എല്ലാവരും ആഘോഷങ്ങളുടെ നടുവിലാണ്. ഈ ആഘോഷത്തിന്റെ കാരണം ലോകരക്ഷകനായ ഈശോയുടെ പിറവിയാണ്. ഈശോയുടെ ജനനത്തിന്റെ പ്രത്യേകത എന്താണെന്ന് ഇന്നോളം അറിയാത്തവർക്കും ഇത് ആഘോഷത്തിന്റെ സമയമാണ്. അനേകം വർഷങ്ങളായി നാം ഈശോയുടെ പിറവിയെ കൊണ്ടാടാാറുണ്ടെങ്കിലും അൽപം പോലും മടുപ്പ് തോന്നിക്കാത്ത ആഘോഷമാണ് ക്രിസ്തുമസ് എന്ന് പൊതുവെ എല്ലാവരും സമ്മതിക്കുന്ന യാഥാർത്ഥ്യമാണ്. ഈ ആഘോഷങ്ങൾക്കെല്ലാം അപ്പുറം എന്താണ് ശരിക്കും ക്രിസ്തുമസ് എന്ന് ചോദിക്കുമ്പോൾ, എന്റെ പിറവിക്ക് അർത്ഥം നൽകുന്ന തിരുനാളാണ് ക്രിസ്തുമസ് എന്ന് പറയാനാണ് എനിക്കിഷ്ടം. കാരണം, മണ്ണിൽ ഈശോ പിറന്നില്ലായിരുന്നെങ്കിൽ എനിക്കൊരിക്കലും രക്ഷയുടെ അനുഭവം കൈവരിക്കാനാകില്ലായിരുന്നു.
“എന്തിനാണെൻ ജന്മമെന്ന ചോദ്യമെന്റെ തോഴനായ്..” വിശുദ്ധ കുർബാന സ്വികരണ സമയത്ത് ഒരു പള്ളിയിൽ നിന്നും കേൾക്കാനിടയായ ഗാനത്തിലെ വരിയാണിത്. സത്യവിശ്വാസികളായ പലരും ചോദിക്കുന്ന ചോദ്യമായിരിക്കാമിത് എന്ന ചിന്ത എന്നെ ഏറെ അസ്വസ്ഥനാക്കുന്നുണ്ട്. ഇത്തരത്തിൽ ചിന്തിക്കുകയും സങ്കടപ്പെടുകയും ചെയ്യുന്നവരേയും ചേർത്തുപിടിക്കാനായി ഒരു രക്ഷകൻ മണ്ണിൽ പിറന്നിരിക്കുന്നു എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ക്രിസ്തുമസ്. ലൂക്കായുടെ സുവിശേഷം പറഞ്ഞുതരുന്നതനുസരിച്ച്, ഈശോ പിറന്നതിനെക്കുറിച്ച് ആദ്യം അറിയിപ്പ് കിട്ടുന്നത് ആട്ടിടയന്മാർക്കാണ്. “കർത്താവിന്റെ ദൂതൻ അവരുടെ അടുത്തെത്തി. കർത്താവിന്റെ മഹത്വം അവരുടെമേൽ പ്രകാശിച്ചു. അവർ വളരെ ഭയപ്പെട്ടു. ദൂതൻ അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ, ഇതാ, സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു” (ലൂക്കാ 2: 9-10).
പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ പ്രതിനിധികളായിരുന്നു അന്നത്തെ ആട്ടിടയർ. അധികം സമ്പത്തോ സൗകര്യങ്ങളോ സാധ്യതകളോ അംഗീകാരങ്ങളോ പദവികളോ ഒന്നുമില്ലാത്തവർ. ഇപ്പോഴുള്ളതിൽ അധികമായി ഒന്നും പ്രതീക്ഷിക്കാൻ പോലും കാരണങ്ങൾ കണ്ടെത്താൻ കഴിയാത്തവർ. അവരാണ് ഈ സദ്വാർത്ത ആദ്യം അറിയുന്നത്. എന്തിനാണ് ദൈവമെ എന്റെ ഈ ജന്മമെന്ന് ഹൃദയവേദനയോടെ ഈ ആട്ടിടയരും അവരുടേതായ ഭാഷയിലും രീതിയിലും ചോദിച്ചിട്ടുണ്ടാകാം. പരസ്പരം പറഞ്ഞിട്ടുണ്ടാകാം. എന്നാൽ ആ രാത്രി മണ്ണിൽ ഒരു രക്ഷകൻ പിറന്നിരിക്കുന്നു എന്ന സദ്വാർത്തയുമായി ദൈവത്തിന്റെ ദൂതൻ ഈ ഇടയന്മാരെത്തന്നെ തേടിയെത്തി എന്നത് ഒരു മഹാസംഭവം തന്നെയായി ഞാൻ കാണുന്നു. ആട്ടിടയന്മാരുടെ ജീവിതത്തിലെ ആ സ്വർഗീയ നിമിഷങ്ങൾ ഭാവനയിൽ കാണുന്നതുപോലും നമ്മുടെ കണ്ണുനിറയ്ക്കും.
ആകാശങ്ങളിൽ വാഴുന്ന അദൃശ്യനായ ദൈവത്തിന്റെ സന്നിധിയിലേക്ക് അന്നോളം ഉയർത്തിയ പ്രാർത്ഥനയും പൊഴിച്ച കണ്ണുനീരും നെടുവീർപ്പും വെറുതെയായില്ല എന്ന് അവർക്ക് മനസിലാവുകയായിരുന്നു. മാത്രമല്ല, ഏറ്റവും നിസ്സാരരായ തങ്ങൾക്കാണ്, മണ്ണിൽ പിറന്ന ദൈവപുത്രനെ, മറിയത്തിനും ജോസഫിനും ശേഷം ആദ്യം കാണാൻ ഭാഗ്യം കിട്ടിയത് എന്നതും അവരുടെ മിഴികളെ ഈറനണിയിയിച്ചിട്ടുണ്ടാകാം. യോഗ്യതയുള്ളവരെന്ന് സ്വയം പറയുകയും അഹങ്കരിക്കുകയും ചെയ്യുന്നവരെയെല്ലാം മാറ്റിനിർത്തിയിട്ട്, ഇതാ ഈ രാവിൽ ഏറ്റവും ചെറിയവരായ തങ്ങളെ ദൈവം പ്രത്യേകം അനുഗ്രഹിച്ചിരിക്കുന്നു.
ആരുമില്ലാത്തവർക്ക് ദൈവം തുണയെന്നത് നാം മിക്കപ്പോഴും ആവർത്തിക്കുന്ന ഒരു പ്രയോഗമാണ്. പദവികളോ തസ്തികകളോ ഇല്ലാത്തതിന്റെ പേരിൽ പ്രധാന ഇടങ്ങളിൽ തഴയപ്പെടുന്ന അനേകരുണ്ട്. അതുപോലെ, കഴിവുണ്ടായിട്ടും നേർവഴി വിട്ടുനടക്കാൻ ഇഷ്ടപ്പെടാത്തതിന്റെ പേരിൽ, കൃത്യമായ നിലപാടുള്ളതിനാൽ അവസരങ്ങൾ നിഷേധിക്കപ്പെടുന്ന എത്രയോ പേരുണ്ട്, അവർക്കുള്ളതാണ് ക്രിസ്തുമസ്. ദൈവപുത്രൻ എമ്മാനുവേൽ ആയി മണ്ണിൽ പിറന്നത് ഇത്തരം മനസുകൾ ഇനി നോവാതിരിക്കാൻ കൂടിയാണ്. ഇനി ദൈവമാണ് അവരുടെ ഒപ്പമുള്ളത്.
നമ്മളൊക്കെ കാണുകയും കേൾക്കുകയും അധിവസിക്കുകയും ചെയ്യുന്ന ഈ ലോകത്തുള്ള മനുഷ്യരെ ആത്മീയരെന്നും ലൗകീകരെന്നും വിളിക്കുന്നത് സാധാരണമാണ്. മിക്കകാര്യങ്ങളിലും ആത്മീയരായവരും ലൗകീകരായവരും സ്വീകരിക്കുന്ന മാനദണ്ഡം ഏതാണ്ട് ഒരേപോലെയാണ് എന്നത് കാലത്തിന്റെ പ്രത്യേകതയായിരിക്കാം. ആത്മീയരെന്ന് അഭിമാനിക്കുന്ന കുറെയേറെപ്പേർ ചെയ്തുകൂട്ടുന്ന ആത്മീയമല്ലാത്ത കാര്യങ്ങളാൽ വന്നുചേരുന്ന അപചയങ്ങളാൽ മുറിവേൽക്കുന്ന ധാരാളം പേരുണ്ട് അവരുടെ ഉള്ളിൽ നിരാശയും വിഷമവും നിറയുമ്പോൾ അറിയാതെ അവരും ചോദിക്കാം എന്തിനാണ് ഇങ്ങനെയൊരു ജീവിതവുമായി മുന്നോട്ട്പോകുന്നത് എന്നൊക്കെ. അവർക്കും മനസിലാകുന്ന തരത്തിലാണ് ദൈവപുത്രൻ മണ്ണിൽ പിറന്നിരിക്കുന്നത്. അവർ എമ്മാനുവലായ ദൈവപുത്രനിലേക്ക് ഒരിക്കലെങ്കിലും മിഴി ഉയർത്തിയിരുന്നെങ്കിൽ ജീവിതത്തെ ഒരിക്കലും അർത്ഥരഹിതമായി കാണില്ലായിരുന്നു.
ശക്തന്മാരെ സിംഹാസനത്തിൽ നിന്നു മറിച്ചിട്ടു; എളിയവരെ ഉയർത്തി എന്ന് മറിയം തന്റെ സ്തോത്രഗീതത്തിൽ പാടുന്നുണ്ട് അത് സത്യമാണെന്ന് ആട്ടിടയർക്ക് കിട്ടുന്ന സദ്വാർത്തയിലൂടെ വ്യക്തമാണ്. എന്റെ ഉള്ളിലേക്കും ഈ സദ്വാർത്ത കടന്നുവന്നിരുന്നെങ്കിൽ എത്ര നന്നായിരുന്നുവല്ലേ. എന്റെ നിരാശകളും പരാതികളും മാറ്റാൻ കഴിവുള്ളവൻ ഇതാ ജനിച്ചിരിക്കുന്നു. ആട്ടിടയന്മാരോട് ദൂതർ പറഞ്ഞകാര്യങ്ങൾ അവർ വിശ്വസിച്ചു. “ദൂതൻമാർ അവരെവിട്ട്, സ്വർഗത്തിലേക്കു പോയപ്പോൾ ആട്ടിടയൻമാർ പരസ്പരം പറഞ്ഞു: നമുക്ക് ബേത്ലെഹെം വരെ പോകാം. കർത്താവ് നമ്മെ അറിയിച്ച ഈ സംഭവം നമുക്കു കാണാം. അവർ അതിവേഗം പോയി മറിയത്തെയും ജോസഫിനെയും പുൽത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു” (ലൂക്കാ 2:15-16)
ഈ ക്രിസ്തുമസിൽ കർത്താവിന്റെ പിറവിയെ ഒരുവേളകൂടി ധ്യാനപൂർവം ഹൃത്തിലേറ്റുമ്പോൾ, ആട്ടിടയരെപ്പോലെ അവന്റെ മനുഷ്യാവതാരത്തിൽ വിശ്വസിക്കാനും അവനെ തേടി ഇറങ്ങിത്തിരിക്കാനും ഞാനും എന്നെത്തന്നെ ഒരുക്കുമ്പോൾ, എന്റെ പിറവിയുടെ ശരിയായ അർത്ഥം എനിക്കും വെളിപ്പെട്ടുകിട്ടും. മറ്റൊരു രിതിയിൽ പറഞ്ഞാൽ, അപ്പോൾ എന്റെ ഉള്ളിലും ക്രിസ്തു പിറക്കും, എനിക്കും ക്രിസ്തുമസ് ഒരു വലിയ ആത്മീയ അനുഭവമാകുകയും ചെയ്യും.
എല്ലാവർക്കും ഹൃദയപൂർവം ക്രിസ്തുമസ് ആശംസകൾ നേരുന്നു.
പോൾ കൊട്ടാരം കപ്പൂച്ചിൻ