നാം ദൈവത്തെ സ്‌നേഹിക്കുന്നത് എപ്പോഴാണ്? സത്യസന്ധമായി പറയുകയാണെങ്കില്‍ നമുക്ക് ഇഷ്ടമാകുന്നതുപോലെ ജീവിതത്തില്‍ എല്ലാം സംഭവിക്കുമ്പോഴും പ്രാര്‍ത്ഥിച്ചതിനെല്ലാം ഉടനടി ഉത്തരം കിട്ടുമ്പോഴും എല്ലാമാണ്. പ്രാര്‍ത്ഥനയ്ക്ക് ഉത്തരം വൈകിയാല്‍, ആഗ്രഹിക്കുന്നതിന് വിരുദ്ധമായി സംഭവിച്ചാല്‍ അപ്പോഴെല്ലാം നമുക്ക് ദൈവത്തോട് ദേഷ്യം തോന്നും. പ്രാര്‍ത്ഥനകള്‍ അവസാനിപ്പിക്കും, എന്നാല്‍ ഇതെല്ലാം ശരിയായ ആത്മീയതയല്ല. ജീവിതത്തിലെ സഹനങ്ങളിലൂടെയെല്ലാം കടന്നുപോയിട്ടും ദൈവത്തെ സ്തുതിച്ച പഴയ നിയമത്തിലെ ജോബിനെ നമുക്കറിയാം. എന്തുവന്നാലും ദൈവത്തെ സ്തുതിക്കും എന്നായിരുന്നു ജോബിന്റെ പ്രഖ്യാപനം. അതുപോലെ തന്നെ ഹബക്കൂക്ക് പുസ്തകത്തില്‍ പറയുന്നത് ഇപ്രകാരമാണ്.
അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലും മുന്തിരിയില്‍ ഫലങ്ങളില്ലെങ്കിലും ഒലിവുമരത്തില്‍ കായ്കള്‍ ഇല്ലാതായാലും വയലുകളില്‍ ധാന്യം വിളയുന്നില്ലെങ്കിലും ആട്ടിന്‍കൂട്ടം ആലയില്‍ അറ്റുപോയാലും കന്നുകാലികള്‍ തൊഴുത്തില്‍ ഇല്ലാതായാലും ഞാന്‍ കര്‍ത്താവില്‍ ആനന്ദിക്കും. എന്റെ രക്ഷകനായ ദൈവത്തില്‍ ഞാന്‍ സന്തോഷിക്കും. കര്‍ത്താവായ ദൈവമാണ് എന്റെ ബലം. കലമാന്റെ പാദങ്ങള്‍ക്കെന്നപോലെ അവിടുന്ന് എന്റെ പാദങ്ങള്‍ക്ക് വേഗത നല്കി. ഉന്നതങ്ങളില്‍ അവിടുന്ന് എന്നെ നടത്തുന്നു. (ഹബക്കൂക്ക് 3-17-19)
നമുക്ക് ഇങ്ങനെ സാധിക്കുമോയെന്ന് ആത്മശോധന നടത്താം.