Saturday, March 15, 2025
spot_img
More

    സിബി യോഗ്യാവിടന് ഇന്ന് യാത്രാമൊഴി

    ആലപ്പുഴ: ക്രൈസ്തവ ദൃശ്യമാധ്യമരംഗത്ത് സവിശേഷമായ സംഭാവനകള്‍ നല്കിയ സംവിധായകന്‍ സിബി യോഗ്യാവീടന് ഇന്ന് പ്രിയപ്പെട്ടവരും കേരളസമൂഹവും യാത്രാമൊഴി നല്കും. ഇന്ന് മൂന്നിന് മുഹമ്മ സെന്റ് ജോര്‍ജ് ദേവാലയത്തിലാണ് സംസ്‌കാരം.

    കത്തോലിക്കാസഭയിലെ വിശുദ്ധ ജീവിതങ്ങളെ ജനകീയവല്‍ക്കരിച്ചു എന്നതാവും സിബി യോഗ്യാവീടന്‍ സഭയ്ക്കും സമൂഹത്തിനും നല്കിയ ഏറ്റവും വലിയ സംഭാവന. വിശുദ്ധ അല്‍ഫോന്‍സാമ്മയെയും മറിയം ത്രേസ്യയെയും എവുപ്രാസ്യാമ്മയെയും അന്യമതസ്ഥരുടെ പോലും വിശ്വാസികളും പ്രിയപ്പെട്ടവരുമാക്കിത്തീര്‍ക്കുന്നതില്‍ സിബി യോഗ്യാവീടന്‍ സംവിധാനം ചെയ്ത ടെലിസീരിയലുകള്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

    അല്‍ഫോന്‍സാമ്മയെക്കുറിച്ച് വേറെയും ടെലിസീരിയലുകള്‍ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ഇന്നും ശാലോം ടിവിക്ക് വേണ്ടി സിബി യോഗ്യാവീടന്‍ സംവിധാനം ചെയ്ത അല്‍ഫോന്‍സാമ്മയെ കവച്ചുവയ്ക്കാന്‍ അതിനൊന്നിനും കഴിഞ്ഞിട്ടില്ല.

    അതുപോലെ തന്നെയായിരുന്നു പ്രതിഭകളെ കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ കഴിവും. ഇന്ന് മലയാള സിനിമയിലെ ശ്രദ്ധേയരായ നായികമാരായിരിക്കുന്ന നിഖില വിമലും മിയ ജോര്‍ജും അഭിനയരംഗത്തേക്ക് കടന്നുവന്നത് അല്‍ഫോന്‍സാമ്മ സീരിയലിലൂടെയായിരുന്നു. മുമ്പ് അഭിനയപരിചയം ഇല്ലാത്തവരെ പോലും കഥാപാത്രങ്ങളായി മാറ്റാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

    യുവത്വമായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകത. പ്രായത്തിന് കീഴടങ്ങാന്‍ തയ്യാറല്ലാത്ത ചെറുപ്പം ചിന്തയിലും വേഷത്തിലും പ്രവര്‍ത്തനങ്ങളിലും അദ്ദേഹം കാഴ്ച വച്ചിരുന്നു. സൃഷ്ടിയുടെ ഉദാത്തതയ്ക്ക് വേണ്ടി ഏതറ്റം വരെ പോകാനും കഷ്ടപ്പെടാനും അദ്ദേഹം തയ്യാറുമായിരുന്നു. ഒപ്പമുള്ളവരെ കഴിവിനൊത്ത് പ്രോത്സാഹിപ്പിക്കാനും വളര്‍ത്താനും തയ്യാറുമായിരുന്നു.

    മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ച സ്‌ട്രോക്കാണ് കലാജീവിതത്തിന് അവധി കൊടുക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കിയത്. എങ്കിലും ആരോഗ്യം വീണ്ടെടുത്ത് സംവിധാന രംഗത്തേക്ക് തിരികെയെത്തുന്നത് അദ്ദേഹം സ്വപ്‌നം കണ്ടിരുന്നു. ഇനിയും ക്യാമറയിലേക്ക് പകര്‍ത്താന്‍ അനേകം വിശുദ്ധജീവിതങ്ങളെ ബാക്കിനിര്‍ത്തിക്കൊണ്ടാണ് സിബി യോഗ്യാവീടന്‍ ക്യാമറയുടെ പിന്നില്‍ നിന്ന് മറഞ്ഞുപോയിരിക്കുന്നത്.

    അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!