ആരാന്റെ അമ്മയ്ക്ക് ഭ്രാന്തുപിടിച്ചാല്‍ നല്ല ശേലാ.. നാട്ടിന്‍പ്പുറങ്ങളില്‍ പരക്കെയുള്ള ഒരു ചൊല്ലാണ് ഇത്. നോവലിസ്റ്റ് ബെന്യാമിന്റെ ഭാഷയില്‍ പറഞ്ഞാല്‍ നമ്മുടേതല്ലാത്ത എല്ലാ ജീവിതങ്ങളും കെട്ടുകഥകളാണ്. പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല വാണിയപ്പാറയിലെ ഉണ്ണിമിശിഹാ ദേവാലയംകൂദാശയ്ക്ക് തൊട്ടുമുമ്പ് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം അഗ്നിബാധയില്‍ കുറച്ചുഭാഗങ്ങള്‍ കത്തിനശിച്ചതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയായില്‍ ചിലരുടെ അഭിപ്രായപ്രകടനങ്ങളും വേറെ ചിലരുടെ നേരിട്ടുള്ള അഭിപ്രായപ്രകടനങ്ങളും വായിക്കുകയും കേള്‍ക്കുകയും ചെയ്തതുകൊണ്ടാണ്.
ദൈവകോപം മുതല്‍ വ്യക്തിഹത്യവരെ നടത്തിക്കൊണ്ടുള്ള പല അഭിപ്രായപ്രകടനങ്ങളും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കേള്‍ക്കാനിടയായി. പക്ഷേ ഇത്തരക്കാരോട് ഒരു ചോദ്യം. ലോണെടുത്തും കടം വാങ്ങിയും നിങ്ങള്‍ പണിത വീടിനാണ് ഈഗതിസംഭവിച്ചതെങ്കിലോ.. അല്ലെങ്കില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ.. അപ്പാഴും നിങ്ങള്‍ ഇതിനെ ലാഘവത്തോടെ സമീപിക്കുമോ. ഇതേ കുറ്റപ്പെടുത്തലുകള്‍ നടത്തുമോ? ദുരന്തത്തില്‍ സന്തോഷിക്കുമോ..
ആഡംബരപ്പള്ളി പണിതതുകൊണ്ടുള്ള ദൈവകോപത്തിന്റെ ഫലമായിട്ടാണ് ഇത്‌സംഭവിച്ചതെന്ന് ചിലരെന്നോട് വ്യക്തിപരമായി അഭിപ്രായപ്പെടുകയുണ്ടായി. അങ്ങനെയെങ്കില്‍ കേരളത്തിലെ എത്രയോ പള്ളികള്‍ ഇതിനകം കത്തിനശിക്കേണ്ടതായിരുന്നു. വെറുതെ വിഡ്ഢിത്തം പറയരുത്. ശവത്തില്‍ കുത്തരുത് .
വാണിയപ്പാറയിലെ ഓരോ വിശ്വാസികളുടെയും വികാരിയച്ചന്‍െയും ദേവാലയനിര്‍മ്മാണത്തിന് വേണ്ടി ഒരു കല്ലെങ്കിലും എടുത്തുവച്ചവരുടെയും എല്ലാം നെഞ്ചില്‍ കത്തി കുത്തിയിറക്കുന്നതിന് തുല്യമാണ് ഈ അപകടത്തിനെതിരെ പറയുന്ന ഓരോ വാക്കും. സത്യസന്ധമെന്നും നിഷ്പ്ക്ഷമെന്നും തോന്നുന്ന ഒരു കുറിപ്പില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത് നിര്‍ബന്ധിതപിരിവുകളൊന്നുമില്ലാതെ വിശ്വാസികളെ ഞെക്കിപ്പിഴിയാതെ പണിത പള്ളിയാണ് ഇതെന്നാണ്. വികാരിയച്ചന്റെ കഠിനാദ്ധ്വാനവും നേതൃത്വവും അതില്‍ പ്രധാനപങ്കുവഹിച്ചിട്ടുമുണ്ട്. സാധാരണക്കാരാണ് ഇടവകക്കാരും. അവരുടെ വിയര്‍പ്പിന്റെ ഫലമാണ് ഈ പള്ളി. ആ പള്ളിയാണ് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം ഒരു ഭാഗത്തിന് അഗ്നിബാധയുണ്ടായത്. എവിടെയും ആര്‍ക്കും സംഭവിക്കാവുന്ന അപകടം. അതിനെ ഇങ്ങനെ വ്യക്തിപരമായി അധിക്ഷേപിക്കരുത്. ക്രൂരമായിവിധിയെഴുതരുത്.
ഷോറൂമില്‍ നിന്ന് പുതിയ കാര്‍വാങ്ങി പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ കാര്‍ മറിഞ്ഞ്് അപകടമുണ്ടായ ഒരു വാര്‍ത്ത ഏതാനും നാളുകള്‍ക്ക് മുമ്പ് വായിച്ചതും ഓര്‍മ്മയിലുണ്ട്. വ്യക്തിപരമായി സങ്കടമാണ് തോന്നിയത്. ആഡംബരകാറോ എന്തുമായിരുന്നുകൊള്ളട്ടെ ഓരോരുത്തരും അവനവരുടെ സാമ്പത്തികസ്ഥിതിക്ക് അനുസരിച്ചും ആഗ്രഹസാഫല്യത്തിനുംവേണ്ടിയാണ് ഓരോന്നും ചെയ്യുന്നത്. പണമില്ലാത്തവര്‍ അതുകണ്ട് അസൂയ മൂത്ത് മുറുമുറുക്കേണ്ട കാര്യമില്ല.
മറ്റുള്ളവരുടെ പതനങ്ങളില്‍ സന്തോഷിക്കുന്നതിന് കാരണം അസൂയയും സ്വാര്‍ത്ഥതയും മാത്രമാണ്. മറ്റുള്ളവരുടെ പതനത്തില്‍ സന്തോഷിക്കുന്നത് ഒരു തരം മാനസികരോഗമാണ്. അതിന് ചികിത്സ അത്യാവശ്യമാണ്.വെളളപ്പൊക്ക കാലത്ത് ഒരു ദേവാലയംതകര്‍ന്നുവീണപ്പോഴും മലയാറ്റൂരില്‍ ഒരു വൈദികനെ കുത്തിക്കൊലപ്പെടുത്തിയപ്പോഴും അന്ധമായി വിധിയെഴുതുകയും സംസാരിക്കുകയും ചെയ്തവരുമുണ്ട് എന്നും ഓര്‍്മിക്കുക. സഹതാപത്തില്‍ പങ്കു ചരുക എന്നത് മാനുഷികതയാണ്. സഹായിച്ചില്ലെങ്കിലും അധിക്ഷേപിക്കാതെയെങ്കിലും ഇരുന്നുകൂടെ?
വാണിയപ്പാറയിലെ വികാരിയച്ചനും വിശ്വാസികള്‍ക്കും പ്രാര്‍ത്ഥനകള്‍. ഇപ്പോഴും തളരാതെ മുന്നോട്ടുകുതിക്കുന്ന നിങ്ങളുടെ ആത്മവീര്യത്തിന് അഭിനന്ദനങ്ങള്‍.ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
പ്രാർത്ഥനയോടെ,
മരിയൻ പത്രം ടീം