സഹനങ്ങള്‍ ഇല്ലാത്ത ജീവിതമുണ്ടോ..സങ്കടങ്ങളില്ലാത്ത മനുഷ്യരുണ്ടോ.. ഇല്ല എന്നുതന്നെയാണ് ഉത്തരം. പക്ഷേ പല സഹനങ്ങള്‍ക്ക് മുമ്പിലും നാം പതറിപ്പോകുകയാണ് പതിവ്. ദൈവത്തെ പഴിക്കുകയും സ്വയം ശപിക്കുകയുമാണ് നമ്മുടെ രീതി. മറ്റുളളവരെ കുറ്റപ്പെടുത്താനും മടിക്കില്ല. സങ്കടങ്ങള്‍ കൊണ്ട് മടുക്കുമ്പോള്‍ ജീവിതം തന്നെ ഭാരമായി തോന്നുന്നതും സ്വഭാവികം. എന്നാല്‍ ഇതൊന്നും ക്രിസ്തീയമല്ല. നമ്മുടെ ഇത്തരം രീതികളെല്ലാം തെറ്റാണ്. ദൈവം നമ്മില്‍ നിന്നും ആഗ്രഹിക്കുന്നതും ഇതൊന്നുമല്ല.
സന്തോഷത്തോടെ എല്ലാം സഹിക്കുന്നതിനും ക്ഷമിക്കുന്നതിനും അവിടുത്തെ മഹത്വത്തിന്റെ പ്രാഭവത്തിനനുസൃതമായി സര്‍വ്വശക്തിയിലും നിങ്ങള്‍ ബലം പ്രാപിക്കട്ടെ( കൊളോസസ് 1;11)
സന്തോഷത്തോടെ സഹിക്കുക, എല്ലാം ക്ഷമിക്കുക.. എഴുതും പോലെ എളുപ്പമല്ല അതെന്നറിയാം.പക്ഷേ ഒരു കാര്യം വെല്ലുവിളി പോലെ ഏറ്റെടുക്കുക. എന്തായാലും ഞാന്‍ ഇത് സഹിക്കണം, ഈ സങ്കടം ഞാന്‍ അനുഭവിക്കണം. പരാതിപ്പെട്ടും കുറ്റപ്പെടുത്തിയും സഹിക്കുകയും സങ്കടപ്പെടുകയും ചെയ്യുന്നതുകൊണ്ട് എനിക്കോ മറ്റുള്ളവര്‍ക്കോ അതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകുകയില്ല. എങ്കില്‍ എന്തുകൊണ്ട് ദൈവത്തെ പ്രതി, ദൈവേ്ഷ്ടത്തെപ്രതി എനിക്ക് അവയെല്ലാം അത് സന്തോഷത്തോടെ സഹിച്ചുകൂട?
അപ്പോഴും വേറൊരു പ്രശ്‌നമുണ്ട്. നാം മാനുഷികരായതുകൊണ്ട് അത് സാധിക്കണമെന്നില്ല. അതിന് ദൈവകൃപയില്‍ ആശ്രയിക്കുക. ദൈവമേ എന്റെ ജീവിതത്തില്‍ നാം നേരിടുന്നതെല്ലാം സന്തോഷത്തോടെ സഹിക്കാന്‍, ക്ഷമിക്കാന്‍ എനിക്ക് അവിടുത്തെകൃപ തരണമേയെന്ന് പ്രാര്‍ത്ഥിക്കുക. ഈ പ്രാര്‍ത്ഥന നമ്മെ കുറെക്കൂടി നല്ല ആത്മീയജീവിതം നയിക്കാന്‍ സഹായിക്കും. ഉറപ്പ്.