കൊച്ചി: കുടുംബങ്ങളുടെയും സഭയുടെയും സംരക്ഷകനായ വിശുദ്ധ യൗസേപ്പിതാവിന്റെ ദര്‍ശനങ്ങള്‍ ആഴത്തില്‍ പഠിക്കാനും അനുഭവിക്കാനും വിശുദ്ധന്റെ വര്‍ഷാചരണത്തിലൂടെ കേരളസഭയ്ക്കു സാധിച്ചതായി കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പിഒസിയില്‍ നടന്ന വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തിന്റെ കേരളസഭാതല സമാപന സമ്മേളനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മാര്‍പാപ്പയുടെ ആഹ്വാനമനുസരിച്ചുള്ള യൗസേപ്പിതാവിന്റെ വര്‍ഷം കേരളസഭയിലെങ്ങും സജീവമായി ആചരിച്ചു. വിവിധ രീതികളില്‍ വിശുദ്ധന്റെ ജീവിതവും സന്ദേശവും അനേകരിലേക്ക് എത്തിക്കാന്‍ വര്‍ഷാചരണം കാരണമായിട്ടുണ്ടെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.
കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറല്‍ ബിഷപ്പ് ജോസഫ് മാര്‍ തോമസ്, ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, കെസിഎംഎസ് പ്രസിഡന്റ് ഫാ. സെബാസ്റ്റ്യന്‍ ജെക്കോബി, സിഎംഐ പ്രിയോര്‍ ജനറാള്‍ റവ.ഡോ. തോമസ് ചാത്തംപറമ്പില്‍, കെസിസി സെക്രട്ടറി ജെസി ജെയിംസ്, ഫാ. സ്റ്റാന്‍ലി മാതിരപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു. ജോസഫ് നാമധാരികളായ മെത്രാന്മാര്‍ക്കും വൈദികര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി.