ഫാ. പ്രോബോ വക്കാറിനിയെ നമുക്ക് എങ്ങനെയെല്ലാമാണ് വിശേഷിപ്പിക്കാന്‍ കഴിയുക? അദ്ദേഹം ഒരു നല്ല പിതാവാണ്, എന്നാല്‍ അദ്ദേഹം ഒരു നല്ല വൈദികനുമാണ്. വൈദികരുടെ പിതാവും ശതാഭിഷിക്തനുമാണ്, വിശുദ്ധ പാദ്രെ പിയോയുടെ ശിഷ്യനും രണ്ടാം ലോകമഹായുദ്ധകാലത്തെ പോരാളിയും എഴുത്തുകാരനുമാണ്. അതോടൊപ്പം സമയനിഷ്ഠ പാലിക്കുന്ന വ്യക്തിയും ഒരു നിമിഷം പോലും അലസമായി ചെലവഴിക്കാത്ത ആളുമാണ്. ഇരുപതാം നൂറ്റാണ്ടിലെയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെയും പല ചരിത്രസംഭവങ്ങള്‍ക്കും സാക്ഷ്യം വഹിച്ച വ്യക്തി.
ജൂണ്‍ നാലിനാണ് ഇദ്ദേഹം നൂറു വയസു പൂര്‍ത്തിയാക്കിയത്. നൂറാം പിറന്നാളിന്റെ ആഘോഷമായി മാറിയ വിശുദ്ധ ബലിയില്‍ മുഖ്യകാര്‍മ്മികന്‍ ഇറ്റലി, റിമിനിയിലെ ബിഷപ് ഫ്രാന്‍സിസ്‌ക്കോ ആയിരുന്നു.സഹകാര്‍മ്മികരായി ഫാ. പ്രോബോ വക്കാറിനിയും അദ്ദേഹത്തിന്റെ വൈദികരായ നാലു മക്കളും. ഫ്രാന്‍സിസ് മാര്‍പാപ്പയില്‍ നിന്നുള്ള പേപ്പല്‍ ആശീര്‍വാദവും ഈ ചടങ്ങിനായി അദ്ദേഹത്തിന് കിട്ടിയിരുന്നു.
1919 ലാണ് ഇദ്ദേഹത്തിന്റെ സംഭവബഹുലമായ ജീവിതകഥയുടെ തുടക്കം. അന്നേ വര്‍ഷമാണ് ജനനം. അന്നത്തെ ഏതൊരു ചെറുപ്പക്കാരെയും പോലെ രണ്ടാം ലോകമഹായുദ്ധകാലത്ത് പട്ടാളത്തില്‍ ചേര്‍ന്നു. പിന്നീട് തിരികെയെത്തി.
വിശുദ്ധ പാദ്രെ പിയോയുടെ അടുക്കലുള്ള കുമ്പസാരമാണ് ഇദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. അന്ന് വിശുദ്ധന്‍ നല്കിയത് ഈ ഉപദേശമാണ്. വലുതും വിശുദ്ധവുമായ കുടുംബജീവിതം ഉണ്ടാകട്ടെ. വലിയകുടുംബം എങ്ങനെയാണ് എന്നതിനെക്കുറിച്ച് ധാരണയുണ്ടായിരുന്നുവെങ്കിലും കുടുംബജീവിതം വിശുദ്ധമാകുന്നത് എങ്ങനെയെന്നതിനെക്കുറിച്ച് അന്ന് വേണ്ടത്ര ധാരണയുണ്ടായിരുന്നില്ല. അന്നാ മരിയയാണ് അദ്ദേഹത്തിന്‌റെ ജീവിതത്തിലേക്ക് പിന്നീട് കടന്നുവന്നത്. അവര്‍ക്ക് ഏഴു മക്കള്‍ പിറന്നു.
വിശുദ്ധന്‍ പറഞ്ഞതുപോലെ വലിയ കുടുംബം. അതില്‍ നാല് ആണ്‍കുട്ടികളുമുണ്ടായിരുന്നു. അവരാണ് വൈദികരായത്. 18 വര്‍ഷത്തെ ദാമ്പത്യബന്ധത്തിന് ശേഷം അന്നാ യാത്രയായി. അതോടെ വിശുദ്ധന്‍ പറഞ്ഞ രണ്ടാം ഘട്ടത്തിലേക്ക് ജീവിതം തിരിച്ചുവിട്ടു. ആണ്‍മക്കള്‍നാലുപേരും വൈദികരായി ഒരു മകള്‍ ലേ കോണ്‍സിക്രേറ്റഡ് ലൈഫ് തിരഞ്ഞെടുത്തു. എല്ലാ ഉത്തരവാദിത്തങ്ങളും നിര്‍വഹിച്ചുകഴിഞ്ഞപ്പോള്‍ പെര്‍മനന്റ് ഡീക്കനായി മാറി.
പിന്നീട് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കണമെന്നുള്ള ആഗ്രഹവും വൈദികരില്‍ നിന്നുള്ള പ്രോത്സാഹനവും കൂടിയായപ്പോള്‍ സെമിനാരിയില്‍ ചേര്‍ന്നു. അറുപത്തിയെട്ടാം വയസിലായിരുന്നു ഇദ്ദേഹം വൈദികനായത്. അന്നുമുതല്‍ എല്ലാ ദിവസവും വിശുദ്ധ ബലി അര്‍പ്പിക്കുന്നു.
ഓരോ ദിവസവും ദൈവമെന്നെ ഉപയോഗിക്കുന്നതിന് വേണ്ടി ഞാന്‍ കാത്തിരിക്കുന്നു. എനിക്ക് ഭാര്യയും മക്കളുമുണ്ട്. ആത്മീയ മക്കളും. ഇപ്പോള്‍ ഞാന്‍ കാത്തിരിക്കുന്നത് ദൈവം എന്നെ വിളിക്കുന്നതിന് വേണ്ടിയാണ്. അദ്ദേഹം പറയുന്നു.