സീറോ മലബാര്‍ സഭയിലെ വിശുദ്ധ കുര്‍ബാനയര്‍പ്പണരീതിയുടെ ഏകീകരണത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ചില വൈദികരുടെ പരസ്യമായ അച്ചടക്കലംഘനങ്ങള്‍ കണ്ടപ്പോള്‍ മനസ്സില്‍ ചോദിച്ച ചോദ്യമാണ് ഇത്. അനുസരണം ബലിയെക്കാള്‍ ശ്രേഷ്ഠം എന്നാണ് തിരുവചനം പഠിപ്പിക്കുന്നത്. ഈ വൈദികര്‍ ഇക്കാലയളവില്‍ വിശുദ്ധ ബലിയര്‍പ്പണ വേദികളില്‍ എത്രയോ തവണ അനുസരിക്കാന്‍ വിശ്വാസികളെ ആഹ്വാനം ചെയ്തിട്ടുണ്ടാവും! എന്നിട്ടും…
അനുസരിക്കാതെ മറുതലിച്ചുകൊണ്ട് ഈ വൈദികര്‍ അര്‍പ്പിക്കുന്ന ദിവ്യബലികളില്‍ ദൈവികസാന്നിധ്യമുണ്ടാവുമോ..ദൈവം മാത്രമാണ് ഉള്ള് അറിയുന്നത്. അതുകൊണ്ട് വിധിക്കാനാവില്ല. എങ്കിലും സംശയിച്ചുപോകുകയാണ്.
എളിമയുടെ തലത്തിലേക്ക് ഇറങ്ങിവന്നെങ്കില്‍ മാത്രമേ അനുസരിക്കാനുള്ള സന്നദ്ധതയുണ്ടാവൂ. വിശുദ്ധ കുര്‍ബാന എന്നതുതന്നെ എളിമയുടെ ബലിയാണ്. അനുസരണത്തിന്റെ കൂദാശയാണ്. അവിടെയാണ് ആരാധനക്രമങ്ങളുടെ വ്യത്യസ്തയുടെ പേരിലുള്ള ഈ അനുസരണക്കേടുകള്‍.
പൊതുജനത്തിന്റെ മുമ്പില്‍, അന്യമതവിശ്വാസികളുടെ മുമ്പില്‍ സ്വയം പരിഹാസ്യരാവുകയാണ് ത്ങ്ങളെന്ന് ഈ വൈദികര്‍ മനസ്സിലാക്കാതെ പോകുന്നതെന്തേ? കാലാകാലങ്ങളായി നമുക്കൊരു മാതൃകയുണ്ട്. ക്രിസ്തീയ മാതൃകയാണ് അത്. ക്രിസ്തുവിനെ അതേപടി അനുകരിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ലെങ്കിലും ക്രിസ്തുവിന്‌റെ മാതൃക പിന്തുടരാനുള്ള ശ്രമം നാം നടത്താറുണ്ട്. ആ ശ്രമങ്ങള്‍ പോലും വിഫലമാകുകയാണ് ഇവിടെ ചെയ്യുന്നത്.
വൈദികര്‍ മാതൃകയാകേണ്ടവരാണ്, ദുര്‍മാതൃകകളെയല്ല നമുക്കാവശ്യം. ഇടയന്‍ തെറ്റിപ്പോകുമ്പോള്‍ ആടുകളെ ചിതറിക്കാന്‍ വളരെയെളുപ്പമാണ്. ഇക്കാര്യം പോലും അവര്‍ മനസ്സിലാക്കുന്നില്ല. ആരോഗ്യപരമായ വിയോജിപ്പുകള്‍ സ്വഭാവികമാണ്. അതിനെ അകത്തുവച്ചാണ് പരിഹരിക്കേണ്ടത്. അതിന് പകരം അവയെ പരസ്യപ്പെടുത്തുമ്പോള്‍, നേതൃത്വത്തെ വെല്ലുവിളിക്കുമ്പോള്‍ ഇടര്‍ച്ചകളുണ്ടാകുന്നത് സഭാഗാത്രത്തിനാണ്. അപഹാസ്യമാകുന്നത് സഭ മുഴുവനുമാണ്.
അന്യമതസ്ഥര്‍ ക്രൈസ്തവരെ കാണുന്നത് ഒരൊറ്റ സമൂഹമായിട്ടാണ്. അങ്ങനെയൊരു കാഴ്ചപ്പാട് നിലപാടുകളിലൂടെ കാണിച്ചുകൊടുക്കാന്‍ കഴിയാതെ പോകുന്നത് എന്തൊരു കഷ്ടമാണ്. ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവരറിയുന്നില്ല എന്ന് ക്രിസ്തു പറഞ്ഞത് എത്രയോ സത്യം. ഇവരെ കണ്ടുകൊണ്ടാവുമോ രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പേ ക്രിസ്തു അങ്ങനെ പറഞ്ഞതും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചതും.
വിഘടിച്ചുനില്ക്കുന്ന വൈദികര്‍ക്ക് മാനസാന്തരം ഉണ്ടാവാന്‍ നമുക്കും പ്രാര്‍ത്ഥിക്കാം.