കോട്ടയം: മതപരിവര്‍ത്തന നിരോധന ബില്ലിന്റെ മറവില്‍ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവവിശ്വാസികള്‍ക്കും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കുമെതിരെ നടക്കുന്ന ആസൂത്രിത അക്രമങ്ങള്‍ ആശങ്കാജനകമാണെന്നും അവയ്ക്ക് അറുതിയുണ്ടാകണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. വി. സി സെബാസ്റ്റ്യന്‍.
ക്രൈസ്തവ സ്ഥാപനങ്ങള്‍ മതപരിവര്‍ത്തന കേന്ദ്രങ്ങളാണെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണ്. സ്വാതന്ത്ര്യ പ്രാപ്തി സമയത്തും ഇപ്പോള്‍ ഏഴു പതിറ്റാണ്ടുകള്‍ക്ക് ശേഷവും ഇന്ത്യയിലെ ക്രൈസ്തവ ജനസംഖ്യ 2.3 ശതമാനമാണ്. ക്രൈസ്തവസ്ഥാപനത്തിലൂടെ പഠിച്ചിറങ്ങുന്നവരെയും വിവിധ സേവനങ്ങളിലേര്‍പ്പെടുന്നവരെയും മതപരിവര്‍ത്തനം ചെയ്തിരുന്നെങ്കില്‍ ഇന്ത്യ ക്രൈസ്തവരാജ്യമായി നാളുകള്‍ക്ക് മുമ്പേ മാറുമായിരുന്നു. മധ്യപ്രദേശ്, കര്‍ണ്ണാടക ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവരെ ആക്രമിക്കാനുള്ള ആയുധമാക്കി മാറ്റിയിരിക്കുകയാണ് മതപരിവര്‍ത്തന നിരോധന നിയമം. ഭരണഘടനയെപോലും വെല്ലുവിളിക്കുന്ന രീതിയില്‍ ചില തീവ്രവാദ സംഘടനകള്‍ ഈ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. വി. സി സെബാസ്റ്റിയന്‍ പറഞ്ഞു.