ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ റെക്ടര്‍ ഫാ. കെ ജെ തോമസിന്റെ കൊലപാതകത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും കേസ് സിബിഐ യെ ഏല്പിക്കണമെന്നും ബന്ധുക്കള്‍. കൊലപാതകം നടന്ന് ഒമ്പതുവര്‍ഷം കഴിഞ്ഞിട്ടും യഥാര്‍ത്ഥപ്രതികളെ പിടികൂടാന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് ബന്ധുക്കള്‍ ഈ ആവശ്യം ഉ്ന്നയിച്ചിരിക്കുന്നത്.
2013 ഏപ്രില്‍ ഒന്നിനാണ് ഫാ. തോമസ് കൊല്ലപ്പെട്ടത്. മേജര്‍ സെമിനാരിയില്‍ 25 വര്‍ഷമായി തിയോളജി അധ്യാപകനായിരുന്നു. സെമിനാരിയുടെ ഉടമസ്ഥതാവകാശവും പ്രാദേശികവാദവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് വൈദികന്‍ കൊല്ലപ്പെട്ടത് എന്ന് പൊതുവെ കരുതപ്പെടുന്നു. എട്ട് കത്തോലിക്കാവൈദികരുള്‍പ്പടെ 12 പേരെ പോലീസ് കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കേസ് അന്വേഷണത്തിന് മുന്നോട്ട് കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.
ഈ സാഹചര്യത്തിലാണ് കര്‍ണ്ണാടക മുഖ്യമന്ത്രിക്കും ബാംഗ്ലൂര്‍ ആര്‍ച്ച് ബിഷപ്പിനും ഇതുസംബന്ധിച്ച് ബന്ധുക്കള്‍ പരാതി നല്കിയിരിക്കുന്നത്.
കേസില്‍ ആരോപിതരായ വൈദികര്‍ക്കു കൊലപാതകത്തിലുള്ള പങ്കിനെക്കുറിച്ച് എന്താണ് അഭിപ്രായം, രൂപതയിലെ ഏതെങ്കിലും പദവികളില്‍ അവര്‍ സേവനം ചെയ്യുന്നുണ്ടോ, രൂപതാതലത്തില്‍ എന്തെങ്കിലും നടപടികള്‍ അവര്‍ക്കെതിരെ എടുത്തിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് ബന്ധുക്കള്‍ ആര്‍ച്ച് ബിഷപ്പിനെഴുതിയ കത്തില്‍ ഉന്നയിച്ചിരിക്കുന്നത്.