ദൈവത്തിന്റെ ദാനമാണ് മക്കള്‍ എന്ന തിരുവചനത്തില്‍ വിശ്വസിച്ചിരുന്നതുകൊണ്ട് ഈ ലോകത്തിലെ ഏറ്റവും വലിയ സമ്പാദ്യമായി പുളിയാമ്പിള്ളി ജോഷി സെബാസ്റ്റിയന്‍ കണ്ടിരുന്നത് സന്താനങ്ങളെയായിരുന്നു. അതുകൊണ്ടാണ് 45 ാം വയസില്‍ ഏഴുമക്കളുടെ പിതാവായത്. കൊടിയദാരിദ്ര്യത്തിലും സ്വന്തമായി ഒരു ഭവനം ഇല്ലാതിരുന്നിട്ടും ജോഷി മക്കള്‍ വഴി സമ്പന്നനായ പിതാവായിരുന്നു.പക്ഷേ ആ മക്കള്‍ക്കൊപ്പം ഇനിയും ഏറെക്കാലം ജീവിച്ചിരിക്കാന്‍ ദൈവം ജോഷിക്ക് ആയുസ് നല്കിയില്ല. മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ച് കഴിഞ്ഞ ദിവസമാണ് ജോഷി ഇഹലോകത്തു നിന്ന് യാത്രയായത്.
നിരവധി വേദികളില്‍ സുവിശേഷപ്രഘോഷണം നടത്തുകയും അട്ടപ്പാടി സെഹിയോന്‍ മധ്യസ്ഥപ്രാര്‍ത്ഥനാഗ്രൂപ്പില്‍ അംഗമായിരിക്കുകയും ചെയ്ത വ്യക്തിയായിരുന്നു ജോഷി. തനിക്ക് കിട്ടുന്ന ചെറിയ വരുമാനത്തില്‍ നിന്നുപോലും കൃത്യമായി ദശാംശം നീക്കിവയ്ക്കാന്‍ ജോഷി സന്നദ്ധനുമായിരുന്നു. എത്രവലിയ സാമ്പത്തികബുദ്ധിമുട്ടുകള്‍ക്കിടയിലും ദശാശം എടുത്ത് ചെലവാക്കാന്‍ ജോഷി തയ്യാറുമല്ലായിരുന്നു.
കിഴക്കമ്പലത്ത് പലരുടെയും സഹായത്തോടെ നടന്നുകൊണ്ടിരിക്കുന്ന വീടുപണി പുരോഗമിച്ചുകൊണ്ടിരിക്കവെയായിരുന്നു മഞ്ഞപ്പിത്തം പിടികൂടിയത്. ചികിത്സ നടത്തിയെങ്കിലും അധികം വൈകാതെ കരളും കിഡ്‌നിയും പ്രവര്‍ത്തനരഹിതമായി. പിന്നെ ദൈവഹിതം പോലെ മരണത്തിന് കീഴടങ്ങുകയും ചെയ്തു.
ജോഷിയുടെ ആത്മാവിന് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. ചിറകറ്റുപോയ ആ കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും കഴിയുന്നതുപോലെ സഹായിക്കുകയും ചെയ്യാം.