തൊടുപുഴ: പിടി തോമസ് എംഎല്‍എ യുടെ ചിതാഭസ്മം ഉപ്പുതോട് ഇടവകയിലെ കുടുംബക്കല്ലറയില്‍ അടക്കുന്നത് സംബന്ധിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഇടുക്കി രൂപതാ മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസ് പ്ലാച്ചിക്കല്‍, സെന്റ് ജോസഫ് ഇടവകയുടെ വികാരി, കൈക്കാരന്മാര്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്കി. നിര്‍ദ്ദേശങ്ങള്‍ ചുവടെ പറയുന്നു
1ദേവാലയവും ദേവാലയ പരിസരവും സെമിത്തേരിയും തിരുസഭ പൂജ്യമായി പരിപാലിക്കുന്ന ഇടങ്ങളാണ്. അവയുടെ പരിപാവനത അഭംഗുരം കാത്തുസൂക്ഷിക്കുവാന്‍ ഈ ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്.
2 തിരുസഭയുടെ ഔദ്യോഗികകര്‍മ്മങ്ങളോടുകൂടിയല്ല ഈ ചടങ്ങ് നടക്കുന്നതെങ്കിലും ദേവാലയ പരിസരങ്ങളിലും സിമിത്തേരിയിലും പ്രാര്‍ത്ഥനാപൂര്‍വ്വമായ നിശ്ശബ്ദത ഏവരും പുലര്‍ത്തണം.
3 ക്രൈസ്തവവിശ്വാസികളുടെ മതപരമായ വികാരങ്ങളെ വ്രണപ്പെടുത്തുന്ന പെരുമാറ്റങ്ങള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാതിരിക്കാന്‍ ഈ ചടങ്ങില്‍ പങ്കെടുക്കുന്നവരും ഇതിന് നേതൃത്വം നല്കുന്നവരും ശ്രദ്ധിക്കേണ്ടതാണ്.
2021 ഡിസംബര്‍ 22 ന് വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു പിടി തോമസിന്റെ അന്ത്യം. രവിപുരം ശ്മശാനത്തില്‍ ശവദാഹം നടത്തണമെന്നും ചിതാഭസ്മം അമ്മയുടെ കല്ലറയില്‍ അടക്കം ചെയ്യണമെന്നും പിടി അന്ത്യാഭിലാഷം രേഖപ്പെടുത്തിയിരുന്നു. അതനുസരിച്ചാണ് ഇന്ന് ചിതാഭസ്മം അമ്മയുടെ കല്ലറയില്‍ അടക്കം ചെയ്യുന്നത്.
ഉപ്പുതോട് സെന്റ് തോമസ് പള്ളിയുടെ മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ പൊതുജനങ്ങള്‍ക്ക് ആദരം അര്‍പ്പിക്കാനുള്ള സൗകര്യമുണ്ട്.. തുടര്‍ന്ന് ബന്ധുക്കള്‍ ചേര്‍ന്ന് പിടിയുടെ അമ്മയുടെ കല്ലറയില്‍ ചിതാഭസ്മം അടക്കം ചെയ്യും.