ഡെന്‍വര്‍: കോവിഡ് രോഗവിമുക്തനായ കര്‍ദിനാള്‍ റെയ്മണ്ട് ബൂര്‍ക്കെ ദൈവത്തിനും ഗ്വാഡെലൂപ്പെ മാതാവിനും നന്ദി പറഞ്ഞ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. രോഗവിമുക്തനായി ഹോസ്പിറ്റലില്‍ നിന്നെത്തിയ ശേഷം അദ്ദേഹത്തിന്റെ ആദ്യത്തെ പരസ്യകുര്‍ബാനയായിരുന്നു ഇത്. എന്റെ ഹൃദയം ദൈവത്തോടുള്ള നന്ദിയാല്‍ നിറഞ്ഞിരിക്കുന്നു. ആഗസ്റ്റ് 10 മുതല്‍ വലിയ സഹനങ്ങളിലൂടെയാണ് ഞാന്‍ കടന്നുപോയിരുന്നത്. മരണത്തില്‍ മാത്രം അവസാനിക്കുമായിരുന്ന വേദനയും സഹനവുമായിരുന്നു അത്. എന്റെ ജീവിതത്തിലെ ഈ പരീക്ഷണഘട്ടങ്ങളില്‍ ഞാന്‍ ഗാഡ്വെലൂപ്പെ മാതാവിനും വിശുദ്ധ യൗസേപ്പിനും വിശുദ്ധരുടെ കൂട്ടായ്മയ്ക്കും നന്ദി പറയുന്നു. അവരുടെ മാധ്യസ്ഥം എന്റെ പരീക്ഷണങ്ങളുടെ ഘട്ടത്തില്‍ വലിയ ശക്തിയായിരുന്നു. ദിവ്യകുര്‍ബാനയിലെ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. 73 കാരനായ കര്‍ദിനാള്‍ കോവിഡിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ വരെ പ്രവേശിക്കപ്പെട്ടിരുന്നു. വെന്റിലേറ്ററിലെ ഒമ്പതുദിവസങ്ങള്‍ക്ക് ശേഷമാണ് താന്‍ ബോധം വീണ്ടെടുത്തതെന്നും ഗ്വാഡെലൂപ്പെ മാതാവ് തന്റെ കൈകള്‍ കോര്‍ത്ത് പിടിച്ചിരുന്നുവെന്നും കര്‍ദിനാള്‍ അനുസ്മരിച്ചു. സെന്റ് മേരീസ് ഓറട്ടറിയിലെ റെക്ടര്‍ക്കും ജോലിക്കാര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം റിഹാബിലിറ്റേഷന്‍ പീര്യഡില്‍ അദ്ദേഹം ഇവിടെയായിരുന്നു ചെലവഴിച്ചിരുന്നത്.