മ്യാന്‍മാര്‍: മ്യാന്‍മാറില്‍ കത്തോലിക്കാ ദേവാലയങ്ങള്‍ക്ക് നേരെയുള്ള പട്ടാളത്തിന്റെ ആക്രമണം തുടരുന്നു. നവംബര്‍ 27 നാണ് ഏറ്റവും ഒടുവില്‍ കത്തോലിക്കാ ദേവാലയം തീവച്ചു നശിപ്പിച്ചിരിക്കുന്നത്. സെന്റ് നിക്കോളാസ് കത്തോലിക്കാ ദേവാലയമാണ് പട്ടാളം അഗ്നിക്കിരയാക്കിയത്. ചിന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ നല്കിയ റിപ്പോര്‍ട്ട് അനുസരിച്ച് പട്ടാളം നിരവധി വീടുകള്‍ക്കും തീയിട്ടിട്ടുണ്ട്. രണ്ടു ദിവസങ്ങളിലായി സെന്റിനറി ബാപ്റ്റിസ്റ്റ് ദേവാലയം ഉള്‍പ്പടെ 49 കെട്ടിടങ്ങള്‍ പട്ടാളം നശിപ്പിച്ചിട്ടുണ്ട്.
സെപ്തംബര്‍ മുതല്‍ മുന്നൂറ് വീടുകളും നാലു ദേവാലയങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെ 22 ദേവാലയങ്ങളും 350 ലേറെ വീടുകളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ചിന്‍ സംസ്ഥാനത്താണ് ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ അരങ്ങേറിയത്. ക്രൈസ്തവഭൂരിപക്ഷ പ്രദേശമാണ് ഇവിടം. താന്റ്‌ലാങ്ങില്‍ നിന്ന് പതിനായിരക്കണക്കിന് ആളുകളാണ് പലായനം ചെയ്തിരിക്കുന്നത്. വിവേചനരഹിതമായ ഷെല്ലാക്രമണത്തില്‍ നിന്നും വെടിവയ്പില്‍ നിന്നും രക്ഷനേടാനായിട്ടാണ് ഈ പലായനം.
ദേവാലയങ്ങള്‍ക്കും മറ്റ് ആരാധനാലയങ്ങള്‍ക്കും നേരെ വെടിയുതിര്‍ക്കരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഉള്‍പ്പടെയുള്ള മതനേതാക്കള്‍ പട്ടാളത്തോട് അഭ്യര്‍ത്ഥിച്ചിരുന്നുവെങ്കിലും പട്ടാളം ക്രൂരതയോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്.