ബംഗളൂര്: നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ലെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഉദ്യോഗസ്ഥനെതിരെ കര്‍ണ്ണാടക സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. ചിത്രദുര്‍ഗ ജില്ലയിലെ ഹൊസദുര്‍ഗ താലൂക്ക് തഹസീല്‍ദാര്‍ തിപ്പെ സ്വാമിക്കെതിരെയാണ് നടപടി.
ഭൂരിപക്ഷ വോട്ട് ലക്ഷ്യമിട്ട് മതപരിവര്‍ത്തനത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് ക്രൈസ്തവ സമൂഹത്തെപീഡിപ്പിക്കുന്ന സംഭവങ്ങള്‍ പതിവായിരിക്കെയാണ തിപ്പെ സ്വാമി സത്യസന്ധമായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നതായി ബിജെപി നേതാക്കള്‍ ആരോപിക്കുന്ന ജില്ലയാണ് ചിത്രദുര്‍ഗ. വീടുകള്‍ തോറും കയറിയിറങ്ങിയാണ് ഇദ്ദേഹവും സംഘവും സര്‍വേ നടത്തിയത്. എന്നാല്‍ ഒരിടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ലെന്നായിരുന്നു തഹസീല്‍ദാരുടെ റിപ്പോര്‍ട്ട്.
ദേവാലയങ്ങളില്‍ നടക്കുന്ന പ്രാര്‍ത്ഥനാചടങ്ങുകളില്‍ സ്വമേധയ ആണ് പങ്കെടുക്കുന്നതെന്നും ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നും സര്‍വ്വേയില്‍ പങ്കെടുത്തവര്‍ പറഞ്ഞതായി തഹസീല്‍ദാര്‍ അറിയിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹത്തെ തഹസീല്‍ദാര്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതും പകരം ചുമതല നല്കാത്തതും.