കൊളംബോ: സാമ്പത്തികപ്രതിസന്ധിയില്‍ പെട്ട് നട്ടംതിരിയുന്ന ശ്രീലങ്കയ്ക്കുവേണ്ടി കത്തോലിക്കാ മെത്രാന്മാരുടെ പ്രാര്‍ത്ഥനയും അഭ്യര്‍ത്ഥനയും. പരാജയപ്പെട്ട ഒരു രാജ്യമായി ശ്രീലങ്കയെ മാറ്റരുതേയെന്നാണ് അവരുടെ അഭ്യര്‍ത്ഥന.
അടിസ്ഥാനാവശ്യങ്ങള്‍ക്കു പോലും ജനങ്ങള്‍ ബുദ്ധിമുട്ട് നേരിടുകയാണ്, ദിവസം പതിമൂന്ന് മണിക്കൂര്‍ നേരത്തേക്ക് കറന്റ് പോലും റദ്ദാക്കിയ അവസ്ഥ.. പാചക ഇന്ധനമോ ഭക്ഷണപദാര്‍ത്ഥങ്ങളോ മരുന്നോ കിട്ടാനില്ലാത്ത അവസ്ഥ. രാജ്യത്തെ 22 മില്യന്‍ ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധിയാണ് ഇത്.
ഇത്തരമൊരു സാഹചര്യത്തില്‍ രാജ്യത്തെ രക്ഷിക്കാന്‍ എല്ലാ രാഷ്ട്രീയക്കാരും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്നും രാജ്യത്തിന്റെ ഐക്യത്തിനു വേണ്ടി ശ്രമിക്കണമെന്നും മെത്രാന്‍സംഘം അഭ്യര്‍ത്ഥിച്ചു. രാജ്യം നേരിടുന്ന പ്രതിസന്ധികള്‍ക്ക് മാറിമാറി വരുന്ന എല്ലാ ഗവണ്‍മെന്റുകളും ഉത്തരവാദികളാണ്. രാഷ്ട്രീയനേതാക്കളുടെ മനം മാറ്റത്തിനായി കര്‍ദിനാല്‍ മാല്‍ക്കം രജ്ഞിത്ത് ആഹ്വാനം ചെയ്തു.
നമ്മളെല്ലാവരും ഒരേ ബോട്ടിലാണ്. ഈ ബോട്ട് മുങ്ങുമോ.. ഈ ചോദ്യം നാം നമ്മോട് തന്നെ ചോദിക്കണം. അദ്ദേഹം പറഞ്ഞു. രാജ്യം നേരിടുന്ന കടുത്ത സാമ്പത്തികഅരക്ഷിതാവസ്ഥയിലും സേവനിരതമാണ് കത്തോലിക്കാ സഭ.