പരിശുദ്ധ അമലോത്ഭവമാതാവിന്റെ തിരുനാള്‍ ദിനമായ ഡിസംബര്‍ എട്ടിന് ഉച്ചയ്ക്ക് 12 മണി മുതല്‍ ഒരു മണിവരെയുള്ള സമയമാണ് കൃപയുടെ മണിക്കൂറായി ആചരിക്കുന്നത്. ഇറ്റലിയിലെ മോണ്ടിച്ചിയാരി ബസിലിക്കയില്‍ പരിശുദ്ധ അമ്മ പിരീന ഗില്ലി എന്ന നേഴ്‌സിന് പ്രത്യക്ഷപ്പെട്ട് താന്‍ മിസ്റ്റിക്കല്‍ റോസ് ആണെന്ന് വെളിപ്പെടുത്തുകയും കൃപയുടെ മണിക്കൂറായി പ്രസ്തുത ദിവസത്തിലെ നിശ്ചിത മണിക്കൂര്‍ ആചരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഡിസംബര്‍ എട്ട് കൃപയുടെ മണിക്കൂറായി ആചരിക്കുന്നത്. ഈ ദിവസം ഈ മണിക്കൂറില്‍ നാം ചെയ്യേണ്ട കാര്യങ്ങള്‍ ഇപ്രകാരമാണ്.
പ്രാർത്ഥനയോടും പ്രായശ്ചിത്ത പ്രവൃത്തികളോടും കൂടി 51 ാം സങ്കീര്ത്തനം കൈ വിരിച്ചുപിടിച്ചു 3 പ്രാവശ്യം ചൊല്ലുക. ഈ മണിക്കൂറിൽ വളരെയധികം ദൈവകൃപ ചൊരിയപ്പെടും കഠിനഹൃദയരായ കൊടും പാപികൾക്ക് പോലും ദൈവ കൃപയുടെ സ്പർശനം ലഭിക്കും. ഈ മണിക്കൂറിൽ നിത്യ പിതാവിനു സ്വീകാര്യമായ എന്ത് ചോദിച്ചാലും അവ അനുവദിച്ചു നല്കപ്പെടും. അതുകൊണ്ട് ഡിസംബർ 8ന് ഉച്ചക്ക് 12 മണി മുതൽ 1 മണി വരെ യുള്ള സമയം പ്രാത്ഥനയിൽ ചിലവഴിക്കാം.
ഈ സമയം പ്രാര്ത്ഥനയിൽ നിന്നും നമ്മുടെ ശ്രദ്ധ തിരിക്കാൻ സാധ്യത ഉള്ള എല്ലാത്തിൽ നിന്നും എല്ലാ തിരക്കുകളിൽ നിന്നും അകന്നു ദൈവവുമായി ഐക്യത്തിൽ ആയിരിക്കാം. ഈശോയുടെ പീഡാനുഭവങ്ങളെ പറ്റി ധ്യാനിച്ചും, ജപമാല ചൊല്ലിയും, ദൈവത്തെ സ്തുതിച്ചും, സങ്കീർത്തനങ്ങൾ ധ്യാനിച്ചും കൃപയുടെ ഈ മണിക്കൂർ ചിലവഴിക്കാം.
ഈ ദിവസത്തിന് വേണ്ടി നമുക്ക് ഇപ്പോഴേ ഒരുങ്ങാം.