പ്രഭാതപ്രാര്‍ത്ഥന ഭൂരിപക്ഷത്തിന്റെയും ജീവിതത്തിന്റെ ഭാഗമാണ്. എന്നാല്‍ അത്രത്തോളം പ്രാര്‍ത്ഥന സായാഹ്നപ്രാര്‍ത്ഥന-രാത്രി പ്രാര്‍ത്ഥനയ്ക്ക് കൊടുക്കുന്നുണ്ടോയെന്ന് സംശയമുണ്ട്. നമുക്കറിയാം ഓരോ ദിവസവും ദൈവത്തിന്റെ സമ്മാനമാണ്. നമ്മുടെ ആരോഗ്യസ്ഥിതിയുടെ മെച്ചമോ നമ്മുടെ തന്നെ കഴിവോ ഒന്നുമല്ല ഒരു ദിവസം ഉറക്കമുണര്‍ന്ന് എണീല്ക്കാന്‍ നമുക്ക് കാരണമായിത്തീരുന്നത്. അത് ദൈവത്തിന്റെ ദാനമാണ്.
അതുപോലെ തന്നെയാണ് ഒരു ദിവസം മുഴുവന്‍ ആരോഗ്യത്തോടെ ജോലിചെയ്യാനും മറ്റും നമുക്ക് സാധിക്കുന്നത്. ചിലപ്പോള്‍ ഒരു ദിവസം നാം പ്ലാന്‍ ചെയ്തതുപോലെ അത്ര മനോഹരമായിരിക്കണമെന്നില്ല. പല പ്രതിബന്ധങ്ങളും തടസ്സങ്ങളും ഉണ്ടായിട്ടുണ്ടാവാം. എങ്കിലും നമുക്ക് ഒരു ദിവസം കൂടി പ്രവര്‍ത്തിക്കാന്‍, ഈ മനോഹരഭൂമിയില്‍ ജീവിക്കാന്‍, സ്‌നേഹം അനുഭവിക്കാന്‍, സ്‌നേഹം നല്കാന്‍ ദൈവം അവസരം നല്കി. ചിലപ്പോള്‍ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ദൈവം നമുക്ക് അവസരം നല്കിയിട്ടുണ്ടാവാം. എല്ലാറ്റിനെയുമോര്‍ത്ത് നമുക്ക് നന്ദി പറയാം.
ദൈവമേ ഈ ദിവസം എനിക്ക് നല്കിയതിനെയോര്‍ത്ത് ഞാന്‍ നന്ദി പറയുന്നു. അങ്ങേയ്്ക്ക് പ്രീതികരമായ തീരെ ചെറിയൊരു പ്രവൃത്തിയെങ്കിലും ചെയ്യാന്‍ എനിക്ക് സാധിച്ചതിനെയോര്‍ത്ത് നന്ദി. എനിക്ക് ചെയ്യാന്‍ കഴിയാതെ പോയ നന്മകളെയോര്‍ത്ത് ഞാന്‍ മാപ്പ് ചോദിക്കുന്നു. അടുത്ത ദിവസം കൂടുതല്‍ നന്നായി നിനക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ എനിക്ക് കഴിയണമേ.
ഈ ദിവസം അങ്ങേയ്ക്ക് ഇഷ്ടമാകാത്ത രീതിയില്‍ പ്രവര്‍ത്തിക്കുകയും സംസാരിക്കുകയും ഇടപെടുകയും കാണുകയും കേള്‍ക്കുകയും ചെയ്തതിനെയോര്‍ത്ത് മാപ്പ് ചോദിക്കുന്നു. ദൈവമേ എന്റെ ഇനിയുള്ള എല്ലാ ദിവസങ്ങളിലും എന്നോടുകൂടെയായിരിക്കുകയും എനിക്ക് നേര്‍വഴികാണിച്ചുതരുകയും ചെയ്യണമേ. ആമ്മേന്‍.