പലവിധത്തില്‍ ജീവിതത്തില്‍ വേദനകളും ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവരാണ് മനുഷ്യര്‍. വിശ്വസിച്ചവരില്‍ നിന്നുള്ള വഞ്ചന, പ്രിയപ്പെട്ടവരില്‍ നിന്നുളള അവഗണന, പ്രയോജനം കൈപ്പറ്റിയവരില്‍ നിന്നുള്ള ഉപേക്ഷിക്കലുകള്‍. അതുപോലെ സ്ഥാനവും മാനവും പദവിയും സമ്പത്തും സൗന്ദര്യവും നോക്കിയുള്ള അവഗണിക്കലുകള്‍.. വെറുത്തും പിണങ്ങിയുമുളള ഉപേക്ഷിക്കലുകള്‍.. ഇത്തരത്തിലുള്ള പലവിധ അവഗണനകളുടെയും തിരസ്‌ക്കരണങ്ങളുടെയും മധ്യേ ജീവിക്കുമ്പോള്‍ ആരെങ്കിലും ആശ്വസിപ്പിച്ചിരുന്നുവെങ്കില്‍, എവിടെ നിന്നെങ്കിലും ആശ്വാസം കിട്ടിയിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകാത്തവരുണ്ടാവില്ല.
പക്ഷേ മനുഷ്യനില്‍ നാം അന്ധമായി വിശ്വസിക്കുകയും അവരെ മുഖവിലയ്‌ക്കെടുക്കുകയും ചെയ്യുമ്പോള്‍ സംഭവിക്കുന്നത് പലപ്പോഴും തിക്താനുഭവങ്ങളായിരിക്കും. ആശ്വാസം തേടിയും സ്‌നേഹം തേടിയും മനുഷ്യന് പിന്നാലെ പായുമ്പോള്‍ നാം അപകടത്തില്‍ പെടുകയും ചെയ്യും. നമ്മെ ഏത് അവസ്ഥയിലും സ്വീകരിക്കാനും ആശ്വസിപ്പിക്കാനും സന്നദ്ധനായ ആള്‍ ദൈവമാണ്. ദൈവം നമ്മോട് പറയുന്നത് ഇതാണ്.
ഞാന്‍ നിന്നെ ഒരു വിധത്തിലും അവഗണിക്കുകയോ ഉപേക്ഷിക്കുകയോ ഇല്ല(( ഹെബ്രാ 13:5)
ആരൊക്കെ നമ്മെ ഉപേക്ഷിച്ചോട്ടെ, അവഗണിച്ചോട്ടെ. നമുക്കത് നീണ്ടുനില്ക്കുന്ന വേദനയായി സ്വീകരിക്കേണ്ട. പകരം ദൈവത്തോട് ചേര്‍ന്നുനില്ക്കാം. അവിടുത്തെ വാക്കില്‍ വിശ്വസിക്കാം.
അതെ ദൈവം നമ്മെ ഒരിക്കലും ഒരുവിധത്തിലും അവഗണിക്കുകയോ ഉപേക്ഷിക്കുകയോ ഇല്ല. നാം ആരുമായിരുന്നുകൊള്ളട്ടെ, ഏത് അവസ്ഥയിലുമായിരുന്നുകൊള്ളട്ടെ, ദൈവം നമ്മെ സ്വീകരിക്കും. പരിഗണിക്കും. സ്‌നേഹിക്കും. ഹോ എന്തൊരു ആശ്വാസം അല്ലേ?