കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (കെസിബിസി) ശീതകാല സമ്മേളനം നാളെ ആരംഭിക്കും. ഒമ്പതിന് സമാപിക്കും. പാലാരിവട്ടം പിഒസിയിലാണ് സമ്മേളനം നടക്കുന്നത്. കേരള കാത്തലിക് കൗണ്‍സിലിന്റെയും (കെസിസി) കെസിബിസിയുടെയും സംയുക്തയോഗം ഏഴിന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിക്കും. സെക്രട്ടറി ജനറല്‍ ബിഷപ്പ് ജോസഫ് മാര്‍ തോമസ് അനുഗ്രഹപ്രഭാഷണം നടത്തും.
സിനഡാത്മക സഭയ്ക്കുവേണ്ടി കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതദൗത്യം എന്ന വിഷയത്തില്‍ റവ. ഡോ. ജേക്കബ് പ്രസാദ് പ്രബന്ധം അവതരിപ്പിക്കും. 32 കത്തോലിക്കാ രൂപതകളില്‍ നിന്നുള്ള പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും യുവജന, സന്ന്യാസ, അല്മായ സംഘടനാ പ്രതിനിധികളും പങ്കെടുക്കും. കെസിബിസി സമ്മേളനത്തില്‍ സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും മെത്രാന്മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നു കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അറിയിച്ചു.