്ചു മാറ്റിനിർത്താനാവാത്തവിധം ഒന്നായിരുന്ന ത്രിത്വയ്ക രഹസ്യം പോലെ നമ്മുടെ കുടുംബ, സുഹൃത്ബന്ധങ്ങളും ഇഴയടുപ്പമുള്ളതായിരിക്കട്ടെ. ആഴവും അടുപ്പവും ഗുണവുമുള്ള ബന്ധങ്ങൾ നിലനിർത്തുന്നതുവഴി, നമ്മുടെ കുടുംബങ്ങളും സമൂഹവും വ്യക്തികളും കൂടുതൽ ആരോഗ്യവും ആയുസ്സുമുള്ളതാവട്ടെ. ത്രിത്വത്തിന്റെ സ്നേഹകൂട്ടായ്മ നമുക്ക് അനുഗ്രഹവും മാതൃകയുമാകട്ടെ. ദൈവാനുഗ്രഹം സമൃദ്ധമായി പ്രാർത്ഥിക്കുന്നു. 

    ഐശ്വര്യം നിറഞ്ഞ ഒരാഴ്ച ആശംസിക്കുന്നു. 

    സ്നേഹത്തോടെ, 

    ഫാ. ബിജു കുന്നയ്ക്കാട്ട് 

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!