ഫ്രാന്‍സിസ്ക്കന്‍ വൈദികരായ ഫാ. കാസെ കോളും റോബെര്‍ട്ടോയും തമ്മില്‍ കണ്ടുമുട്ടിയത് തങ്ങളുടെ രണ്ടാം വര്‍ഷ ഫോര്മേഷന് കാലത്താണ്. രണ്ടുകാര്യങ്ങളാണ് അവരെ തമ്മില്‍ സൗഹൃദത്തിലാക്കിയത്. ബേസ്ബോളിനോടുള്ള സ്നേഹവും ഫ്രാന്‍സിസ്ക്കന്‍ ദൈവവിളിയും. ചെറുപ്പകാലം മുതല്ക്കേ ഇരുവരും ഒരു സ്വപ്നം കാത്തുസൂക്ഷിച്ചിരുന്നു. അമേരിക്കയിലെ മേജര്‍ ലീഗ് ബേസ്ബോള്‍ സ്റ്റേഡിയങ്ങള്‍ സന്ദര്‍ശിക്കുക. ആ സ്വപ്നം ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത് മറ്റൊരു വിധത്തിലാണ്.
എട്ടുവര്‍ഷത്തെ നീണ്ട പ്ലാനിങ്ങിന് ശേഷം 11 ആഴ്ച നീണ്ടുനില്‍ക്കുന്ന ഒരു തീര്‍ത്ഥാടനയാത്രയ്ക്ക് അവര്‍ തുടക്കം കുറിച്ചിരിക്കുകയാണ്. രാജ്യത്തെ 30 മേജര്‍ ലീഗ് ബേസ്ബോള്‍ സ്റ്റേഡിയം സന്ദര്‍ശിച്ച് അവരോടെല്ലാം യേശുക്രിസ്തുവിനെക്കുറിച്ചും ഫ്രാന്‍സിസ്ക്കന്‍ ദൈവവിളിയെക്കുറിച്ചും സംസാരിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ദേവാലയങ്ങളിലേക്ക് മാത്രം പോയി സുവിശേഷം പ്രഘോഷിക്കണം എന്നില്ല. ഫ്രാന്‍സിസ് പുണ്യവാളന്റെ ജീവിതരീതി അതാണ് പറഞ്ഞുതന്നത്. വിശുദ്ധന് തെരുവീഥികളില്‍ പോയി ഓരോരുത്തര്‍ക്കും മനസ്സിലാകുന്ന ഭാഷയിലാണ് സംസാരിച്ചത്. ഇന്ന് സെക്കുലര്‍ കത്തീഡ്രലുകള്‍ എന്ന് പറയുന്നത് സ്റ്റേഡിയങ്ങളാണ്. ഓരോ സ്ററേഡിയത്തിലും ദിവസവും ഓരോ കളികള്‍ നടക്കുന്നുണ്ട്. ഈ സ്റ്റേഡിയങ്ങളില്‍ ചെന്ന് സുവിശേഷം പറയുക. അതോടൊപ്പം കത്തോലിക്കാസ്കൂളുകളിലും ദേവാലയങ്ങളിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്യുന്നുണ്ട്. സെക്കുലറും സേക്രട്ടും തമ്മില്‍ ബന്ധിപ്പിക്കാനുള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗം ബേസ് ബോള്‍ ആണ്. കളി കാണാന്‍ ഒരുപാടുപേര് വരുന്നുണ്ട്.അവരോടെല്ലാം ഞങ്ങള്‍ സുവിശേഷംപ്രഘോഷിക്കുന്നു. വൈദികര്‍ പറയുന്നു.
മെയ് 20 ന് മിയാമിയിലാണ് ഇവര്‍ യാത്ര ആരംഭിച്ചത്. ജൂണ്‍ 24 ന് മിന്നോസോട്ടയില് യാത്ര അവസാനിക്കും.