പുതുവര്‍ഷവും വലിയ വെല്ലുവിളിയോടെയാണ് കടന്നുവന്നിരിക്കുന്നത്. കാരണം മറ്റൊന്നുമല്ല കോവിഡിന്റെ അവസാനമില്ലാത്ത സംക്രമണം തന്നെ. ഇത് പലകാര്യങ്ങളെയും വിഷയങ്ങളെയും നേരിട്ടും അല്ലാതെയും ബാധിക്കുന്നുമുണ്ട്. ഇത്തരം സാഹചര്യത്തില്‍ ചില പ്രത്യേക വിശുദ്ധരുടെ ശക്തമായ മാധ്യസ്ഥം മുന്നോട്ടുള്ള ജീവിതയാത്രയ്ക്ക് വളരെ അത്യന്താപേക്ഷിതമാണ്. വിശുദ്ധ മത്തായി ശ്ലീഹായുടെ മാധ്യസ്ഥം ഇക്കാര്യത്തില്‍ പ്രത്യേകം സ്മരണീയമാണ്. സാമ്പത്തികമായ കാര്യങ്ങളില്‍ വിശുദ്ധ മത്തായിയെ നമുക്ക കൂടുതലായി ആശ്രയിക്കാം. അപ്പസ്‌തോലന്മാരില്‍ നികുതിപ്പിരിവുമായി ബന്ധപ്പെട്ട ജോലി ചെയ്തിരുന്ന ആളായിരുന്നുവല്ലോ ഇദ്ദേഹം. മാത്രവുമല്ല നാലു സുവിശേഷങ്ങളില്‍ ഒന്ന് എഴുതിയിരിക്കുന്നതും മത്തായി ശ്ലീഹയാണ്. അതുകൊണ്ട് ജോലി നഷ്ടം, സാമ്പത്തികനഷ്ടം, ബുദ്ധിമുട്ടുകള്‍ തുടങ്ങിയവ പരിഹരിക്കാന്‍ മത്തായിശ്ലീഹായോട് മാധ്യസ്ഥം യാചിക്കാം.
മാനസിക ബുദ്ധിമുട്ടുകളും പ്രയാസങ്ങളും എല്ലാവര്‍ക്കുമുണ്ട്. പ്രത്യേകിച്ച് വളരെ സങ്കീര്‍ണ്ണമായ ഇക്കാലത്ത്. ഇത്തരത്തിലുളള മാനസികബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്നവര്‍ക്ക് മാധ്യസ്ഥം തേടാവുന്ന ഒരാളാണ് വിശുദ്ധ ഓസ്‌ക്കാര്‍ റൊമേറോ. മാനസികമായ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയ വ്യക്തിയായതുകൊണ്ട് അദ്ദേഹത്തിന് ഇത്തരം പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ വളരെ എളുപ്പം കഴിയും.
കുട്ടികള്‍ക്ക് മാതൃകയാക്കാന്‍ കഴിയുന്നതും അവര്‍ക്ക് പരിചയപ്പെടുത്താന്‍ കഴിയുന്നതുമായ നല്ലൊരു വിശുദ്ധനാണ് കാര്‍ലോ. പുതിയ കാലത്തിന്റെ ഈ വിശുദ്ധനെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുകയും കാര്‍ലോയുമായി കൂട്ടുകൂടാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യുക. മാത്രവുമല്ല മക്കള്‍ക്കുവേണ്ടി കാര്‍ലോയോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കുടുംബങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാതിരിക്കാന്‍ കഴിയുമോ ഇല്ല. അതിന് യൗസേപ്പിതാവല്ലാതെ മറ്റാരാണ് ഉള്ളത്? മാതാവിനെയും ഉണ്ണീശോയെയും പരിപാലിച്ച യൗസേപ്പിതാവിന് നമ്മുടെ കുടുംബങ്ങളെയും പരിപാലിക്കാനും വഴിനടത്താനും കഴിയില്ലേ. തീര്‍ച്ചയായും. അതുകൊണ്ട് മേല്‍പ്പറഞ്ഞ നാലു വിശു്ദ്ധരുടെ മാധ്യസ്ഥം യാചിച്ച് നമുക്ക് ഈ വര്‍ഷം ധൈര്യത്തോടെ മുന്നോട്ടുപോകാം.