Sunday, October 13, 2024
spot_img
More

    മക്കൾക്ക് മാതൃകയാ(കേണ്ട)കുന്ന മാതാപിതാക്കൾ

    “മകനെ നിന്‍റെ പിതാവിന്‍റെ കൽപ്പന കാത്തുകൊള്ളുക; മാതാവിന്‍റെ ഉപദേശം നിരസിക്കുകയുമരുത്.” (സുഭാഷിതങ്ങൾ 6: 20)  

      മക്കൾക്ക് ജന്മം കൊടുക്കുന്നതുകൊണ്ടു മാത്രമല്ല ഉത്തമരായി വളർത്തുന്നതുകൊണ്ടുകൂടിയാണ് മാതാപിതാക്കൾ, ‘നല്ല മാതാപിതാക്ക’ളായി മാറുന്നത്. മക്കളെ വളർത്തുന്നതിൽ തുല്യ ഉത്തരവാദിത്വമാണ് പിതാവിനും മാതാവിനും. മക്കളെ ലോകത്തിലേക്ക് കൊണ്ടുവരുന്നത് അമ്മയാണെങ്കിൽ അവരെ ലോകത്തിനു പരിചയപ്പെടുത്തുന്നത് അച്ഛന്റെ ജോലിയാണ്. എന്നാൽ ഇന്ന് മക്കളുടെ വളർച്ച അറിയുന്ന മാതാപിതാക്കളുടെ എണ്ണം കുറഞ്ഞു വരുന്നു. കൺമുൻപിൽ നടക്കുന്ന ശാരീരിക വളർച്ച തിരിച്ചറിഞ്ഞാലും അവരുടെ മനസ്സിന്റെയും ആത്‌മാവിന്റെയും വളർച്ചയിലെ നിയന്ത്രണങ്ങൾ മാതാപിതാക്കൾ പലപ്പോഴും അറിയാതെ പോകുന്നു. കുട്ടികളുടെ തെറ്റുകൾ തിരുത്തിക്കൊടുക്കേണ്ട പല സമയങ്ങളും മാതാപിതാക്കൾ കാണാതെ പോകുന്നു, അഥവാ, കണ്ടാൽത്തന്നെ തിരുത്താൻ മടിക്കുന്നു… ഇക്കാലത്തു തിരുത്താൻ ഭയക്കുന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി. 

    മക്കളുടെ തെറ്റുകൾക്ക് കുട പിടിക്കാതെ അവരെ തിരുത്താൻ തയാറാകുന്ന മാതാപിതാക്കളെ കിട്ടുന്ന മക്കൾ ഭാഗ്യമുള്ളവർ. അത്തരത്തിൽ ആത്മബലമുള്ള നല്ല രണ്ടു പേരെക്കുറിച്ചാണ് ഈ നാളുകളിൽ വാർത്തകളിൽ വായിച്ചത്.  ഗവേഷണ രേഖകൾ സൂക്ഷിച്ചിരുന്ന പെൻഡ്രൈവ് ഉൾപ്പെടെയുള്ള വിലപിടിച്ച വസ്തുക്കൾ അടങ്ങിയ പഴ്സ് നഷ്ടമായ വിഷമത്തിൽ കഴിഞ്ഞിരുന്ന ചങ്ങനാശേരി സ്വദേശി സബീഷ് നെടുംപറമ്പിലിന് കഴിഞ്ഞ ചൊവ്വാഴ്ച ഒരു കത്ത് കിട്ടി. അതിലെ വരികൾ ഇങ്ങനെയായിരുന്നു: 

    ‘എന്റെ മകൻ ചെയ്ത തെറ്റ് പൊറുക്കണം. സ്വീറ്റ്സ് വാങ്ങാൻ 100 രൂപ മാത്രമേ അവൻ പഴ്സിൽ നിന്ന് എടുത്തിട്ടുള്ളൂ എന്നാണു പറഞ്ഞത്. ആ പണം തിരികെ വച്ചിട്ടുണ്ട്. വഴിയിൽ കിടക്കുന്നതും നമ്മുടെ അല്ലാത്തതുമായ ഒന്നും എടുക്കരുതെന്നു ഞങ്ങൾ ഉപദേശിച്ചിട്ടുള്ളതാണ്. പക്ഷേ അവൻ തെറ്റ് ചെയ്തു. അവന്റെ പ്രായത്തെ കരുതി ക്ഷമിക്കണം’. തെറ്റ് ചെയ്ത മകനെ  ശരിയായ രീതിയിൽ തിരുത്താൻ അസാമാന്യ ആർജ്ജവം കാണിച്ച ആ മാതാപിതാക്കളെ അഭിനന്ദിച്ചും അവരെ നേരിട്ട് കാണാൻ താല്പര്യമുണ്ടന്നും അവർക്കായി സമ്മാനപ്പൊതികളുമായി കാത്തിരിക്കുകയാണെന്നും പറഞ്ഞു സബീഷ് തന്നെയാണ് തനിക്കു ലഭിച്ച ക്ഷമാപണക്കത്തു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.   

    പരിഷ്‌കൃതസമൂഹത്തിലെ മാതാപിതാക്കൾ കുട്ടികൾക്ക് ആവശ്യമുള്ള ‘സാധനങ്ങളെല്ലാം’ കൊടുത്തു വളർത്താൻ ശ്രമിക്കുന്നതിനിടയിൽ, ‘അത്യാവശ്യമുള്ള’ മറ്റുചില കാര്യങ്ങൾ നൽകിവളർത്താൻ സൗകര്യപൂർവം മറക്കുന്നു. ശിക്ഷണമാണതിൽ പ്രധാനം. ശിക്ഷണം എന്ന് പറയുമ്പോൾ, ശിക്ഷ മാത്രമാണന്നു തെറ്റിദ്ധരിക്കരുത്. തെറ്റുകൾ തിരുത്തിക്കൊടുക്കുന്നതും, മനസ്സിനെ നിയന്ത്രിക്കാൻ പഠിപ്പിക്കുന്നതും, കടമകൾ ചെയ്യാൻ ഓർമ്മിപ്പിക്കുന്നതുമെല്ലാം ശിക്ഷണത്തിന്റെ ഭാഗമാണ്. വീട്ടുജോലികളിൽ പങ്കെടുത്തും, പറമ്പിലും തൊടിയിലും സസ്യജീവജാലങ്ങളെ പരിചയപ്പെട്ടും, പ്രായത്തിനനുസരിച്ചു സ്വന്തം കാര്യങ്ങൾ ചെയ്യാൻ പര്യാപ്തത നേടിയും സാഹചര്യങ്ങൾക്കനുസരിച്ചു പെരുമാറാൻ പഠിച്ചും ചുറ്റുപാടുകൾ നിരീക്ഷിച്ചുമൊക്കെ വളരുന്ന മക്കൾ ഇന്ന് കുറഞ്ഞു വരുന്നു. സ്‌കൂളിലേക്ക് തങ്ങളുടെ കുട്ടികൾ നടന്നു പോകേണ്ടി വരുന്നത് കുറച്ചിലായി കാണുന്നവരും തന്റെ കുട്ടിക്കു അടുക്കളയിൽ സഹായിക്കാനോ സ്വയം വിളമ്പിക്കഴിക്കാനോ അറിയില്ലന്നു  ‘അഭിമാന’ത്തോടെ പറയുന്നവരും മൊബൈൽ ഫോണും വീഡിയോ ഗെയിമുകളും സമയപരിധികളില്ലാതെ ഉപയോഗിക്കാൻ മക്കളെ അനുവദിക്കുന്നവരുമൊക്കെ സത്യത്തിൽ വലിയ അപരാധമാണ് മക്കളോട് ചെയ്യുന്നത്. സമയത്തിന്റെ ഭൂരിഭാഗവും ഫോണിലേക്കും ഗെയിമുകളിലേയ്ക്കും കണ്ണിറക്കി വച്ചിരിക്കുന്ന കുട്ടികൾ, സ്വന്തം ലോകത്തിൽ മറ്റാർക്കും ഇടം കൊടുക്കാത്തവരായി (മാതാപിതാക്കൾക്കുപോലും) മാറുകയാണെന്ന് ഈ ‘സ്നേഹനിധികളായ’ രക്ഷകർത്താക്കൾ അറിയുന്നില്ല. 

    മക്കളെ മക്കളുടെ സ്ഥാനത്തു കാണുകയാണ് ആദ്യമേ ചെയ്യേണ്ടത്. എങ്കിലേ, മാതാപിതാക്കൾ തങ്ങളോട് ചോദിക്കാനും അന്വേഷിക്കാനും അധികാരമുള്ളവരാണന്ന് മക്കൾക്ക് തോന്നുകയുള്ളു. വീടുകളുടെ നിയന്ത്രണം മാതാപിതാക്കൾക്കായിരിക്കണം. നിർഭാഗ്യവശാൽ ഇന്ന്, മക്കൾ നിയന്ത്രിക്കുകയും ഭരിക്കുകയും ചെയ്യുന്ന വീടുകൾ കൂടിവരുന്നു. എപ്പോഴും മക്കളെ കർശനകാർക്കശ്യത്തിലും സ്വന്തമായി ഒന്നും ചെയ്യാനനുവദിക്കാത്ത നിയന്ത്രണത്തിലും വളർത്തുന്നതും ദോഷം ചെയ്യും. മക്കളാണെങ്കിലും അർഹമായ ബഹുമാനം കൊടുത്തും വേണ്ട സമയങ്ങളിൽ തെറ്റുകൾക്കനുസരിച്ചുള്ള തിരുത്തലുകൾ നൽകിയും അവരെ വളർത്തുന്ന സമീപനമാണ് മാതാപിതാക്കൾ പുലർത്തേണ്ടത്. ‘പുണ്യം ഇപ്പോഴും നടുവിൽ നിൽക്കുന്നു’ (Virtue stands in the middle) എന്നതാണ് അംഗീകരിക്കപ്പെട്ട തത്വം. 

    സ്‌കൂളിൽ അധ്യാപകർക്കും പൊതുസ്ഥലങ്ങളിൽ അവിടുത്തെ അധികാരികൾക്കും കുട്ടികളോട് ഇടപെടുന്നതിനും അവരെ തിരുത്തുന്നതിനും നിയന്ത്രണങ്ങൾ കൂടി വന്നിരിക്കുന്ന കാലമാണിത്. ആ ഉത്തരവാദിത്വം കൂടി ഇന്ന് മാതാപിതാക്കളിലേക്കെത്തിയിരിക്കുന്നു. മക്കളെ തിരുത്താൻ പോന്ന ധാർമ്മിക ജീവിതബലം മാതാപിതാക്കൾക്കുണ്ടായിരിക്കേണ്ടതും ഇത്തരുണത്തിൽ അത്യാവശ്യമാണ്. സ്ഥിരമായി പുക വലിച്ചുകൊണ്ടിരിക്കുന്ന ഒരു പിതാവിന്, തൻ്റെ ചെറിയ മകൻ ഒരു ദിവസം പുക  വലിക്കുന്നത് അവിചാരിതമായി കാണുമ്പോൾ, പുകവലിയുടെ ദോഷവശങ്ങളെക്കുറിച്ചു പറഞ്ഞു  അവനു തിരുത്തിക്കൊടുക്കാൻ ധാർമ്മിക ബലം ഇല്ലാതെ വരും, അയാൾ ആ തെറ്റുതന്നെ  ചെയ്തുകൊണ്ടിരിക്കുന്ന ആൾ ആയതുകൊണ്ട്. പഞ്ചസാര അമിതമായി കഴിക്കുന്ന ശീലമുള്ള തന്റെ മകനെ ഉപദേശിച്ചു നേരെയാക്കാൻ ഗാന്ധിജിയുടെ അടുത്ത് മകനെയുമായി വന്ന അമ്മയുടെ കഥ പ്രസിദ്ധമാണല്ലോ. ഏതാനും ആഴ്ചകൾ കഴിഞ്ഞു വരാൻ ഗാന്ധി അവരെ പറഞ്ഞയച്ചു. പിന്നീട് വന്നപ്പോൾ, ഗാന്ധി ആ മകനെ അടുത്ത് വിളിച്ചു പഞ്ചസാരയുടെ അമിത ഉപയോഗത്തിന്റെ ദോഷവശങ്ങൾ പറഞ്ഞു മനസ്സിലാക്കി അവനെ തിരുത്തി. ഇത് എന്നാൽ, കഴിഞ്ഞ തവണ തന്നെ ചെയ്യാമായിരുന്നല്ലോ എന്ന് പറഞ്ഞ ആ അമ്മയോട് ഗാന്ധിജി പറഞ്ഞു, ‘ആദ്യം തന്നെ ഞാൻ ആ ശീലം ഉപേക്ഷിക്കാതെ എനിക്കെങ്ങനെ ഒരാളെ അതിനെക്കുറിച്ചു എനിക്ക് ഉപദേശിക്കാനാകും? എപ്പോൾ എനിക്ക് അതിനുള്ള ധാർമ്മിക ബലമുണ്ട്, കാരണം ഞാൻ പഞ്ചസാര ഉപയോഗം നിറുത്തി.’

    പ്രതീക്ഷിക്കാത്തത് മക്കളിൽ നിന്നുണ്ടാവുമ്പോൾ മാതാപിതാക്കൾ അതിനെക്കുറിച്ചു് മടിക്കാതെ  ചോദിക്കണം: പന്ത്രണ്ടാം വയസ്സിൽ കൂട്ടം വിട്ടു പോയ ബാലനായ ഈശോയുടെ അശ്രദ്ധയെ അമ്മയായ മറിയം ഭയക്കാതെ ചോദിച്ചതുപോലെ: “മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത്? നിന്റെ പിതാവും ഞാനും നിന്നെ ഉൽക്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു”(ലൂക്കാ 2: 48). ഉത്തരം തൃപ്തികരമല്ലെങ്കിലും തെറ്റ് കുട്ടിക്ക് മനസ്സിലാകാത്തപ്പോഴും ശാസിക്കണം. ശാസന കുട്ടിയെ ഇഷ്ടമില്ലാത്തതുകൊണ്ടല്ല, കുട്ടിയെ തെറ്റ് ചെയാൻ പ്രേരിപ്പിക്കുന്ന തിന്മയുടെ അരൂപിയെ ആണ് ശാസിക്കുന്നത് എന്ന  ബോധ്യത്തിൽ വേണം ശാസന നടത്താൻ. ഈശോ പിശാച് ബാധിച്ച ഒരു കുട്ടിയെ സുഖപ്പെടുത്തുന്നത് ഈ ശാസനയിലൂടെയാണ്. “ഈശോ അവനെ ശാസിച്ചു, പിശാച് അവനെ വിട്ടുപോയി, തൽക്ഷണം ബാലൻ സുഖം പ്രാപിച്ചു” (മത്തായി 17: 18). കുട്ടികളുടെ മനസ്സിനെ മുറിപ്പെടുത്തുന്നതോ അവരുടെ ആത്‌മവിശ്വാസത്തെ തകർക്കുന്നതോ തിരുത്താനാവാത്ത ശരീര രൂപഭാവങ്ങളെ വിമർശിച്ചോ തന്റെ ഉള്ളിലുള്ള  വികാര വിക്ഷോഭങ്ങളെ പുറത്തുകളയാനുള്ള വഴിയായോ ആവരുത് ഈ ശാസനം എന്നതും പ്രത്യേകം ഓർക്കണം. 

    മനോഭാവങ്ങളിലായാലും സംസാരത്തിലായാലും പെരുമാറ്റത്തിലായാലും മാതാപിതാക്കൾ പറഞ്ഞു കൊടുക്കുന്നതിനേക്കാൾ, അവരുടെ ജീവിതം വഴി നല്ല മാതൃക കാണിച്ചുകൊടുക്കുന്നതിനാണ് പ്രാധാന്യം എന്നത് മറക്കരുത്. ഒരിക്കൽ ഒരു സ്ത്രീ 6 വയസ്സുള്ള അവരടെ കുട്ടിയുമായി ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. അവർ ഇരുവരും പുസ്തകം വായിച്ചുകൊണ്ടിരുന്നു. സഹയാത്രികർക്കു മിക്കവർക്കും ഇത് അവിശ്വസനീയമായി തോന്നി. അവരിലൊരാൾ ആ സ്ത്രീയോട് ചോദിച്ചു: “മാഡം, ലോകത്തു ഇന്നലെ ജനിച്ച കുട്ടികൾ മുതൽ സ്മാർട്ട്ഫോണുമായി കളിക്കുന്നു, ഈ കുട്ടി പുസ്തകം വായിക്കുന്നു. ഇവൻ ഫോണോ ടാബ്ലെറ്റോ ഉപയോഗിച്ച് കളിക്കുന്നില്ല. എങ്ങനെയാണ് നിങ്ങൾ ഇവനെ ഇങ്ങനെ മാറ്റിയെടുത്തത്?” ആ സ്ത്രീ ശാന്തമായി ഇങ്ങനെ മറുപടി പറഞ്ഞു: “സാർ, നമ്മൾ പറയുന്നത് കുട്ടികൾ അനുസരിക്കണമെന്നില്ല, അവർ നമ്മളെ കോപ്പി ചെയ്യുക മാത്രമാണ് ചെയ്യുന്നത്.” ആഴമുള്ള, വലിയ അർത്ഥമുള്ള മറുപടി. 

    മക്കൾക്ക് ജന്മം നൽകുന്നവർ  മാത്രമല്ല അവരുടെ ആദ്യ അധ്യാപകരും അവർ എങ്ങനെ വളരുന്നു അതിന്റെ ഉത്തരവാദികളുമായിരിക്കും മാതാപിതാക്കൾ. മക്കളെ പേടിക്കാതെ അവരെ തിരുത്താനും സ്നേഹിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിയുന്ന മാതാപിതാക്കൾക്കെ അവരുടെ നല്ല രക്ഷാകർത്താക്കളായിരിക്കാനും സുഹൃത്തുക്കളായിരിക്കാനും വഴികാട്ടികളായിരിറ്റിക്കാനും പറ്റൂ. മക്കൾക്ക് ലോകത്തിലെ ഏറ്റവും നല്ലതും വിലകൂടിയതുമായ സാധനങ്ങൾ വാങ്ങിക്കൊടുത്തതുകൊണ്ടുമാത്രം ആരും നല്ല മാതാപിതാക്കളാകുകയില്ല. സാധനങ്ങൾ വാങ്ങാൻ പണം കിട്ടുന്ന ഒരു എ ടി എം മിഷ്യന്റെ സ്ഥാനമേ ആ മാതാപിതാക്കൾക്ക് മക്കളുടെ മനസ്സിലുണ്ടാവൂ. 

    മക്കളെ നല്ല വഴിക്കു നടത്താൻ ആത്മീയബലവും ധാർമ്മികബലവും ബോധ്യങ്ങളുടെ കരുത്തുമുള്ള കൂടുതൽ മാതാപിതാക്കളുണ്ടാകട്ടെയെന്ന പ്രാർത്ഥനയോടെ, അനുഗ്രഹപൂര്‍ണമായ ഒരു നല്ല ആഴ്ച ആശംസിക്കുന്നു. 

    സ്നേഹപൂർവ്വം, 

    ഫാ. ബിജു കുന്നയ്ക്കാട്ട്

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!