നല്ല ജീവിതം നയിച്ചിട്ടും നമുക്കെന്നും കഷ്ടപ്പാടും ദുരിതവും. അദ്ധ്വാനിച്ചും മാന്യമായ ജോലി ചെയ്തും ജീവിച്ചിട്ടും നമുക്കെന്നും ദാരിദ്ര്യവും കടങ്ങളും. പക്ഷേ കളളക്കടത്തും കരിഞ്ചന്തയും അഴിമതിയും മദ്യക്കച്ചവടവും നടത്തിജീവിക്കുന്നവര്‍ക്ക് യാതൊരു പ്രശ്‌നങ്ങളുമില്ല. അവര്‍ക്കെന്നും സന്തോഷം, രോഗങ്ങളില്ല, സാമ്പത്തികമായി അടിക്കടി ഉയര്‍ച്ച. സ്വഭാവികമായും ഇത്തരമൊരു അവസ്ഥയില്‍ന മുക്ക് തോന്നുന്ന വികാരമെന്തായിരിക്കും? നല്ലതുപോലെ ജീവിച്ചിട്ട് യാതൊരു കാര്യവുമില്ല. കണ്ടില്ലേ അവനൊക്കെ സുഖിച്ച് ജീവിക്കുന്നത്.. അത്തരക്കാരോട് മനസ്സില്‍ അസൂയയും തോന്നും. തിരുവചനം നമ്മുടെ ഈ മനോഭാവം മനസ്സിലാക്കി അതിനുള്ള മറുപടി നല്കുന്നുണ്ട്. അത് ഇപ്രകാരമാണ്.
ദുഷ്ടരെകണ്ട് നീ അസ്വസ്ഥനാകേണ്ട, ദുഷ്‌ക്കര്‍മ്മികളോട് അസൂയപ്പെടുകയും വേണ്ട. അവര്‍ പുല്ലുപോലെപെട്ടെന്ന് ഉണങ്ങിപ്പോകും. സസ്യം പോലെ വാടുകയും ചെയ്യും. ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ച് നന്മ ചെയ്യുക. അപ്പോള്‍ ഭൂമിയില്‍ സുരക്ഷിതനായി വസിക്കാം.( സങ്കീര്‍ത്ത 37:1-3).
ഇത്തരമൊരു അവസ്ഥയില്‍ നാം എന്താണ് ചെയ്യേണ്ടതെന്നും തിരുവചനം പറയുന്നുണ്ട്.
കര്‍ത്താവില്‍ ആനന്ദിക്കുക. അവിടുന്ന് നിന്റെ ആഗ്രഹങ്ങള്‍ സാധിച്ചുതരും. നിന്റെ ജീവിതം കര്‍ത്താവിന് ഭരമേല്പിക്കുക. കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക. അവിടുന്ന് നോക്കിക്കൊള്ളും ( സങ്കീ 37:4,5).
അതെ നമുക്ക് കര്‍ത്താവില്‍ ആനന്ദിച്ച് അവിടുന്നില്‍ വിശ്വാസമര്‍പ്പിച്ചു മുന്നോട്ടുപോകാം.