ചില ദിവസങ്ങള്‍ അങ്ങനെയാണ്, ഒന്നിനും ഒരു സന്തോഷം തോന്നില്ല, ഉന്മേഷവും അനുഭവപ്പെടുകയില്ല. മനസ്സിന് വല്ലാത്ത ഭാരം. ജോലി ചെയ്യാനോ എന്തിന് ഭക്ഷണം കഴിക്കാന്‍ പോലുമോ മടി. ഇത്തരം സാഹചര്യങ്ങളില്‍ എന്താണ് ചെയ്യേണ്ടത്? അങ്ങനെ തന്നെ കഴിഞ്ഞുകൂടാം എന്ന് തീരുമാനിക്കുകയാണോ? ഒരിക്കലുമല്ല. വേനല്‍ക്കാലത്ത് ചെടികള്‍ വാടിത്തളര്‍ന്ന് നില്ക്കുന്നത് കാണാറില്ലേ. എന്നാല്‍ അവയ്ക്ക് വെള്ളം തളിച്ചുകഴിയുമ്പോള്‍ അവ ഉണര്‍ന്നെണീല്ക്കും. ഇതുപോലെയാണ് നമ്മുടെ കാര്യവും. പലവിധകാരണങ്ങളാല്‍ വാടിത്തളര്‍ന്നു പോകുന്ന നമ്മെ ഉന്മേഷവാരാക്കാന്‍ വചനത്തിന് കഴിയും.
വചനത്തിന്റെ ശക്തിയാല്‍ കരുത്താര്‍ജ്ജിക്കേണ്ടവരാണ് നാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ വായിച്ച് ധ്യാനിക്കേണ്ട ചില വചനഭാഗങ്ങളെ പരിചയപ്പെടുത്താം.
അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍.( മത്താ: 11:28)
കര്‍ത്താവ് ഒരുക്കിയ ദിവസമാണിന്ന്. ഇന്ന് സന്തോഷിച്ചുല്ലസിക്കാം( സങ്കീ 118: 24)
എന്തെന്നാല്‍ ദൈവം കോലാഹലത്തിന്റെ ദൈവമല്ല, സമാധാനത്തിന്റെ ദൈവമാണ്.( 1 കൊറീ 14:33)
മറ്റുള്ളവരുടെ തെറ്റുകള്‍ നിങ്ങള്‍ ക്ഷമിക്കുമെങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും.( മത്താ 6: 14-15)
ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട. പ്രാര്‍ത്ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാസ്‌തോത്രങ്ങളോടെ നിങ്ങളുടെ യാചനകള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍( ഫിലിപ്പി 4:6)
ദൈവത്തിന്റെ ശക്തമായ കരത്തിന്‍ കീഴില്‍ നിങ്ങള്‍ താഴ്മയോടെ നില്ക്കുവിന്‍. അവിടുന്ന് തക്കസമയത്ത് നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏല്‍പ്പിക്കുവിന്‍. അവിടുന്ന് നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്.( 1 പത്രോ 5:6-7)
സാത്താന്റെ കുടിലതന്ത്രങ്ങളെ എതിര്‍ത്തുനില്ക്കാന്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍( എഫേ 6:11)