ദൈവം നല്കുന്ന രക്ഷ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്? നിത്യമായ രക്ഷയും ആശ്വാസവും അവിടുത്തേക്ക് മാത്രമേ നമുക്ക് നല്കാന്‍ കഴിയൂ. എന്നാല്‍ ദൈവം ആഗ്രഹിക്കുന്ന രീതിയിലുള്ള രക്ഷയുടെ അനുഭവത്തിലേക്ക് നമുക്ക് കടന്നുവരാന്‍ സാധിക്കുന്നുണ്ടോ? ഇതിനായി നാം എന്താണ് ചെയ്യേണ്ടത്?
ദൈവസ്മരണയാണ് നമ്മളില്‍ ആദ്യം ഉണ്ടാവേണ്ടത്. എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെയായിരിക്കണമെന്ന് തിരുവചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. അതിന് പുറമെ ദൈവത്തെ മറക്കുന്നവരേ ഓര്‍മ്മയിരിക്കട്ടെ, അല്ലെങ്കില്‍ നിങ്ങളെ ഞാന്‍ ചീന്തിക്കളയും എന്നാണ് സങ്കീര്‍ത്തനം 50:22 പറയുന്നത്. ദൈവത്തെ മറന്നുകളയുന്നവരെ രക്ഷിക്കാന്‍ ആരും ഉണ്ടായിരിക്കുകയില്ല എന്ന് തുടര്‍വചനം പറയുന്നു.
എന്നാല്‍ തുടര്‍ന്നുള്ള വചനമാണ് ദൈവരക്ഷ കിട്ടാന്‍ നാം എന്തു ചെയ്യണം എന്നതിനെക്കുറിച്ച് കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നത്. അത് ഇപ്രകാരമാണ്
നേരായ മാര്‍ഗ്ഗത്തില്‍ ചരിക്കുന്നവന് ദൈവത്തിന്റെ രക്ഷ ഞാന്‍ കാണിച്ചുകൊടുക്കും. ( സങ്കീ 50:23)
അതെ നമുക്ക് നേരായ മാര്‍ഗ്ഗത്തില്‍ ചരിക്കാം. ദൈവപ്രമാണങ്ങളുടെ അടിസ്ഥാനത്തിലും ദൈവവചനത്തിന്റെ അടിസ്ഥാനത്തിലും ജീവിക്കാം. ദൈവവിചാരത്തോടെ സംസാരിക്കുകയും പ്രവൃത്തിക്കുകയും ചെയ്യാം. അപ്പോള്‍ ദൈവം നമുക്ക് രക്ഷ കാണിച്ചുതരും . തീര്‍ച്ച.