ജീവിതത്തിലെ സങ്കടങ്ങളിലൂടെയും തിക്താനുഭവങ്ങളിലൂടെയും കടന്നുപോകുമ്പോള്‍ പലരും വിചാരിക്കാറുണ്ട് ദൈവം ഇനിയൊരിക്കലും തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരികയില്ലെന്ന്…അല്ലെങ്കില്‍ അവിടുന്ന് ഇനിയും ഒരുപാട് വൈകുമെന്ന്.. ദൈവം വൈകിപ്പോകുമെന്ന് സങ്കീര്‍ത്തനകാരന്‍ പോലും വിചാരിച്ചിട്ടുണ്ട്. അതുകൊണ്ടാണല്ലോ നാല്പതാം സങ്കീര്‍ത്തനത്തിന്റെ ശീര്‍ഷകം ദൈവമേ വൈകരുതേ എന്ന് നല്കിയിരിക്കുന്നത്! വളരെ ഹൃദയസ്പര്‍ശിയായ പ്രാര്‍ത്ഥനയാണ് 40 ാം സങ്കീര്‍ത്തനം. ആത്മാവിന്റെ അടിത്തട്ടില്‍നിന്നുയരുന്നതാണ് അതിലെ നിലവിളികള്‍. ജീവിതത്തില്‍ എപ്പോഴെങ്കിലുമൊക്കെ നമ്മള്‍ വിചാരിച്ചതും നമ്മള്‍ സങ്കടപ്പെട്ടതുമായ വരികള്‍ അതില്‍ കാണാന്‍ കഴിയും. അതിനാല്‍ നിരാശാജനകവും ദു:ഖപൂരിതവുമായ അവസ്ഥകളെ നേരിടേണ്ടിവരുമ്പോള്‍ അതിലെ വരികള്‍ പ്രാര്‍ത്ഥനകളാക്കുക. ദൈവത്തോട് ഉറക്കെ നിലവിളിച്ച് ആ വചനങ്ങള്‍ ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കുക. ഇതാ അതിലേക്കായി ചില ഭാഗങ്ങള്‍:
കര്‍ത്താവേ അങ്ങയുടെ കാരുണ്യം എന്നില്‍ നിന്ന് പിന്‍വലിക്കരുതേ. അവിടത്തെ സ്‌നേഹവും വിശ്വസ്തതയും എന്നെ സംരക്ഷിക്കട്ടെ. കര്‍ത്താവേ എന്നെ മോചിപ്പിക്കാന്‍ കനിവുണ്ടാകണമേ. കര്‍ത്താവേ എന്നെ സഹായിക്കാന്‍ വേഗം വരണമേ… ഞാന്‍ ദരിദ്രനും പാവപ്പെട്ടവനുമാണ്; എങ്കിലും കര്‍ത്താവിന് എന്നെപ്പറ്റി കരുതലുണ്ട്: അങ്ങ് എന്റെ സഹായകനും വിമോചകനുമാണ്. എന്റെ ദൈവമേ വൈകരുതേ.