ലണ്ടന്‍: കുറ്റകൃത്യങ്ങളുടെ ഇരകളായി മരണാസന്നരായി കഴിയുന്ന വ്യക്തികള്‍ക്ക് അന്ത്യകൂദാശ നല്കാന്‍ വൈദികരെ അനുവദിക്കണമെന്ന നിര്‍ദ്ദേശത്തെക്കുറിച്ച് ലണ്ടന്‍ പോലീസ് ചീഫും കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സും തമ്മില്‍ ധാരണയായി. ഒക്ടോബര്‍ 15 ന് ഡേവീഡ് അമീസ് കുത്തേറ്റ് മരണാസന്നനായി കിടന്നപ്പോള്‍ അദ്ദേഹത്തിന് അന്ത്യകൂദാശ നല്കാന്‍ എത്തിയ വൈദികനെ പോലീസ് തിരിച്ചയച്ചത് വിവാദമായിരുന്നു.
ഈ സാഹചര്യത്തിലാണ് ഇത്തരം കുറ്റകൃത്യങ്ങളില്‍ പെട്ട് മരണവുമായി പോരാടുന്ന വ്യക്തികള്‍ക്ക് അന്ത്യകൂദാശ നല്കാന്‍ വൈദികരുടെ ഒരു സംഘത്തെ രൂപീകരിക്കാനും അവര്‍ക്ക് തങ്ങളുടെ ശുശ്രൂഷ നിര്‍വഹിക്കാന്‍ അനുവാദം നല്കാനും കര്‍ദിനാളും പോലീസ് കമ്മീഷനര്‍ ക്രെസിഡ ഡിക്കും ധാരണയായിരിക്കുന്നത്.
ഡേവിഡിന്റെ മരണത്തെതുടര്‍ന്ന് ഷ്രുബറി ബിഷപ് മാര്‍ക്ക് ഡേവിസ് പ്രതികരിച്ചത് അന്ത്യകൂദാശയെ അവശ്യസര്‍വീസായി എല്ലാവരും തിരിച്ചറിയുകയും അതിന് അത്തരമൊരു പദവി നല്കണമെന്നുമായിരുന്നു. ക്രൈസ്തവവിശ്വാസികളെ സംബന്ധിച്ചിടത്തോളം അവരുടെ മരണസമയത്ത് അന്ത്യകൂദാശ ലഭിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതിനുള്ള സാഹചര്യം അനുവദിക്കപ്പെടണം. അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഡേവിഡ് അമീസ് കുത്തേറ്റ വിവരം അറിഞ്ഞ് ഓടിയെത്തിയ വൈദികന്‍ ജെഫ് വൂള്‍നൗഗിനെ അന്ത്യകൂദാശ നല്കാനോ അമീസിന്റെ അടുക്കലെത്തിക്കാനോ പോലീസ് അധികാരികള്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ വെളിയില്‍ നിന്ന് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ മാത്രമേ വൈദികന് സാധിച്ചുള്ളൂ.