സൈപ്രസ്: ക്ഷമയുള്ള ഒരു സഭയെയാണ് നമുക്ക് ഇന്ന് ആവശ്യമായിരിക്കുന്നതെന്നും കത്തോലിക്കാസഭ ഏവരെയും സ്വാഗതം ചെയ്യുന്ന തുറന്ന ഇടമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. അത് സാര്‍വത്രികമാണ്, ദൈവത്തിന്റെ കാരുണ്യത്താലും സ്‌നേഹിക്കാനുള്ള ക്ഷണത്താലും ഏവരെയും സ്വാഗതം ചെയ്യുന്ന തുറന്ന ഇടമാണ്. സഭയില്‍ മതിലുകള്‍ ഇല്ല. സഭ ഒരു പൊതുഭവനവും ബന്ധങ്ങളുടെയും വൈവിധ്യങ്ങളുടെയും സഹവര്‍ത്തിത്വത്തിന്റെയും ഇടവുമാണ്. സൈപ്രസ് സന്ദര്‍ശന വേളയില്‍ സമര്‍പ്പിതസമൂഹത്തോട് സംസാരിക്കുകയായിരുന്നു പാപ്പ.
മാറ്റങ്ങളില്‍ അസ്വസ്ഥയാകാതെ പുതുമയെ സ്വാഗതം ചെയ്യുകയും സുവിശേഷത്തിന്റെ വെളിച്ചത്തില്‍ സാഹചര്യങ്ങളെ വിലയിരുത്തുകയുമാണ് സഭ ചെയ്യേണ്ടത്. സമയത്തിന്റെയും പ്രതിസന്ധികലുടെയും അടയാളങ്ങള്‍ തിരിച്ചറിഞ്ഞ് മുന്നോട്ടുപോകാനാണ് സഭ ശ്രമിക്കേണ്ടത്. മറ്റുള്ളവരുമായുള്ള കണ്ടുമുട്ടലുകളില്‍ കൂടുതല്‍ ക്ഷമയുള്ളവരായിരിക്കുക. സഭ ആഗ്രഹിക്കുന്നത് എല്ലാവരെയും ഐകരൂപ്യരാക്കാനല്ല മറിച്ച് ക്ഷമയോടെ ഒരുമിച്ചുചേര്‍ക്കാനാണ്.
കൂടുതല്‍ പ്രാര്‍ത്ഥിക്കുക. മറ്റുള്ളവരെ കേള്‍ക്കുക, ക്ഷമയുള്ളതും ദൈവത്തോട് അനുസരണമുള്ളതും മനുഷ്യര്‍ക്ക് നേരെ തുറന്നതുമായ ഒരു സഭയാകുക.
ലോകത്തിന് തന്നെ സമാധാനത്തിന്റെ ഉപകരണമാകേണ്ട ഒരു സഭയാണ് നമുക്ക് വേണ്ടത്. വൈവിധ്യം ഒരിക്കലും തങ്ങളുടെ അസ്തിത്വത്തിന് ഭീഷണിയാണെന്ന് കരുതരുത്. അങ്ങനെയുണ്ടായാല്‍ അത് ഭയത്തിലേക്കും ഭയം അവിശ്വാസത്തിലേക്കും അവിശ്വാസം സംശയങ്ങളിലേക്കും അത് പിന്നീട് യുദ്ധങ്ങളിലേക്കും നയിക്കും. പാപ്പ പറഞ്ഞു.