ബോസ്‌നിയ: മരിയന്‍ പ്രത്യക്ഷീകരണങ്ങളുടെ പേരില്‍ പ്രശസ്തമായ മെഡ്ജുഗോറിയായിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ വത്തിക്കാന്‍ നയതന്ത്രജ്ഞനെ നിയോഗിച്ചു. ആര്‍ച്ച് ബിഷപ് ആള്‍ഡോ കാവല്ലിയ്ക്കാണ് പുതിയ നിയോഗം ലഭിച്ചിരിക്കുന്നത്. പോളീഷ് ആര്‍ച്ച് ബിഷപ് ഹെന്‍ട്രിക്ക് ഹോസറിന്റെ മരണം ഏല്പിച്ച ഒഴിവിലേക്കാണ് പുതിയ നിയമനം. ദീര്‍ഘകാല രോഗങ്ങളെതുടര്‍ന്നായിരുന്നു 78 കാരനായ അദ്ദേഹത്തിന്റെ അന്ത്യം.
1981 മുതല്‍ക്കാണ് മെഡ്ജുഗോറിയായില്‍ പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം ആരംഭിച്ചത്. ആറു കുട്ടികള്‍ക്കാണ് ദര്‍ശനം കിട്ടിയത്. ഓരോ വര്‍ഷവും പത്തുലക്ഷം പേരാണ് മെഡ്ജുഗോറിയായില്‍ എത്തുന്നത്. പക്ഷേ സഭ ഇത്തരം തീര്‍ത്ഥാടനങ്ങളെ ഔദ്യോഗികമായി അംഗീകരിച്ചിരുന്നില്ല. മരിയന്‍ പ്രത്യക്ഷീകരണങ്ങളെക്കുറിച്ചുള്ള ആധികാരികമായ പഠനം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലായിരുന്നു ഇത്.
2017 ലാണ് മാര്‍പാപ്പ മെഡ്ജുഗോറിയായിലേക്ക് ആദ്യമായി പ്രത്യേക പ്രതിനിധിയെ അയച്ചത്. പുതിയ നയതന്ത്രജ്ഞനായ ആര്‍ച്ച് ബിഷപ് കവാലി 2015 മുതല്‍ നെതര്‍ലാന്റിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോയായി സേവനം ചെയ്തുവരികയായിരുന്നു.
2019 ല്‍ മെഡ്ജുഗോറിയായിലേക്കുളള തീര്‍ത്ഥാടനങ്ങള്‍ സംഘടിപ്പിക്കാമെന്ന് മാര്‍പാപ്പ അനുവാദം നല്കിയിരുന്നു. എങ്കിലും പ്രത്യക്ഷീകരണങ്ങളെക്കുറിച്ചുള്ള ആധികാരിക പഠനം സഭ ഇതുവരെയും നല്കിയിട്ടില്ല.